എടപ്പാള്‍: ''ഇന്നത്തെകാലത്ത് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കിലേ നന്നായി ജീവിക്കാന്‍ പറ്റൂ'' എന്ന പതിവ് ഡയലോഗുകാരോട് രാമന് പറയാനുള്ളത് നിങ്ങള്‍ എന്റെ വീട്ടിലേക്കൊന്നു വരൂ എന്നാണ്. ഒരു കുടുംബത്തിന് സുഖമായി ജീവിക്കാന്‍ എല്ലാവര്‍ക്കും ജോലി വേണമെന്നില്ല.. നാലോ അഞ്ചോ പശുക്കള്‍ മതി എന്ന് ആ വീട്ടിലെത്തിയാല്‍ ബോധ്യമാകും. അതാണ് ശുകപുരത്തെ രാമന്റെ കഥ.
ശുകപുരം ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിന് തെക്കോട്ടുള്ള റോഡില്‍ നടന്നാല്‍ ചില്ലക്കാട്ടില്‍ രാമന്റെ വീടുകാണാം. വീടിനു തൊട്ടുതെക്കുവശത്തായി പശുത്തൊഴുത്തും. പുലര്‍ച്ചെ നാലുമുതുല്‍ രാമനെ ഇവിടെ കാണാം.
പഠനം 8-ാംക്ലാസില്‍ നിലച്ചുപോയപ്പോള്‍ ഇനി എന്ത് ചെയ്യുമെന്നത് രാമനൊരു ചോദ്യചിഹ്നമായിരുന്നു. വീട്ടിലെ ആവശ്യത്തിനായി അമ്മയും അച്ഛനും വളര്‍ത്തി വന്ന ഒരു പശുവിനു പകരം രണ്ടെണ്ണത്തിനെ വാങ്ങി നാട്ടുകാര്‍ക്കു കൂടി പാല്‍ കൊടുക്കാന്‍ തുടങ്ങി. അങ്ങനെ രാമന്‍ ആദ്യമായി ക്ഷീരകര്‍ഷകന്റെ കുപ്പായമണിഞ്ഞു. ഒന്ന് രണ്ടും, രണ്ട് നാലും ഇപ്പോള്‍ ആറുമായി.
പഴയ വീട് പൊളിച്ചുപണിത് പുതിയ ടെറസ് വീടുണ്ടാക്കിയതും വാസന്തിയെ വിവാഹം കഴിച്ചതും ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതുമെല്ലാം പശുക്കളുടെ വരദാനം ഒന്നുകൊണ്ടുമാത്രം. പാട്ടത്തിനെടുത്ത മൂന്നേക്കര്‍ വയലും കുറച്ചു വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷിയുമെല്ലാമുണ്ടെങ്കിലും അതിനെക്കാള്‍ രാമന്റെ പോക്കറ്റുനിറക്കുന്നത് പശുക്കള്‍ തന്നെ. തോട്ടത്തിനു ജൈവ സമ്പുഷ്ടി നല്‍കുന്നതും ഇവയാണ്. എച്ച്.എഫ്, ജേഴ്‌സി, സങ്കരഇനം എന്നീ വിഭാഗം പശുക്കളാണ് രാമനുള്ളത്. രാവിലെ 4.30മുതല്‍ ഏഴുവരെ കറവയും ഒമ്പതുവരെ 25 ലിറ്ററോളം പാലിന്റെ വിതരണവുമാണ് പണി.
ഇത്രയും ജോലികൊണ്ട് പ്രതിമാസം 10,000ത്തില്‍പരം രൂപ രാമന് വരുമാനമായി കിട്ടും. ശുചിത്വമുള്ള തൊഴുത്തും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും മാത്രം മതി പശുവളര്‍ത്തല്‍ ലാഭകരമാക്കാനെന്ന് രാമന്‍ പറയുന്നു. ഭാര്യയും ആതിര, അമൃത എന്നീ രണ്ടു മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന് സുഖമായി ജീവിക്കാന്‍ ഇത്രയും മതിയെന്നാണ് രാമന്റെ സിദ്ധാന്തം. പശുവളര്‍ത്തലിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും 15 വര്‍ഷമായി ഈ രംഗത്ത് തുടരുന്ന രാമനിപ്പോള്‍ മനഃപാഠമാണ്. രാമന്റെ ഫോണ്‍ നമ്പര്‍ 9048261029.
No comments:
Post a Comment