ധന്യമീ വിവാഹജീവിതം നൃത്തവും മോഡലിംഗും കൂത്താട്ടുകുളം സ്വദേശി ധന്യയ്‌ക്ക് ജീവവായുവാണ്. അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്‌തത പുലര്‍ത്തി എന്നുള്ളതും ഈ കലാകാരിയുടെ പ്രത്യേകതയാണ്. ഈ പ്രത്യേകതയൊന്നും ഇല്ലാതെയാണ് ധന്യ എല്ലാ വര്‍ഷങ്ങളിലും ക്രിസ്‌മസ്സും ന്യൂ ഇയറും ആഘോഷിക്കാറുള്ളത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ധന്യയ്‌ക്ക് പുതുമയാര്‍ന്ന ഒരു സമ്മാനം ലഭിക്കുകയാണ്. എന്നെന്നും കൂട്ടായി ഒരു ജീവിതപങ്കാളി, നൃത്തത്തിലൂടെ സിനിമയിലെത്തിയ ധന്യയ്‌ക്ക് ജോണിനെ കൂട്ടായി കിട്ടിയതും നൃത്തത്തിലൂടെയാണ്.
ധന്യയുടെ വിശേഷങ്ങളില്‍ എന്തെങ്കിലും പുതുമയുണ്ടോ ?
ഉണ്ടല്ലോ. കലാരംഗത്ത് ശ്രദ്ധേയനായ ജോണാണ് എന്റെ ലൈഫ് പാര്‍ട്‌നര്‍. ജനുവരി ആദ്യം തിരുവനന്തപുരത്തു വച്ചാണ് കല്യാണം. എന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട മിക്കവാറും സംഭവങ്ങളെല്ലാം ഓണത്തിനോട് അനുബന്ധിച്ചാണ് സംഭവിച്ചിട്ടുള്ളത്. പക്ഷേ ഈ സമ്മാനം കിട്ടിയത് പുതുവര്‍ഷത്തിലാണ്. അതുകൊണ്ട് ഇത്തവണത്തെ ക്രിസ്‌മസ് ശരിക്ക് ആഘോഷിക്കാന്‍ തിരുമാനിച്ചു. സാധാരണ വലിയ ആഘോഷങ്ങളില്ലാതെ പോകാറാണ് പതിവ്. കല്യാണത്തിരക്കിനിടയില്‍ പുല്‍ക്കൂടൊരുക്കാനും മറ്റുമുള്ള തയ്യാറെടുപ്പിലാണ്. പിന്നെ ആരേയും മറന്നു പോകാതെ കല്യാണം വിളിക്കണ്ടേ. അങ്ങനെ ഒരു തിരക്കും ബഹളവും. എല്ലാം ഒരു പുതുമയാണ്. വിവാഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍?
സന്തോഷമുണ്ട്. ഒപ്പം ഇത്തിരി വിഷമവും ആശങ്കയുമുണ്ട്. ദൈവം എനിക്ക് കാണിച്ചുതന്നത് നല്ല ഒരു പാര്‍ട്‌ണറെയാണെന്നതില്‍ വളരെ സന്തോഷം. മമ്മിയുടെ പാചകവും, പപ്പയും അനിയനുമൊരുമിച്ചുള്ള ജീവിതവും, കുറച്ചൊക്കെ നഷ്‌ടമാകുമല്ലോ എന്നോര്‍ക്കുമ്പോള്‍ കുറച്ചു സങ്കടമുണ്ട്. അടുക്കളയിലെ എന്റെ പരീക്ഷണങ്ങള്‍ ജോണും വീട്ടുകാരും സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോള്‍ ആശങ്കയുമുണ്ട്. പിന്നെ ഏതൊരു പെണ്‍കുട്ടിയെയുംപോലെ എനിക്കും വിവാഹത്തിനൊരുങ്ങുമ്പോള്‍ ഒരു ചെറിയ പേടി ഇല്ലാതില്ല. തികച്ചും അവ്യക്‌തമായ ഒരു അന്തരീക്ഷം. ഞാനിതുവരെ ജീവിച്ചിരുന്നതില്‍നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ചുറ്റുപാട്. കുറച്ചെങ്കിലും പരിചയമുള്ളത് ജോണിനെയാണ്. ഇത്രയുംനാള്‍ ജീവിച്ചതും വളര്‍ന്നതുമായ സാഹചര്യമല്ലല്ലോ. ആ പേടിയും ടെന്‍ഷനുമുണ്ട്. എല്ലാത്തിനും കൂട്ടായും സപ്പോര്‍ട്ടായും ജോണ്‍ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്.
സത്യത്തില്‍ എന്നാണ് നിങ്ങളുടെ പരിചയം തുടങ്ങുന്നത്?
അവിചാരിതമെങ്കിലും ഞങ്ങള്‍ രണ്ടുപേരും ഡാന്‍സിനെ ഒരുപാടു സ്‌നേഹിക്കുന്നവരാണ്. തമ്മില്‍ കൂടുതല്‍ അറിയാനും ഇഷ്‌ടപ്പെടാനും അതൊരു പ്രധാന കാരണമായി. ചെറുപ്പത്തില്‍ ഡാന്‍സ് പഠിച്ചിരുന്ന എനിക്ക് അഭിനയത്തേക്കാളേറെ ക്രേസ് ഡാന്‍സിനോടായിരുന്നു. ജോണിനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച താരോത്സവം പരിപാടിയില്‍ പോയിരുന്നു. അന്നു മുതല്‍ ഒരു സുഹൃത്‌ബന്ധമുണ്ട്. വീട്ടില്‍ എനിക്ക് കല്യാണാലോചനകള്‍ തുടങ്ങിയെന്ന് മമ്മിയില്‍ നിന്നറിഞ്ഞപ്പോള്‍ ജോണ്‍ വിവാഹാലോചനയുമായി എത്തി. അങ്ങോട്ടുമിങ്ങോട്ടും തിരക്കിയപ്പോള്‍ രണ്ടു കൂട്ടര്‍ക്കും ഇഷ്‌ടം. അങ്ങനെയാണ് പുതുവര്‍ഷത്തില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിയത്.
ജോണില്‍ കണ്ട ഗുണങ്ങള്‍?
ജോണ്‍ വളരെ ഫ്രണ്ട്‌ലിയാണ്. എന്നോടൊപ്പം എന്റെ വീട്ടുകാരെയും ഒരുപോലെ അംഗീകരിക്കുന്ന വ്യക്‌തിയാണ്. അതിലേറെ ഞങ്ങള്‍ രണ്ടുപേരും നൃത്തത്തെ ഒരുപാട് സ്‌നേഹിക്കുന്നു എന്നുള്ളതാണ്. ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രവും ചെയ്‌തിരുന്നു. അതുകൊണ്ട് എന്റെ ഫീല്‍ഡിനെപ്പറ്റിയും നന്നായി അറിയാം. പിന്നെ ജോണ്‍ എപ്പോഴും ലൈഫിനെപ്പറ്റി പ്ലാന്‍ ചെയ്യുന്ന വ്യക്‌തിയാണ്.അമ്മയ്‌ക്കും അച്‌ഛനും നല്ല ഒരു മകനാണ്. ഒരു ഭര്‍ത്താവെന്നതിലുപരി എന്നെ മനസിലാക്കാനും സ്‌നേഹിക്കാനും എന്റെ സ്വഭാവവുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്ന ഒരു നല്ല ഫ്രണ്ട് കൂടിയാണ് ജോണ്‍.
ധന്യാമേരിക്ക് ഒരു പാവം ഇമേജാണ്. സിനിമയിലെത്തിയതും അങ്ങനെതന്നെ. ആദ്യമായി ഈ പാവം സിനിമയിലെത്തിയത്?
പഠിക്കുന്നകാലം മുതലേ മോഡലിംഗ് ഇഷ്‌ടമായിരുന്നു. സെന്റ് തെരേസാസില്‍ ഞാന്‍ എടുത്തിരുന്ന ഗ്രൂപ്പ് സോഷ്യോളജിയായിരുന്നു . ആ സമയത്ത് മോഡലിംഗും ഡാന്‍സും സീരിയസ്സായി കൊണ്ടു പോകുന്നുണ്ടായിരുന്നു. സെക്കന്റ് ഇയര്‍ എത്തിയപ്പോഴേക്കും ഏകദേശം 50 പരസ്യങ്ങളില്‍ മോഡലായിക്കഴിഞ്ഞിരിന്നു. ഞാനാദ്യം ചെയ്‌ത ചുങ്കത്ത് പ്രിന്‍സ് ജുവലറിയുടെ പരസ്യചിത്രമാണ് വഴിത്തിരിവായത്. ആ സ്‌റ്റില്‍സ് കണ്ടിട്ടാണ് തിരുടി എന്ന തമിഴ് ചിത്രത്തില്‍ താമരൈ എന്ന ലീഡിംഗ് റോളിനു വേണ്ടി വിളിക്കുന്നത്. സിനിമയെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതെ ചെയ്‌ത ഒരു കഥാപാത്രം. ആദ്യമായി ഓഫര്‍ വന്നത് തമിഴില്‍ നിന്നായതു കൊണ്ട് വീട്ടില്‍ എല്ലാവര്‍ക്കും ഒരു ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം എക്‌സ്പീരിയന്‍സുള്ളവരായിരുന്നതു കൊണ്ട് ആ ടെന്‍ഷന്‍ പെട്ടെന്നു മാറി. ശങ്കര്‍ സാറിന്റെ അസോസിയേറ്റായ ജീവയായിരുന്നു അതിന്റെ സംവിധാനം. ഭാഷയുടെ കാര്യത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സിനിമയിലെ എല്ലാവരും സഹായിച്ചിരുന്നു.
പിന്നീട് ചെയ്‌ത ചിത്രങ്ങള്‍?
ഒരു തമിഴ്‌ചിത്രം തന്നെയാണ്. ഏകദേശം ആ സമയത്തുതന്നെ 'നന്മ'എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ബോള്‍ഡായ നാടന്‍ ടച്ചുള്ള ഒരു പെണ്‍കുട്ടി. എങ്കിലും കരുത്തുള്ള ഒരു കഥാപാത്രം. മലയാളത്തില്‍ ബ്രേക്ക് കിട്ടിയ കഥാപാത്രം മധുപാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്‌ത 'തലപ്പാവി'ലേതാണ്. സാറാമ്മ എന്ന ലീഡിംഗ് കഥാപാത്രമാണതില്‍ ചെയ്‌തത്. സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ഞാനെന്ന നടിയെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലുടെയാണ്. 'നായകന്‍' എന്ന ഇന്ദ്രജിത്ത് ചിത്രം അതിനു മുന്‍പേ തുടങ്ങിയെങ്കിലും തലപ്പാവിലെ കഥാപാത്രം ആളുകള്‍ ഇന്നും ഓര്‍ക്കാറുണ്ട്. പിന്നീട് ചെയ്‌തത് 'വൈരമാണ്'. അതിലെ കേന്ദ്രകഥാപാത്രമായ വൈരമണി പ്രേക്ഷകരുടെ നെഞ്ചോടു ചേര്‍ത്തിരുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യമായതുകൊണ്ടാവാം ആ സിനിമയിലെ കഥാപാത്രം കൂടുതല്‍ ക്ലിക്കായത്. 'നായകന്‍' എന്ന ഇന്ദ്രജിത്ത് ചിത്രമാണ് പിന്നീട് റിലീസ് ചെയ്‌തത്. അഡ്വക്കേറ്റിന്റെ വേഷമായിരുന്നു. എങ്കിലും പ്രണയത്തിന് വലിയ പ്രാധാന്യമില്ലാത്ത സിനിമയായിരുന്നു അത്. നായകന്റെ കഥ പറയുന്ന ചിത്രമായിരുന്നതിനാല്‍ എന്റെ കഥാപാത്രം കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതല്ലായിരുന്നു. പിന്നീട് കേരള കഫേ, ദ്രോണ, പ്രണയം, ഓര്‍മ്മ മാത്രം, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങളും ചെയ്‌തു.
സിനിമയില്‍ തുടരണമെന്നുണ്ടോ?
ചെയ്‌തു തുടങ്ങിയ പ്രൊജക്‌ടുകള്‍ക്ക് പുറമേ പുതിയ സിനിമകള്‍ ഒന്നും പ്ലാന്‍ ചെയ്‌തിട്ടില്ല. തിരുവനന്തപുരത്തുചെന്ന് അവിടുത്തെ കാര്യങ്ങളും സാഹചര്യവും അറിഞ്ഞതിന് ശേഷമേ കൃത്യമായി തീരുമാനമെടുക്കൂ. ഇനിയിപ്പോള്‍ ജോണിന്റെ അഭിപ്രായവും നോക്കണമല്ലോ. ഞങ്ങള്‍ രണ്ടുപേരും കൂടിയാലോചിച്ച് വേണം മുന്നോട്ടുള്ള ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളുമെടുക്കാന്‍.
സീരിയലിലേക്കെത്തിയത്?
പുതിയ സിനിമകള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോഴാണ് മധുപാല്‍സാര്‍ ഇങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി പറയുന്നത്. ഇതിനു മുന്‍പും സീരിയലിലേക്ക് ഓഫര്‍ വന്നത് പക്ഷേ ചെയ്യണമെന്ന് തോന്നിയിട്ടില്ല. എന്നെ കണ്ടാണ് മധുസാര്‍ ആ കഥാപാത്രം എഴുതിയതെന്ന് പറഞ്ഞപ്പോള്‍ ഒന്നും ആലോചിച്ചില്ല. കഥ കേട്ടപ്പോള്‍ ഒത്തിരി ഇഷ്‌ടപ്പെട്ടു. ഞാന്‍ സിനിമയില്‍ ചെയ്യാനാഗ്രഹിച്ച എല്ലാ കഥാപാത്രങ്ങളും ചേരുന്നതാണ് 'ദൈവത്തിന് സ്വന്തം ദേവൂട്ടി' എന്ന സീരിയല്‍. ബോള്‍ഡായുള്ള ഒരു പെണ്‍കുട്ടി, അതിലുപരി അവളൊരു അഡ്വക്കേറ്റാണ് , സാമൂഹ്യപ്രവര്‍ത്തകയാണ്. വിവാഹശേഷം അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. അങ്ങനെ എല്ലാം. ഒരു പെണ്‍കുട്ടിയുടെ ജീവിതം മുഴുവനായി കാണിക്കുന്ന കഥാപാത്രം. മധുസാര്‍ ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഇഷ്‌ടം തോന്നി. നമ്മുടെ ജീവിതവുമായി ഒരുപാട് ബന്ധമുള്ളതു പോലെ തോന്നി. ആ കഥാപാത്രത്തെ കൂടുതല്‍ അറിഞ്ഞപ്പോള്‍ കരയാന്‍ ഗ്ലിസറിന്‍പോലും വേണ്ടിവന്നിട്ടില്ല. പഠനകാലം മുതല്‍ അമ്മയാകുന്നവരെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും കൂടി ആ കഥാപാത്രം പോകുന്നുണ്ട്. എന്നെ വീട്ടമ്മമാരോട് കൂടുതല്‍ അടുപ്പിക്കാന്‍ ഈ കഥാപാത്രം കാരണമായി.
യുവതാരങ്ങളില്‍ ഉള്‍പ്പെടുന്നയാളാണല്ലോ ധന്യ, സിനിമയില്‍ സൂപ്പള്‍സ്‌റ്റാറുകള്‍ വഴിമാറികൊടുക്കണമെന്ന തോന്നലുണ്ടോ ? ആരും ആര്‍ക്കും വേണ്ടി വഴിമാറികൊടുക്കാറില്ലല്ലോ. പഴയസിനിമാ താരങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഉള്ളില്‍ ജീവിക്കുന്നത് അവര്‍ സ്‌ക്രീനിനു മുന്നില്‍ ചെയ്‌ത കഥാപാത്രങ്ങളുടെ മികവു കൊണ്ടാണ്. യുവതാരങ്ങളായ ഞങ്ങളോരോരുത്തരുടേയും റോള്‍ മോഡല്‍ പോലും പഴയ താരങ്ങളാണ്. അവര്‍ ചെയ്‌ത ഓരോ കഥാപാത്രങ്ങളും ഇപ്പോള്‍ കിട്ടിയാല്‍ ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് പലരും.അവര്‍ക്ക് കഴിവുള്ളതു കൊണ്ടാണല്ലോ ഇത്രയും നാള്‍ ഇന്‍ഡസ്‌ട്രിയില്‍ പിടിച്ചു നിന്നത്. എന്റെ അമ്മ ചിലപ്പോള്‍ പറയാറുള്ളതു പോലെ ''പച്ച ഇല പലപ്പോഴും മറന്നു പോകും അവരും നാളെ പഴുത്ത് വീഴും എന്നത് ''.
ധന്യ സിനിമയില്‍ ചെയ്യാനാഗ്രഹിച്ച കഥാപാത്രം?
ശോഭനച്ചേച്ചിയുടെ മണിച്ചിത്രത്താഴിലെ കഥാപാത്രം എന്നെ ഒരുപാട് സ്വാധീനിച്ചതാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ മനസ്സിനോട് ഇണങ്ങി നില്‍ക്കുന്ന ഒരുപാട് പഴയ കഥാപാത്രങ്ങളുണ്ട്. പിന്നെ ഇപ്പോ സീരിയലില്‍ ചെയ്യുന്ന ദേവൂട്ടി ഒത്തിരി ഇഷ്‌ടമാണ്. ആ പേരിനോടും ഒരു വല്ലാത്ത അടുപ്പമുണ്ട്.
കുടുംബം?
അച്‌ഛന്‍ വര്‍ഗീസ്, ബിസ്സിനസ്സാണ്. അമ്മ ഷീബ, എന്റെ സുഹൃത്തും സന്തത സഹചാരിയും. എല്ലാ സെറ്റിലും എന്നോടൊപ്പം വരാറുള്ളത് അമ്മയായിരുന്നു. അനിയന്‍ ഡിക്‌സണ്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നു. സിനിമയില്‍ ഞാന്‍ അഭിനയിച്ചതിന് ആദ്യം എതിര്‍ത്തതും പിന്നീട് സപ്പോര്‍ട്ടു ചെയ്‌തതും അവനാണ്.
ജോണിന്റെ വീട്ടില്‍ പപ്പയും മമ്മിയും അനിയനുമുണ്ട്.
ധന്യയുടെ ഇഷ്‌ടങ്ങള്‍? സിനിമാതാരങ്ങളില്‍ ശ്രീദേവി, മാധുരി, ശോഭന. പിന്നെ അമിതാഭ് ബച്ചനും, ഷാരൂഖ് ഖാനും, അമീറും.
അപ്പോ ജോണോ ?
(മറുപടി ചിരിയായിരുന്നു.പിന്നെ ഉത്തരത്തിലേക്ക്). അതെന്റെ സ്വകാര്യ ഇഷ്‌ടമല്ലേ. ഇപ്പോള്‍ എല്ലാത്തിനും മുന്നില്‍ ജോണ്‍ തന്നെയാണ്. (ധന്യ ബാക്കി മറുപടിയിലേക്ക്..)
നിറങ്ങളില്‍ ഇഷ്‌ടം വെള്ളയാണ്. പക്ഷേ കൂടുതല്‍ ഡ്രസ്സുള്ളത് ബ്ലാക്ക് കളറാണ്. ഇഷ്‌ട വേഷം സാരിയാണ്. ഇഷ്‌ടമുള്ള സ്‌ഥലം സ്വിറ്റ്‌സര്‍ലാന്‍ഡ്. പക്ഷേ ഇപ്പോള്‍ ഏറ്റവും ഇഷ്‌ടം കൂത്താട്ടുകുളമാണ്. എവിടെ പോയാലും തിരിച്ച് വീട്ടിലെത്തി കഴിഞ്ഞാലേ ഒരു സുഖമുള്ളു. ഭക്ഷണത്തില്‍ അമ്മ ഉണ്ടാക്കുന്ന കപ്പ വേവിച്ചതും മീന്‍ കറിയുമാണ് ഏറ്റവും പ്രിയം.സ്വീറ്റ്‌സില്‍ ഐസ്‌ക്രീം.
റിലീസിംഗ് കാത്തിരിക്കുന്ന ചിത്രങ്ങള്‍?
എന്നെന്നും ഓര്‍മ്മയ്‌ക്കായ്. രതിനിര്‍വ്വേദം ഫെയിം ശ്രീജിത്താണ് ഇതില്‍ നായകന്‍. മറ്റൊരു ചിത്രം പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍ . ജാക്കി ഷേറോഫ് മുഖ്യ കഥാപാത്രമാകുന്ന മലയാള ചിത്രം. ചിത്രത്തില്‍ ഹനീഷ് ഖാനിയാണ് എന്റെ നായകന്‍. അതൊരു സസ്‌പെന്‍സ് ലൗ സ്‌റ്റോറിയാണ്.
ഇപ്പോള്‍ സിനിമയില്‍ നിന്ന് വിവാഹജീവിതത്തിലേക്ക്. സിനിമ തന്ന വലിയ സമ്മാനമെന്ത് ?
ജോണിനെ ജീവിതപങ്കാളിയായി കിട്ടാന്‍ സിനിമ ഒരു കാരണമാണ്. അതൊരു വലിയ സമ്മാനമല്ലേ. പേരും പ്രശസ്‌തിയും നല്‍കിയത് സിനിമയാണ്. നാലാളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതും സിനിമയിലൂടെയാണ്. മോഡലിംഗില്‍ നിന്നും നൃത്തത്തില്‍ നിന്നും മറ്റൊരു കലയെ തിരിച്ചറിഞ്ഞതും സിനിമ എന്ന സംരംഭത്തിലൂടെയാണ്. പക്ഷേ ഒരു സങ്കടമുണ്ട്. സിനിമാരംഗത്ത് എത്തിയപ്പോഴുണ്ടായിരുന്ന ഒരു വലിയ ആഗ്രഹമായിരുന്നു എന്റെ വരുമാനം കൊണ്ട് ലോകം മുഴുവന്‍ ചുറ്റിക്കാണുക എന്നത്. പക്ഷേ അത് നടന്നില്ല. എങ്കിലും അതിലും വലുതാണല്ലോ ദൈവം തന്നതെന്ന സന്തോഷവുമുണ്ട്.
ലോകം മുഴുവന്‍ ചുറ്റിക്കാണാനുള്ള ധന്യയുടെ ആഗ്രഹം ജോണിലൂടെ സാധിക്കട്ടെ എന്നാശംസിക്കാം.. |
No comments:
Post a Comment