Wednesday, 23 May 2012

[www.keralites.net] രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തുന്നു..

 



ലോകത്തിലെ വേഗമേറിയ മനുഷ്യനാണ് ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ട്. 100 മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഓടി ലോകറെക്കോഡിട്ട ബോള്‍ട്ട് ഓടുന്ന ഒരു മത്സരത്തില്‍ വിജയം പ്രവചിക്കുക എളുപ്പമാണ്. എന്നാല്‍ ബോള്‍ട്ടിന്റെ രണ്ട് കൈകളും പിറകില്‍ക്കെട്ടി, ബൂട്ടില്ലാതെ, മോശമായ ട്രാക്കിലൂടെ നൂറ് മീറ്റര്‍ ഓടാന്‍ പറഞ്ഞാല്‍ എന്ത് സംഭവിക്കും? അപ്പോഴും ഒരുവിധം വേഗത്തിലോടാന്‍ ബോള്‍ട്ടിന് സാധിക്കും. പക്ഷേ, 15 സെക്കന്‍ഡിലധികം സമയമെടുത്തേക്കാം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ ഏതാണ്ടിതുപോലെയാണ്. ഒമ്പതു ശതമാനം നിരക്കില്‍ വളരാന്‍ കെല്പുള്ള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചനിരക്ക് ഏഴ് ശതമാനത്തില്‍ താഴെ ആയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ കുതിക്കേണ്ട ട്രാക്ക് മോശമാണ്, നിക്ഷേപം നടത്തേണ്ട സംരംഭകരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പോരാത്തതിന്,മുന്നേറേണ്ട ദിശയ്ക്ക് എതിരായി കനത്ത കാറ്റ് വീശുന്നു.

2005-11 കാലയളവില്‍ 8.5 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചു. ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാറിന്റെ നികുതി വരുമാനം ലക്ഷ്യമിട്ടതിനേക്കാള്‍ വര്‍ധിച്ചു. ഉയര്‍ന്ന വരുമാനം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സാമൂഹിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാറിനെ സഹായിച്ചു. 2009-ലെ ആഗോള സാമ്പത്തിക മാന്ദ്യം തീരെ ബാധിക്കാത്ത സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ. ഇന്ത്യയുടെ ധനകാര്യ മാനേജ്‌മെന്റിന് വ്യാപകമായ അംഗീകാരം ലഭിച്ചു. 2003-08 കാലയളവിലെ ഉയര്‍ന്ന വളര്‍ച്ചനിരക്ക് ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക സൂചകങ്ങളെ -പ്രത്യേകിച്ച് ധനകാര്യക്കമ്മിയും കറന്റ് എക്കൗണ്ട് കമ്മിയും - ശക്തമാക്കി. 2008-ല്‍ ധനകാര്യക്കമ്മി ജി.ഡി.പി.യുടെ 2.8 ശതമാനമായും കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 0.5 ശതമാനമായും കുറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് തുടരുമെന്നും ശക്തിയാര്‍ജിക്കുമെന്നും തോന്നിച്ച സമയം.

എന്നാല്‍ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. 2009-ലെ തകര്‍ച്ച ആഗോള സാമ്പത്തിക സാഹചര്യം പ്രതികൂലമാക്കി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് 2011-12 ല്‍ 6.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. വ്യാവസായിക ഉത്പാദകനിരക്ക് മൂന്നുശതമാനത്തില്‍ താഴെയാണ്. സമ്പാദ്യ-നിക്ഷേപ നിരക്കുകളില്‍ ഗണ്യമായ താഴ്ചയുണ്ടായിട്ടുണ്ട്. 2011-12 ലെ ധനകാര്യക്കമ്മി കേന്ദ്രത്തിന്റേത് 5.9 ശതമാനമായും, കേന്ദ്രത്തിന്റേതും സംസ്ഥാനങ്ങളുടേതും കൂട്ടിയാല്‍ ഒമ്പത് ശതമാനമായും വര്‍ധിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ സബ്‌സിഡി ജി.ഡി.പി.യുടെ 2.45 ശതമാനം എന്ന അപകട നിലയിലാണ്; കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ നാല് ശതമാനവും. ഈ നില തുടരാനാവില്ല; തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ മോശമായിരിക്കും.

ഉയര്‍ന്ന പലിശനിരക്ക് (2010 മാര്‍ച്ചിനും 2011 ഒക്ടോബറിനും ഇടയില്‍ റിസര്‍വ് ബാങ്ക് 13 തവണ പലിശനിരക്ക് വര്‍ധിപ്പിച്ചു) വ്യാവസായിക നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെയും വളര്‍ച്ചാസാധ്യതയെയും സൂചിപ്പിക്കുന്ന ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ് വഷളായിട്ടില്ലെങ്കിലും പഴയപോലെ ശോഭനമല്ല. അഴിമതി-കുംഭകോണ പരമ്പരകളും ഭരണ നിര്‍വഹണ രംഗത്തെ തളര്‍വാതവും ചരക്ക്-സേവനനികുതി, പ്രത്യക്ഷ നികുതി കോഡ് തുടങ്ങിയ സുപ്രധാന ബില്ലുകള്‍ അന്തമില്ലാതെ വൈകുന്നതും ഭയംമൂലം ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതും കൂട്ടുകക്ഷി ഭരണത്തിന്റെ ബാധ്യതകളും പ്രാദേശിക കക്ഷികളുടെ ഭീഷണികളും എല്ലാംകൂടി ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം മോശമാക്കിയിട്ടുണ്ട്. ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തി എന്ന ഇന്ത്യയുടെ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ട്.

എന്തുകൊണ്ട് ഇത് സംഭവിച്ചു?
പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണോ?
സര്‍ക്കാര്‍ എന്ത് ചെയ്യണം?
ഇവയാണ് പ്രസക്തങ്ങളായ ചോദ്യങ്ങള്‍.

പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം രാഷ്ട്രീയമാണ്. ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ ഭരണകാലത്ത്(2004-09) നേരത്തേ സൂചിപ്പിച്ച ഉയര്‍ന്ന വളര്‍ച്ചനിരക്കും അനുകൂല സാമ്പത്തിക സാഹചര്യവും ഭരണം സുഗമമാക്കി. ജനപ്രിയങ്ങളല്ലാത്ത ധീരമായ തീരുമാനങ്ങള്‍ കാര്യമായി എടുക്കേണ്ടിവന്നില്ല. ആണവക്കരാര്‍ പ്രശ്‌നത്തില്‍ ഇടതുകക്ഷികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍പോലും ഭീഷണിക്ക് വഴങ്ങാതെ ധീരമായ തീരുമാനമെടുത്ത് പ്രധാനമന്ത്രി നേതൃപാടവം തെളിയിച്ചു. ശക്തമായ സാമ്പത്തിക സ്ഥിതി (കുറഞ്ഞ ധനകാര്യക്കമ്മി) ആഗോള സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനും മാന്ദ്യ-വിരുദ്ധ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച് നടപ്പാക്കാനും സഹായകമായി.

ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ ശക്തമായ നേതൃത്വത്തിന്റെ നിഴല്‍ മാത്രമാണ് രണ്ടാം യു.പി.എ. സര്‍ക്കാര്‍. അറിവിലും സ്വഭാവശുദ്ധിയിലും ഉന്നതനായ മന്‍മോഹന്‍ സിങ് ഒന്നും ചെയ്യാനാകാതെ പ്രാദേശിക കക്ഷികളുടെ ഇംഗിതത്തിന് വഴങ്ങി നിസ്സഹായനാകുന്ന കാഴ്ചയാണ് കാണുന്നത്. ശക്തി ക്ഷയിക്കുന്ന കേന്ദ്രസര്‍ക്കാറും ശക്തിയാര്‍ജിക്കുകയും ആ ശക്തി സങ്കുചിത രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന പ്രാദേശിക കക്ഷികളും രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെ ക്ഷയിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എടുത്ത പല തീരുമാനങ്ങളും സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്തു. മമതയുടെ ജനപ്രിയ നിലപാടുകളും ആ നിലപാടുകള്‍ സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. ഒരു ബിസിനസ് ചാനലില്‍ റെയില്‍വേയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയും വികലങ്ങളായ നയങ്ങളുടെ പ്രഖ്യാപനങ്ങളെപ്പറ്റിയും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ''ഇന്ത്യന്‍ റെയില്‍വേ ഇന്ന് മറ്റ് രാജ്യങ്ങളുടെ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ 25-30 വര്‍ഷങ്ങളോളം പിറകിലാണ്. ഡല്‍ഹി മെട്രോപോലുള്ള ലോകോത്തര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ട്. അനുയോജ്യമായ നയങ്ങളാവിഷ്‌കരിച്ച് നടപ്പാക്കാന്‍ പറ്റാത്തതാണ് പ്രശ്‌നം. ''ദിനേശ് ത്രിവേദിയെ മന്ത്രിസഭയില്‍ നിന്ന് മമത പിന്‍വലിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ശ്രീധരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അത്യന്തം നിരാശാജനകം. രാജ്യത്തിന് വേണ്ടി കരയേണ്ട സമയമാണിത്.'' ശ്രീധരനെപ്പോലുള്ള ഒരാളില്‍ നിന്ന് വരുന്ന ഈ അഭിപ്രായങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതിഫലനമായ 'കൂട്ട്'കക്ഷിഭരണം പല അര്‍ഥത്തിലും അഭിലഷണീയമാണ്. എന്നാല്‍ പ്രയോഗത്തില്‍ ഇത് പലപ്പോഴും വിലപേശല്‍ മാത്രമായി ചുരുങ്ങുന്നു. മമത തന്നെ ഏറ്റവും നല്ല ഉദാഹരണം. ടീസ്റ്റാ ജല ഉടമ്പടിയുടെ കാര്യമായാലും പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ യുക്തിസഹമാക്കുന്നതിനെ എതിര്‍ക്കുന്നതായാലും ഒമ്പത് കൊല്ലമായി വര്‍ധിപ്പിക്കാത്ത അസംബന്ധമായ റെയില്‍വേ നിരക്കുകള്‍ ന്യായമായി വര്‍ധിപ്പിച്ചപ്പോള്‍ സ്വന്തം മന്ത്രിയെ പുകച്ച് 'പുറത്ത് ചാടിച്ചതായാലും മമതയുടെ അജന്‍ഡ രാജ്യതാത്പര്യത്തിന്' വിരുദ്ധമാണ്.

നിരവധി സുപ്രധാന ബില്ലുകളാണ് പാര്‍ലമെന്റില്‍ പാസാക്കാനാവാതെ വൈകുന്നത്. ചരക്ക്- സേവന നികുതിബില്‍, പ്രത്യക്ഷ നികുതി ബില്‍, ഖനനബില്‍, സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ബില്‍, കമ്പനി നിയമഭേദഗതി ബില്‍, പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റിബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ 'അനന്തമായി വൈകുന്നത്' ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ പോരായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഉദാഹരണത്തിന് 'ചരക്ക്' -സേവന നികുതി നടപ്പാക്കിയാല്‍ അതുകൊണ്ട് മാത്രം ജി.ഡി.പി.ഒരു ശതമാനത്തിലധികം വര്‍ധിക്കും എന്നത് തര്‍ക്കമില്ലാത്തവസ്തുതയാണ്. കാര്യമായ അഭിപ്രായവ്യത്യാസങ്ങളും ഇപ്പോള്‍ ഇതേച്ചൊല്ലിയില്ല. എന്നിട്ടും, സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി സുപ്രധാനമായ ഈ ബില്‍ വൈകിപ്പിക്കുന്നത് 'രാഷ്ട്രത്തേക്കാള്‍ പ്രധാനം രാഷ്ട്രീയ'മായതുകൊണ്ടാണ്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഘടനാപരമായ ഒരുസ്ഥൂല സാമ്പത്തിക പ്രശ്‌നമുണ്ട്. ഇത് ഇരട്ടക്കമ്മി-ഉയര്‍ന്ന ധനകാര്യക്കമ്മിയും കറന്റ് എക്കൗണ്ട് കമ്മിയും-പ്രശ്‌നമാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനകാര്യകമ്മി കൂടിയാല്‍ ജി.ഡി.പി.യുടെ ഒമ്പത് ശതമാനത്തിലധികം വരും. ഇത് അപകടകരമാണ്. കമ്മി നികത്താനുള്ള സര്‍ക്കാറിന്റെ കടമെടുപ്പ് (ഈവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 4,70,000 കോടിരൂപ കടമെടുക്കും) സമ്പദ് വ്യവസ്ഥയില്‍ crowding out എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ലഭ്യമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ വായ്പയായി എടുക്കുമ്പോള്‍ ഉത്പാദനപരമായ നിക്ഷേപം നടത്തുന്ന സ്വകാര്യ മേഖലയ്ക്ക് വേണ്ടത്ര വായ്പ മിതമായ പലിശനിരക്കില്‍ ലഭ്യമാകാതെ വരുന്ന സ്ഥിതിവിശേഷമാണ് crowding out.സര്‍ക്കാറിന്റെ കമ്മി സ്വകാര്യ നിക്ഷേപത്തെ ഉന്തിത്തള്ളി പുറത്താക്കുന്നു എന്ന് ചുരുക്കം. ഇത് സാമ്പത്തിക വളര്‍ച്ചയെ വിപരീതമായി ബാധിക്കുന്നു. കൂടാതെ, ഉയര്‍ന്ന കമ്മി സൃഷ്ടിക്കുന്ന അധികചോദനം സമ്പദ്‌വ്യവസ്ഥയുടെ ബാഹ്യമേഖലയിലേക്ക്'വ്യാപിച്ച്' ഇറക്കുമതി വര്‍ധിപ്പിക്കുകയും അതുവഴി വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട്കമ്മിയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന ധനകാര്യക്കമ്മി കുറയ്ക്കുന്നതിലൂടെ മാത്രമേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന സ്ഥൂലസാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. ഇതിന് ധീരമായ തീരുമാനങ്ങളെടുക്കേണ്ടതായിട്ടുണ്ട്. സാധാരണയായി, സര്‍ക്കാര്‍നയം എന്തായിരിക്കണമെന്ന് പരോക്ഷമായി മാത്രം സൂചിപ്പിക്കുന്ന റിസര്‍വ് ബാങ്ക് ഏപ്രില്‍ 17-ലെ പണ നയത്തില്‍ ധനകാര്യക്കമ്മി കുറയ്‌ക്കേണ്ടതിന്റെ ആവശ്യവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ യുക്തിസഹമാക്കേണ്ടതിന്റെ അനിവാര്യതയും അര്‍ഥശങ്കയ്ക്കിടമില്ലാത്ത രീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫിനാന്‍സ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം ചില നടപടികളെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം എന്ന്‌വേണം അനുമാനിക്കാന്‍. പക്ഷേ, അനിവാര്യങ്ങളായ തീരുമാനങ്ങള്‍ വൈകുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കാനേ സഹായിക്കൂ, പ്രത്യേകിച്ച് പ്രതികൂലമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍.

2011-ല്‍ ലോക സമ്പദ്‌വ്യവസ്ഥ ഇംഗ്ലീഷിലെ ണ അക്ഷരത്തിന്റെ മാതൃകയില്‍ ഇരട്ടത്താഴ്ച മാന്ദ്യ(double dip recession)ത്തിലേക്ക് കൂപ്പുകുത്തിയെന്ന് കേരളത്തിലെ പല വിദഗ്ധരും എഴുതിക്കണ്ടു. ഇത് ശരിയല്ല. 2009-ല്‍ ലോകസമ്പദ് വ്യവസ്ഥ 0.7 ശതമാനം സങ്കോചിച്ചു. രൂക്ഷമായ മാന്ദ്യമായിരുന്നു അത്. എന്നാല്‍ 2010-ല്‍ 4.5 ശതമാനം വളര്‍ച്ചയോടെ ലോകസമ്പദ് വ്യവസ്ഥ ഭേദപ്പെട്ട തിരിച്ചുവരവ് നടന്നി. ഈ തിരിച്ചുവരവ് സാധ്യമായത് എമര്‍ജിങ് സമ്പദ്‌വ്യവസ്ഥകളുടെ മിന്നുന്ന പ്രകടനം (7.5ശതമാനം വളര്‍ച്ച)മൂലമാണ്. 2011-ല്‍ ലോകസമ്പദ് വ്യവസ്ഥയ്ക്ക് 2010-ലെ തിരിച്ചുവരവ് നിലനിര്‍ത്താനായില്ലെങ്കിലും വീണ്ടും ശക്തമായി താഴോട്ടു പതിച്ചിട്ടില്ല. 2011-ലെ ലോക ജി.ഡി.പി.വളര്‍ച്ചനിരക്ക് 3.9ശതമാനമാണ്. (കണക്കുകള്‍ IMF April 2012 2012റിപ്പോര്‍ട്ടില്‍ നിന്ന്) മൂന്നു ശതമാനത്തില്‍ താഴെ ആയാലേ മാന്ദ്യമെന്ന് പറയുകയുള്ളൂ. യൂറോപ്പ് ഇരട്ടത്താഴ്ച മാന്ദ്യത്തിലാണെന്ന് പറയുന്നത് ശരിയായിരിക്കും. എന്നാല്‍ ഇതിനെ ആഗോള ഇരട്ടത്താഴ്ച മാന്ദ്യമെന്ന് വിശേഷിപ്പിക്കാനാവില്ല.

ഇന്ത്യയിലെ ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച ഇപ്പോഴും ലോകത്തിലെ മികച്ച വളര്‍ച്ചനിരക്കുകളിലൊന്നാണെന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ധനകാര്യ സ്ഥിരതയോടുകൂടിയുള്ള വളര്‍ച്ച (growth with financial stability) നിലനിര്‍ത്തണമെങ്കില്‍ 7.5 ശതമാനത്തിലധികം വളര്‍ച്ചവേണം. കൂടാതെ, ഉയര്‍ന്ന വളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ഉയര്‍ന്നതോതില്‍ സാമൂഹിക ചെലവുകള്‍ നടത്താനാവൂ. ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചനിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതിനുള്ള അനുകൂല ഘടകങ്ങള്‍ക്കൊന്നും മങ്ങലേറ്റിട്ടില്ല. ഇപ്പോഴുള്ള ഹ്രസ്വകാല പ്രശ്‌നങ്ങള്‍ ധീരമായ നടപടികളിലൂടെ പരിഹരിക്കാനാവുന്നതേയുള്ളൂ; രാഷ്ട്രീയം അനുവദിക്കുമെങ്കില്‍. 

(ജിയോജിത് പി.എന്‍.ബി. പാരിബയില്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment