''സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്. നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍. ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയും ഉള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിഞ്ഞു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍'' (റോമ12;1,2)
ആരാധന എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നതു ദൈവാലയവും പുരോഹിതനും കുറെ അനുഷ്ഠാനങ്ങളുമൊക്കെയാണ്. പൊതുവെ നിശ്ചയിക്കപ്പെട്ട സമയത്ത് ദൈവാലയത്തില്‍ ചെന്നു ഭക്തിനിര്‍ഭരമായ ആരാധനയില്‍ പങ്കെടുത്തു ജനം മടങ്ങുന്നു. വീണ്ടും അടുത്ത ആഴ്ചയിലോ, ചില ആഴ്ചകള്‍ക്കു ശേഷമോ ആയിരിക്കും ജനം ആരാധനയ്ക്കു എത്തുക. എന്നാല്‍, അതാണോ യഥാര്‍ഥ ആരാധന?
അടിസ്ഥാന ക്രൈസ്തവ വീക്ഷണത്തില്‍ ദൈവത്തിനു ആദരവ് അര്‍പ്പിക്കുന്ന പ്രവൃത്തിയാണ് ആരാധന. അതു ദൈവത്തിന്റെ അനന്തമായ മനസ്സലിവിനോടുള്ള പ്രതികരണമാണ്. ദൈവത്തിന്റെ മനസ്സലിവാണു പാപികളായിരുന്ന നമ്മെ വീണ്ടെടുക്കുന്നതിനു മുഖാന്തരമായത്. ആ കാരുണ്യത്തെ മുന്‍നിര്‍ത്തിയാകണം ആരാധന. അതു കേവലം ആധരക്രിയയോ ആത്മാവിന്റെ മാത്രം പങ്കാളിത്തമുള്ള പരിപാടിയോ അല്ല, ആത്മാവും ശരീരവും ബുദ്ധിയും മനസ്സും എല്ലാം സമ്പൂര്‍ണമായി പങ്കുചേരുന്ന പ്രവൃത്തിയാണ്. പഴയനിയമത്തില്‍ പുരോഹിതന്‍ യാഗമൃഗത്തെ കഷണങ്ങളാക്കി യാഗപീഠത്തില്‍ വച്ച് അതിനെ ദഹിപ്പിക്കുന്നു. യാഗവസ്തു സമ്പൂര്‍ണമായി ദഹിക്കുമ്പോള്‍ ദൈവപ്രസാദം ലഭിക്കുന്നു. ക്രൈസ്തവ ആരാധനയിലും ഒരു ബലിയര്‍പ്പണമുണ്ട്. അതു നമ്മുടെ ശരീരം തന്നെയാണ്. ശരീരം ''ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള'' യാഗമായിത്തീരണം. നമ്മുടെ വ്യക്തിത്വത്തെ ദൈവസന്നിധിയില്‍ സ്വയം വെന്തു വെണ്ണീറായിത്തീരുവാന്‍ തക്കവിധം യാഗമായി സമര്‍പ്പിക്കുകയാണിവിടെ.
ശരീരം തിന്മകളുടെ ഇരിപ്പിടമാണെന്ന ചിന്തപോലും നിലനില്‍ക്കുന്ന മതബോധങ്ങളുടെ മധ്യത്തില്‍ ശരീരത്തിന്റെ പരിപാവനത ഊന്നിപ്പറയുകയാണു വേദപുസ്തകം. മനുഷ്യശരീരം ദൈവം സൃഷ്ടിച്ചതാണെന്നും പാപിയായത്തീര്‍ന്ന മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം മനുഷ്യശരീരം സ്വീകരിച്ചെന്നും ശരീരത്തിലാണ് യേശു മനുഷ്യരുടെ പാപത്തിന്റെ ശിക്ഷാവിധി സ്വീകരിച്ചതെന്നും ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ ശരീരം ഉണ്ടായിരുന്നെന്നുമുള്ള വസ്തുതകള്‍ ശരീരത്തിന്റെ മഹത്ത്വം വിളിച്ചറിയിക്കുന്നു. ദൈവമക്കളുടെ പുനരുത്ഥാനത്തിലും അവര്‍ക്കു ശരീരം ഉണ്ടായിരിക്കും എന്നു വേദപുസ്തകം പറയുന്നു. ക്രിസ്ത്യാനിയുടെ ശരീരം ദൈവത്തിന്റെ മന്ദിരമാണെന്നും അതിനാല്‍ ''ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിന്‍'' (1 കൊരി. 6:20) എന്ന പ്രബോധനവും ഇതിനു ശക്തീകരണം നല്‍കുന്നു. അതിനാല്‍ ശരീരത്തിലുള്ള ഇടപാടുകളെക്കുറിച്ച് നാം വളരെ ശ്രദ്ധിക്കണം. ശരീരത്തെക്കുറിച്ചു പറയുമ്പോള്‍, ''ക്രിസ്തുവിന്റെ ക്രൂശും ഉയര്‍ത്തെഴുന്നേല്പു മുഖാന്തരം ശരീരാത്മദേഹികള്‍ സമ്മേളിക്കുന്ന നമ്മുടെ ആളത്തവും അതിന്റെ സാമൂഹികബന്ധവും പൂര്‍ണമായി ക്രിസ്തുവിന് അവകാശപ്പെട്ടിരിക്കുന്നു. അതോടെ നമ്മുടെ ശരീരം ഉയിര്‍ത്തെഴുന്നേറ്റു ക്രിസ്തുവിന്റെ മഹത്ത്വശരീരത്തിന്റെ അവയവമായി രൂപാന്തരം പ്രാപിക്കുന്നു. 'പരിശുദ്ധാത്മാവിന്റെ മന്ദിര'മായി ഈ ലോക സമൂഹത്തില്‍ ദൈവസാന്നിധ്യത്തിന്റെയും ദൈവിക സാഹോദര്യത്തിന്റെയും കേന്ദ്രമായി ഭവിക്കുന്നു'' എന്നു സുപ്രസിദ്ധ വേദശാസ്ത്രജ്ഞന്‍ ഡോ. എം.എം. തോമസ് പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഈ ശരീരത്തെ നാം ദൈവസന്നിധിയില്‍ യാഗമായി ആര്‍പ്പിക്കുന്നു. അതാണു ദൈവത്തിന്റെ കൃപയോടുള്ള അനുയോജ്യമായ പ്രതികരണം.
ഈ ആരാധനയില്‍ ജീവിതത്തിനു ആകമാനം രൂപാന്തരം സംഭവിക്കുന്നു. കാരണം, യാഗമായി സമര്‍പ്പിക്കപ്പെട്ട പഴയ വസ്തു പഴയതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ആരാധനയിലൂടെ ആരാധകന്റെ താല്‍പര്യങ്ങളും മനോഭാവങ്ങളും എല്ലാം രൂപാന്തരപ്പെടുന്നു. ഈ രൂപാന്തരം ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വന്‍മാറ്റങ്ങള്‍ക്കു വഴിതിരിവാകുന്നു. ആന്തരികമായി ദൈവസംസര്‍ഗത്തിലൂടെ ലഭിക്കുന്ന ആത്മീയ ജീവന്‍ ശരീരമുള്‍പ്പെടുന്ന ലോകത്താണു വെളിപ്പെടേണ്ടത്. ആരാധനയെ മനുഷ്യനിര്‍മിതമായ ദേവാലയങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന മനോഭാവത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇവിടെ. മാനസാന്തരത്തിലൂടെ ആത്മീയ ജീവിതത്തിലേക്കു പ്രവേശിക്കുന്ന ഒരുവന്റെ പ്രവര്‍ത്തനത്തെ ആത്മികം, ഭൗതികം എന്നു വേര്‍തിരിക്കാനാവില്ലെന്നും അവന്‍ ചെയ്യുന്ന ഏതു മതേതരപ്രവര്‍ത്തനംപോലും ആത്മികമായിരിക്കണം എന്നും ഇവിടെ നാം മനസിലാക്കണം.
ആത്മീയതയ്ക്കു വ്യക്തികളെ രൂപാന്തരപ്പെടുത്തുന്നതോടൊപ്പം സംസ്‌കാരത്തെ നവീകരിക്കുക എന്ന കടമകൂടി ഉള്ളതായി ഈ ഭാഗത്ത് വ്യക്തമാകുന്നുണ്ട്. യഥാര്‍ഥ ആത്മീയത, ചലനാത്മകമായ ആത്മീയത, വ്യക്തിയിലും അവന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലും വലിയ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു. ആരാധനയും ആത്മീയതയും ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, ദൈവഹിതത്തിന് അനുസൃതമായി ജീവിതത്തിന്റെ എല്ലാ രംഗങ്ങളും രൂപാന്തരപ്പെടുത്തുകയാണു വേണ്ടത്.
സ്ഥലകാല ഭേദമെന്യേ, വിവേചനങ്ങളും ധര്‍മാധര്‍മ സംഘട്ടനങ്ങളും അനീതിയും ചൂഷണവും സാഹോദര്യവും സന്തോഷവും ഒക്കെ ഇടകലര്‍ന്ന ഈ ലോകത്തില്‍ നമ്മുടെ പ്രവൃത്തികള്‍ ആരാധനയായി രൂപപ്പെടണം. ദൈവത്തെ നാം അധരത്തിലും പ്രവൃത്തിയിലും ഏറ്റുപറയുമ്പോള്‍ മാത്രമേ നാം അര്‍പ്പിക്കുന്ന കാഴ്ചകള്‍ക്കും പ്രാര്‍ഥനകള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂ. അതിനു ആവശ്യമായിരിക്കുന്നത് മനസ്സിന്റെ രൂപാന്തരമാണ്. മനസ്സാണല്ലോ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്. മനസ്സിനു മാറ്റം വന്നാല്‍ പ്രവൃത്തിക്കു താനേ മാറ്റം വന്നുകൊള്ളും.
ലോകത്തോടു അനുരൂപമാകാനുള്ള ശക്തമായ പ്രേരണകള്‍ ഉള്ളിടത്താണു നമ്മുടെ രൂപാന്തരാനുഭവം സംഭവിക്കേണ്ടതും അതിലൂടെ ലോകത്തെ നവീകരണത്തിലേക്കു നയിക്കേണ്ടതും. അതുകൊണ്ടാണ് ''ഈ ലോകത്തോട് അനുരൂപമാകരുത്'' എന്ന ശക്തമായ താക്കീതു വചനത്തിലൂടെ നമുക്കു നല്‍കുന്നത്. ഇവിടെ സ്വയനീതിയുടെ പഴയലോകവും ക്രിസ്തുവില്‍ ആഗതമായ ദൈവരാജ്യസംവിധാനത്തിന്റെ പുതിയ ലോകവുമാണു വിവക്ഷ. അതെ, ദൈവമക്കള്‍ അധിവസിക്കുന്ന ഭൗതിക ലോകം രണ്ടു ലോകങ്ങളുടെ സമ്മേളനരംഗമാണ്. ഇവിടെ നാം ദൈവരാജ്യമൂല്യങ്ങള്‍ക്കു ഊന്നല്‍ നല്‍കി ജീവിക്കണം. യേശുവിനോടൊത്തു ദൈവാലയത്തില്‍ കഴിയുന്നതുപോലെ അവിടുത്തോടൊത്തു നമ്മുടെ പ്രവര്‍ത്തനസ്ഥലത്തും ചന്തയിലും വാഹനത്തിലും ഹോട്ടലിലും ഒക്കെ കഴിയാനാകണം. അത് എല്ലാ ദിവസവും സാക്ഷ്യം നല്‍കുന്നതാകണം.
നാം അനുഭവിക്കുന്ന രൂപാന്തരത്തിന്റെ ഫലമായി ദൈവത്തിന്റെ തിരുമനസ്സനുസരിച്ച് ആത്യന്തികമായ നന്മ എന്തെന്നും, പൂര്‍ണതയുള്ളതെന്തെന്നും പ്രസാദാത്മകമായതെന്തെന്നും മനസിലാക്കാന്‍ നമുക്കു കഴിയണം. താല്ക്കാലിക സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന ലോകത്തില്‍, നിലനില്‍ക്കുന്നതെന്തെന്നു വിലയിരുത്താന്‍ സമയമില്ലാത്ത ലോകത്തില്‍, പരമമായ നന്മയെയും സൗന്ദര്യത്തെയും ഗ്രഹിക്കുകയും, അവയ്ക്കനുസരണമായി ലോകത്തെ രൂപാന്തരപ്പെടുത്താന്‍ സ്വയം സമര്‍പ്പിക്കുകയും വേണം.
ജീവിതം കര്‍മബദ്ധമാണ്. ഇവിടെ കര്‍മം ചെയ്യാതിരിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. നമ്മുടെ ഓരോ കര്‍മവും (പ്രവൃത്തിയും) ദൈവത്തിനു സ്വീകാര്യമാണോ? നമ്മുടെ ജീവിതം സജീവമായ ആരാധനയായി രൂപപ്പെടുന്നുണ്ടോ? നമ്മുടെ പ്രവര്‍ത്തനത്തിനും ജീവിതശൈലിക്കും മൂല്യമുള്ളിടത്താണ് അനുഷ്ടാനങ്ങള്‍ക്കും പ്രേഷിതവൃത്തിക്കും വിലയുള്ളത്. എ.ഡബ്ല്യൂ.റ്റോസറുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്: 'സഭയ്ക്കു ലോകത്തിനു ഒരു സന്ദേശം നല്‍കുവാനുണ്ട്. എന്നാല്‍ സഭയിലെ മക്കള്‍ ലോകമനുഷ്യരെപ്പോലെ ജീവിച്ചുകൊണ്ട് ഈ സന്ദേശം അറിയിച്ചാല്‍ അവര്‍ അതു കൈക്കൊള്ളുകയില്ല'
No comments:
Post a Comment