ബര്‍ലിന്‍: യൂറോസോണ്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന പൊതുകടവും യൂറോയുടെ തകര്‍ച്ചയും ഒഴിവാക്കുന്നതിനായി ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ യൂറോസോണ്‍ രാജ്യങ്ങളിലെ ശക്തരായ പത്ത് അംഗരാജ്യങ്ങള്‍ മാത്രം ചേര്‍ന്നുളള 'സൂപ്പര്‍ യുണൈറ്റഡ് യൂറോപ്യന്‍ രാഷ്ട്രം' രൂപികരിക്കാനും പദ്ധതിയുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ആകെ 27 അംഗരാജ്യങ്ങളുള്ള യൂറോപ്പ്യന്‍ യൂണിയനില്‍ യുറോനാണയം പ്രാബല്യത്തിലുള്ള 17 രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോസോണിലെ മിക്ക രാജ്യങ്ങളുടെയും പൊതുകടം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ പൊതുവിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഓരോ രാജ്യങ്ങളുടെയും വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെ മേല്‍നോട്ടം കൂടിയുണ്‍ടാവണമെന്നാണ് ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റെയും വാദം.
രാജ്യത്തിന്റെ സാമ്പത്തികപരമാധികാരത്തിന്റെ പ്രധാനഘടകമായ ബഡ്ജറ്റ് പ്രക്രീയകളിലെ ഒരു വിഭാഗം അധികാരം യുറോപ്യന്‍ യൂണിയന് വിട്ടുകൊടുക്കണമെങ്കില്‍ ഓരോ അംഗരാജ്യങ്ങളുടെയും ഭരണഘടന അംഗീകരിച്ചതും ഇന്ന് നിലവിലുള്ളതുമായ ലിസ്ബണ്‍ യൂറോപ്യന്‍ ഉടമ്പടി തിരുത്തി അംഗീകരിക്കേണ്‍ടതായുണ്‍ട് . ചില രാജ്യങ്ങളുടെ പാര്‍ലമെന്റിന് ഭരണഘടനയിലും യൂറോപ്യന്‍ ഉടമ്പടിയിലും മാറ്റം വരുത്താന്‍ അധികരാമുണ്‍ടെങ്കിലും അയര്‍ലണ്‍ട് പോലെയുള്ള രാജ്യങ്ങളില്‍ ഉടമ്പടിയ്ക്ക് മാറ്റം വരുത്തണമെങ്കില്‍ ജനഹിതപരിശോധന ആവശ്യമാണ്. ഇപ്രകാരമുള്ള രാജ്യങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജനഹിതപരിശോധന നടത്തി ഉടമ്പടിയ്ക്ക് മാറ്റം വരുത്തുന്നതിന് നിലവിലത്തെ അവസ്ഥയില്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ എളുപ്പമുള്ള പ്രക്രിയയെന്ന നിലയ്ക്കാണ് യൂറോസോണില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ളതും ഉടമ്പടിതിരുത്തിയംഗീകരിക്കുന്നതിന് മേല്‍പറഞ്ഞ തടസമില്ലാത്തതുമായ ഫ്രാന്‍സ് , ഇറ്റലി തുടങ്ങിയ പത്ത് രാജ്യങ്ങള്‍ ചേര്‍ത്ത് സൂപ്പര്‍ യൂറോസോണ്‍ രാഷ്ട്രത്തിനായുള്ള ജര്‍മ്മനിയുടെ നീക്കം.
ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റെയും ഈ അജണ്‍ട സാധ്യമായാല്‍ രണ്‍ടുതരം യൂറോപ്യന്‍ യൂണിയന്‍ രൂപപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പ്രാധാനമായും ജര്‍മ്മനി മുഖ്യഅധികാരകേന്ദ്രമായി ഫ്രാന്‍സ്, ഇറ്റലി, തുടങ്ങിയ പത്ത് രാഷട്രങ്ങള്‍ ചേര്‍ന്ന ഒരു സൂപ്പര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പും , അതിന്റെ തണലില്‍ നിലവിലുള്ള യൂറോപ്യന്‍ യൂണിയനിലെ മിച്ചമുള്ള രാഷ്ട്രങ്ങള്‍ ചേര്‍ന്ന രണ്‍ടാതരം യുറോപ്യന്‍ യൂണിയനുമാകും നിലവില്‍വരുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
വിശുദ്ധ വേദപുസ്തകത്തിലെ വെളിപാടുപുസ്തകത്തില്‍ (17:12) അന്ത്യകാലസംഭവങ്ങളോട് ചേര്‍ത്ത് പ്രതിപാദിച്ചിരിക്കുന്ന പത്ത് രാജാക്കന്‍മാരും പത്ത് കൊമ്പുകളും എന്ന ഭാഗത്തേക്കാണ് ജര്‍മ്മനിയുടെ ഈ അജണ്‍ട വിരല്‍ചുണ്‍ടുന്നതെന്നാണ് ക്രൈസ്തവ ചിന്തകരുടെ അഭിപ്രായം. മാത്രമല്ല പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ വ്യക്തമായ ഉയര്‍ത്തെഴുനേല്‍പ്പായിരിക്കും അതെന്നും വേദശാസ്ത്രജ്ഞര്‍ ചൂണ്‍ടികാട്ടുന്നു.
പത്ത് രാജ്യങ്ങള്‍ ചേര്‍ത്തുള്ള സൂപ്പര്‍ യൂറോപ്യന്‍ യൂണൈറ്റഡ് സ്റ്റേറ്റ് പദ്ധതി സംബന്ധിച്ച വാര്‍ത്ത ജര്‍മ്മനി നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്‍ട്. എന്നാല്‍ വരുന്ന ഡിസംബര്‍ ഒന്‍പതിന് ചേരുന്ന ഈ വര്‍ഷത്തെ ഒടുവിലത്തെ യൂറോപ്പ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ ചിത്രം വ്യക്തമാകുമെന്നാണ് രാഷട്രീയനിരീക്ഷണകേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
No comments:
Post a Comment