സഹശയനത്തിനപ്പുറം ഭാര്യ ഒരു പുരുഷന്റെ കുടുംബത്തിന്റെ താഴ്വേരാണ്. കുടുംബ സൗഭാഗ്യവും, ശാന്തതയും നിലനിര്‍ത്തുന്നതില്‍ സ്ത്രീ തന്നെയാണ് മുഖ്യഘടകം. എന്നാല്‍ സുഹൃത്തോ? മാര്‍ഗ്ഗ ദര്‍ശിയും സാഹചരനുമാണ്. കുടുംബത്തില്‍ പങ്കുവെക്കാന്‍ കഴിയാത്ത പല പ്രശ്നങ്ങളും സൗഹൃദത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും. പകലിന്റെ ഏറിയ പങ്കും ഇവര്‍ തമ്മിലാണ് സഹവസിക്കുന്നത്. ഒരു വ്യക്തിയെ പൂര്‍ണ്ണമായി അറിയാന്‍ അവന്റെ സഹചരനു മാത്രമേ കഴിയൂ.
കുരുക്ഷേത്രയുദ്ധം രണ്ടു വ്യക്തികളുടെ സൗഹൃദ സംരക്ഷണ കാഴ്ചപ്പാടിലൂടെ ഒന്നു വീക്ഷിക്കാം. ഒന്ന് ദുര്യോധനനും കര്‍ണ്ണനും. മറുപക്ഷത്ത് കൃഷ്ണയും ശ്രീകൃഷ്ണനും. ദുര്യോധനന്‍ കര്‍ണ്ണന് അര്‍ദ്ധരാജ്യം നല്‍കി തനിക്കൊപ്പം നിര്‍ത്തിയെങ്കില്‍ , എവിടെ കൃഷ്ണയുടെ മാനത്തിന് പലപ്പോഴായി ഉചിതമായ സംരക്ഷണം നല്‍കി അവളെ ഒരു സഹോദരി എന്ന വണ്ണം കൃഷ്ണന്‍ സംരക്ഷിച്ചു. ഇവിടെ ഏതു സൗഹൃദത്തിനാണ് മുന്‍തൂക്കം? കര്‍ണ്ണന്റെ ബാഹുബലം നേരിട്ടറിവുള്ള ദുര്യോധനന്‍ അര്‍ദ്ധരാജ്യത്തിലൂടെ കര്‍ണ്ണനെ തന്റെ ആജ്ഞാനുവര്‍ത്തിയാക്കി. ദുര്യോധനന്റെ ദുഷ്ടതക്കൊപ്പം ചലിക്കുന്ന മണ്‍പാവ - അതായിരുന്നു കര്‍ണ്ണന്‍ . സ്വയം പണയപ്പെടുമ്പോഴും കര്‍ണ്ണന്‍ പുലമ്പിക്കൊണ്ടിരുന്നു - ദുര്യോധനന്‍ ദാനമായി നല്‍കിയ ചോരയാണ് ഈ ശരീരത്തിലൂടെ ഒഴുകുന്നത്. ഗാന്ധാരി പുത്രനില്ലെങ്കില്‍ കര്‍ണ്ണന് അസ്ത്വിത്വമില്ല.
ധീരനായ കര്‍ണ്ണന് ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഏവരും അറിയാതെ ആ ജന്മ ശാപത്തിലേക്ക് ഒന്നെത്തി നോക്കും. കന്യകയുടെ നിര്‍ദ്ദോഷമായ കൌതുകത്തിന് പാത്രമായി അവളെ സമീപിച്ച സൂര്യന്‍ , കുന്തിയുടെ നിസ്സഹായതയേക്കാള്‍ സ്വന്തം അസ്ത്വിത്വത്തിനാണ് വില നല്‍കിയത്. വരപ്രാപ്തി ലഭ്യമാക്കാതെ പോയാല്‍ ഏറ്റു വാങ്ങാന്‍ പോകുന്ന മുനി ശാപം അദ്ദേഹത്തെ തളര്‍ത്തി. മനസ്സില്ലാമനസ്സോടെ കുന്തിയെ പ്രാപിച്ച സൂര്യനില്‍ , കുന്തിയ്ക്ക് പിറന്ന കടിഞ്ഞൂല്‍ സന്താനമാണ് കര്‍ണ്ണന്‍ . ആ ജന്മം നല്‍കിയ നിസ്സഹായത കര്‍ണ്ണനില്‍ മരണം വരെ നിലനിന്നു. സംഭോഗസമയത്ത് സ്ത്രീ മാനസികമായും, ശാരീരികമായും തയ്യാറല്ലെങ്കില്‍ പിറക്കുന്ന കുട്ടികള്‍ നിസ്സഹായതയുടെയോ, ക്രൂരതയുടെയോ പര്യായമാകും.
ഇനിയുമുണ്ട് ഇത്തരം ജന്മങ്ങളുടെ കഥകള്‍ ഏറെ ഹസ്തിനപുര ചരിത്രത്തില്‍ . കുല മഹിമയെക്കാള്‍ സ്ത്രീയുടെ കസ്തൂരി ഗന്ധത്തിനു വിലനല്‍കിയ ശന്തനു മഹാരാജാവിനു സത്യവതിയില്‍ പിറന്ന അയോഗ്യരായ സന്താനങ്ങള്‍ - ചിത്രാംഗദനും വിചിത്ര വീര്യനും. ഇവരില്‍ ചിത്രാംഗദന്‍ യുദ്ധത്തില്‍ ചെറുപ്പത്തില്‍ തന്നെ കൊല്ലപ്പെട്ടു. സഭാ മദ്ധ്യത്തില്‍ സ്വയം പ്രത്യക്ഷപെടാന്‍ ആത്മധൈര്യമില്ലാതിരുന്ന വിചിത്രവീര്യന്‍ യൌവനയുക്തനായപ്പോള്‍ , സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം ഭീഷ്മര്‍ സ്വയം വരപന്തലില്‍ നിന്ന് ബലമായി കടത്തിക്കൊണ്ടു വന്ന കാശിരാജാവിന്റെ പുത്രിമാര്‍ - അംബ, അംബിക, അംബാലിക. മറ്റൊരുവനെ പ്രേമിച്ചിരുന്ന അംബയെ ഭീഷ്മര്‍ വിട്ടയച്ചു, ഹസ്തിനപുരത്തിനു ഒരു അനന്തരാവകാശിയെ നല്‍കാന്‍ തന്റെ മകന്‍ അപ്രാപ്യനാനെന്നു അറിഞ്ഞ സത്യവതി ആ ദൌത്യം തന്റെ മൂത്ത പുത്രനായ വ്യാസമഹര്‍ഷിയില്‍ അര്‍പ്പിച്ചു - എല്ലാം മുന്‍കൂട്ടി മനസ്സില്‍ കണ്ടറിഞ്ഞ ദൈവജ്ഞന്‍ . ആ ബാദരായണനു അജ്ഞാതമായ് ഒന്നുമില്ല. വ്യാസന്റെ സാമീപ്യം ഇഷ്ടപ്പെടാതെ കണ്ണ് പൊത്തിയിരുന്ന അംബികക്ക് ജനിച്ച പുത്രന്‍ - അന്ധനും കുടില തന്ത്രജ്ഞനുമായ ധൃതരാഷ്ട്രര്‍ . പേടിച്ചരണ്ടിരുന്ന അംബാലികയില്‍ ജനിച്ച പുത്രന്‍ - ജന്മനാ പാണ്ടു രോഗിയും ഷണ്ടനുമായ പാണ്ഡു, എന്നാല്‍ തികഞ്ഞ ഭക്തിയോടും, നിറഞ്ഞ മനസ്സോടും കൂടി വ്യാസന്റെ ഇംഗിതത്തിനു വഴങ്ങിയ ശൂദ്ര സ്ത്രീയില്‍ അദ്ദേഹത്തിനുണ്ടായ പുത്രന്‍ - വിദുരര്‍ . ഭാരതവര്‍ഷത്തിന്റെ ചരിത്രത്തില്‍ വിദുരരോളം വിനയാന്വിതനും, സ്നേഹ സമ്പന്നനും, വിവേകിയുമായ ഒരു കഥാപാത്രം ഉണ്ടോ എന്ന് ഭാരതം വായിക്കുന്ന ഏവരും സംശയിച്ചു പോകും. ആരും അംഗീകരിക്കുന്ന അപ്രമേയമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിദുരര്‍ - പകരം വയ്ക്കാന്‍ മറ്റൊരാളില്ലാത്ത പാത്ര സൃഷ്ടി. അതെ ! അതു തന്നെയാണ് വിദുരര്‍ . സമീപനത്തിലെ സ്വാന്ത്വനവും, ഉള്‍ക്കൊള്ളാനുള്ള പൂര്‍ണ്ണമനസ്സും ഒത്തുചേരുമ്പോഴെ നല്ല പാത്ര സൃഷ്ടി ഉണ്ടാകൂ എന്ന് വിദുരരുടെ ജന്മം തെളിയിക്കുന്നു.
കര്‍ണ്ണനെ ഒഴിച്ചു നിറുത്തിയാല്‍, ദുര്യോധനന്റെ മറ്റൊരു പ്രിയതോഴന്‍ ദ്രോണപുത്രനായ അശ്വത്ഥാമാവ്. ദുര്യോധനനു വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായിരുന്നു, ആ ദ്രോണപുത്രന്‍ . സ്വന്തം നിയതിയ്ക്കപ്പുറമുള്ള ചതിയിലൂടെയാണ് ദുര്യോധനനെ, പാണ്ഡവര്‍ തോല്പിച്ചതെന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കോപാകുലനായ അശ്വത്ഥ്വാമാവ് സ്വന്തം സുഹൃത്തിന് വേണ്ടി പൈശാചികമായ, ബ്രാഹ്മണന് നിരക്കാത്ത നിഷ്ടൂരമായ ആ കര്‍മ്മം ചെയ്തു - ഉറങ്ങിക്കിടന്ന പാണ്ഡവപുത്രരെ ഒന്നടങ്കം അറുംകൊല ചെയ്തു. ആ തലയോട്ടികള്‍ സ്വന്തം സുഹൃത്തിന് മുന്‍പില്‍ കാണിക്കയായി സമര്‍പ്പിച്ചു. ആ സന്തോഷത്തിലും സംതൃപ്തിയിലും ദുര്യോധനന്‍ കൃതാര്‍ത്ഥനായി പ്രാണന്‍ വെടിഞ്ഞു. ഈ ക്രൂരകര്‍മ്മത്തിലൂടെ, ജന്മത്തിനു അലങ്കാരമായി നിന്ന ചൂഡാമണി നഷ്ട്ടപ്പെട്ട അശ്വത്ഥാമാവ് ഭ്രാന്ത ചിത്തനായി. പക കെട്ടടങ്ങാത്ത ആ ബ്രാഹ്മണന്‍ , ഒരു പുല്‍നാമ്പിലൂടെ ' ഭൂമി അപാണ്ഡവമാകട്ടെ !!! ' എന്ന് അഭിമന്ത്രിച്ചു വിട്ട ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെ ലക്ഷ്യമാക്കി പാഞ്ഞു. തടുക്കാനായി അര്‍ജ്ജുനന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചെങ്കിലും ഭൂമിയുടെ രക്ഷയെ കരുതി ദേവഋഷിമാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം അത് പിന്‍വലിച്ചു. അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രം, ഉത്തരയുടെ ഗര്‍ഭത്തിലെത്തുന്നത്തിനു മുന്‍പായി ഭഗവാന്‍ സുദര്‍ശന ചക്രത്താല്‍ ഗര്‍ഭപാത്രത്തിനു പുറമേ ഒരു വലയം സൃഷ്ടിച്ചു. ഈ നാരായണ കവചം ഭേദിക്കാനാകാതെ അസ്ത്രം തിരിഞ്ഞു അശ്വത്ഥാമാവിന്റെ നേരെ പാഞ്ഞു. കൃഷ്ണന്റെ ക്രോധാഗ്നിക്ക് പാത്രമായി, മന്ത്ര ശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് ബ്രഹ്മാസ്ത്രം കീഴ്പ്പെടുത്താനായില്ല. ഭ്രാന്തചിത്തനായ ദ്രോണപുത്രന്‍ എങ്ങോടെന്നില്ലാതെ ഓടി. മരണമില്ലാത്ത അശ്വത്ഥാമാവ് ഇന്നും നമ്മളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. സുദര്‍ശനചക്രം സൃഷ്‌ടിച്ച രക്ഷാകവചം ഇന്നും ഗര്‍ഭസ്ഥശിശുവിന് രക്ഷാ വലയമായി നില നില്‍ക്കുന്നു. വൈദ്യശാസ്ത്രം എന്ത് പേരിട്ടുവിളിച്ചാലും അത് ' നാരായണ കവചം' തന്നെ - സംശയികേണ്ട.
ദ്രുപദപുത്രിയായ ദ്രൌപദി, പാണ്ഡവര്‍ക്ക് നേടിക്കൊടുത്തതിലൂടെ കൃഷ്ണന്‍ അവരുടെ ആപല്‍ സംരക്ഷകനായി. എപ്പോള്‍ ഒരു സഹായത്തിനുവേണ്ടി സ്മരിക്കുന്ന മാത്രയില്‍ , കൃഷ്ണന്‍ ദ്രൌപദിയുടെ അരികിലെത്തിയിരുന്നു. അജ്ഞാതവാസകാലത്ത് ഒരനുഗ്രഹം പോലെ ദ്രൌപദിക്ക് കിട്ടിയ ' അക്ഷയപാത്രം '. ദ്രൌപദിയുടെ ഭക്ഷണത്തിനു ശേഷം, ഒരു ദിവസത്തെ അന്നം ആ പാത്രത്തില്‍ നിശേഷം തീര്‍ന്നിരിക്കും. അതിനാല്‍ എല്ലാവര്ക്കും നല്‍കിയ ശേഷം ഏറെ ചെന്നേ ദ്രൌപദി ഭക്ഷിച്ചിരുന്നുള്ളൂ. ഒരിക്കല്‍ , ദ്രൌപദിയുടെ ഭക്ഷണ ശേഷം, അക്ഷയപാത്രത്തിലെ അവസാനത്തെ അന്നവും തീര്‍ന്ന മാത്രയില്‍ , പരീക്ഷിക്കാനെന്നവണ്ണം ദുര്‍വ്വാസാവും ശിഷ്യരും എത്തി. സ്നാന കര്‍മ്മങ്ങള്‍ക്കായി അവരെ പറഞ്ഞയച്ച ധര്‍മ്മപുത്രര്‍ , ദ്രൌപദിയുടെ നിസ്സഹായാവസ്ഥ കണ്ടു സ്തബ്ധനായി. ഏറ്റു വാങ്ങാന്‍ പോകുന്ന മുനി ശാപം അദ്ദേഹത്തെ തളര്‍ത്തി. ദ്രൌപദി അക്ഷയപാത്രം കയ്യിലുയര്‍ത്തി കൃഷ്ണനെ സ്മരിച്ചു. എങ്ങുനിന്നെന്നറിയാതെ തിരക്കിട്ടവിടെ എത്തിയ കൃഷ്ണന്‍ , ദ്രൌപദിയുടെ അക്ഷയപാത്രത്തില്‍ പറ്റിയിരുന്ന 'ചീരയില ' ഭക്ഷിച്ചു തൃപ്തനായി. അതാ ... ദ്രൌപദിയുടെ അക്ഷയപാത്രം ഭക്ഷണം കൊണ്ട് നിറഞ്ഞുകവിയുന്നു. ഈ സൗഹൃദയവും സ്നേഹവും കൃഷ്ണക്ക് എന്നും ഓര്‍ക്കാവുന്നതിലപ്പുറമായിരുന്നു. ഒരിക്കല്‍ , ഇന്ദ്രപ്രസ്ഥത്തിലെ വിരുന്നു സല്‍ക്കാരവേളയില്‍ , കൃഷ്ണന്റെ വിരല്‍ മുറിഞ്ഞു രക്തം ഇറ്റിറ്റു തറയില്‍ വീണു. പരിഭ്രാന്തരായ കൃഷ്ണ പത്നിമാര്‍ , മുറിവ് കെട്ടാനുള്ള വസ്ത്രത്തിനായി തിരക്കിട്ടോടി. കേട്ടറിഞ്ഞെത്തിയ കൃഷ്ണ തന്റെ ഉടുവസ്ത്രത്തിന്റെ അറ്റം കീറിയെടുത്തു ഭഗവാന്റെ മുറിവ് കെട്ടി. ഭാര്യമാര്‍ തിരിച്ചെത്തിയപ്പോള്‍ കൃഷ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു. ' ഇപ്പോള്‍ മനസ്സിലായോ കൃഷ്ണ ആരാണെന്നു ?'. സ്വന്തം ജാള്യതയെക്കുറിച്ചുപോലും ഓര്‍ക്കാതെ അവസരത്തിനൊത്ത് ഉയരുന്നവള്‍ .
ആസന്നമായ കുരുക്ഷേത്രയുദ്ധത്തിനു മുന്‍പായി, ഒരിക്കല്‍ക്കൂടി ശ്രീകൃഷ്ണന്‍ , ഭീഷ്മപിതാവിന്റെ അനുഗ്രഹം നേടുവാന്‍ കൌരവസഭയിലെത്തി. പതിവുള്ള ധാര്‍ഷ്ട്യം മറന്നു ദുര്യോധനന്‍ കൃഷ്ണനെ സ്വീകരിച്ചു. " കൃഷ്ണാ....! എന്റെ കൈകാലുകള്‍ തളരുന്നു ! മുന്‍പില്ലാത്തവണ്ണം പരാജയ ഭീതി എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു." തലകുമ്പിട്ടുനിന്ന ഗാന്ധാരി പുത്രനോട് കൃഷ്ണന്‍ അല്‍പ്പം നീരസത്തോടെ പറഞ്ഞു. " ഈ നിസ്സഹായത നീ ഇരന്നു വാങ്ങിയതല്ലേ ? നിരാലംബയായ ഒരു സ്ത്രീയെ, സഭാമധ്യത്തില്‍ വിവസ്ത്രയാക്കാന്‍ ശ്രമിച്ചപ്പോള്‍ , ഒരു നിമിഷമെങ്കിലും നീ ചിന്തിച്ചോ - അവള്‍ തന്റെ ജ്യേഷ്ഠ പത്നിയും , മാതൃതുല്യയുമാണെന്ന്.....!". ഒരു പരുങ്ങലോടെ ദുര്യോധനന്‍ മന്ത്രിച്ചു.."എല്ലാം സംഭവിച്ചു പോയി - മാപ്പ് നല്‍കിയാലും...". " നിനക്ക് മാപ്പ് തരേണ്ടത് ഞാനല്ല, ദ്രൌപദിയാണ്. ഇനിയും ഏറെ സമയമുണ്ട്. തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് നീതി നടപ്പിലാക്കാന്‍ ....! ഞാന്‍ നിന്നെ സഹായിക്കാം...!". ദുര്യോധനന്റെ ഭാവം മാറി. " ഇല്ല കൃഷ്ണാ... അവരോടു സന്ധി ചെയ്യുന്ന പ്രശ്നമില്ല. ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല - അന്ന് ഇന്ദ്രപ്രസ്ഥത്തില്‍ വച്ച് കാലിടറി വീണപ്പോള്‍ , മട്ടുപ്പാവില്‍ നിന്ന് ആ കാഴ്ച കണ്ടു പൊട്ടിചിരിച്ച ദ്രൌപദിയുടെ പരിഹാസം എന്റെ രോമാകൂപങ്ങളെ ഇപ്പോഴും ചുട്ടുപൊള്ളിക്കുന്നു. ഈ ദുര്യോധനന്റെ പൌരുഷത്തിനു ഒരു വിലയുമില്ലേ കൃഷ്ണാ...!".
കൃഷ്ണന്‍ ചിരിച്ചു. " ഒരു സ്ത്രീയുടെ ചിരിയില്‍ വീണു പോകുന്നതാണോ ദുര്യോധനാ, നിന്റെ പൌരുഷം ? ദ്രൌപദിയുടെ സ്ഥാനത്ത് ഭാനുമതിയോ. നിന്റെ സഹോദരി ദുശ്ശളയോ ആയിരുന്നെങ്കില്‍ , നീ ഇങ്ങനെ എന്നോട് സംസാരിക്കുമോ? ..." ഒന്ന് മടിച്ച ശേഷം അല്‍പ്പം ജാള്യതയോടെ ദുര്യോധനന്‍ തുടര്‍ന്നു..." അങ്ങേക്കെങ്കിലും അന്ന് ദ്രൌപദിയോട് , എന്നോട് സന്ധി ചെയ്യാന്‍ നിര്‍ദ്ദേശിക്കമായിരുന്നു. ....!".
"ദ്രൌപദിയുടെ ശരീര വശ്യത മത്തനാക്കിയ നിന്റെ മനസ്സ് , അവള്‍ക്കു നേരെ വീണ്ടും വീണ്ടും പ്രശ്നങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുമെന്നു ഞാനറിഞ്ഞിരുന്നു!". അല്‍പ്പം ഇടര്‍ച്ചയോടെ ദുര്യോധനന്‍ പറഞ്ഞു : "ഈ ദുര്യോധനന്‍ ഇപ്പോള്‍ അങ്ങേക്ക് പോലും വേണ്ടാത്തവനായി...!".
"നിന്നോട് സന്ധി ചെയ്യാന്‍ ഞാന്‍ ഇടനിലക്കാരനായില്ലെന്നു നീ കുറ്റപ്പെടുത്തുന്നു. നിന്റെ കുതന്ത്രത്തില്‍ വീണ് , സ്വന്തം രാജ്യവും , മാനവും, പത്നിയും നിനക്ക് മുന്‍പില്‍ പണയമായി വച്ച പാണ്ടവരോട് നീ എന്ത് നീതി കാട്ടി ? പണയ പണ്ടമായ ദ്രൌപദിയെ നീ എന്ത് ചെയ്തു ? അന്ന് നിനക്ക് ദുശ്ശസനനെ തടുക്കാംആയിരുന്നില്ലേ? കുരുവംശാധിപനായ നിനക്ക് മാത്രം ചെയ്യാന്‍ കഴിയുമായിരുന്ന ആ സല്‍പ്രവര്‍ത്തി നീ ചെയ്തില്ല, പകരം നിസ്സഹായയായ ഒരു സ്ത്രീയുടെ കണ്ണീരിനു മുന്‍പില്‍ ആര്‍ത്തട്ടഹസിച്ചു. സ്വയം വിലപിച്ചു നിന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും വായ് നീ മൂടി. അപമാനപ്പെട്ട സ്ത്രീത്വത്തിനു അഗ്നിയുടെ ആളിക്കത്തലാണെന്ന് നീ അറിയാതെ പോയി...."
ഗദ്ഗദകണ്ടനായി ദുര്യോധനന്‍ കൃഷ്ണന്റെ മുന്‍പില്‍ തലതാഴ്ത്തി. " ഒന്നും കഴിയാതെ പോയ ഈ ഞാന്‍ ഈ വൈകിയ വേളയില്‍ എന്താണ് ചെയ്യേണ്ടത്?". കൃഷ്ണന്‍ അല്‍പ്പം വിഷണ്ണനായി. "എന്റെ ഉപദേശം നിനക്ക് സ്വീകാര്യമായില്ല. ഇനി യുദ്ധത്തിനു ഒരുബെടുക. ജയാപജയങ്ങള്‍ ഏറ്റു വാങ്ങുക. ക്ഷത്രിയ ധര്‍മ്മവും കടമയും നീ മറക്കരുത്. ധീരനായി പൊരുതി വീരമൃത്യു വരിച്ച കുരുവംശാധിപനെ ലോകം എന്നും സ്മരിക്കും. ദുര്യോധനന്റെ കണ്ണീര്‍ കൃഷ്ണ പാദങ്ങളില്‍ വീണു. " ഒന്നെനിക്കുറപ്പായി കൃഷ്ണന്‍!... എന്റെ പക്ഷത്ത് നീതിയും ധര്‍മ്മവും ഇല്ലെന്നു അങ്ങ് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. ഇനി ദുര്യോധനനു സ്വച്ചന്ദ മൃത്യു ഏറ്റു വാങ്ങാം !." ഉള്ളില്‍ എവിടെയോ ഒരു നീര്‍ച്ചാല്‍ വഴിയുന്നതായി ഭാഗവാനനുഭവപ്പെട്ടു. " ദുര്യോധനാ.. ഏറെ പാതകങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നിന്നിലെവിടെയോ നന്മയുടെ അംശമുണ്ട്. അത് വളര്‍ത്തിയെടുക്കാന്‍ നിന്റെ പിതാവിന്റെ അമിത പുത്രസ്നേഹവും ആര്‍ത്തിയും അനുവദിച്ചില്ല....". "അല്ല കൃഷ്ണാ...! പിതാവ് അന്ധനായിരുന്നെങ്കിലും പ്രസവിച്ച മക്കളെ ഒന്ന് കണ്‍കുളിര്‍ക്കെ കാണാന്‍ ഏതമ്മയാണ് ആഗ്രഹിക്കാത്തത്? ഞങ്ങളുടെ അമ്മ അതും ഞങ്ങള്‍ക്ക് നിഷേധിച്ചു. പിന്നെ എങ്ങനേ കൃഷ്ണാ.....ഈ ദുര്യോധനനില്‍ നന്മയുടെ അംശം ഉണ്ടാകും ? ".
ഗദ്ഗദകണ്ടനായി നിന്ന ദുര്യോധനനെ കൃഷ്ണന്‍ അണച്ചുചേര്‍ത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. "യശ്വസീ ഭവ:!!" കൃഷ്ണന്‍ മന്ത്രിച്ചു. "ഭഗവന്‍ ! ദുര്യോധനന്റെ പാപമെല്ലാം ഈ നിമിഷം തീര്‍ന്നു. ഇനി എനിക്ക് ധീരമായി മൃത്യു വരിക്കാം...!". കണ്ണീര്‍ ചാലുകള്‍ ഒഴുകുന്ന ദുര്യോധനന്റെ മുഖത്തേക്ക് നോക്കാനാവാതെ, കൃഷ്ണന്‍ ഭീഷ്മ പിതാമഹനെ തേടി തിരക്കിട്ട് നടന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment