Monday 23 July 2012

[www.keralites.net] ക്യാപ്‌റ്റന്‍ ലക്ഷ്‌മി അന്തരിച്ചു‍‍‍‍‍

 

ക്യാപ്‌റ്റന്‍ ലക്ഷ്‌മി അന്തരിച്ചു‍‍‍‍‍

 

കാണ്‍പൂര്‍: ഭാരതത്തിന്റെ ധീര വിപ്ലവ വനിത ക്യാപ്‌റ്റന്‍ ലക്ഷ്‌മി (98)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്‌ അന്ത്യം. കഴിഞ്ഞ രണ്ടു ദിവസമായി നില ഗുരുതരമായി തുടരുകയായിരുന്നു. സ്വാതന്ത്ര്യസമര പ്രസ്‌ഥാനത്തില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച ക്യാപ്‌റ്റന്‍ ലക്ഷ്‌മി സുഭഷ്‌ ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലും ആസാദ്‌ ഹിന്ദ്‌ സര്‍ക്കാരില്‍ വനിതാ ക്ഷേമവിഭാഗം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2002ല്‍ എ.പി.ജെ അബ്ദുള്‍ കലാമിനെതിരെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 1998ല്‍ പത്മവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചിരുന്നു.

കാണ്‍പൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകാതെ പൊതുദര്‍ശനത്തിന് വയ്ക്കും. കാണ്‍പൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നാളെ രാവിലെ 10 മണി മുതല്‍ പൊതുദര്‍ശനമുണ്ടാകും. മരണവാര്‍ത്ത സ്ഥിരീകരിച്ചയുടന്‍ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. മൃതദേഹം കാണ്‍പൂര്‍ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്‍കും.

പാലക്കാട് ആനക്കരയില്‍ വടക്കത്ത് കുടുംബത്തില്‍ ഡോ.എസ് സ്വാമിനാഥന്റെയും എ.വി അമ്മുക്കുട്ടിയുടെയും (അമ്മു സ്വാമിനാഥന്‍) മകളായി 1914ല്‍ ജനിച്ചു. പിതാവ് മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ ക്രമിനല്‍ അഭിഭാഷകനായിരുന്നു. മാതാവാകട്ടെ അക്കാലത്തെ പ്രമുഖ സ്വാതന്ത്രസമര പ്രവര്‍ത്തകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1938ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദവും ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടി. പാവപ്പെട്ടവര്‍ക്കു വേണ്ടി സേവനം അനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലക്ഷ്മി വൈദ്യപഠനം തെരഞ്ഞെടുത്തത്.

1940
ല്‍ സിംഗപ്പൂരിലേക്ക് പോയ ലക്ഷ്മി അവിടെ പാവപ്പെട്ടവര്‍ക്കായി ക്ലിനിക്ക് തുറന്നു. ലക്ഷ്മിയുടെ രോഗികളില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു. ഈ കാലത്തുതന്നെ ക്യാപ്റ്റന്‍ ലക്ഷ്മി ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 1941ല്‍ ജപ്പാന്‍ സിംഗപ്പൂര്‍ ആക്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം ഇന്ത്യയിലേക്ക് കടക്കാതെ യുദ്ധമുഖത്തുതന്നെ തുടര്‍ന്നു. മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായ ക്യാപ്റ്റന്‍ ലക്ഷ്മി കുറച്ചുകാലം തടവിലായിരുന്നു.

1943
ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി അവര്‍ അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അത്തരമൊരു സേനയെ നയിക്കാന്‍ കഴിയുന്ന ആളെ തേടിയ സുഭാഷ് ചന്ദ്രബോസ് കണ്ടെത്തിയത് ക്യാപ്റ്റന്‍ ലക്ഷ്മിയെ ആയിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ട സുഭാഷ് ചന്ദ്രബോസിനോട് അവര്‍ സമ്മതമറിയിക്കുകയും പിറ്റേന്ന് മുതല്‍ തന്റെ ക്ലിനിക്കിന്റെ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തി വെച്ച് വനിതാസേനയുടെ രൂപവത്കരണത്തില്‍ മുഴുകുകയും ചെയ്തു. ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച ഐഎന്‍എയിലെ റാണി ഝാന്‍സി റെജിമെന്റില്‍ വനിത സേനാവിഭാഗം സിംഗപ്പൂരില്‍ പോരാട്ടത്തിന് തയ്യാറായി. കേണല്‍ പദവിയിലായിരുന്നു പ്രവര്‍ത്തനം എങ്കിലും ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. ഒരേ സമയം യുദ്ധമുഖത്തും പരിക്കേറ്റവരുടെ ചികിത്സയിലും അവര്‍ മുഴുകി. 1947 മാര്‍ച്ച് 4ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവര്‍ക്ക് വീരോചിതമായ വരവേല്‍പ്പാണ് ലഭിച്ചത്. ക്യാപ്റ്റന്‍ ലക്ഷ്മിയെ തടവില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കും എന്നു കണ്ട ബ്രിട്ടീഷുകാര്‍ അവരെ മോചിപ്പിച്ചു.

തടവിലാക്കപ്പെട്ട ഐ.എന്‍.എ. പ്രവര്‍ത്തകരുടെ മോചനത്തിനും പുനരധിവാസത്തിനും വേണ്ടി മോചനത്തിന് ശേഷം അവര്‍ രംഗത്തിറങ്ങി. ഇന്ത്യയിലുടനീളം സഞ്ചരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ഐ.എന്‍.എ.യുടെ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു.

1947
മാര്‍ച്ചില്‍ മറ്റൊരു ഐ.എന്‍.എ. പ്രവര്‍ത്തകനായ കേണല്‍ പ്രേം കുമാര്‍ സൈഗാളിനെ അവര്‍ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമായി. അപ്പോഴേക്കും ഇന്ത്യാ-പാക് വിഭജനവുമായി അനുബന്ധിച്ചുള്ള അഭയാര്‍ത്ഥി പ്രവാഹവും ആരംഭിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്കുള്ള വൈദ്യസഹായത്തില്‍ അവര്‍ അക്ഷീണം വ്യാപൃതയായി. കാണ്‍പൂരില്‍ വാടകക്കെടുത്ത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഒരു പ്രസവചികിത്സാ കേന്ദ്രം അവര്‍ ആരംഭിച്ചു. ഈ കേന്ദ്രം ഇപ്പോഴും പാവപ്പെട്ട സ്ത്രീകള്‍ക്കായി പ്രവര്‍ത്തനം തുടരുന്നുണ്ട്.

1971
ല്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്നും ബംഗാളിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായപ്പോള്‍ ബൊംഗാവണിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലും മാസങ്ങളോളം അവര്‍ പ്രവര്‍ത്തിച്ചു.

വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ര്ടീയ രംഗത്തും തൊഴിലാളി വനിതാ പ്രസ്ഥാന രംഗത്തും അവര്‍ പിന്നീട് സജീവമായി. 1972 ല്‍ സി.പി.എം ആംഗമായി. സിപിഎം ടിക്കറ്റില്‍ രാജ്യസഭയിലുമെത്തി. 1981ല്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ ഉപാധ്യക്ഷയായി അവര്‍ സ്ഥാനമേറ്റു. തുടര്‍ന്നുള്ള പ്രക്ഷോഭപ്രചാരണ രംഗങ്ങളില്‍ അവര്‍ സജീവമായി ഇടപെട്ടു. 1984ല്‍ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മി സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തു.

സിപിഎം ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സുഭാഷിണി അലിയാണ് മകള്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment