Monday 23 July 2012

[www.keralites.net] പ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാന ഘടകം

 

പ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാന ഘടകം

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

'യഥാര്‍ഥത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടു എന്നതും അതില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്നു എന്നതുമാണ്. ജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നരഹത്യകളില്‍ പങ്കാളികളാണെന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച എല്ലാവരെയും, അവര്‍ സംശയാതീതമായി കുറ്റവിമുക്തരാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അങ്ങനെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ആദ്യം വേണ്ടത്

എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം'


കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതാകട്ടെ, സംസ്ഥാനപാര്‍ട്ടി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളുടെ ഭാഗവുമാണ്. ഞാന്‍ നടത്തിയ ഏതെങ്കിലും പ്രസ്താവനയോ പ്രതികരണമോ ആണ് പ്രതിസന്ധിക്ക് കാരണമെന്ന മട്ടില്‍ തങ്ങളുടെ കുറ്റം മറച്ചുവെച്ച് പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നുമാത്രം.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരും ഈ പാര്‍ട്ടിയിലുണ്ടാവില്ല എന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദികളായവര്‍ ഈ പാര്‍ട്ടിയിലില്ല എന്ന് നാം എത്രതന്നെ പറഞ്ഞാലും സാമാന്യബുദ്ധിയുള്ള ആരും അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. രണ്ട് ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ വിവിധ ഘടകങ്ങളില്‍പ്പെട്ട രണ്ടു ഡസനിലേറെ സഖാക്കള്‍ അറസ്റ്റിനും ചോദ്യംചെയ്യലിനും വിധേയരായിരിക്കുന്നു. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. അതെല്ലാം പോലീസും യു.ഡി.എഫും ചേര്‍ന്ന് ചമച്ച കള്ളക്കേസുകളാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോള്‍. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കൊലപാതക ആസൂത്രണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരുന്നു. തലശ്ശേരിയില്‍ നമ്മുടെ പാര്‍ട്ടിയില്‍നിന്നും വിട്ടുപോയി എന്‍.ഡി.എഫില്‍ ചേര്‍ന്നു എന്നതിന്റെ പേരിലാണ് ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊലചെയ്തതെന്ന് സി.ബി.ഐ. അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗവും ഒരു ലോക്കല്‍സെക്രട്ടറിയും ആ കേസില്‍ ജയിലിലാണ്. ആ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകുഴപ്പം സൃഷ്ടിക്കാന്‍ നമ്മുടെ പാര്‍ട്ടി ശ്രമിച്ചുവെന്നുകൂടി സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഇതെല്ലാമാണ് ഇന്ന് കേരളപാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജൂണ്‍ 5, 6 തിയ്യതികളില്‍ നടന്ന പാര്‍ട്ടിസെക്രട്ടേറിയറ്റ് യോഗം ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് എന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന നിഗമനത്തിലാണ് എത്തിയത്. എന്റെ മൂന്ന് പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഞാന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന് വാദിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്നു ഞാന്‍ പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് ആദ്യത്തേത്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നിവയിലൂടെ പാര്‍ട്ടിയിലെത്തിയ ചന്ദ്രശേഖരന്‍ നീണ്ട 34 വര്‍ഷക്കാലം ധീരമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അക്കാര്യമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ വിധവയെയും അമ്മയെയും മകനെയും ആശ്വസിപ്പിക്കാന്‍ അവരുടെ വീട് സന്ദര്‍ശിച്ചതുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും കുറ്റമായി പാര്‍ട്ടി കാണുന്നത്. ഈ പാര്‍ട്ടിയിലെ ചിലര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഈ പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ് എന്ന പ്രചാരണത്തെ ഖണ്ഡിക്കുകയാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയും അതാണ് ചെയ്യേണ്ടതും.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടു എന്നതും അതില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്നു എന്നതുമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ 70-ലധികം ആളുകള്‍ അറസ്റ്റിലായി. ഇതില്‍ മിക്കവാറും എല്ലാവരും പാര്‍ട്ടി ബന്ധമുള്ളവരാണ്. ഏതാണ്ട് രണ്ടുഡസനിലധികം പേര്‍ പാര്‍ട്ടിനേതാക്കളോ പ്രവര്‍ത്തകരോ ആണ്. കൊലപാതകികളെ ഒളിവില്‍ താമസിപ്പിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. കൊലപാതകികള്‍ക്ക് അഭയം ലഭിച്ചത് പാര്‍ട്ടി ഓഫീസിലാണ്. അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയത് പാര്‍ട്ടിനേതാക്കളാണ്. അവരെ രഹസ്യമായി അതിര്‍ത്തികടത്തിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിലാണ്. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നരഹത്യകളില്‍ പങ്കാളികളാണെന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച എല്ലാവരെയും, അവര്‍ സംശയാതീതമായി കുറ്റവിമുക്തരാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അങ്ങനെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ആദ്യം വേണ്ടത്.

കേരളത്തില്‍ കാണുന്ന പ്രവണത തികച്ചും കമ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അക്കാര്യം ചൂണ്ടിക്കാണിക്കുന്നവരെല്ലാം പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരാവുന്നു. അവര്‍ക്കെതിരെ വിഭാഗീയമായി സംഘടിപ്പിച്ച കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് അച്ചടക്കനടപടികള്‍ വരുന്നു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ ഏതുവിധേനയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി അവരെ തരംതാഴ്ത്തുകയും പുറത്താക്കുകയും വേണ്ടിവന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ മിക്കപ്പോഴും അച്ചടക്കനടപടികള്‍ക്ക് വിധേയരായവര്‍ക്കൊപ്പമാണെന്ന് തെളിയിച്ചുകാണിക്കുന്നു. അപ്പോഴും കമ്മിറ്റിയിലെ ഭൂരിപക്ഷം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.

പാര്‍ട്ടി ജനങ്ങളില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്‍ക്കും പോലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ധാര്‍ഷ്ട്യംനിറഞ്ഞ ആക്രോശങ്ങള്‍ തങ്ങള്‍ക്കു നേരേയാണെന്നാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യനിയമക്രമം തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് മിക്ക പ്രതികരണങ്ങളും. ഇതൊന്നുമല്ല, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എന്റെ ഏതോ പ്രതികരണമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് എന്ന് കമ്മിറ്റി തീരുമാനിക്കുകയാണ്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സഖാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. ഇതനുസരിച്ച് സെക്രട്ടറികൂടി ആവശ്യപ്പെട്ട് ഞാന്‍ ഒഞ്ചിയത്തെത്തി അവരെ തിരിച്ചുവിളിച്ചു. എന്നാല്‍, അന്നുതന്നെ 'പിണറായി വിജയന്‍ കുലംകുത്തി എന്നു വിളിച്ചവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന് സ്ഥാനങ്ങള്‍ കയ്യടക്കാം എന്നു കരുതേണ്ട' എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചത്. ഇത് കടുത്ത അച്ചടക്കലംഘനമല്ലേ? ഈ സെക്രട്ടറിയും ഷുക്കൂര്‍വധവുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യംചെയ്യലിന് വിധേയനായ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷ തീരുമാനമാണോ, വസ്തുനിഷ്ഠാ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണോ ഈ പാര്‍ട്ടിയെ രക്ഷിക്കുക എന്നതാണ് പ്രശ്‌നം. സംസ്ഥാനനേതൃത്വം തെളിക്കുന്ന വഴിക്ക് നടക്കാനാണ് കേന്ദ്രനേതൃത്വവും ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയോടൊപ്പം ജനങ്ങളുണ്ടാവില്ല.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാല് കത്തുകളിലൂടെ ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. ഇതേക്കുറിച്ചൊന്നും നിലപാടെടുക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. കമ്മിറ്റിമാത്രമായി നമ്മുടെ പാര്‍ട്ടിയെ കാണുന്നതാണ് തെറ്റ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം നിന്ന് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുപകരം നേതാക്കള്‍ക്കുവേണ്ടി കമ്മിറ്റിയെ ഒപ്പംനിര്‍ത്തി അണികളോട് ആഹ്വാനംചെയ്യുന്ന രീതി ആത്മഹത്യാപരമാണ്.

കോടതിയെയും മാധ്യമങ്ങളെയും പോലീസിനെയുമെല്ലാം ആക്രമിക്കുകയും അപഹസിക്കുകയും ചെയ്യുന്നതോടൊപ്പം, കുറ്റവാളികളെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹം കരുതുന്നവരെ ഒരന്വേഷണവുംകൂടാതെ ന്യായീകരിക്കുന്ന രീതി ജനങ്ങള്‍ അംഗീകരി ക്കില്ല. അതിനാല്‍, ഇനിയും വൈകാതെ, ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുകയും പ്രതിപ്പട്ടികയില്‍ വരികയും ചെയ്തവരടക്കം ഈ വധവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ആരെയും ഈ പാര്‍ട്ടി സംരക്ഷിച്ചുനിര്‍ത്തില്ല എന്ന സന്ദേശം പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. അതിനുശേഷം എന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ എപ്രകാരം ബാധിച്ചു എന്നു പരിശോധിക്കുന്നതാവും ഉചിതം.

സംസ്ഥാനനേതൃത്വം കൈക്കൊണ്ട തെറ്റായ ചില തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതേക്കുറിച്ച് ഈ മാസം ആദ്യം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് ഇവിടെ ചര്‍ച്ചചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.

എസ്.എന്‍.സി. ലാവലിന്‍ വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നതാണ്. വെറുതെ കത്തെഴുതുകയല്ല, രേഖകള്‍സഹിതം എന്റെ ധാരണകള്‍ വ്യക്തമാക്കുകയായിരുന്നു. നവകേരള യാത്രയുടെ മുമ്പായി, ജനവരി 30ന് വീണ്ടും ഞാന്‍ എന്റെ ആശങ്കകള്‍ കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍വെച്ചു. സി.എ.ജി. മുതല്‍ സി.ബി.ഐ. വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തരം തീരുമാനങ്ങള്‍ ഏത് അന്വേഷണത്തിലൂടെയാണ് കൈക്കൊണ്ടതെന്ന് പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ എളുപ്പമാണ്. ജനങ്ങളോട് അത് സാധ്യമല്ല. ഏതായാലും ലാവലിന്‍ ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണമാണ് സംഘടനാവിരുദ്ധമായത്. ഇടപാടല്ല. അത് ഇന്നേവരെ പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ, അന്ന് എന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് കാരണമായ എന്റെ പ്രസ്താവനകള്‍ ഇപ്പോള്‍ ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്.

എന്നാല്‍, 2009-ലെ തിരഞ്ഞെടുപ്പുപരാജയത്തിലേക്ക് നയിച്ച രാഷ്ട്രീയസംഭവവികാസങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവെച്ച് തികഞ്ഞ വര്‍ഗീയവാദിയായ മദനിയെപ്പറ്റിയുള്ള, എന്റെ പ്രസ്താവനയെക്കുറിച്ചാണ് റിപ്പോര്‍ട്ട് വാചാലമാകുന്നത്. ഈ സംഭവവികാസങ്ങള്‍ പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമെല്ലാം വിശദമായി വിലയിരുത്തിയതല്ലേ? സംസ്ഥാനനേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി.യുമായുള്ള ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതല്ലേ? അപ്പോള്‍, നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണ് ചര്‍ച്ചചെയ്യേണ്ടത് എന്നാണോ നമ്മുടെ നിലപാട്?

ഇടതുപക്ഷഐക്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ നിലപാടെന്താണ്? ആ നിലപാടാണോ കേരളത്തില്‍ നിങ്ങള്‍ കണ്ടത്? സി.പി.ഐ.യുടെ സീറ്റ് പിടിച്ചെടുത്ത് പി.ഡി.പി. നോമിനിക്ക് പൊന്നാനി നിയോജകമണ്ഡലം സീറ്റ് നല്‍കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയില്‍നിന്നും പുകച്ചുപുറത്താക്കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? അല്ലെന്നാണ് എന്റെ പക്ഷം. ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് എത്രയോ തവണ ഞാന്‍ കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതാണ്. ഇവിടെയും നയവ്യതിയാനം ചര്‍ച്ചചെയ്യാന്‍ നാം തയ്യാറാകുന്നില്ല. പകരം, എന്റെ പ്രസ്താവനകള്‍ സംഘടനാപരമായി വിലയിരുത്തുകയല്ലേ പാര്‍ട്ടി ചെയ്തത്?

1995 മുതല്‍ ഞാന്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്നാണ് സംസ്ഥാനനേതാക്കള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. ഇത് സമ്മേളന റിവ്യൂവാണോ? പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങള്‍ ലംഘിക്കാനുള്ള ഉപാധിയല്ല സംഘടന. ഇക്കാര്യം ആദ്യം മനസ്സിലാക്കണം. ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍വേണ്ടി മാത്രം വിപുലമായി റിപ്പോര്‍ട്ടിങ് നടത്തുന്നത് പാര്‍ട്ടിയുടെ ശക്തിയെയാണോ ദൗര്‍ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്ന് പരിശോധിക്കണം.

ലോട്ടറി മാഫിയ കേരളത്തിലെ പാവങ്ങളെ ചൂഷണം ചെയ്ത് എണ്‍പതിനായിരത്തില്‍പ്പരം കോടി രൂപ ഇവിടെനിന്നും കടത്തിയപ്പോള്‍ ആര്‍ക്കും വിഷമം തോന്നിയില്ല. അവരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള അയ്യായിരം കോടി രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും നടത്തിവന്ന നിയമവിരുദ്ധലോട്ടറി നിരോധിക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. മാര്‍ട്ടിന്റെ പരസ്യം പാര്‍ട്ടിചാനല്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതും മാര്‍ട്ടിനില്‍നിന്നും കോടിക്കണക്കിന് പണം സംഭാവന വാങ്ങുന്നത് ശരിയും മാര്‍ട്ടിനെതിരെ സംസാരിക്കുന്നത് തെറ്റുമെന്ന നിലപാടാണ് കേരളപാര്‍ട്ടി കൈക്കൊണ്ടത്. 

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഏതാണ് അച്ചടക്കലംഘനം? പാവങ്ങളെ ചൂഷണംചെയ്യുന്നതും കള്ളപ്പണം സമാഹരിച്ച് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതുമാണോ അതോ ഇത് തെറ്റാണെന്ന് തുറന്നുപറഞ്ഞ് ലോട്ടറിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതാണോ? ലോട്ടറിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അതത് സമയത്ത് ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. അതില്‍ തെറ്റുകാര്‍ക്കെതിരെ നടപടിയില്ല. ഇന്ന് കേരളത്തില്‍ അന്യസംസ്ഥാനലോട്ടറി ഇല്ലാതായത് എങ്ങനെയാണെന്ന് സഖാക്കളില്‍നിന്ന് മറച്ചുവെക്കുകയും എന്റെ പ്രസ്താവനകളെ ഇഴകീറി വിമര്‍ശിക്കുകയും ചെയ്യുന്നതാണോ ശരി?

വൈദ്യുതിബോര്‍ഡിലെ ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അതൊന്നും ക്രമക്കേടല്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാവണം എന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. ഒടുവില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് ഈ പദ്ധതിയില്‍നിന്നും പിന്നോട്ടുപോകാന്‍ തീരുമാനിക്കുകയും, അത് എന്റെ നിലപാടുമൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്റെ നിലപാട് തെറ്റായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റ് അത്തരമൊരു തീരുമാനം എടുത്തത് അതിനേക്കാള്‍ വലിയ തെറ്റല്ലേ? ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ എന്താണ് തെറ്റെന്ന് വിശദീകരിക്കാതെ, കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണോ?

സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഫാരീസ് അബൂബക്കര്‍ എന്ന കളങ്കിതവ്യക്തിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് കടന്നുപോയി എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാരീസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് 2008-ല്‍ മൂന്ന് കത്തുകള്‍ നല്‍കിയ കാര്യം മറക്കരുത്. അതേപോലെ, ക്രിമിനല്‍ പോലീസ് ഓഫീസറായ ടോമിന്‍ തച്ചങ്കരിയെപ്പറ്റി ഞാന്‍ പറഞ്ഞതും സംഘടനാവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഈ വിഷയവും കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്. 2010 മെയ്മാസത്തില്‍ ഇതു സംബന്ധിച്ച് ഞാന്‍ കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയിരുന്നതാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് പാര്‍ട്ടിക്കെതിരായിപ്പോവുമെന്ന വ്യാഖ്യാനമാണ് സംസ്ഥാനനേതൃത്വം പറയുന്നത്. ഇത്തരം ക്രിമിനലുകളെ പാര്‍ട്ടിബന്ധുവിനെ എന്നപോലെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ബാധ്യതയില്ല. തെറ്റു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അക്കാര്യമാണ് കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയെടുക്കേണ്ടത്. അതുചെയ്യാതെ, തെറ്റ് തെറ്റാണെന്ന് പറയുന്നത് സംഘടനാവിരുദ്ധമാണെന്ന് പറയുന്നതും കമ്യൂണിസ്റ്റുകാരുടെ രീതിയല്ല.

മൂന്നാറിലെ ഭൂപ്രശ്‌നം സംസ്ഥാനപാര്‍ട്ടി കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല എന്ന എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. നല്ല നിലയില്‍ നടന്നുവന്ന കൈയേറ്റമൊഴിപ്പിക്കലിലൂടെ പന്തീരായിരം ഏക്കര്‍ ഭൂമി നമുക്ക് തിരിച്ചുപിടിക്കാനായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം ഈ മൂന്നാര്‍ദൗത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇവിടെയും പാര്‍ട്ടി റിസോര്‍ട്ട് മാഫിയയുടെ ഭാഗത്താണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. എനിക്കും ആ തോന്നലാണുള്ളത്. ആ തോന്നലിന് കാരണമായ നടപടിയാണ് തിരുത്തേണ്ടത്. അല്ലാതെ അപ്രകാരം തോന്നുന്നവരെ പഴിപറയുകയല്ല.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും പെണ്‍വാണിഭത്തിനുമെതിരെ ഞാന്‍ നടത്തുന്ന നിയമപോരാട്ടങ്ങളെ പാര്‍ട്ടി അപഹസിക്കുകയും അതിന് പണം ചെലവാക്കുന്നതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിവരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍ അത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നമുക്ക് വലിയ ഗുണംചെയ്തതാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന നിയമനടപടികളെ പാര്‍ട്ടി എന്തിനാണ് ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തുറന്നുപറയണം.

കോടതികളില്‍ കേസ് നടത്തിയപ്പോള്‍ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട്. അഴിമതിക്കേസുകളില്‍ എനിക്കുവേണ്ടി വാദിച്ച ചില അഭിഭാഷകര്‍ എന്നോട് പണം വാങ്ങുകയുണ്ടായില്ല. സീനിയര്‍ അഭിഭാഷകരായ ശാന്തിഭൂഷണ്‍, ഗോപാല്‍സുബ്രഹ്മണ്യം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ അത്തരക്കാരാണ്. എങ്കിലും കേസ് നടത്തിപ്പിന് വലിയ തുക ചെലവായിട്ടുണ്ട് എന്നത് സത്യമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവുംവലിയ അഭിഭാഷകരെ അണിനിരത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിക്ക് നല്ലത് അഴിമതിക്കാര്‍ക്കെതിരെ നടത്തുന്ന നിയമപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണെന്നുമാത്രം.

ഞാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത് നിങ്ങള്‍ക്ക് വിതരണം ചെയ്തുകാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംസ്ഥാന പാര്‍ട്ടിനേതൃത്വം തെറ്റില്‍നിന്നും തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. വിഭാഗീയമായി സംഘടിപ്പിക്കുന്ന കമ്മിറ്റികള്‍ മതിയായ ചര്‍ച്ചപോലും നടത്താതെ തികച്ചും ഏകപക്ഷീയമായി നടത്തുന്ന വലതുപക്ഷ നയങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കയാണ്. എ.ഡി.ബി. വായ്പയുടെ കാര്യത്തില്‍, കെ.എസ്.ഇ.ബി വെട്ടിമുറിച്ച് കമ്പനികളാക്കാന്‍ കാനഡയില്‍പ്പോയി കരാറുണ്ടാക്കിയ ലാവലിന്‍ കരാറിന്റെ കാര്യത്തില്‍, ലോട്ടറി വിഷയത്തില്‍, മുസ്‌ലിംലീഗുമായി അടവുനയം എന്ന പേരില്‍ ഉണ്ടാക്കിയ സഖ്യത്തില്‍, ഡി.ഐ.സിയുമായി സഖ്യമുണ്ടാക്കിയതില്‍, പി.ഡി.പി ബന്ധത്തില്‍ എല്ലാം പ്രകടമാകുന്നത് ഈ നയവ്യതിയാനമാണ്. തെറ്റായ ഈ നയങ്ങളുടെ ഭാഗമായാണ് 2009-ല്‍ മുന്നണി ശിഥിലമായത്. 2004-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് 20-ല്‍ 18 സീറ്റ് നേടിയ നമുക്ക് 2009-ല്‍ കേവലം നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതുമൂലം കേന്ദ്രഗവര്‍മെന്റിനെ സ്വാധീനിക്കാനും വര്‍ഗപരമായ നയങ്ങള്‍ നടപ്പിലാക്കിയെടുക്കാനുമുള്ള നമ്മുടെ ശേഷി വന്‍തോതില്‍ പരിമിതപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍തിരിച്ചടി നേരിട്ടു.

എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കൈയേറ്റക്കാരുടെയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിതനിലപാടിന് കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാകുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പം നിന്ന്, സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളെ ന്യായീകരിക്കാന്‍ എനിക്ക് സാധ്യമല്ല.


മാതൃഭൂമി വെബ്‌ എഡിഷന്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment