Tuesday 7 February 2012

Re: [www.keralites.net] ക്രിസ്തുവാണ് ശരി, മാര്‍ക്സ് തുലയെട്ടെ; പിണറായിയുടെ പുത്തന്‍ വൈരുദ്ധ്യാത്മിക സിദ്ധാന്തം

 


From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, 4 February 2012 2:43 PM
Subject: [www.keralites.net] ക്രിസ്തുവാണ് ശരി, മാര്‍ക്സ് തുലയെട്ടെ; പിണറായിയുടെ പുത്തന്‍ വൈരുദ്ധ്യാത്മിക സിദ്ധാന്തം
 
Fun & Info @ Keralites.net

പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദം വഹിച്ചിരുന്ന കാലഘട്ടം സി.പി.എമ്മിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. ഇ.പി. ജയരാജന്റെ ഭാഷ കടമെടുത്താല്‍ 'പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ചുകൊണ്ടിരുന്ന സഖാക്കളെ, പിസയും കോളയും കഴിക്കുന്ന സു(സ)ഖാക്കളായി ജീവിക്കാന്‍' പിണറായി കാലഘട്ടമാണ് പര്യാപ്തമാക്കിയത്. സാമ്പത്തിക രംഗത്ത് വിദേശ നിക്ഷേപം പറ്റുമോയെന്ന് സി.പി.എം ദേശീയ സമിതി ആലോചിച്ചിരുന്ന കാലത്ത് എസ്.എന്‍.സി ലാവ്‌ലിനെ ആകര്‍ഷിച്ച് കേരളത്തില്‍ നിക്ഷേപിക്കാം എന്നു പറയിപ്പിച്ചതും അദ്ദേഹമാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കും ഷോപ്പിങ് മാളുമെല്ലാം ഉള്ളയൊരു കോര്‍പറേറ്റ് സംവിധാനമായി പാര്‍ട്ടിയെ മാറ്റിയെടുത്തത് അദ്ദേഹമാണ്. സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറുമെല്ലാം പാര്‍ട്ടി തണലില്‍ നീങ്ങിയതും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വഴിയാണ്. ഇപ്പോഴിതാ വിശ്വാസപരമായ കാര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയായ യേശുക്രിസ്തുവിനെ കമ്യൂണിസ്റ്റുകാര്‍ എക്കാലവും ആദരിക്കുന്നുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്ന്‌ ‍ പിണറായി വ്യക്തമാക്കി. കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. അതില്‍ ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മതമൂല്യങ്ങള്‍ അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അനീതിക്കുമെതിരായ ആശയ പോരാട്ടമായിരുന്നെന്നും അതുകൊണ്ട് ആത്മീയമായ കാര്യങ്ങള്‍ക്കുമപ്പുറം പരസ്പരസഹകരണം വളരേണ്ടതുണ്ടെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ കമ്യൂണിസവും ക്രിസ്തുമതവും സഹകരിക്കണമെന്ന ചിന്ത ലോകത്താകെ പടര്‍ന്ന കാലം കൂടിയാണിതെന്നും വിമോചന ദൈവശാസ്ത്രം വിവക്ഷിക്കുന്നത് അതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. അന്നത്തെ വ്യവസ്ഥാപിതസംവിധാനത്തിനും അതിന് കൂട്ടുനിന്ന പൗരോഹിത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്തതിനാലാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന കാലത്തുമാത്രമേ ധനവാന് സ്വര്‍ഗരാജ്യത്തെത്താന്‍ കഴിയൂ എന്ന് ക്രിസ്തു പറഞ്ഞു. ഇത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും വിമോചനത്തിന്റെ ശബ്ദമാണ്. ഇങ്ങനെ പ്രതിഷേധിച്ച ക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ 'മാര്‍ക്‌സാണു ശരി എന്ന പേരില്‍ നടക്കുന്ന ചരിത്ര-ചിത്ര പ്രദര്‍ശനത്തിലാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെയും സ്ഥാപിച്ചത്. വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുകയും ഒടുവില്‍ ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് സി.പി.എം അവതരിപ്പിക്കുന്നത്.

ലോകകമ്മ്യൂണിസത്തിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ പട്ടികയിലാണ് യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്; 'ജനനം ബിസി ഏഴിനും രണ്ടിനും ഇടയില്‍. യൂദയായിലെ ബത്‌ലഹേമില്‍ ആശാരിപ്പണിക്കാരനായ ഔസേപ്പും മറിയയും മാതാപിതാക്കള്‍. 30-ാം വയസ്സില്‍ സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. യഹൂദരെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായി. യേശുവിന്റെ പ്രചാരണവും ഉദ്‌ബോധനങ്ങളും അക്കാലത്തെ മതനേതൃത്വത്തിനു രസിച്ചില്ല. ജറുസലമിലെ ജനതയെ ആധുനിക ജീവിതരീതി പരിശീലിപ്പിച്ചു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തു. മതനേതൃത്വത്തിന്റെ പിന്തുണയോടെ റോമാ ഭരണകൂടം എഡി 26-36 ല്‍ കുരിശിലേറ്റി കൊലപ്പെടുത്തി.

സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ സീറോ മലബാര്‍ സഭാ നേതൃത്വം രംഗത്ത് വന്നു. സ്വന്തം ആചാര്യന്‍മാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ചിത്രം സി.പി.എം ഉപയോഗിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു. സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ജനങ്ങളിലേക്ക് എത്താനാവില്ല. നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് സി.പി.എം നടത്തുന്നത്. ഇത് വര്‍ഗസമരത്തില്‍ നിന്നും ഭൗതികവാദത്തില്‍ നിന്നുമുള്ള തിരിച്ചുപോക്കാണെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ വളരെ ശക്തമായ പ്രതികരണമാണ് മാര്‍ ജോസഫ് പൗവത്തില്‍ നടത്തിയത്. ഒരേസമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന വൈരുധ്യാത്മക നിലപാടാണു പ്രത്യയശാസ്ത്രക്കാരുടേതെന്നു വീണ്ടും തെളിയിക്കുന്നതാണു പാര്‍ട്ടി ആസൂത്രണം ചെയ്ത പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച നടപടിയെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

'മാര്‍ക്‌സാണു ശരി' ശീര്‍ഷകത്തിലുളള പ്രദര്‍ശനത്തില്‍ വൈരുധ്യാത്മക ഭൗതികവാദത്തിനു കടകവിരുദ്ധമായ സ്‌നേഹത്തിന്റെയും മതവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വഴികാണിച്ച യേശുവിനെ പ്രതിഷ്ഠിക്കുക വഴി മാര്‍ക്‌സ് തെറ്റായിരുന്നുവെന്നു പരോക്ഷമായി സമര്‍ഥിക്കുകയാണു ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസത്തെ സമൂഹത്തില്‍ നിന്നു പുറത്താക്കാന്‍ ഒരു നൂറ്റാണേ്ടാളം ക്രൈസ്തവരെ പീഡിപ്പിക്കുകയും അനേകായിരം വിശ്വാസികളെ ക്രൂരമായി കൊന്നൊടുക്കുകയും ചെയ്ത പ്രത്യയശാസ്ത്രക്കാര്‍ ഇപ്പോള്‍ യേശുവിനെ തങ്ങളുടെ പ്രദര്‍ശനവസ്തുവാക്കുന്നതു വിചിത്രമാണ്. അവരുടെ അടവു നയത്തിന്റെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ -മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

പാര്‍ട്ടി മതത്തിനെതിരല്ല എന്നു പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ശാസിക്കുകയും പാര്‍ട്ടിയംഗങ്ങള്‍ മതവിശ്വാസം വെടിയണമെന്നു പാര്‍ട്ടിസെക്രട്ടറി ലേഖനം എഴുതുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെയും സ്ഥിതി. സ്വാശ്രയസ്ഥാപനങ്ങള്‍ പാടില്ലായിരുന്നു എന്നു വിലപിച്ച, കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച, പാര്‍ട്ടിയുടെ കഴിഞ്ഞ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ (215) കേരളത്തില്‍ അനുവദിച്ചതെന്നതും വൈരുധ്യങ്ങളുടെ ഭാഗമാണെന്നു മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും ഭരണവും രണ്ടായിരിക്കണമെന്ന് അടുത്തകാലത്തു പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറി അവിടെയും മാര്‍ക്‌സ് തോറ്റിരിക്കുന്നുവെന്ന് അംഗീകരിക്കുന്നു. വിചിത്രമായ വാദഗതികളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നു കരുതുന്നതു വിഡ്ഢിത്തമാണെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു.

പിണറായിയുടെ ക്രിസ്തു നിലപാട് പിറവം ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ളതാകുമെന്ന് കരുതപ്പെടുന്നു. അതുകഴിഞ്ഞാല്‍ വീണ്ടും ബിഷപ്പുമാര്‍ക്ക് നേരേ നികൃഷ്ടജീവി പ്രഖ്യാപനം നടത്താന്‍ അദ്ദേഹം മടികാണിച്ചേക്കില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment