പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ എന്ന ബാലികയെ ദാരുണമായി കൊലപ്പടുത്തിയ രാജേഷ് എന്ന കാപാലികനെ അറസ്റ്റു ചെയ്ത് തെളിവെടുപ്പിനായി പോലീസ് കൊണ്ടുവന്നത് മുഖംമൂടി അണിയിച്ചിട്ടാണ്.
കൊടുംക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ മുഖംമൂടി അണിയിച്ചു കൊണ്ടുവരുന്ന കേരള പോലീസിന്റെ രീതി ശരിയല്ല.
അവരുടെ ക്രൂരമുഖം സമൂഹത്തിനു കാണാന്‍ അവസരം നല്‍കുന്നതില്‍ എന്തു തെറ്റാണുള്ളത്?
(പി.കെ.ശങ്കരന്‍കുട്ടി, കഴക്കൂട്ടം)
പ്രതികളെ മുഖംമൂടി അണിയിച്ച് തെളിവെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ട് സമാന അഭിപ്രായങ്ങള്‍ മുമ്പ് പലരും പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്.
ഈ നടപടിയില്‍ അല്പം യുക്തിയുണ്ട്.
പ്രതി വെറും പ്രതിയാണ്.
കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നതുവരെ അയാള്‍ നിരപരാധിയാണ്.
വിചാരണയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ 'ഐഡന്റിഫിക്കേഷന്‍ പരേഡ്' എന്ന തിരിച്ചറിയല്‍ പ്രക്രിയ ആവശ്യമായി വന്നേക്കാം.
അതിനു നിയുക്തരായേക്കാവുന്ന സാക്ഷികള്‍ നല്‍കുന്ന തെളിവ്, അവര്‍ക്ക് മുമ്പൊരിക്കല്‍ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളിന്റെ മുഖവും ആകാരസവിശേഷതകളും വ്യക്തമായി കാണാന്‍ സന്ദര്‍ഭം ലഭിച്ചിട്ടുണ്ടെങ്കില്‍, മിഥ്യധാരണയ്ക്കും മുന്‍വിധിക്കും വിധേയമായേക്കാം.
അയാളെയല്ല, കുറ്റം നടന്ന സ്ഥലത്ത് തങ്ങള്‍ കണ്ടതെന്ന് മന:പൂര്‍വ്വമല്ലാതെ തെറ്റായി തെളിവുകള്‍ നല്‍കിയേക്കാം.
അല്ലെങ്കില്‍ അയാളെത്തന്നെയാണ് കണ്ടതെന്ന് തെറ്റായും തെളിവു നല്‍കിയേക്കാം.
രണ്ടായാലും മൊഴി അസത്യമായി മാറാം.
മുഖം മറയ്ക്കുന്നത് പ്രതിയെ രക്ഷിക്കാനല്ല, ഒരളവു വരെ സത്യത്തെ രക്ഷിക്കാനാണ് എന്നു വ്യക്തം.
(സി.ദിവാകരന്‍, അമ്പലംമുക്ക്)
മുഖംമൂടി അണിയിക്കുന്ന പരിപാടി അവസാനിപ്പിക്കണം.
പ്രതികള്‍ക്ക് മുഖംമൂടിയെന്തിന്? എന്നത് അര്‍ത്ഥവത്തായ ഒരു ചോദ്യമാണ്.
ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിനാല്‍, അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന പ്രതികളെ, സ്ത്രീപീഡനക്കേസായാലും പ്രകൃതിവിരുദ്ധ പീഡനകേസായാലും, കൊലപാതക കേസായാലും റാഗിങ് നടത്തിയതിനുള്ള കേസായാലും, അവരെ മുഖംമൂടി അണിയിക്കാതെ തന്നെ സാധാരണ ജനങ്ങള്‍ക്ക് അവരുടെ മുഖങ്ങള്‍ ശരിയായി കാണുന്നതിനു വേണ്ടിയുള്ള നടപടിയാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്.
നിലവിലുള്ള നിയമത്തില്‍ മാറ്റം ആവശ്യമാണെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
No comments:
Post a Comment