Tuesday 22 May 2012

[www.keralites.net] മോഹന്‍ലാലിന് ഒരു തുറന്ന കത്ത്

 

Fun & Info @ Keralites.net 
പ്രിയപ്പെട്ട ലാലേട്ടാ,
അവിവേകമാണോ എന്നെനിക്കറിയില്ല. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ കൊല്ലുമോ അതോ ആന്‍റണി പെരുമ്പാവൂര്‍ കൊല്ലിക്കുമോ എന്നൊക്കെയുള്ള ഭയാശങ്കകള്‍ ഉള്ളിലൊതുക്കിക്കൊണ്ട് പറയുകയാണ് "കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, വെറുപ്പ് തോന്നുന്നു" എന്നു പറഞ്ഞ ലാലേട്ടാ, അങ്ങയുടെ ആശങ്കകളും വേദനകളും ആത്മാര്‍ത്ഥമായിരിക്കാം, പക്ഷെ അര്‍ത്ഥശൂന്യമാണ്.
"എനിക്കു ജീവിക്കണം, സ്വസ്ഥമായിട്ട് ജീവിക്കണം, അതിനു തടസ്സം നില്‍ക്കാന്‍ നിന്‍റെയീ കൈകള്‍ ഉണ്ടാവരുത്, അതുകൊണ്ട് ഞാനിത് എടുക്ക്വാ" എന്നു പ്രഖ്യാപിച്ച് 20 വര്‍ഷം മുമ്പ് മുണ്ടയ്ക്കല്‍ ശേഖരന്‍റെ കൈ ഒറ്റവെട്ടിനു മുറിച്ചു മാറ്റിയ മംഗലശേരി നീലകണ്ഠന്‍, ആ സീനുകള് കണ്ടു വളര്‍ന്ന പിള്ളേര്‍ നടത്തിയ ഒരു കൊലപാതകത്തെപ്പറ്റി പത്രത്തില്‍ വായിച്ചിട്ട്, കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ പറയുന്നത് ന്യായമാണോ ?
അഭ്രപാളികളില്‍ നിന്നിറങ്ങി അങ്ങ് കേരളത്തിലെ സാധാരണക്കാരുടെ ജീവിതം നോക്കിക്കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തില്‍ കൊല്ലും കൊലയും തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കൊല്ലാനും കൊല്ലിക്കാനും എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇന്നലെ പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ അങ്ങ് ടി.പി.ചന്ദ്രശേഖരന്‍റെ അമ്മയുടെ സങ്കടത്തെപ്പറ്റി എഴുതിയത് കണ്ട് കണ്ണു നിറഞ്ഞില്ല. കിരീടത്തിലെ സേതുമാധവനും നരസിംഹത്തിലെ ഇന്ദുചൂഢനും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും കൊന്നതും കൊല്ലിച്ചതുമായ സീനുകള്‍ തിയറ്ററുകളില്‍ കണ്ട് കയ്യടിച്ച് പോയവര്‍ക്ക് പിന്നീട് കൊല്ലാനും കൊല്ലിക്കാനും അങ്ങയുടെ അഭിനയം പ്രചോദനമായിട്ടുണ്ടെങ്കില്‍, ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല എന്നെങ്കിലും ഒരു കൊച്ചുപ്രതിജ്ഞ എടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് ?
ലാലേട്ടന്‍റെ ദുഖം സത്യസന്ധമല്ല എന്നെനിക്കു തോന്നുന്നില്ല. സത്യസന്ധമായിരിക്കാം, ആ വേദന ഉള്ളില്‍ തട്ടിയുള്ളതായിരിക്കാം. പക്ഷെ,ഒരു പിടി വയലന്‍സ് ‍ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കു മുന്നില്‍ മിഴിവോടെ നില്‍ക്കുന്നെങ്കില്‍ അതിനു കാരണം അതില്‍ കരളുറപ്പോടെ ശത്രുവിന്‍റെ നെഞ്ചില്‍ കത്തി കയറ്റുന്ന ലാലേട്ടന്‍റെ കഥാപാത്രങ്ങളാണ്. ശത്രുവിന്‍റെ നെഞ്ചില്‍ നിന്നും മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോര തുടച്ച് പ്രേക്ഷകരെ നോക്കുന്ന അങ്ങയുടെ കണ്ണുകളിലെ തിളക്കമാണ്. ആ സീനുകള്‍ വായിക്കുമ്പോള്‍, അത് അഭിനയിക്കുമ്പോള്‍, അനേകം അമ്മമാരും ആ സിനില്‍ കണ്ണുപൊത്തുമെന്നത് അങ്ങ് കരുതിയിട്ടുണ്ടാവില്ല.
മക്കള്‍ ഇതൊക്കെ കണ്ടു വളരുന്നതില്‍ ആശങ്കയുള്ള ഒരു പറ്റം അമ്മമാര്‍, മംഗലശേരി നീലകണ്ഠന്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍റെ കൈ പബ്ലിക്കായി വെട്ടുന്ന സീന്‍ വരുമ്പോള്‍, കീരിക്കാടന്‍ ജോസിനെ പൊതുസ്ഥലത്ത് കുത്തിമലര്‍ത്തുന്ന സീന്‍ വരുമ്പോള്‍, ടിവി ഓഫ് ചെയ്യുന്നുണ്ടെങ്കില്‍ അങ്ങയുടെ ധാര്‍മികദുഖം പരാജയപ്പെടുകയാണ്. അങ്ങയുടെ വാക്കുകളിലുള്ളതിനെക്കാള്‍ ആശങ്ക ആ അമ്മമാര്‍ക്ക് തങ്ങളുടെ മക്കളുടെ ഭാവിയിലുണ്ട്.
ടി.പി കൊല്ലപ്പെട്ടതുപോലെ പൈശാചികമായി കേരളത്തില്‍ ഇനി ഒരാളും കൊല്ലപ്പെടാതിരിക്കട്ടെ എന്നാണ് മലയാളികളുടെ പ്രാര്‍ഥന. സിനിമ എന്ന ഏറ്റവും ജനകീയമായ മാധ്യത്തിലൂടെ ഏറ്റവും ജനകീയനായ താരങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ ചെയ്തു കാണിക്കരുതേ എന്നു കൂടി ഇനി പ്രാര്‍ഥിക്കാം. മറ്റാരുടെയോ തിരക്കഥ അനുസരിച്ച് സിനിമയില്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ലാലേട്ടനും മറ്റാരുടെയോ തിരക്കഥ അനുസരിച്ച് ജീവിതത്തില്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ക്വട്ടേഷന്‍ ഗുണ്ടകളും ചെയ്യുന്നത് കര്‍മം മാത്രമാണ്. അതിരുവിട്ടാല്‍ കത്രിക വയ്‍ക്കാന്‍ സിനിമയിലെപ്പോലെ ഒരു സെന്‍സര്‍ ബോര്‍ഡ് ജീവിതത്തില്‍ ഇല്ലാതെ പോയി.
കേരളത്തില്‍ ബോറടിക്കുമ്പോള്‍ ബൂര്‍ജ് ഖലീഫയിലെ വീട്ടില്‍പ്പോയി അങ്ങേയ്‍ക്ക് അസ്തമയം കണ്ടിരിക്കാം. പിന്നെയും താരാധിപത്യത്തിന്‍റെ കിരീടവും ചെങ്കോലും കണ്ടിരിക്കുന്ന ഞങ്ങള്‍ സാധാരണമലയാളികള്‍ എവിടെപ്പോവാന്‍ ? ഞങ്ങളുടെ അസ്തമയങ്ങളിലെ ചുവപ്പിന് വിപ്ലവകാരികളുടെ നെഞ്ചിലെ ചോര തന്നെ ചാലിക്കണം.
വേണ്ടത് ഒരു മാറ്റമാണ്. അത് ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന സിനിമകളില്‍ നിന്നു തന്നെ തുടങ്ങാം. ഒരു നിയമത്തിനും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല എന്നാക്രോശിച്ച് സ്വയം വിധി പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കിയിട്ടുള്ള നൂറ് നൂറ് നായകന്മാരുടെ വഴിയേ ആണ് ടിപിയെ കൊന്നവരും സഞ്ചരിച്ചത്. അത്തരം നായകന്മാകെ അനശ്വരമാക്കിയ ലാലേട്ടന്‍ ഒരു കൊലപാതകം കണ്ട് ഭയന്നുനില്‍ക്കുന്നത് പ്രേക്ഷകരോടുള്ള ക്ഷമാപണം കൂടിയാവട്ടെ എന്നാഗ്രഹിക്കുന്നു. ഇനിയൊരു സിനിമയിലും നിയമവും കോടതിയും സാമൂഹികനീതിയും അട്ടിമറിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്ന നായകനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടാതിരിക്കുമ്പോഴാണ് തെരുവില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും അമ്മാമാരോടുമുള്ള അങ്ങയുടെ പ്രതിബദ്ധത പൂര്‍ണമാകുന്നത്. നാടുവാഴികളുടെ കാലം കഴിഞ്ഞു, ഇവിടം സ്വര്‍ഗമാണ് എന്നു വെറുതെ പറഞ്ഞാല്‍ പോര, അത് അങ്ങനെയാക്കാന്‍ ഓരോ പൗരനും കടമയുണ്ട്.
ഈ പോസ്റ്റിന്‍റെ ചുവട്ടില്‍ അങ്ങയുടെ ആരാധകര്‍ എഴുതാന്‍ പോകുന്ന കമന്‍റുകളും മുഴക്കാന്‍ പോകുന്ന തെറികളും എന്താണെന്ന് ആലോചിക്കുമ്പോള്‍ തന്നെ തുടര്‍ന്നും ബ്ലോഗ് ചെയ്യാന്‍ എനിക്കു മടി തോന്നുന്നു, പേടി തോന്നുന്നു, വെറുപ്പ് തോന്നുന്നു.
ആരാധനയോടെ,
ഒരു പ്രേക്ഷകന

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment