Saturday 7 April 2012

[www.keralites.net] വയസറിയിച്ച പൗരുഷം

 

'വയസ'റിയിച്ച പൗരുഷം

Fun & Info @ Keralites.net
ഡോക്‌ടര്‍, രണ്ടു മാസമായി എനിക്ക്‌ മാസമുറയു ണ്ടാവുന്നില്ല വരിയില്‍ നിന്ന്‌ വിയര്‍ത്ത്‌ തന്നെ കാണാനെത്തിയ ഒരു ചെറുപ്പക്കാരന്‍, നിലമ്പൂര്‍ താലൂക്കാശൂപത്രിയിലുണ്ടായിരുന്ന ഡോ. മായാദേവിയോട്‌ ഇങ്ങനെ പറഞ്ഞു. ഞെട്ടിയ ഡോക്‌ടര്‍ പിന്നെ മാനസികവിഭ്രാന്തിയാവുമോ എന്നു സംശയിച്ചു. പക്ഷേ, തുടര്‍പരിശോധനകളിലോരോന്നായി അവര്‍ക്ക്‌ ബോധ്യമായി, ആ ചെറുപ്പക്കാരന്‌ പുരുഷജനനേന്ദ്രിയവും ഗര്‍ഭപാത്രവും ആര്‍ത്തവവും ഉണ്ടെന്ന്‌ !

നിലമ്പൂര്‍ അറനാടന്‍ കോളനിയിലെ സമാനതകളില്ലാത്ത നരകദുരിതങ്ങള്‍ക്കൊപ്പം ജനിച്ചുവളര്‍ന്ന രാജു; വേദനകളുടെ ഒരു പ്രദേശമാണ്‌ രാജുവിന്റെ ശരീരം... കാലില്‍ക്കൂടി ഒഴുകിയിറങ്ങിയ ചോര, ആര്‍ത്തവത്തിന്റെ വേദന ചോരയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ രാജു എന്ന പുരുഷന്‍ ഞെട്ടിവിറച്ചു. സമൂഹത്തിന്‌ മുന്നില്‍ ഒളിപ്പിച്ചുവച്ച മാസക്കുളിയുടെ ഏഴു ദിവസങ്ങള്‍ നാട്ടുകാര്‍ക്ക്‌ മുന്‍പില്‍ തെളിവായപ്പോള്‍ രാജു ഒറ്റപ്പെടുകയായിരുന്നു; എല്ലായിടത്തുനിന്നും. ചോരച്ചാലുകളുടെ കഥയറിയുന്നതിന്‌ മുന്‍പും, പിന്‍പും രാജുവിനെ തേടിയെത്തിയത്‌ സ്വവര്‍ഗതല്‍പ്പരര്‍ മാത്രം. ഒരു പക്ഷേ ഇതിനേക്കാള്‍ ഭംഗിയായി ഈ ദുരിതകഥ പറയുവാന്‍ കഴിയുന്നത്‌ രാജുവിനായിരിക്കാം. കാരണം, ആദ്യ ആര്‍ത്തവത്തിന്റെ വേദനച്ചോരയെ... ആദ്യമായി മാനഭംഗം ചെയ്യപ്പെട്ട പകലിനെ... ഉള്ളിലൊരു ഗര്‍ഭപാത്രമുണ്ടെന്ന തിരിച്ചറിവിനെ... പെണ്ണായി മാറാന്‍ ശസ്‌ത്രക്രിയാ ടേബിളില്‍ കാത്തിരുന്ന ക്രൂരതയെ... അനുഭവിച്ചറിഞ്ഞത്‌ രാജുവാണ്‌.

കാടിന്റെ പുത്രന്‍

മലപ്പുറം ജില്ലയിലെ തീക്കടി കോളനിയില്‍ ഏതോ ഒരു കാട്ടില്‍ പത്തുമുപ്പത്തിയെട്ടു കൊല്ലങ്ങള്‍ക്കു മുന്‍പേ ഞാനും ജനിച്ചു. അറനാടന്‍ ഗോത്രത്തില്‍പെട്ട അച്ചയുടെയും ചാത്തൂട്ടിയുടെയും ഒട്ടേറെ പെണ്‍മക്കള്‍ക്കിടയില്‍ ഏക ആണ്‍തരിയായി; രാജു എന്ന പേരിന്‌ അവകാശിയായി.

എട്ടാമത്തെ വയസില്‍ അമ്മ മരിച്ചു. പിന്നെ അടുത്ത ഭാര്യയെത്തേടി അച്‌ഛന്‍ മറ്റേതോ കുടിയിലേക്ക്‌ യാത്രയായി. കാട്ടിലെ വിറകുകള്‍ ശേഖരിച്ച്‌ വിറ്റഴിച്ചും, കായ്‌കനികള്‍ ഭക്ഷിച്ചും എന്റെ ബാല്യം കാട്ടിലെ ഒറ്റയാനായി കടന്നുപോയി. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ അച്‌ഛന്‍ മരിച്ചുവെന്നറിഞ്ഞ്‌ പോയി കണ്ടു. ചന്നംപിന്നം പെയ്യുന്ന മഴയില്‍ കായ്‌കനികള്‍ കിട്ടാക്കനിയായപ്പോള്‍ കാടുവിട്ട്‌ നാട്ടില്‍ ഇരതേടുവാന്‍ ഞാന്‍ തീരുമാനിച്ചു. പ്രായം പതിയെ ബാല്യത്തില്‍നിന്ന്‌ കൗമാരത്തിലേക്ക്‌ ചലിച്ചു തുടങ്ങിയിരുന്നു.

നാട്ടുവെളിച്ചത്തിലേക്ക്‌

കാടിന്റെ ചൂരില്‍നിന്ന്‌ നാട്ടിലേക്കിറങ്ങിയ എന്റെ ഏക ലക്ഷ്യം ഭക്ഷണമായിരുന്നു. അന്വേഷണത്തിനൊടുവില്‍ എനിക്കൊരു പണി തരമായി, ഒരു ഹോട്ടലില്‍. വിറകുകീറുക, വെള്ളം കോരുക, പാത്രം കഴുകുക. ഞാന്‍ സന്തോഷവാനായിരുന്നു. വയറുനിറയെ ഭക്ഷണം സൗജന്യമായി. കൂടാതെ കൂലിയും. ഏതൊരു ശരാശരി ആദിവാസിയേക്കാളും മെച്ചപ്പെട്ട ജീവിതനിലവാരം. ഉറക്കംകൂടി പീടികയിലായപ്പോള്‍, കാട്ടില്‍ വിറളിപിടിച്ച്‌ ഭയപ്പെടുത്തിയിരുന്ന ആനക്കൊമ്പന്‍ തമാശ മാത്രമായി തോന്നി.

രതിയുടെ ആദ്യാനുഭവം

ജോലികള്‍ തീര്‍ത്ത്‌ ഒരു ദിവസം പതിവുപോലെ അടുക്കള ചായ്‌പില്‍ പായ വിരിച്ച്‌ ഉറങ്ങുവാനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കമിട്ടു. പാതിമയക്കത്തില്‍നിന്ന്‌ സുഖനിദ്രയിലേക്കുള്ള പ്രയാണത്തിലാണ്‌ ശരീരം അമരുന്നതായി അനുഭവപ്പെട്ടത്‌.

ചാടിയെഴുന്നേറ്റ ഞാന്‍ കണ്ടത്‌ എന്റെ ശരീരത്തോട്‌ ഒട്ടിച്ചേരുന്ന വിവസ്‌ത്രനായ ഹോട്ടല്‍ മുതലാളിയെയായിരുന്നു. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസിലാക്കാന്‍ എന്റെ മനസിന്‌ പക്വത തീരെയുണ്ടായിരുന്നില്ല. എതിര്‍ക്കാന്‍ കഴിയാതെ മുതലാളിയുടെ കൈക്കരുത്തിനും മറ്റെന്തിനുമൊക്കെയോ കീഴടങ്ങുമ്പോള്‍ ഞാന്‍ വലിയൊരു സത്യം കൂടി മനസിലാക്കി. എന്റെ നിതംബത്തില്‍ ലൈംഗികമായ മറ്റൊരു സാധ്യതകൂടിയുണ്ടെന്ന്‌. ആദ്യരാത്രി തുടര്‍രാത്രികളായി. എന്റെ നിതംബത്തില്‍ ലൈംഗികമായ മറ്റൊരു സാധ്യതകൂടിയുണ്ടെന്ന്‌. ആദ്യരാത്രി തുടര്‍രാത്രികളായി. പകല്‍ ഹോട്ടല്‍ ജോലി, രാത്രി പിന്നെയും 'അധ്വാനം'. മുതലാളിയെ എതിര്‍ക്കാന്‍ ആവതില്ലല്ലോ.

പിന്നീടുള്ള രാത്രികളില്‍ എന്നെ തേടിയെത്തുന്ന ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചുവന്നു. എതിര്‍ത്താല്‍ ലഭിക്കുന്ന ഭീഷണികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും മുന്‍പില്‍ എന്നും കീഴടങ്ങാന്‍ മാത്രമായിരുന്നു എന്റെ വിധി.

വയസ്സറിയിച്ചപ്പോള്‍

മുതലാളിയുടെയും മറ്റും പാപക്കറകള്‍ ഏറ്റുവാങ്ങി ഹോട്ടലിലെ ജീവിതം ഞാന്‍ തുടര്‍ന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ശരാശരി വളര്‍ച്ചയില്‍ പ്രായം പതിനെട്ടായി കാണുമെന്ന എന്റെ വിശ്വാസത്തിന്റെ ഒരു ദിവസം പാത്രം കഴുകിക്കൊണ്ടിരുന്ന എനിക്ക്‌ ശക്‌തമായ വയറുവേദന. നില്‍ക്കാനും നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്‌ഥ. വേദനയുടെ പരാക്രമത്തില്‍ മൂത്രം ഒഴിക്കാന്‍ മുട്ടുന്നതായി ഒരു തോന്നല്‍. മൂത്രപ്പുരയില്‍ കുത്തിയിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട്‌ മൂത്രത്തിന്‌ പകരം രക്‌തം ചീറ്റിവരുന്നു. പിന്നീടുള്ള ഏഴുദിവസവും ഇതുതന്നെയായിരുന്നു. ഏഴുദിവസം കഴിഞ്ഞപ്പോള്‍ മൂത്രം പോയിത്തുടങ്ങി.

ദൈവം എന്റെ പ്രാര്‍ത്ഥനകേട്ട സന്തോഷത്തില്‍ ഞാന്‍ ഹോട്ടല്‍ പണിയില്‍ വീണ്ടും ഉഷാറായി. എന്നാല്‍ ആശ്വാസത്തിന്‌ 31 ദിവസത്തെ ആയുസേ ഉണ്ടായുള്ളൂ. ചോരയില്‍ കുളിച്ച ജനനേന്ദ്രിയവുമായി അടുത്ത ഏഴുദിവസവും ഞാന്‍ കഴിച്ചുകൂട്ടി. പിന്നീടുള്ള മാസങ്ങള്‍ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. ചോരകലര്‍ന്ന വേദന പുറത്തുകാട്ടാതെ, ഒന്നും ആരുമറിയാതെ ജോലികളില്‍ ഞാന്‍ സജീവമായി.

നാട്‌ കടത്തപ്പെടുന്നു

കാട്ടില്‍നിന്നും നാട്ടിലേക്ക്‌ എത്തിച്ചേര്‍ന്ന ഞാന്‍, മുണ്ടുകള്‍ കാട്ടില്‍ത്തന്നെ ഉപേക്ഷിച്ചിരുന്നു. പാന്റ്‌സ് ആയിരുന്നു നാട്ടിലെ എന്റെ ഇഷ്‌ടവേഷം. മാസമുറ സമയത്ത്‌ ഒഴുകിയിറങ്ങുന്ന ചോരയ്‌ക്ക് തടസമാകാന്‍ പാന്റ്‌സ് സഹായിച്ചിരുന്നു. മറ്റൊരു മാസം രക്‌തം ഒലിച്ച്‌ കാലിലേക്കിറങ്ങുമ്പോള്‍ എന്തോ ആവശ്യത്തിനായി മുതലാളി എന്നെ വിളിച്ചു. വേഗം മുതലാളിക്കരികിലേക്ക്‌ ഓടിയെത്തിയ ഞാന്‍ കാലില്‍ പറ്റിയ രക്‌തക്കറ കഴുകാന്‍ മറന്നുപോയി. മുതലാളിയുടെ നോട്ടം പതിച്ചതും അവിടേയ്‌ക്ക് തന്നെയായിരുന്നു. ചോദ്യം ചെയ്യലില്‍ കാലിലുണ്ടായ മുറിവെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒരു പുരുഷനായ എന്റെ ജനനേന്ദ്രിയത്തിലൂടെ ഒഴുകിയെത്തുന്ന ചോര സ്‌ത്രീകളുടെ മാത്രം അവകാശമായ ആര്‍ത്തവത്തിന്റെ പതിപ്പാണെന്ന്‌ മുതലാളി തിരിച്ചറിഞ്ഞു.

വാര്‍ത്തകള്‍ക്ക്‌ എന്നും പ്രകാശവേഗമാണ്‌. 'പുരുഷന്റെ ആര്‍ത്തവം' നിലമ്പൂരങ്ങാടിയില്‍ വളരെ വേഗം വാര്‍ത്തയായി.ഒരു 'പുരുഷസ്‌ത്രീ'യായി ഞാന്‍ ഹോട്ടല്‍ ജോലി അവസാനിപ്പിച്ച്‌ തിരിച്ച്‌ കാടുകയറി.

കാടാറുമാസം

കാട്ടിലേക്ക്‌ തിരിച്ചെത്തിയ ഞാന്‍ ഏട്ടത്തിയുടെ മകന്‍ സുന്ദരന്റെ കൂടെയായി താമസം. കാട്ടില്‍ നാട്ടിലേക്കാള്‍ വലിയ ആചാരമാണ്‌. മാസമുറക്കാലത്ത്‌ കുടിലില്‍ കഴിയാന്‍ പാടില്ല. ഏതെങ്കിലും മരച്ചോട്ടിലായിരിക്കും താമസം. ഭക്ഷണം അരുവികളിലെ തെളിനീര്‍ മാത്രം. ആനച്ചൂരില്‍ പേടിച്ചുവിറച്ചു കഴിയുന്ന മാസത്തിലെ ഏഴുദിനരാത്രങ്ങള്‍.

ആര്‍ത്തവത്തിന്റെ വയറുചീയലും വിശപ്പിന്റെ വയറുകായലും എനിക്ക്‌ തീരാവേദനയായി. ആ സമയത്ത്‌ എപ്പഴോ രണ്ടുമാസം അടുപ്പിച്ച്‌ എനിക്ക്‌ മാസമുറ തെറ്റി. വരാതിരുന്ന മാസക്കുളി എനിക്ക്‌ സമ്മാനിച്ചത്‌ അസ്വസ്‌ഥതകളുടെ ആഴക്കടലായിരുന്നു. വേദനകൊണ്ട്‌ ശരീരം പൊറുതിമുട്ടി. കാട്ടു മരുന്നുകള്‍ക്കും കാട്ടുകനികള്‍ക്കും വേദന ശമിപ്പിക്കാനായില്ല. നാടിറങ്ങി ഡോക്‌ടറെത്തേടാന്‍ ഞാന്‍ തീരുമാനിച്ചു.

ചിത്രം തെളിയുന്നു

മഞ്ചേരി ആശുപത്രിയിലേക്കായിരുന്നു എന്റെ യാത്ര. ഒ.പി. ടിക്കറ്റെടുത്ത്‌ വരിയില്‍ ഞാനും സ്‌ഥാനം പിടിച്ചു. ഊഴമെത്തിയ ഞാന്‍ ഡോക്‌ടര്‍ക്ക്‌ മുന്‍പില്‍ കാര്യമവതരിപ്പിച്ചു. ''മാസമുറ വന്നിട്ട്‌ രണ്ടുമാസമായി''.

ആദ്യം മനോരോഗിയെന്ന്‌ സംശയിച്ച ഡോക്‌ടര്‍ പതുക്കെ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി മഞ്ചേരി ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തു. അവിടുന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌. അനവധി നിരവധി ടെസ്‌റ്റുകള്‍. അവസാനം യാഥാര്‍ത്ഥ്യം മറ നീക്കി പുറത്തുവന്നു.

ഒരു കുഞ്ഞിന്‌ വളരാന്‍ എന്റെ ഉദരത്തില്‍ സാഹചര്യം ഉണ്ടെന്ന ഡോക്‌ടറിന്റെ കണ്ടെത്തല്‍ എന്റെ ശരീരത്തെയും മനസിനെയും പാടെ തളര്‍ത്തി. ഗര്‍ഭപാത്രവും പുരുഷജനനേന്ദ്രിയവുമായി ജീവിക്കേണ്ട അവസ്‌ഥ. കരയാന്‍ ഒച്ചപോലും വന്നില്ല. 

പെണ്ണാകുന്നു

നാട്ടിലാരോ പറഞ്ഞതറിഞ്ഞ കേട്ടറിവിന്റെ പിന്‍ബലത്തില്‍ ആര്‍ത്തവകാലത്തെ രക്‌തത്തിന്‌ തടയിടുവാന്‍ ഞാന്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങി. എന്നാല്‍ അതെന്റെ ശരീരത്തെ വീണ്ടും ദുര്‍ബലമാക്കി. വേദനകള്‍ ശരീരത്തെ പിളര്‍ക്കുന്നതരത്തില്‍ ഏറിവന്നു. അടുത്ത കേട്ടറിവ്‌ ഗര്‍ഭപാത്രം ശരീരത്തില്‍നിന്നും നീക്കുന്നതിനെപ്പറ്റിയായിരുന്നു. പിന്നീട്‌ അതിനായി ശ്രമം.

കോഴിക്കോട്‌ ഡോക്‌ടറെ തേടി വീണ്ടും ഞാന്‍ ബസിറങ്ങി; എന്നാല്‍ ഡോക്‌ടര്‍ പകര്‍ന്ന അറിവുകള്‍ സമ്മാനിച്ചത്‌ നിരാശയായിരുന്നു. ഗര്‍ഭപാത്രം നീക്കിയാല്‍ സംഭവിക്കാവുന്ന ജീവഹാനിയെപ്പറ്റി ഡോക്‌ടര്‍ എന്നെ ബോധവാനാക്കി. ഡോക്‌ടര്‍ എനിക്ക്‌ മുന്‍പില്‍ മറ്റൊരു മാര്‍ഗം തുറന്നുതന്നു. 'പെണ്ണായി മാറുക.'

നീണ്ട 35 വര്‍ഷം പുരുഷനായി ജീവിച്ച എന്റെ ആണത്തത്തിനേറ്റ അടുത്ത പ്രഹരം. വേദനകളില്‍ മനം മടുത്ത ഞാന്‍ ആ തീരുമാനത്തിന്‌ വശംവദനായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.

പെണ്ണിന്റെ ഗര്‍ഭപാത്രമേറുന്ന ശരീരത്തില്‍നിന്ന്‌ ആണിന്റെ ഇന്ദ്രിയം മാറ്റി പെണ്ണതയുള്ള സ്‌ത്രീയായിത്തീരാന്‍ ശസ്‌ത്രക്രിയാടേബിളില്‍ മരവിച്ചുകിടക്കുമ്പോഴും ഞാന്‍ അറിയുന്നുണ്ടായിരുന്നു, എന്നില്‍നിന്നും മുറിച്ചുമാറ്റപ്പെട്ട എന്തിനൊക്കെയോ... ദേഹം കീറിമുറിച്ചപ്പോഴും ഞാന്‍ അനങ്ങാതെ കിടന്നു... പൂര്‍ണ്ണതയ്‌ക്കുവേണ്ടി.

കമ്മലണിഞ്ഞ രാജു

ഓപ്പറേഷന്റെ ഒന്നാംഘട്ടത്തിനുശേഷം നാലുമാസം കഴിഞ്ഞാണ്‌ നാട്ടിലേക്ക്‌ തിരിച്ചുവരുന്നത്‌. പരിഹാസം ഭയന്ന്‌ കാട്ടുജീവിതം അവസാനിപ്പിച്ചു; പെണ്ണായി മാറാന്‍ കാതുകുത്തിയ എന്നെ കാട്ടുവാസികള്‍ പുറത്താക്കുന്നതിനേക്കാള്‍, സ്വയം പുറത്താകുന്നതാണ്‌ നല്ലതെന്ന്‌ മനസ്‌ പറഞ്ഞു.

അങ്ങനെ നിലമ്പൂര്‍ ബസ്സ്റ്റാന്റില്‍ താമസം തുടങ്ങി. കമ്മലിട്ട രാജുവിന്റെ കഥ നഗരവാസികളും അറിഞ്ഞിരുന്നു. ഓപ്പറേഷന്‌ ശേഷം ശരീരം അനക്കാന്‍ വയ്യാത്ത അവസ്‌ഥ, വയറിനെ പറഞ്ഞു മനസിലാക്കാന്‍ എനിക്ക്‌ സാധിച്ചില്ല. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ ഭിക്ഷാടനമെന്ന മാര്‍ഗത്തിലേക്ക്‌ ഞാന്‍ കടന്നു.

നാട്ടുകാര്‍ക്ക്‌ അലിവ്‌ കൂടുതല്‍ ആയിരുന്നു. അതെന്റെ വയറും കീശയും നിറച്ചു. കീശ നിറഞ്ഞുവെങ്കിലും മുന്തിയ കമ്പനികളുടെ നാപ്‌കിന്‍ പരസ്യം നിലമ്പൂര്‍ അങ്ങാടിയിലെ ബോര്‍ഡുകളില്‍ തിളങ്ങി നില്‍ക്കുന്നത്‌ തിരിച്ചറിയാനുള്ള വിവരം എനിക്കില്ലായിരുന്നു. മാസത്തില്‍ ഏഴ്‌ ദിവസവും ചോര കാലുകളില്‍ക്കൂടിത്തന്നെ ഒഴുകിയിറങ്ങി.

സ്വവര്‍ഗശല്യം

നഗരജീവിതത്തില്‍ എനിക്ക്‌ കൂട്ടായി രണ്ട്‌ നായ്‌ക്കുട്ടികളെത്തി. എങ്കിലും എന്നെത്തേടി പിന്നെയും സ്വവര്‍ഗക്കാര്‍ എത്തിക്കൊണ്ടിരുന്നു. ഇത്തവണ അവരുടെ ഉദ്ദേശ്യം വേറെയായിരുന്നിരിക്കാം. കാരണം ഞാനിപ്പോള്‍ പുരുഷനല്ലല്ലോ. മാസമുറ സഹിക്കാനാവാത്ത എനിക്ക്‌ പ്രസവവേദനകൂടി താങ്ങാന്‍ കഴിയാത്തതുകൊണ്ട്‌ അവരെ ഞാനും നായ്‌ക്കളും ചേര്‍ന്ന്‌ ആട്ടിപ്പായിച്ചു. പിന്നീടെപ്പോഴോ എനിക്കൊരു കൂട്ടുകിട്ടി. കാട്ടില്‍നിന്ന്‌ നാട്ടിലേക്ക്‌ കുടിയേറിപ്പാര്‍ത്ത നീലി. അവളും എന്നോടൊപ്പം കൂടി, 'ശല്യക്കാരെ' ആട്ടിപ്പായിക്കാന്‍; എന്റെ ഗര്‍ഭപാത്രം സംരക്ഷിക്കാന്‍.

നാട്ടിലുള്ളവര്‍ കാശ്‌ തരുമെങ്കിലും അവര്‍ക്കും എല്ലാം സംശയമാ. ''പെണ്ണായി മാറാന്‍ അവരെന്താ ചെയ്‌തത്‌? ജനനേന്ദ്രിയം എടുത്തുമാറ്റിയോ? ഇപ്പോള്‍ എതിലേക്കൂടാ മൂത്രമൊഴിക്കുന്നേ?'' ഈ ചോദ്യങ്ങള്‍ എന്നെ ജീവിതത്തില്‍നിന്ന്‌ പിന്‍തിരിപ്പിച്ചു. ചോദ്യശരങ്ങളെ ഭയന്ന്‌ ഭിക്ഷാടനം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

പുതിയ ജോലി

ഭക്ഷണം ലഭിച്ചില്ലെങ്കില്‍ വയറ്‌ പിണങ്ങുമെന്ന അവസ്‌ഥ വന്നപ്പോള്‍ പുതിയ ജോലിയെപ്പറ്റിയായി ചിന്ത. അവസാനം ആക്രി പെറുക്കി മാര്‍ക്കറ്റില്‍ വിറ്റ്‌് ഭിക്ഷാടനം എന്ന ചിന്തയില്‍ ജോലിയെപ്പറ്റിയുള്ള ആശയസമരം അവസാനിച്ചു.

പക്ഷേ കുനിഞ്ഞുനിന്ന്‌ നമ്മുടെ നാട്ടില്‍ ആക്രി പെറുക്കാന്‍ ഒക്കില്ല. പയ്യന്‍മാര്‍ പിറകില്‍ക്കൂടി വന്ന്‌ എന്റെ ചന്തിക്ക്‌ ഞെക്കും. ചിലപ്പോള്‍ പിടിച്ചമര്‍ത്തും; ചുറ്റുവട്ടത്ത്‌ ആരുമില്ലെങ്കില്‍ മാറിടത്തില്‍ കയറി പിടിക്കും. ഇതുമൂലം സ്‌തനവളര്‍ച്ചയ്‌ക്ക് ഡോക്‌ടര്‍ തന്ന മരുന്ന്‌ ഇപ്പോള്‍ കഴിക്കുന്നില്ല. 

രണ്ടാമത്തെ ഓപ്പറേഷന്‌ ചെല്ലുമ്പോള്‍ സ്‌തനം വളര്‍ത്തി ചെല്ലണമെന്ന്‌ പറഞ്ഞാണ്‌ ഡോക്‌ടര്‍ വിട്ടത്‌. സത്യം പറഞ്ഞാല്‍ ഭാര്യയാകുന്നതും കുഞ്ഞുങ്ങളെ പ്രസവിച്ച്‌ മുലയൂട്ടുന്നതുമെല്ലാം ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. അതൊക്കെ വെറുതെയാകുമല്ലോ! 

നിരാശയുടെ രാപ്പകലുകള്‍

മാധവിക്കുട്ടിയുടെ 'നപുംസകങ്ങളില്‍' 'രുക്‌മ'യുടെ ജീവിതമായിരിക്കാം എന്റേത്‌. രണ്ടാമത്തെ ഓപ്പറേഷന്‌ സമയം കഴിഞ്ഞു. കളിയാക്കലും ദുരിതപൂര്‍ണമായ ജീവിതവും ഇപ്പോള്‍ എന്നെ തളര്‍ത്തിയിരിക്കുന്നു. ഇപ്പോള്‍ എനിക്ക്‌ ആഗ്രഹങ്ങളില്ല. സ്‌ത്രീയെന്ന പൂര്‍ണതയിലേക്ക്‌ എത്താനുള്ള ആഗ്രഹം മനസില്‍ ഒട്ടും അവശേഷിക്കുന്നില്ല. വില കൂടിയ മരുന്നുകള്‍ കഴിച്ച്‌ ജീവന്‍ നിലനിര്‍ത്താനുള്ള ശേഷിയുമില്ല. മനസിനുള്ളില്‍ അവശേഷിക്കുന്ന ചെറിയൊരു തീപ്പൊരികൂടി അണഞ്ഞാല്‍ ഞാന്‍ കാട്ടിലേക്ക്‌ തിരിച്ചുനടക്കും; ഏതെങ്കിലും വിഷക്കായുടെ മധുരവും തേടി; മരണത്തെ ഭോഗിക്കുവാന്‍...

സി. ബിജു

പെണ്ണും ആണുമായി ജീവിക്കേണ്ടി വരുന്ന രാജുവിന്റെ ജീവിതം ഉണ്ണികൃഷ്‌ണന്‍ ആവള പുസ്‌തകമാക്കിയത്‌ ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ചു-വിപരീതം എന്ന പേരില്‍






www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment