മൈക്രോസോഫ്റ്റിന്റെ 'സോഷ്യല്‍': സെര്‍ച്ചും സോഷ്യല്‍നെറ്റ്‌വര്‍ക്കിങും കൈകോര്‍ക്കുന്നു
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങും സെര്‍ച്ചും സമന്വയിപ്പിച്ചുകൊണ്ട് സൗഹൃദക്കൂട്ടായ്മയ്ക്ക് പുത്തന്‍മുഖം സമ്മാനിക്കുന്ന 'സോഷ്യല്‍' (So.cl) സര്‍വീസ് മൈക്രോസോഫ്റ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
താത്പര്യമുള്ള സെര്‍ച്ച്ഫലം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനും, അവയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അതുവഴി സമാനചിന്താഗതിക്കാരുമായി ബന്ധപ്പെടാനും അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ് സോഷ്യല്‍'.
മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ്‌സ് (FUSE Labs) പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ സൗഹൃദ വെബ്‌സൈറ്റ്. വിദ്യാര്‍ഥികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യുംപോലെ, താത്പര്യമുള്ള വെബ്‌പേജുകള്‍ കണ്ടെത്താനും പങ്കുവെയ്ക്കാനും ഈ വെബ്‌സൈറ്റ് അവസരമൊരുക്കുന്നതായി സോഷ്യല്‍ സൈറ്റിന്റെ സംശയനിവാരണപേജ് പറയുന്നു.
ഈ വെബ്‌സൈറ്റ് അമേരിക്കയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇനിയത് സാധാരണക്കാര്‍ക്കും ഉപയോഗിക്കാം.
പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് എന്നു കേള്‍ക്കുമ്പോള്‍, അത് ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയുമൊക്കെ പ്രതിയോഗിയെന്നാണ് പൊതുവെ കരുതുക. എന്നാല്‍, സോഷ്യലിന്റെ കാര്യം വ്യത്യസ്തമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇത് ഫെയ്‌സ്ബുക്കുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.
മറ്റ് നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ പ്രതിയോഗി എന്നതിനെക്കാളേറെ, സോഷ്യല്‍ മീഡിയ രംഗത്തെ ഒരു 'പരീക്ഷണം' എന്ന വിശേഷണമാണ് സോഷ്യലിന് ചേരുക. മൈക്രോസോഫ്റ്റിന്റെ ബിംഗ് (Bing) സെര്‍ച്ച് എന്‍ജിന്‍ സങ്കേതമാണ് സോഷ്യല്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരുടെ തുണയ്‌ക്കെത്തുക. സെര്‍ച്ച്ഫലങ്ങളായി കിട്ടുന്ന ബാഹ്യലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കിടാനാകും.
അതേ വിഷയത്തില്‍ താത്പര്യമുള്ളവരെ തിരിച്ചറിയാന്‍ സോഷ്യല്‍ സഹായിക്കും. അവരുടെ കൂട്ടാളികളുടെ ഫീഡുകള്‍ നിരീക്ഷിക്കാനാകും. ഒരേസമയം ഓണ്‍ലൈനില്‍ വീഡിയോ കാണുകയും ചാറ്റ് വഴി വീഡിയോ സംബന്ധിച്ച കമന്റുകള്‍ രേഖപ്പെടുത്താനും 'വീഡിയോ പാര്‍ട്ടികള്‍' (video parties) സഹായിക്കും.
അംഗങ്ങള്‍ക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സോഷ്യലില്‍ പ്രവേശിക്കാം. എന്നാല്‍, സോഷ്യലിലെ പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ അതിനുള്ള ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.
സാധാരണഗതിയില്‍ വലിയ പബ്ലിസിറ്റിയുടെ അകമ്പടിയോടെയാണ് മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാറ്. എന്നാല്‍, സോഷ്യലിന്റെ കാര്യത്തില്‍ സംഭവം വ്യത്യസ്തമായിരുന്നു. അതെപ്പറ്റി ഒരു പബ്ലിസിറ്റിയും ഉണ്ടായില്ല. സോഷ്യലിനെക്കുറിച്ച് മൈക്രോസോഫ്റ്റിന് വലിയ പ്രതീക്ഷയില്ല എന്നതിന് തെളിവായി ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഫെയ്‌സ്ബുക്കിന്റെ തുടക്കവും വിദ്യാര്‍ഥികള്‍ക്കിടിയില്‍ പരീക്ഷിച്ചുകൊണ്ടായിരുന്നുവെന്ന കാര്യം 'ഓവം' (Ovum) കണ്‍സള്‍ട്ട്‌സ് കമ്പനിയിലെ വിശകലന വിദഗ്ധന്‍ ഏദന്‍ സോല്ലര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ പ്ലസിലൂടെ പൂര്‍ണതോതിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണ് ഗൂഗിള്‍ ആരംഭിച്ചതെങ്കില്‍, മൈക്രോസോഫ്റ്റ് കുറച്ചുകൂടി പക്വതയോടെയാണ് ഇക്കാര്യത്തെ സമീപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ബിംഗ് സെര്‍ച്ച് സങ്കേതത്തെ കൂടുതല്‍ പരിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ പരീക്ഷണം മൈക്രോസോഫ്റ്റിന് അവസരമൊരുക്കുമെന്നും സോല്ലറെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിക്കുന്നതിന്റെ തെളിവായും സോഷ്യല്‍ വെബ്‌സൈറ്റിനെ കാണാം. ബിംഗ് സെര്‍ച്ച്ഫലങ്ങളെ ഫെയ്‌സ്ബുക്കുമായി ഭാഗികമായി കൂട്ടിയിണക്കിയത് ഈ മാസം ആദ്യമാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment