Saturday 7 April 2012

[www.keralites.net] Charchayaavam

 

അസംഘടിതമേഖലയിലെ തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ അടിത്തറവിപുലപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേരളത്തിലെ ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും സുപ്രധാന അജണ്ടയായി പ്രഖ്യാപിക്കപ്പെട്ടിട്ട് കാലമേറെയായി. സാമൂഹികമായ പലകാരണങ്ങളാൽ കടന്നുചെല്ലാൻ കഴിയാത്ത ജനവിഭാഗങ്ങൾക്കിടയിലേക്ക് കടന്നുചെല്ലാനുംഅതുവഴി പൊതുസ്വാധീനം വർദ്ധിപ്പിക്കാനുമുള്ള പരിശ്രമങ്ങളിൽ ബോധപൂർവ്വം ഏർപ്പെടുക എന്നത് മുഖ്യപ്രവർത്തന ലക്ഷ്യമായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിശേഷിച്ച് സി പി ഐ എം പ്രഖ്യാപിച്ചിട്ട് പതിറ്റാണ്ടുകളായി. നൂറായിരം ജാതികളും ഉപജാതികളും വിശ്വാസാചാരങ്ങളും കൊണ്ട് വൈവിധ്യവൽക്കരിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിക്കാനുള്ള കർമ്മപരിപാടികളിൽ പ്രധാനപ്പെട്ടതാണ് അസംഘടിതമേഖലയിലെ തൊഴിൽപരമായ ചൂഷണത്തേയും തൊഴിലാളി വിഭാഗങ്ങളുടെ അസംതൃപ്തിയേയും രാഷ്ട്രീയവൽക്കരിക്കാനുള്ള പ്രവർത്തനങ്ങളെന്ന സുചിന്തിതമായ നിലപാട് എല്ലാ നിലപാട് വിശദീകരണയോഗങ്ങളിലും നേതാക്കൾ പലപാട് ആവർത്തിക്കാറുമുണ്ട്.
ഭൂപരിഷ്കരണം കൊണ്ട് പത്ത് സെന്റും ജീവിതസുരക്ഷിതത്വവും ലഭിച്ച കേരളത്തിലെ പട്ടികജാതി കോളനിയിലെ തൊഴിലാളിയുടെ രണ്ടാം തലമുറ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയാകുന്നില്ല എന്ന ചോദ്യത്തിൽ നിന്നാണ് പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെ അതിർവരമ്പ് ഭേദിച്ചുകൊണ്ടായാൽപ്പോലും രണ്ടുവർഷം മുമ്പ് സി പി ഐ എം കേരളത്തിൽ പട്ടികജാതി കൺവെൻഷൻ വിളിച്ചു ചേർത്തത്. അന്ന് അതിനെതിരെ നിറ്റിചുളിച്ച അതിവിപ്ലവക്കാരോടെല്ലാം സി പി എം നേതാക്കൾ തർക്കിച്ച് ജയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടവുപരമായ സമീപനത്തെപ്പറ്റി വാചാലരായിക്കൊണ്ടാണ്. പട്ടികജാതി കൺവെൻഷൻ വിളിച്ചുചേർത്തതിനെ പ്രത്യയശാസ്ത്രവ്യതിയാനമായി ആരൊക്കെ വ്യാഖ്യാനിച്ചാലും കേരളത്തിലെ ദളിത് ജനസമൂഹം അതിനെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. വർഗ്ഗനിലപാടുകളെ യാന്ത്രികാമായി വ്യാഖാനിക്കുന്നതിനപ്പുറം അതിനെ കേരളീയ സാഹചര്യത്തിനനുഗുണമായി പുതുക്കിപ്പണിയുന്നതിന്റെ രാഷ്ട്രീയം സത്യസന്ധരായ ഇടതുപക്ഷ സൈദ്ധാന്തികർക്കെല്ലാം മനസ്സിലായിരുന്നു. ഭൂപരിഷ്കരിക്കരണത്തിന്റെ ഗുണഫലം ലഭിച്ചവരുടെ രണ്ടാംതലമുറ ആർ എസ്സ് എസ്സും എൻ എസ്സ് എസ്സും ആയി മാറുന്നതിന്റെ മനശാസ്ത്രവശം മനസ്സിലാക്കാൻ വൈകിയെങ്കിലും കമ്മ്യൂണിസ്റ്റുകൾക്ക് സാധിക്കുന്നുവെന്നതിന്റെ പ്രാധാന്യം ചെറുതായിരുന്നില്ല. ഒരു സമൂഹത്തിലെ വൈവിദ്ധ്യങ്ങളെ അർത്ഥവത്തായി മനസ്സിലാക്കാൻ വർഗ്ഗനിലപാടുകളെക്കുറിച്ചുള്ള കടും പിടുത്തം തടസ്സമായിക്കൂടെന്ന തിരിച്ചറിവായിട്ടാണ് അതിനെ വിവരമുള്ളവർ മനസ്സിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വിവിധ മതജാതി സംഘടനകൾ സി പി എംന്റെ ഈ നീക്കത്തെ വലിയ ആശങ്കയോടെയാണ് വിലയിരുത്തിയിരുന്നത്. എന്നാൽ മറ്റ് പലതിനെയും പോലെ ഈ പരിശ്രമത്തിനും അർത്ഥവത്തായ തുടർച്ചയുണ്ടായില്ലെന്നുമാത്രമല്ല, വിശ്വാസികളിൽ സ്വാധീനമുറപ്പിക്കാനുള്ള എളുപ്പവഴി പള്ളിമേടകളിലും അരമനകളിലും കയറി പുരോഹിതന്മാരുടെ തിണ്ണനിരങ്ങലാണെന്ന സങ്കുചിത്വത്തിലേക്ക് വളരെവേഗം സി പി എം മാറി. മതനേതാക്കളെ പ്രീണിപ്പിച്ചും അവരുടെ വോട്ട് ബാങ്കുകളെ വഴിവിട്ട് ആശ്രയിച്ചും കേരളത്തിൽ പാർട്ടിസെക്രട്ടറിയുടെ കാർമ്മികത്വത്തിൽത്തന്നെ ഈ നീക്കം ശക്തിപ്പെട്ടു. കെട്ടിപ്പൊക്കിയ പ്രത്യയശാസ്ത്രപരമായ അടവു സമീപനങ്ങൾ എല്ലാകാലത്തേയും പോലെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.


ഇങ്ങനെ പാർട്ടി പരിപാടിയിൽ വിഭാവനം ചെയ്യുന്ന പ്രായോഗിക പ്രവർത്തന പദ്ധതികൾ സങ്കുചിതമായ മറ്റ് താൽപ്പര്യങ്ങളുടെ പേരിൽ ഉപേക്ഷിക്കപ്പെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിൽ സമീപകാലത്ത് തുടങ്ങി ഇപ്പോഴും തുടരുന്ന നഴ്സിംഗ് മേഖലയിലെ സമരങ്ങളും അതിനോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനവും. കേരളത്തിലെ എന്നല്ല ഇന്ത്യയിലെത്തന്നെ വർത്തമാന കാല തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനു വിധേയമാകുന്ന തൊഴിലാളിവിഭാഗമാണ് നഴ്സുമാർ. ആശുപത്രിയെ ഒന്നാം തരം കച്ചവടസ്ഥാപനമാക്കി വളർത്തി കോടികൾകൊയ്യുന്ന സ്വകാര്യ ആശുപത്രി മുതലാളിമാർ നൽകുന്ന നക്കാപ്പിച്ചശംബളത്തിന് കഠിനധ്വാനം ചെയ്യുന്നവരാണവർ. ഏതു പാതിരാത്രിക്കും വന്നുചേരുന്ന രോഗിയെ നിരുപാധികമായി സ്വീകരിച്ച് പരിചരിക്കാൻ വിധിക്കപ്പെട്ടവരാണവർ. പുറം മോടിയിലെ തൂവെള്ള വസ്ത്രത്തിനുള്ളിൽ ദാരിദ്ര്യത്തിന്റെ അപമാനം ഒതുക്കി ആരോടും പരാതിയും പരിഭവവും പറയാതെ നിശബ്ദമായി സേവനം നടത്തുന്ന ഇവർ അമ്പതുവർഷത്തെ കേരളത്തിന്റെ ചരിത്രത്തിൽ സേവനത്തിലല്ലാതെ, വേതനത്തിൽ ഒരു മാറ്റത്തിനും വിധേയമാകാത്ത തൊഴിലാളി വിഭാഗമാണ്. അധ്വാനം വിൽക്കുന്നവനാണ് തൊഴിലാളി' എന്ന നിർവ്വചനം ഏറ്റവും അർത്ഥവത്തായി ചേരുക ഇവർക്കായിരിക്കും. ഒരു കാലത്ത് കേരളത്തിലെ കർഷകത്തൊഴിലാളി അനുഭവിച്ച തൊഴിൽ പരമായ പീഡനത്തെക്കാളും വരും ഈ ശുഭ്രവസ്ത്രധാരികളുടെ നില. കോടികൾ കൊയ്യുന്ന മുതലാളിമാരുടെ കനിവിനു കാത്തിരിക്കുന്ന ഈ വിഭാഗമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ആരുടേയും പിന്തുണയോ ആഹ്വാനമോ ഇല്ലാതെ സ്വമേധയാ സമരരംഗത്തിറങ്ങിയിരിക്കുന്നത്! സ്വന്തം അനുഭവ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഒറ്റയ്ക്കും കൂട്ടായും നടക്കുന്ന ഈ സമരം ഒരുപക്ഷേ വർത്തമാനകാല കേരളം ഏറ്റെടുക്കേണ്ട ഏറ്റവും അർത്ഥവത്തായ പ്രക്ഷോഭമാണ്. ഒരു അസംഘടിതമേഖലയിലെ തൊഴിലാളി വിഭാഗം ആരുടേയും പ്രേരണയില്ലാതെ മുന്നോട്ട് വന്ന് നടത്തുന്ന ഈ സമരത്തോട് ഇവിടുത്തെ സംഘടിത ഇടതുപക്ഷം വിശേഷിച്ച് സിപിഎം എടുക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന ചർച്ച വളരെപ്രധാനപ്പെട്ടതാണ്. പാർട്ടി പരിപാടിയിൽ അക്കമിട്ടു പറയുന്ന അസംഘടിതമേലയിലെ ഈ തൊഴിലാളി വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളെ ആർജ്ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള സുവർണ്ണാവസരം കൈവന്നിട്ടും എന്തുകൊണ്ട് ഇത് ഏറ്റെടുക്കുന്നില്ലെന്നചോദ്യത്തിനു സി പി എം ഉത്തരം പറഞ്ഞേ മതിയാകൂ.

പേരിനുമാത്രം അഭിവാദ്യമർപ്പിച്ച് പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കാൻ സി പി എമ്മി നെ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കാം? കേരളത്തിന്റെ ഏത് സാധാരന നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ തൊഴിലാളിവിഭാഗങ്ങളെ സംഘടിപ്പിച്ച് ഒരു സംഘടിതമായ പ്രക്ഷോഭത്തിനുള്ള ഏറ്റവും അർത്ഥവത്തായ ഒരവസരത്തെ ഉപയോഗിക്കാൻ സി പി എമ്മിനു സാധിക്കാതെവരുന്നതിനുള്ള കാരണം അന്വേഷിച്ച് വല്ലാതെ തലപുണ്ണാക്കേണ്ടതില്ല. ഒരോ സ്ഥലത്തും സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രിമുതലാളിമാരുമായുള്ള പാർട്ടി നേതൃത്വത്തിന്റെ അവിശുദ്ധമായ വലതുപക്ഷബന്ധങ്ങളിലേക്കാണ് ഈ നിഷ്ക്രിയത്വം വിരൽചൂണ്ടുന്നത്. സി പി എമ്മിനെപ്പോലൊരു പാർട്ടിയുടെ സംഘടനാശേഷി ഉപയോഗിച്ച് ഈ നഴ്സിംഗ് സമരത്തെ ഏറ്റെടുക്കാൻ തയ്യാറായാൽ അത് സമീപകാല കേരളത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടി നേതൃത്വം കൊടുക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി വളരും. പക്ഷേ, അത്തരമൊരു സമരം ഏറ്റെടുക്കാനുള്ള പ്രായോഗികമായ ആർജ്ജവം കേരളത്തിലെ സിപിഎമ്മിനില്ല എന്നത് അവർ പലവട്ടം തെളിയിച്ച കാര്യമാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ എല്ലാ വൃത്തികേടുകളും പൊരുത്തപ്പെടലുകളും ഭംഗിയായി നിർവ്വഹിക്കുന്ന പാർട്ടി എന്ന ചീത്തപ്പേരിൽനിന്ന് സി പി എമ്മിനെ മോചിപ്പിക്കാൻ അതിന്റെ നേതൃത്വത്തിനെങ്കിലും ചുരുങ്ങിയപക്ഷം താൽപ്പര്യമുണ്ടെങ്കിൽ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷേ, സമരങ്ങളേറ്റെടുക്കുക എന്നതല്ലല്ലോ സി പി എമ്മിന്റെ വർത്തമാനകാല ലക്ഷ്യം. കർഷകത്തൊഴിലാളിസമരങ്ങളിലൂടെ വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർത്തമാനകാല സമൂഹത്തിൽ നേതൃത്വംകൊടുക്കാവുന്ന ഒരു വലിയ ജനകീയമുന്നേറ്റത്തിനുനേരെ അർത്ഥവത്തായ മൗനം പാലിച്ച് പള്ളിമേടകളിൽ കയറിയിറങ്ങി ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ യാചിക്കുന്ന കാഴ്ച ഇടതുപക്ഷമനസ്സുള്ളവരെ കുറച്ചൊന്നുമല്ല ദു:ഖിപ്പിക്കുന്നത്.

- തേജസ്വിനി


--
Thanks & Warm regards

rahimpeeyen

rahimpeeyen@gmail.com
rahimpeeyen@yahoo.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment