എണ്ണക്കച്ചവടത്തിലെ നുണകള്‍
ഡി ശ്രീജിത്ത്
കടപ്പാട്: ദേശാഭിമാനി
ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന യഥാര്‍ത്ഥ്യമാണ് വിലക്കയറ്റം. എല്ലാ വിലക്കയറ്റത്തിനും ഒപ്പമോ മുന്നേയോ പെട്രൊളിയം ഉത്‌പന്നങ്ങളുടെ വിലക്കൂടുതല്‍ സഞ്ചരിക്കുന്നുണ്ടാകും. ഡീസലിന് വില കൂടുമ്പോള്‍ സാധാരണക്കാര്‍ക്ക് നടുക്കമാണ്. ഉപ്പു തൊട്ട് കര്‍പൂരം വരെ മാത്രമല്ല, അരിക്കും പാലിനും വെളത്തിനും പുറകേ വില കൂടുമെന്ന് എല്ലാവര്‍ക്കുമറിയാം. പാചകവാതകത്തിനും റേഷന്‍ മണ്ണണ്ണയ്‌ക്കും ഉയരുന്ന ഓരോ രൂപയിലും കുടംബ ബജറ്റുകള്‍ താളം തെറ്റും. ഇരുവശവും കൂട്ടിമുട്ടിക്കാനുള്ള ശ്രമം ദിനം പ്രതി ശ്രമകരമാകും. എണ്‍പതുകളിലാണ് ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായി തീരുന്നത്. പത്തു രൂപയില്‍ താഴെ മുടക്കി ഒരു ലിറ്റര്‍ പെട്രോളടിച്ച് ബൈക്കോടിക്കാന്‍ തുടങ്ങിയവര്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആറിരട്ടിയോളമാണ് ഈയിനത്തില്‍ ചെലവാക്കുന്നത്. പണക്കാരുടെ ഇന്ധനം എന്ന പേര് പെട്രോളിന് എപ്പോഴേ നഷ്ടപ്പെട്ടു.
ദിവസവേതനക്കാരും അസംഘടിത മേഖല തൊഴിലാളികളും ഉള്‍പ്പെടെ ഒരു വലിയ സമൂഹം ഇന്ന് ഇരുചക്രവാഹനങ്ങളുടെ ഉപയോക്താക്കളാണ്. ഇന്ത്യയിലെ മാസശമ്പളക്കാരായ ഇടത്തരക്കാരാകട്ടെ ചെറുകാറുകളുടെ ഉടമസ്ഥരും. വാഹനം ആഢംബരമല്ല, ആവശ്യമാണ് ഈ ജനതയ്‌ക്ക്. അടിയ്‌ക്കടി വര്‍ധിക്കുന്ന പെട്രോള്‍ വില ഇവരുടെ ജിവതവും താറുമാറാക്കുയാണ്. എന്തുകൊണ്ടാണിങ്ങനെ എണ്ണവില ഉയരുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടികളൊന്നും ഒരു സര്‍ക്കാരും നല്‍കിയിട്ടില്ല. അഥവാ സര്‍ക്കാരിന്റേയും ഉദ്യോഗസ്ഥരുടെയും മറുപടികളൊന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മനസിലായിട്ടുമില്ല. അന്തരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ മൊത്തവിലയുടെ കയറ്റിറക്കങ്ങള്‍ ഇന്ത്യന്‍ വിപണിയേയും ബാധിക്കും, 'അണ്ടര്‍ റിക്കവറി' മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രാജ്യത്തെ ഒന്നാം നമ്പര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതൊക്കെയാണ് വിശദീകരണം. ഇവയ്ക്കൊപ്പം മാസത്തില്‍ രണ്ട് തവണ, രണ്ട് വര്‍ഷത്തിനകം ഏഴു തവണ എന്നിങ്ങനെ എണ്ണവില കൂടുന്നു. സാധാരണക്കാരുടെ ആശങ്കകള്‍ക്ക് കയറ്റിറക്കമില്ല, കുത്തനെയുള്ള ഉയരുകയാണ് എല്ലായിപ്പോഴും.
ഇതെഴുന്ന ദിവസം (ഏപ്രില്‍ 18) അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഒരു ബാരലിന് 109.39 ഡോളറാണ് (ഇപ്പോള്‍ 100 ഡോളര്‍). ഈയിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 68 ഡോളര്‍ മുതല്‍ 113 ഡോളര്‍ വരെ ചാഞ്ചാടിക്കളിച്ചു അന്താരാഷ്ട്ര വിപണി. ഈജിപ്‌തിന്‌പിറകേ ലിബിയയിലും മിഡില്‍ ഈസ്റ്റിലാകെയും സംഘര്‍ഷം പടര്‍ന്നുപിടിച്ചപ്പോള്‍ 100 ഡോളറിന് മുകളിലെത്തിയതാണ്. അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 80 ഡോളര്‍ പിന്നിട്ടപ്പോഴേ രണ്ട് തവണ പെട്രോള്‍ വില ഇന്ത്യയില്‍ വര്‍ധിച്ചിരുന്നു. നാലുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കൂടാതിരുന്നത് (തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിനം, മേയ് 14ന്, പെട്രോള്‍ വില കൂട്ടുകയും ചെയ്തു). പെട്രോള്‍ വില ഇനിയും കൂടുമെന്നും ഡീസലും പാചകവാതകവും ഇനിയും ചെലവേറിയതാകുമെന്നും വിപണി മുന്നറിപ്പ് നല്‍കിക്കഴിഞ്ഞു.
പെട്രോളിയം ഉത്‌പന്നങ്ങളില്‍ സാധാരണ ജനങ്ങളുടെ നിത്യോപകയോഗവുമായി ബന്ധപ്പെട്ട പെട്രോള്‍, ഡീസല്‍, പാചകവാതകം, റേഷന്‍ മണ്ണണ്ണ എന്നിവയുടെ വില അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വര്‍ധിക്കുന്നത് തടയാനുള്ള സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരുന്നു. പെട്രോളിന്റെ ഈ നിയന്ത്രണം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് അടിക്കടി എണ്ണ വില കൂടാന്‍ തുടങ്ങിയത്. പെട്രോളിയം വിലവര്‍ധനയും വില നിയന്ത്രണവും സംബന്ധിച്ച് പഠനം നടത്താന്‍ 2004-05ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായ എന്‍ ജനാര്‍ദ്ദനന്‍ റെഡ്‌ഢി അധ്യക്ഷനായ ഈ സമിതി സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കരുത് എന്നതടക്കം വിലപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി. എന്നാല്‍ ഭരണഘടനാ പദവിയുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ഇതേ കുറിച്ച് പഠിക്കാനായി മറ്റൊരു സമിതിയെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. ഇതു പ്രകാരം പഠനം നടത്തിയ കിരിത് പരിഖ് കമ്മിറ്റിപെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് വന്‍തോതിലുള്ള വിലവര്‍ധനയും, പെട്രോള്‍, ഡീസല്‍ എന്നിവയിന്മേലുള്ള വിലനിയന്ത്രണം എടുത്തു കളയാനുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന് സമര്‍പ്പിച്ചു. പെട്രോളിന് 20 കോടി രൂപ, ഡീസലിന് 46 കോടി, മണ്ണണ്ണയ്ക്ക് 76 കോടി, പാചകവാതകത്തിന് 65 കോടി എന്നിങ്ങനെ എണ്ണക്കമ്പനികള്‍ക്ക് ദിനം പ്രതി അണ്ടര്‍ റിക്കവറി മൂലം നഷ്ടമുണ്ടാകുന്നുവെന്നും പരിഖ് കമ്മിറ്റി ചൂണ്ടിക്കാണിച്ചു. ഈ ശുപാര്‍ശകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന്റെ വില കുതിച്ചു കയറുകയായിരുന്നു. അന്തരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോഴാകട്ടെ, പെട്രോള്‍ വില ഇന്ത്യയില്‍ കുറഞ്ഞതുമില്ല.
ഈ സാഹചര്യത്തില്‍ താഴെത്തട്ടിലെ ഉപഭോക്താക്കളും നിത്യമെന്നോണം ഉയരാന്‍ പോകുന്ന എണ്ണ വിലയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുമായ സാധാരണക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാകും.
1. അന്തരാഷ്ട്ര എണ്ണവിലയെങ്ങനെയാണ് ആഭ്യന്തര എണ്ണവിലയെ ബാധിക്കുന്നത്?
2. എന്താണ് അണ്ടര്‍ റിക്കവറി?
3. നികുതികളാണ് ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുന്നത് എന്ന വാദത്തില്‍ കഴമ്പുണ്ടോ?
4. സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുന്നതിന് മുമ്പ് പൊതുമേഖല എണ്ണകമ്പനികളും ബഹുരാഷ്ട്രസ്വകാര്യ കമ്പനികളും നഷ്ടമായിരുന്നു എന്ന് വാദം ശരിതന്നെയോ?
ഇതിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പായി എണ്ണ വിപണിയെ കുറിച്ച് കുറച്ചു യാഥാര്‍ത്ഥ്യങ്ങള്‍ കുടി നാം മനസിലാക്കണം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനമാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതായത് ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്നതാണ്. അന്തരാഷ്ട്ര വിപണിയില്‍ നിന്ന് നാം വാങ്ങുന്നത് പെട്രോളിയം ഉത്‌പന്നങ്ങളായ പെട്രോള്‍, ഡീസല്‍ തുടങ്ങിവയല്ല, അസംസ്‌കൃത എണ്ണയാണ്. ഈ അസംസ്‌കൃത എണ്ണ ആഭ്യന്തരമായി സംസ്‌കരിച്ചാണ് പെട്രോള്‍, ഡീസല്‍ മുതലായ ഉത്‌പന്നങ്ങള്‍ നാം ഉണ്ടാക്കുന്നത്. ഇതിനുള്ള ഇന്ത്യയുടെ സാങ്കേതിക ശേഷി മറ്റ് പല രാജ്യങ്ങളേക്കാള്‍ മികച്ചതാണ് താനും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില, സംസ്‌കരിക്കാനുള്ള ചെലവ്, ചരക്ക് നീക്കത്തിനുള്ള ചെലവ്, ലാഭം എന്നിവ ചേര്‍ന്ന തുകയാണ് ഓരോ ഉത്‌പന്നങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരുന്നത്. റിഫൈനറികളിലെ സംസ്‌കരണകാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌തമായതുകൊണ്ട് തന്നെ നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ നമ്മള്‍ ഇറക്കുമതി ചെയ്യുകയും സംസ്‌കരണം ചെയ്‌ത് പെട്രോളിയം ഉത്‌പന്നങ്ങളായി കയറ്റുമതി ചെയ്യുന്നുമുണ്ട്. 2009-10 വര്‍ഷത്തില്‍ ഇന്ത്യ ഒരു കോടി റ്റണ്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ 2.8 കോടി റ്റണ്‍ കയറ്റുമതി ചെയ്‌തു.
ഇനി അന്തരാഷ്ട്ര വില എങ്ങനെയാണ് നമ്മുടെ പെട്രോളിനെ ബാധിക്കുന്നത് എന്നു നോക്കാം. ഏപ്രില്‍ 17ലെ വിലയെ ഉദാഹരണമായെടുക്കാം. പ്രസ്തുത ദിനം അന്തരാഷ്ട്ര എണ്ണ വില ഒരു ബാരലിന് 109.39 ഡോളറാണ്. ഒരു ഡോളറിന്റെ വില (അന്നത്തെ കണക്കനുസരിച്ച്) 44.32. അതായത് ഒരു ബാരലിന് 4,848.16 രൂപ. ഒരു ബാരല്‍ എന്നാല്‍ ഏകദേശം 160 ലിറ്റര്‍. അതായത് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയുടെ വില 30.30 രൂപ. രണ്ടാം യുപിഎ അധികാരത്തില്‍ വരുമ്പോള്‍ ഇത് 21.43 രൂപയായിരുന്നു (എണ്ണ ബാരലിന് 70 ഡോളര്‍, ഡോളറിന് 49 രൂപ എന്ന കണക്കില്‍). അന്തരാഷ്ട്ര വിപണില്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം മൂന്നു രൂപയോളം ഉയര്‍ന്ന സാഹചര്യത്തിലാണ്, അതായത് ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ വില 24.5 ഡോളറിനടുത്ത് എത്തിനില്‍ക്കുന്ന സമയത്താണ്, പെട്രോളിന് 18 രൂപയിലധികം എണ്ണക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മറ്റൊരു തരത്തില്‍ പരത്തി പറഞ്ഞാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരണമേറ്റ 2009 മേയ് മാസത്തില്‍ 39.62 രൂപയുണ്ടായിരുന്ന പെട്രോളിന് ഇപ്പോള്‍ നല്‍കേണ്ടത് (ദില്ലിയിലെ വില) 58.41 രൂപ. (മേയ് 14ലെ വിലവര്‍ധനയ്ക്കു ശേഷം ഇപ്പോള്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 63.67 രൂപ). ഇക്കാലയളവില്‍ അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ലിറ്ററിന് വര്‍ധിച്ചത് 3 മുതല്‍ 9 രൂപ വരെ. ഒരു തരത്തിലും നീതികരിക്കാനാവാത്ത കണക്കുകളാണ് എണ്ണക്കച്ചവടത്തിന്റെ കാര്യത്തില്‍ പൊതുമേഖല-സ്വകാര്യ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ മുഖാന്തരം ജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നത് എന്ന് ചുരുക്കം. (അവസാനിക്കുന്നില്ല)
—കഴിഞ്ഞ ഏപ്രിലില്‍ 'മാതൃഭൂമി' പത്രത്തില്‍ വന്ന പരമ്പരയാണിത്. എണ്ണവിലയുടെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ലേഖകന്റെ അനുമതിയോടെ പുനപ്രസിദ്ധീകരിക്കുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment