ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതി വിവാദങ്ങളുടെ കളിത്തോഴിയാണ്. ഇപ്പോഴിതാ പുതിയൊരു വിവാദം കൂടി. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ 13 മാള്‍ അവന്യൂവിലെ തന്റെ ഔദ്യോഗിക ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ മായാവതി ചെലവാക്കിയത് ഏതാണ്ട് 86 കോടിയെന്ന് കണക്കുകള്‍ പറയുന്നു. പൊതുഖജനാവില്‍ നിന്നായിരുന്നു ഈ ബിഎസ്പി നേതാവ് ഈ തുക ചെലവഴിച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്.
എസ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണു വിവരങ്ങള്‍ നല്‍കിയത്. മുഴുവന്‍ കണക്കുകളും പരിശോധിക്കുമ്പോള്‍ ചെലവ് നൂറു കോടിക്കു മുകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍. ലക്‌നൗവിലെ മാള്‍ അവന്യൂവിലാണ് അഞ്ച് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 20 അടി ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇതിനുള്ളത്. നേരത്തേ രണ്ടര ഏക്കറിലാണു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ മായാവതി അധികാരത്തിലേറിയ ശേഷം ഇതിനു സമീപമുണ്ടായിരുന്ന കമ്മിഷണര്‍ ഓഫിസ് ഏറ്റെടുക്കുകയും കെട്ടിടം പൊളിച്ചു നീക്കി സ്ഥലം ബംഗ്ലാവിനോടു ചേര്‍ക്കുകയുമായിരുന്നു.
ബംഗ്ലാവില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസോടു കൂടിയുള്ള ജനാലകളാണ് ഉള്ളത്. ഓരോ ജനാലയ്ക്കും 15 ലക്ഷം രൂപ വില മതിക്കും. ബംഗ്ലാവിനു സമീപം ഇരുനില ഗസ്റ്റ് ഹൗസുണ്ട്. 14 മുറികളാണ് ഇതിലുള്ളത്. എല്ലാ മുറിയിലും ഇറ്റാലിയന്‍ പിങ്ക് മാര്‍ബിളുകളാണുള്ളത്. കൂടാതെ മീറ്റിങ് ഹാള്‍, സെക്യൂരിറ്റി മുറി, ഗ്യാരേജ്, െ്രെഡവര്‍മാരുടെ മുറി എന്നിവയും ഇതില്‍ ഒരുക്കിയിരിക്കുന്നു. ഇരുപതടി ഉയരമുള്ള രണ്ടു പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒന്നു മായാവതിയുടേയും മറ്റൊന്നു കാന്‍ഷിറാമിന്റേതും. ആനയുടെ അഞ്ചു പ്രതിമകള്‍ വേറേയും.
കെട്ടിടത്തില്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയതായി അധികൃതര്‍. ഒരിക്കലും മായാവതിക്കു പൂര്‍ണ തൃപ്തി ലഭിച്ചിരുന്നില്ലെന്നതാണു കാരണം. ബംഗ്ലാവിലെ ഒരു മുറി പല തവണ പുനര്‍നിര്‍മിച്ചിരുന്നു. ബംഗ്ലാവിനു ചുറ്റും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌റ്റേറ്റ് വകുപ്പ്, നിര്‍മല്‍ നിഗം, മറ്റു ചില വകുപ്പുകള്‍ എന്നിവരാണു പണം ചെലവാക്കിയത്. സ്പീക്കര്‍ ഹൗസ് എന്ന പേരിലാണു നേരത്തേ ഈ ബംഗ്ലാവ് അറിയപ്പെട്ടിരുന്നത്. 1995 ലാണു മായാവതി ഈ ബംഗ്ലാവിലേക്ക് ആദ്യം താമസം മാറുന്നത്.
No comments:
Post a Comment