Wednesday 15 February 2012

[www.keralites.net] 333 വര്‍ഷംമുമ്പ് സംഭവിച്ചത്‌

 

333 വര്‍ഷംമുമ്പ് സംഭവിച്ചത്‌

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന മഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് 333 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ പഠനത്തിനും വിവര്‍ത്തനത്തിനുമായി സ്വജീവിതം സമര്‍പ്പിച്ച ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്റെ അതുല്യമായ ജീവിതത്തിന്റെ നാള്‍വഴികളാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഹരിതഭൂപടം' എന്ന കൃതിയില്‍ . 'ഹരിതഭൂപട'ത്തില്‍ നിന്ന് ഒരു ഭാഗം ചുവടെ.



ഏതാണ് കൂടുതല്‍ ഫലഭൂയിഷ്ടമായ പ്രദേശം- മലബാറോ സിലോണോ? ഇങ്ങനെയൊരു ചോദ്യംതന്നെ എത്ര അപ്രസക്തമാണെന്ന് നമുക്കറിയാം. കേരളമെന്നും ശ്രീലങ്കയെന്നും ഇന്നറിയപ്പെടുന്ന ഈ പ്രദേശങ്ങള്‍ ഓരോന്നും അവയുടേതായ നിലയില്‍ ഫലഭൂയിഷ്ടങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മൂന്നു നൂറ്റാണ്ടു മുമ്പ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉന്നതരായ അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സും, മലബാര്‍ കമാണ്ടര്‍ ഹെന്‍ട്രിക് ആന്‍ഡ്രിയന്‍ വാന്‍ റീഡും തമ്മില്‍ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതത്ര അപ്രസക്തമായ ഒന്നായി ആരും കണ്ടില്ല. മറിച്ച്, ഡച്ച് കൊളോണിയല്‍ ചേരിയെ പിടിച്ചു കുലുക്കാന്‍ പോന്ന ഒരു രാഷ്ട്രീയപ്രശ്‌നമായി അത് വളര്‍ന്നു. കമ്പനിയുടെ നേതൃത്വത്തെപ്പോലും ആ വിവാദം ധര്‍മസങ്കടത്തിലാക്കി. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള വാന്‍ റീഡിന്റെ രാജിയില്‍ കലാശിച്ച ആ തര്‍ക്കത്തിന്റെ യഥാര്‍ഥ ഫലം ശരിക്കു പറഞ്ഞാല്‍ ഇതൊന്നുമായിരുന്നില്ല. തര്‍ക്കമില്ലാത്ത വിധം മഹത്തായ ഒരു വിശിഷ്ടഗ്രന്ഥത്തിന്റെ രൂപത്തില്‍ അതിന്നും നമുക്ക് മുന്നിലുണ്ട്. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ആണ് ആ ഗ്രന്ഥം. മലബാറാണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശമെന്ന് സ്ഥാപിക്കാന്‍, ഇവിടെ കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയായി വാന്‍ റീഡ് അണിയിച്ചൊരുക്കിയ ആ ഗ്രന്ഥത്തിലാണ് മലയാള അക്ഷരങ്ങള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത്. ഒരു ഉഷ്ണമേഖലാ പ്രദേശത്തെ, പ്രത്യേകിച്ചും കേരളത്തിലെ, പ്രകൃതിസമ്പത്തിനെക്കുറിച്ച് തയ്യാറാക്കപ്പെട്ട ആദ്യ ആധികാരികഗ്രന്ഥവും മറ്റൊന്നല്ല.

ലാറ്റിന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഹോര്‍ത്തൂസ് 1678-1693 കാലത്ത് 12 വാല്യങ്ങളായി ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പുറത്തിറങ്ങിയതെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. മുന്നൂറ് വര്‍ഷം കഴിഞ്ഞും സസ്യശാസ്ത്രജ്ഞരെ അമ്പരിപ്പിക്കാനും അതിശയിപ്പിക്കാനും പോന്ന വിഭവങ്ങള്‍ ഹോര്‍ത്തൂസില്‍ 742 അധ്യായങ്ങളിലായി വാന്‍ റീഡ് ഒരുക്കിവെച്ചു. ഒരോ അധ്യായവും കേരളത്തില്‍ വളരുന്ന ഓരോ ചെടികളെക്കുറിച്ചുള്ള വിവരണമാണ്, സചിത്ര വിവരണം. ഇരട്ടഫോളിയോ വലിപ്പത്തിലുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ അകമ്പടിയോടെ, ഫോളിയോ വലിപ്പത്തില്‍ പുറത്തിറങ്ങിയ ഹോര്‍ത്തൂസ് ഏത് മാനദണ്ഡമനുസരിച്ച് അളന്നാലും ഇതിഹാസതുല്യമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അത്തരമൊരു ഗ്രന്ഥം തയ്യാറാക്കാന്‍ വാന്‍ റീഡ് നടത്തിയ ശ്രമവും ഇതിഹാസതുല്യം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. മറിയന്‍ ഫൗര്‍ണിയറുടെ വാക്കുകള്‍ കടമെടുത്താല്‍, 'ഇന്ത്യക്കാര്‍, പശ്ചാത്യര്‍, സസ്യശാസ്ത്രജ്ഞര്‍, വൈദികര്‍, ശിപായിമാര്‍, സൈനികര്‍ - എന്നിങ്ങനെ വൈവിധ്യമേറിയ ജീവിത പശ്ചാത്തലമുള്ള ഒട്ടനേകം പേരെ, അക്കാലത്ത് ആറ് മാസം കൊണ്ടുമാത്രം യാത്ര ചെയ്‌തെത്താവുന്ന രണ്ട് സ്ഥലങ്ങളില്‍ (രണ്ട് ഭൂഖണ്ഡങ്ങളില്‍), സഹകരിപ്പിക്കുക'യെന്ന തികച്ചും അസാധ്യമെന്ന് കരുതാവുന്ന ദൗത്യമാണ് ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വാന്‍ റീഡിന് നിര്‍വഹിക്കേണ്ടിയിരുന്നത്. മലബാറിനെയും ഇവിടുത്തെ ജനങ്ങളെയും ഏറെ വിലമതിച്ച വാന്‍ റീഡ് യഥാര്‍ത്തില്‍ ഭാവിക്ക് വേണ്ടി ഒരുക്കിവെച്ച ഒരു സമ്മാനമായിരുന്നു ആ ഗ്രന്ഥം. അതിന് അന്നത്തെ രാഷ്ട്രീയസാഹചര്യം നിമിത്തമായി എന്നുമാത്രം.

സസ്യശാസ്ത്ര വിദ്യാര്‍ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാള ഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണ സങ്കേതങ്ങളുടെയും വികാസപരിണാമം തേടിപ്പോകുന്നവര്‍ - ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്ന് പറയാനാകില്ല. ഈ മേഖലയിലെല്ലാം വിലപ്പെട്ട ഉള്‍ക്കാഴ്ച്ച നല്‍കാന്‍ പോന്ന ഗ്രന്ഥമാണിത്. അതുകൊണ്ടും തീരുന്നില്ല ഹോര്‍ത്തൂസ് മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍. പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലും ഇന്ത്യയില്‍ പൊതുവെയും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മലയാള ഭാഷയുടെ മാത്രമല്ല, കൊങ്കിണി ഭാഷയുടെയും ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഹോര്‍ത്തൂസ്. അറിബി ഭാഷയുടെ ചരിത്രത്തെക്കുറിച്ചും അത് പുതിയ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നു. മലബാറിലെ ചെടികളെക്കുറിച്ചുള്ള ആ ഗ്രന്ഥം, ഇന്ത്യയിലെയും നെതര്‍ലന്‍ഡ്‌സിലെയും രാഷ്ട്രീയചരിത്രത്തില്‍ അടയാളം പതിപ്പിക്കുക മാത്രമല്ല, മലബാറിലെ പ്രകൃതിവിഭവങ്ങള്‍ എത്ര സമ്പന്നമാണെന്ന് പറഞ്ഞുവെയ്ക്കുക വഴി ഡച്ചുകാര്‍ക്ക് പിന്നാലെ ഇതര യൂറോപ്യന്‍ ശക്തികള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ പ്രലോഭനമാകുകയും ചെയ്തിരിക്കണം. ചരിത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോല കൊടിയടയാളം പതിപ്പിച്ച ഇത്തരമൊരു സസ്യശാസ്ത്രഗ്രന്ഥം അധികം കാണാന്‍ വഴിയില്ല. ഇങ്ങനെയൊരു ബൃഹത്ഗ്രന്ഥം തയ്യാറാക്കുന്നതിലേക്ക് വാന്‍ റീഡ് എത്തിച്ചേര്‍ന്നത് എങ്ങനെയെന്നറിയാന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഹൃസ്വമായ രീതിയില്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കാന്‍ വേണ്ട യോഗ്യതയുള്ള വിദഗ്ധനായിരുന്നില്ല വാന്‍ റീഡ്. അത് അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട് . ഡച്ച് റിപ്പബ്ലിക്കില്‍ കാര്യമായി സ്വാധീനം ചെലുത്തിയിരുന്ന ഒരു കുലീന പ്രഭു കുടുംബത്തിലെ അംഗമായിരുന്നു വാന്‍ റീഡ്. ആംസറ്റര്‍ഡാമില്‍ 1636 ല്‍ ജനിച്ച അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം പോലും കാര്യമായി ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഏണസ്റ്റ് വാന്‍ റീഡിന്റെയും എലിസബത്ത് യുട്ടെന്‍ഹൊവിന്റെയും 12 മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു വാന്‍ റീഡ്. കുടുംബക്കാര്‍ പരമ്പരാഗതമായി ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായിരുന്നെങ്കിലും, ഏണസ്റ്റ് വാന്‍ റീഡ് 'അര്‍മിനിയനിസം' (Arminianism) എന്ന വിശ്വാസരീതി പിന്തുടരുന്ന വ്യക്തിയായിരുന്നു. ഇതര വിശ്വാസികളോട് തുറന്ന മനസോടെയുള്ള സമീപനമായിരുന്നു അര്‍മിനിയന്‍സുകളുടെ സവിശേഷത. പില്‍ക്കാലത്ത് കൊച്ചിയില്‍ ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വിവിധ വിശ്വാസധാരയില്‍ പെട്ടവരെ സഹകരിപ്പിക്കാന്‍, പിതാവ് വഴി കുടുംബത്തിന് ലഭിച്ച തുറന്ന സമീപനരീതി വാന്‍ റീഡിനെ സഹായിച്ചിട്ടുണ്ടാകണം. വാന്‍ റീഡിന് ഒരു വയസുള്ളപ്പോള്‍ മാതാവ് എലിസബത്തും നാലാമത്തെ വയസ്സില്‍ പിതാവ് ഏണസ്റ്റും മരിച്ചു. കുട്ടികളുടെ സംരക്ഷണ ചുമതല അമ്മാവന്‍ ഗൊദാര്‍ദ് വാന്‍ റീഡ് വാന്‍ നെഡര്‍ഹോസ്റ്റിന്റെ ചുമലിലായി. വാന്‍ റീഡിന് 12 വയസുള്ളപ്പോള്‍ അമ്മാവനും മരിച്ചു. പിന്നീട് മൂത്ത സഹോദരന്‍ ജെറാര്‍ദിനായി മേല്‍നോട്ടം. ഇത്തരം ചില വസ്തുതകളല്ലാതെ, വാന്‍ റീഡിന്റെ ബാല്യകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പതിനാലാം വയസില്‍ താന്‍ വീടുവിടുകയും വിദേശപര്യടനം ആരംഭിക്കുകയും ചെയ്തതായി വാന്‍ റീഡ് പില്‍ക്കാലത്ത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, അതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. വീടുവിട്ട വാന്‍ റീഡ് ഇരുപതാം വയസില്‍, 1656 ല്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ സൈനികനായി ചേര്‍ന്നു. കുറച്ച് വര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍, വാന്‍ റീഡിന്റെ ശിഷ്ടജീവിതം മുഴുവന്‍ കമ്പനിയുടെ സേവനത്തിനുള്ളതായിരുന്നു.

ലോകത്തെ ഏറ്റവും പ്രതാപമുള്ള കോര്‍പ്പറേഷനായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി പരിണമിക്കുന്ന സമയത്താണ് വാന്‍ റീഡ് അതില്‍ ചേരുന്നത്. 1602 ല്‍ ലോകത്തെ ആദ്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനായി നിലവില്‍ വന്ന ആ കമ്പനി 1670 ഓടെ ഭൂമുഖത്തെ ഏറ്റവും പ്രതാപമേറിയ കമ്പനിയായി വളര്‍ന്നു. ഓഹരിയുടമകള്‍ക്ക് പ്രതിവര്‍ഷം 40 ശതമാനം ലാഭവിഹിതം നല്‍കാന്‍ പോന്നത്ര ഉന്നത നിലയിലായി അപ്പോഴേക്കും കമ്പനി. ആ സമയത്ത് കമ്പനിക്ക് കീഴില്‍ അരലക്ഷം ജീവനക്കാരും 30000 സൈനികരും 200 കപ്പലുകളും ഉണ്ടായിരുന്നു. ഏഷ്യയില്‍ സുഗന്ധദ്രവ്യക്കച്ചവടത്തെ സംബന്ധിച്ച് രണ്ട് സുപ്രധാന കേന്ദ്രങ്ങള്‍ -സിലോണും മലബാറും-പോര്‍ച്ചുഗീസുകാരുടെ അധീനതയില്‍ നിന്ന് ഡച്ചുകാര്‍ വരുതിയിലാക്കിയ സമയമാണത്. സിലോണിലും മലബാറിലും ഡച്ച് മേധാവിത്വമുറപ്പിച്ച അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സിന് കീഴിലായിരുന്നു സൈനികന്‍ എന്ന നിലയ്ക്ക് വാന്‍ റീഡ് നിയമിക്കപ്പെട്ടത്. കിഴക്കന്‍ മേഖല കീഴടക്കാന്‍ അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ 1656 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ഡച്ച് തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട കപ്പലുകളിലൊന്നില്‍ വാന്‍ റീഡും തന്റെ സമുദ്രസഞ്ചാരം ആരംഭിച്ചു. ആദ്യം ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പിലും (Cape of Good Hope), അവിടെ നിന്ന് 1657 മെയ്-ആഗസ്ത് സമയത്ത് ബട്ടേവ്യയിലും (ഇപ്പോഴത്തെ ജക്കാര്‍ത്ത) കപ്പലുകള്‍ എത്തി. വാന്‍ ഗൊന്‍സ് സഞ്ചരിച്ചിരുന്ന പതാകവാഹക കപ്പലായ 'ഒരാന്‍ജെ'യില്‍ തന്നെയാകാം വാന്‍ റീഡും ഉണ്ടായിരുന്നതെന്നും, അഡ്മിറലുമായി അടുപ്പമുണ്ടാക്കാന്‍ അത് വാന്‍ റീഡിന് അവസരമൊരുക്കിയിരിക്കാമെന്നും ഹെനിഗര്‍ അഭിപ്രായപ്പെടുന്നു. ഏങ്ങനെയായിരുന്നാലും, സൈനികനെന്ന നിലയ്ക്ക് വാന്‍ റീഡിന്റെ പ്രവര്‍ത്തനത്തെ വാന്‍ ഗൊന്‍സ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് തെളിവാണ് ആ യുവസൈനികന് തുടരെ ലഭിച്ച സ്ഥാനക്കയറ്റങ്ങളും പദവികളും.

1658-1663 കാലത്താണ് പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്ന് മലബാര്‍ പിടിച്ചെടുക്കാനുള്ള സൈനികനീക്കം അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മലബാര്‍ ആക്രമണങ്ങളില്‍ വാന്‍ ഗൊന്‍സിന്റെ തന്ത്രങ്ങള്‍ക്ക് വാന്‍ റീഡ് മികച്ച പിന്തുണ നല്‍കി. ആ കാലയളവില്‍ ഡച്ച് സേന മലബാര്‍ തീരത്ത് അഞ്ച് ആക്രമണങ്ങള്‍ നടത്തി. ആദ്യത്തെ മൂന്നെണ്ണം അത്ര വിജയകരമായിരുന്നില്ലെങ്കിലും, നാലാമത്തെ ആക്രമണവേളയില്‍ ഒരു നിര്‍ണായക മുന്നേറ്റം ഡച്ചുകാര്‍ക്ക് സാധ്യമായി. കൊച്ചിയുടെ കിരീടാവകാശി വീര കേരളവര്‍മ അപ്പോഴേക്കും ഡച്ച് പക്ഷത്ത് ചേര്‍ന്നിരുന്നു. പോര്‍ച്ചുഗീസുകാരുടെ പിന്തുണയോടെ കൊച്ചി രാജാവ് രാമവര്‍മ ഡച്ച് സേനയ്‌ക്കെതിരെ പൊരുതി. 1662 ഫിബ്രവരി ആദ്യവാരത്തില്‍ നടന്ന രക്തരൂക്ഷിതമായ പോരാട്ടത്തില്‍ രാമവര്‍മ രാജാവും രണ്ട് സഹോദരന്‍മാരും കൊല്ലപ്പെട്ടു. എന്നാല്‍, രാജ്ഞി ഗംഗാധര ലക്ഷ്മിയെ വാന്‍ ഗൊന്‍സിന്റെ നിര്‍ദേശപ്രകാരം വാന്‍ റീഡ് സാഹസികമായി മരണത്തില്‍ നിന്ന് രക്ഷിച്ച് തടവിലാക്കി. 1661 ല്‍ ലഫ്ടനന്റ് പദവിയിലേക്കുയര്‍ന്ന വാന്‍ റീഡിന്, റാണി ഗംഗാധര ലക്ഷ്മിയെ ജീവനോടെ പിടികൂടിയാല്‍ ക്യാപ്ടന്‍ സ്ഥാനം വാന്‍ ഗൊന്‍സ് വാഗ്ദാനം ചെയ്തിരുന്നു. രാജാവ് കൊല്ലപ്പെട്ടതിനാല്‍ രാജ്യത്തിന്റെ അനന്തരവകാശിയെ നിശ്ചയിക്കുന്നതിലും, ഭാവിയിലെ ഡച്ച് ബന്ധങ്ങളിലും റാണിക്ക് വലിയ സ്വാധീനം ചെലുത്താനാകുമായിരുന്നു. അതിനാല്‍, വാന്‍ റീഡിന്റെ നേട്ടം കമ്പനിയെ സംബന്ധിച്ച് ഏറെ വിലമതിക്കുന്നതായി.

നാലാമത്തെ സൈനിക നടപടിയില്‍ പോര്‍ച്ചുഗീസുകാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാന്‍ സാധിച്ചെങ്കിലും, കൊച്ചി കോട്ട പിടിക്കാന്‍ ഡച്ച് സേനയ്ക്ക് കഴിഞ്ഞില്ല. അതിന് അഞ്ചാമതൊരു സൈനിക നീക്കം വേണ്ടിവന്നു. നിര്‍ണായകമായ ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് വാന്‍ റീഡായിരുന്നു. 1663 ജനവരി ഏഴിന് കൊച്ചിയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചു, കൊച്ചികോട്ട ഡച്ച് അധീനതയിലായി. യൂറോപ്യന്‍ വംശജരായ റോമന്‍ കത്തോലിക്കാ വൈദികരുള്‍പ്പടെ പോര്‍ച്ചുഗീസുകാരായ എല്ലാവരും കൊച്ചി വിട്ടുപോകാനായിരുന്നു കീഴടങ്ങല്‍ ഉപാധി. കൊച്ചി കീഴടക്കി മലബാറില്‍ ആധിപത്യമുറപ്പിക്കാന്‍ സാധിച്ചെങ്കിലും, തങ്ങളുടെ പക്ഷത്ത് ചേര്‍ന്ന കൊച്ചി കിരീടാവകാശി വീര കേരളവര്‍മയെ അധികാരത്തിലെത്തിക്കാന്‍ ഡച്ചുകാര്‍ക്ക് സാധിച്ചില്ല. അദ്ദേഹം അസുഖം മൂലം അകാലത്തില്‍ മരിച്ചു. മരിച്ചയാളുടെ സഹോദരനെ (അദ്ദേഹവും വീര കേരളവര്‍മ എന്നാണറിയപ്പെട്ടത്) കിരീടാവകാശിയായി റാണി അംഗീകരിച്ചത് ഭാഗ്യമായി. 1663 മാര്‍ച്ച് ആറിന് കൊച്ചി രാജാവായി വീര കേരളവര്‍മയെ വാഴിച്ചു (66). വാന്‍ റീഡിനെ സംബന്ധിച്ച് മറ്റൊരര്‍ഥത്തിലും പ്രധാന്യമര്‍ഹിക്കുന്നതായിരുന്നു മലബാറിലെ സൈനിക നടപടിയുടെ കാലഘട്ടം. മലബാറിലെ ജനങ്ങളുമായി, പ്രത്യേകിച്ചും വിവിധ പ്രദേശങ്ങളിലെ അധികാരികളുമായി അദ്ദേഹത്തിന് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത് ആ സമയത്താണ്.

1663 ല്‍ ഡച്ച് മേധാവിത്വം ഉറപ്പിച്ചയുടന്‍ തന്നെ, കമാണ്ടര്‍ വാന്‍ ഗൊന്‍സിന്റെ അനുഗ്രഹാശിസുകളോടെ മലബാര്‍ കൗണ്‍സിലറും കൊച്ചി രാജാവിന്റെ സ്റ്റേറ്റ് ഓഫീസറുമായി വാന്‍ റീഡിനെ ഡച്ച് കമ്പനി നിയമിച്ചു. മലബാറിലെ പ്രാദേശിക ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് കുരുമുളക് വ്യാപാരത്തിന്റെ കുത്തക ഡച്ച് കമ്പനി സ്വന്തമാക്കണം, അതിന് തടസ്സം നില്‍ക്കുന്നവരെ ആവശ്യമെങ്കില്‍ ബലംപ്രയോഗിച്ച് സമ്മതിപ്പിക്കണം എന്നതായിരുന്നു അപ്പോഴേക്കും സിലോണ്‍ ഗവര്‍ണറായി ചുമതലയേറ്റ വാന്‍ ഗൊന്‍സിന്റെ നിലപാട്. 1670 വരെ സിലോണിന് കീഴിലായിരുന്നു മലബാറിന്റെ സ്ഥാനം. അതിനാല്‍, മലബാറിന്റെ കാര്യങ്ങളില്‍ വാന്‍ ഗൊന്‍സിന് കാര്യമായി ഇടപെടാന്‍ സാധിച്ചിരുന്നു. മേല്‍പ്പറഞ്ഞ നിര്‍ദേശം 1663 ല്‍ ഒരു ഉത്തരവായി വാന്‍ ഗൊന്‍സ് പുറത്തിറക്കി. ഭരണത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൊച്ചി രാജാവിനെ സഹായിക്കുക കൂടാതെ, ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ഇടപാടുകളില്‍ മാധ്യസ്ഥം വഹിക്കുക എന്ന കര്‍ത്തവ്യവും വാന്‍ റീഡിനായി. കൊച്ചി രാജാവ് വീര കേരളവര്‍മയുമായി അടുപ്പമുണ്ടാക്കാനും, അതുവഴി മലബാര്‍ സമൂഹത്തിന്റെ സങ്കീര്‍ണതകളില്‍ ഇടപെടാനും വാന്‍ റീഡിന് പുതിയ സ്ഥാനലബ്ധി അവസരം നല്‍കി. തുടര്‍ന്നുള്ള ഏഴ് വര്‍ഷങ്ങള്‍ സൈനികന്‍ എന്നതിനൊപ്പം നയതന്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള തന്റെ കഴിവുകള്‍ കൂടി മൂര്‍ച്ചകൂട്ടാന്‍ വാന്‍ റീഡിന് സാധിച്ചു.

നാട്ടുരാജാക്കന്‍മാരുമായി സന്ധിസംഭാഷണം നടത്താനും വാണിജ്യ ഇടപാടുകള്‍ക്കും മറ്റുമായി മലബാറിന്റെ വിവിധഭാഗങ്ങളില്‍ ആ സമയത്ത് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നു വാന്‍ റീഡിന്. ആ യാത്രകളിലാണ് കേരളത്തിലെ സസ്യസമ്പത്ത് ആ സൈനികനെ പ്രലോഭിപ്പിക്കാന്‍ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക : 'ഇന്ത്യയില്‍ കഴിഞ്ഞുപോന്ന വര്‍ഷങ്ങള്‍ക്കിടയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയ്ക്ക് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. കൃഷിയിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടയ്ക്ക്, ഇടതൂര്‍ന്ന വളരെ ഉയരത്തിലുള്ള വനങ്ങള്‍ കാണുകയുണ്ടായി. ഒരേ ഇനത്തിലുള്ള രണ്ട് മരങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ വൈവിധ്യം നിറഞ്ഞ കാടുകളായിരുന്നു അവ. ഒരുകൂട്ടം ചെടികളെ വലയം ചെയ്ത് വോറൊരു കൂട്ടം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടു. പടര്‍ന്നു കയറി വലയം ചെയ്തിരിക്കുന്ന ചെടികള്‍ പലതും ഭൂമിയുമായി ബന്ധപ്പെടാതെ നില്‍ക്കുന്നവയായിരുന്നു. ഇത്തരത്തില്‍ നിരവധി വള്ളിപ്പടര്‍പ്പുകള്‍ ഒരു മരത്തിന്റെ ചുറ്റുമായി പടര്‍ന്നു കയറി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു....പടര്‍ന്നു കയറുന്ന ഈ ചെടികള്‍ താങ്ങുമരത്തിന് ഒരു തരത്തിലും ഉപദ്രവം ഏല്‍പ്പിച്ചിരുന്നില്ല. ഏകദേശം 80 അടിയോളം ഉയത്തില്‍ ഇലകളും ശിഖരങ്ങളും പുല്‍പ്പടര്‍പ്പുകളും കൂടിചേര്‍ന്ന് സംപുഷ്ടമായ ഒരു പച്ചപ്പ് ഇവ സൃഷ്ടിച്ചിരുന്നു......ഇത്തരത്തില്‍ ഇടതൂര്‍ന്ന് വളരുന്ന മരങ്ങള്‍ മാത്രമല്ല, പരുപരുത്ത പാറകളും മലഞ്ചെരുവുകളും വനത്തിനുള്ളില്‍ കാണാവുന്നതാണ്. പല പാറക്കെട്ടുകളിലും ചെറിയ ചെടികളും കുറ്റിച്ചെടികളും കാണാവുന്നതാണ്. ചെടികളുടെ വേരുകള്‍ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുകയും അവയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു.....ഈ മണ്ണില്‍ ഓരോ ഇഞ്ചിലും ചെടികള്‍ കാണപ്പെടുന്നു. കുളങ്ങളിലും ചതുപ്പു നിലങ്ങളിലും അനുയോജ്യമായ നിരവധി സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. എന്തിനധികം പറയുന്നു, ഇവിടെയുള്ള തരിശുഭൂമിയില്‍ പോലും സസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം!'(67) വെറുമൊരു സൈനികന്‍ മാത്രമായിരുന്നില്ല, മികച്ച പ്രകൃതി നിരീക്ഷകന്‍ കൂടിയായിരുന്നു താനെന്ന് വാന്‍ റീഡിന്റെ ഈ വിവരണം വ്യക്തമാക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മനസില്‍ കേരളത്തിലെ സസ്യവൈവിധ്യം എത്ര വലിയ മതിപ്പാണുളവാക്കിയത് എന്നതിന്റെ തെളിവുകൂടിയാണ് ഈ വാക്കുകള്‍.

ഹോര്‍ത്തൂസിന്റെ നിര്‍മിതിയിലേക്ക് നയിച്ച മറ്റൊരു സുപ്രധാന നിരീക്ഷണം വാന്‍ റീഡ് നടത്തുന്നതും ഈ കാലയളവിലാണ്. 1670 ആയപ്പോഴേക്കും 30000 സൈനികര്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് കീഴിലുണ്ടായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഏഷ്യയിലെ പല സ്ഥലങ്ങളിലായി ക്യാമ്പു ചെയ്യുകയും പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്ന സൈനികര്‍ക്ക് അസുഖങ്ങളും പരിക്കുകളും പതിവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഔഷധങ്ങള്‍ അയച്ചു തരാന്‍ ആംസ്റ്റര്‍ഡാമിലേക്ക് അറിയിപ്പ് പോവുകയായിരുന്നു പതിവ്. ആറുമാസം അകലെ കഴിയുന്ന ആംസ്റ്റര്‍ഡാമില്‍ നിന്ന് ഔഷധങ്ങള്‍ കടല്‍മാര്‍ഗം ഏഷ്യയിലെത്തുമ്പോഴേക്കും, രോഗം ബാധിച്ചയാള്‍ ജീവനോടെയുണ്ടെന്ന് തന്നെ വരില്ല. ആധുനിക ഔഷധങ്ങളൊന്നും രംഗത്തെത്തിയിട്ടില്ലാത്ത കാലമാണത്. പച്ചിലകളും സസ്യഭാഗങ്ങളുമടങ്ങിയ 'ഹെര്‍ബല്‍ മെഡിസിന്‍' തന്നെയാണ് ശരണം. പച്ചില മരുന്നകളില്‍ മിക്കതും ഇത്രയും നാളത്തെ കപ്പല്‍ യാത്രയില്‍ ഉപയോഗശൂന്യമായിട്ടുണ്ടാകും. ആ മരുന്നുകള്‍ യൂറോപ്യന്‍ കമ്പോളത്തിലെത്തിയിരുന്നത് അറബി കച്ചവടക്കാര്‍ മുഖേനയാണ്. 'അറബി ഔഷധങ്ങള്‍' എന്നറിയപ്പെട്ടിരുന്ന ആ പച്ചില മരുന്നുകളുടെ യഥാര്‍ഥ ഉറവിടം പശ്ചാത്യര്‍ക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. 'മിക്കവാറും മലബാര്‍ തീരത്ത് വളരുന്ന ഔഷധസസ്യങ്ങളാണ് അറബി കച്ചവടക്കാര്‍ വഴി പല കൈ മറിഞ്ഞ് ഭീമമായ വിലയ്ക്ക് യൂറോപ്പിലെത്തിയിരുന്നത്'-ഹോര്‍ത്തൂസിനെപ്പറ്റി പഠിക്കുന്നതിനിടയില്‍ ഇക്കാര്യം മനസിലാക്കാന്‍ ശ്രമിച്ച ഡോ. മണിലാല്‍ ചൂണ്ടിക്കാട്ടുന്നു (68). യഥാര്‍ഥത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുമുളക് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തിലും അറബി കച്ചവടക്കാര്‍ ഇതേ തന്ത്രം വിജയകരമായി പയറ്റിയിരുന്നു. മലബാറില്‍ നിന്നുള്ളതാണെന്ന് വെളിപ്പെടുത്താതെയാണ് അവര്‍ യൂറോപ്യന്‍ കമ്പോളത്തില്‍ സുഗന്ധദ്രവ്യങ്ങളെത്തിച്ചിരുന്നത്. തങ്ങളുടെ വാണിജ്യ രഹസ്യം അവര്‍ നൂറ്റാണ്ടുകളോളം കാത്തു (69). മലബാറിലേക്ക് പാശ്ചാത്യര്‍ കപ്പല്‍മാര്‍ഗം കണ്ടെത്തിയതോടെ അത് പൊളിഞ്ഞു. അപ്പോഴും കുരുമുളക് പോലുള്ള ചരക്കുകള്‍ മാത്രമേ പാശ്ചാത്യര്‍ ശ്രദ്ധിച്ചിരുന്നുള്ളു. പതിനേഴാം നൂറ്റാണ്ടില്‍ പോലും അറബി കച്ചവടക്കാര്‍ക്ക് ഇവിടുത്തെ ഔഷധസസ്യങ്ങള്‍ യൂറോപ്പിലെത്തിച്ച് ലാഭം കൊയ്യാന്‍ കഴിഞ്ഞിരുന്നതിന് കാരണം അതാകണം.

സൂക്ഷ്മദൃക്കായ വാന്‍ റീഡ് ഇക്കാര്യം നിരീക്ഷിച്ചു. ആംസ്റ്റര്‍ഡാമില്‍ നിന്നെത്തുന്ന 'അറബി ഔഷധങ്ങള്‍' മിക്കതും മലബാറില്‍ വളരുന്നവയാണ്! മറ്റൊരു സംഗതി കൂടി ആ സൈനികന്റെ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്യന്‍ സൈനികര്‍ക്ക് മാത്രമേ ഔഷധം കടല്‍കടന്ന് എത്തേണ്ടതായിട്ടുള്ളൂ. വാന്‍ റീഡ് പറയുന്നത് ഇങ്ങനെ : 'ഇവിടെയുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം പൊതുവെ കൂടുതലാണ്. തദ്ദേശീയരായ വൈദ്യന്‍മാരാണ് ഇവരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഔഷധമൊന്നും പുറമേ നിന്ന് കൊണ്ടുവരുന്നവയല്ല. തദ്ദേശീയമായി ലഭിക്കുന്ന ഔഷധക്കൂട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ചികിത്സാരീതി......ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴില്‍ താമസിക്കുന്ന ഡച്ചുകാരാകട്ടെ-ഈ രീതി പിന്തുടരുന്നില്ല. ഇവിടെ നിന്നുതന്നെ ലഭിക്കുന്ന മരുന്നുകള്‍ പേര്‍ഷ്യവഴി അറേബ്യയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും അവിടെ നിന്ന് ഇവ കടല്‍മാര്‍ഗം വീണ്ടും ഇന്ത്യയിലേക്കും അയയ്ക്കുന്നു. മരുന്നുകള്‍ അപ്പോഴേക്കും അഴുകി ഉപയോഗശൂന്യമായിരിക്കുമെന്ന് മാത്രമല്ല, വലിയൊരു തുകയുടെ ദുര്‍വ്യയവും സംഭവിക്കുന്നു' (70). വാന്‍ റീഡ് ആത്യന്തികമായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ജീവനക്കാരനാണ്. കമ്പനിയുടെ പ്രഥമദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കമ്പനിയുടെ കണ്ണ്. കമ്പനിയുടെ ഭാഗമെന്ന നിലയ്ക്ക് ലാഭകരമാകാവുന്ന ഒരു സംരംഭത്തിന് തന്റെ ഈ നിരീക്ഷണം സഹായിക്കുമെന്ന് വാന്‍ റീഡ് കണ്ടു. വന്‍വില നല്‍കി അറബി ഔഷധങ്ങള്‍ വാങ്ങുകയും, അത് ശ്രമകരമായ വിധത്തില്‍ മാസങ്ങളെടുത്ത് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഏഷ്യയിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും, ഏല്ലാറ്റിലുമുപരി രോഗബാധിതരായ സൈനികര്‍ക്ക് വേഗം ചികിത്സ ലഭിക്കാനും സഹായിക്കുന്ന ഒരു പദ്ധതി വാന്‍ റീഡിന്റെ മനസില്‍ രൂപപ്പെട്ടു. കമ്പനിക്ക് തന്നെയാകും ആ പദ്ധതി മുതല്‍ക്കൂട്ടാവുകയെന്നും വാന്‍ റീഡ് കണ്ടു.

1663-ന് ശേഷം കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം മലബാറിലെ വിവിധ ഭരണാധികാരികളുമായി വാന്‍ റീഡ് വിജയകരമായ ഇടപാടുകള്‍ നടത്തി. അതിന്റെ ഫലമായി അദ്ദേഹത്തിന് പല തവണ സ്ഥാനക്കയറ്റം കിട്ടി. എല്ലാറ്റിനും തന്റെ മേലധികാരിയായ വാന്‍ ഗൊന്‍സിന്റെ പിന്തുണയുണ്ടായിരുന്നു. 1667-1669 കാലത്ത് സിലോണിന്റെ പ്രഥമ ക്യാപ്ടനായി വാന്‍ റീഡ് നിയമിക്കപ്പെട്ടു. മലബാറിലേത് ഉള്‍പ്പടെ മേഖലയിലെ മുഴുവന്‍ ഡച്ച് സൈന്യത്തിന്റെയും ചുമതല അദ്ദേഹത്തിനായി. 1668 ല്‍ സര്‍ജന്റ്-മേജര്‍ പദവി കൂടി കമ്പനി വാന്‍ റീഡിന് നല്‍കി. മധുര നായ്ക്കന്‍മാര്‍ക്കെതിരെ, വാന്‍ റീഡിന്റെ നേതൃത്വത്തില്‍ തൂത്തുക്കുടി കോട്ട ഡച്ച് സൈന്യം ആക്രമിക്കുന്നത് ആ സമയത്താണ്. പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ ഔഷധങ്ങള്‍ വേണ്ടത്രയില്ലാത്തതിന്റെ ബുദ്ധിമുട്ട് ആ വേളയില്‍ വാന്‍ റീഡ് നല്ലവണ്ണം മനസിലാക്കി. ഹോര്‍ത്തൂസിന്റെ നിര്‍മിതിയിലേക്ക് നയിച്ച മറ്റൊരു സംഗതി കൂടി ആ സമയത്ത് സംഭവിച്ചു. തദ്ദേശിയമായി കിട്ടുന്ന ഔഷധസസ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍, ഏഷ്യന്‍ മേഖലയിലെ ഭരണാധികാരികളോട് കമ്പനി ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു- 1669 ലായിരുന്നു അത്. ആ നയത്തിന്റെ ഭാഗമായാണ് പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ പോള്‍ ഹെര്‍മാന്‍ 1672-1680 കാലത്ത് സിലോണില്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ സസ്യസമ്പത്തിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. നേരിട്ടല്ലെങ്കിലും ഹോര്‍ത്തൂസിന്റെ നിര്‍മിതിയില്‍ വലിയൊരു സ്വാധീനം പോള്‍ ഹെര്‍മാന്‍ ചെലുത്തിയ കാര്യം പിന്നീട് നമ്മുക്ക് കാണാം.

ഈയവസരത്തില്‍ ഡച്ച് കമ്പനി കൈക്കൊണ്ട ഒരു സുപ്രധാന രാഷ്ട്രീയ തീരുമാനം ഒരര്‍ഥത്തില്‍ വാന്‍ റീഡിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ശാസ്ത്രചരിത്രത്തില്‍ അനശ്വരമായ സ്ഥാനം നേടുന്നതിലേക്ക് അദ്ദേഹത്തെ അത് നയിച്ചു. മലബാര്‍ കമാണ്ടറായി വാന്‍ റീഡിനെ നിയമിച്ചതിനൊപ്പം, മലബാറിനെ സിലോണ്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായി മുക്തമാക്കിക്കൊണ്ട് ഡച്ച് കമ്പനി കൈക്കൊണ്ട തീരുമാനമായിരുന്നു അത്. വാന്‍ റീഡിനെ പുതിയ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത് സിലോണ്‍ ഗവര്‍ണര്‍ വാന്‍ ഗൊന്‍സ് തന്നെയായിരുന്നു. എന്നാല്‍, ആ നിയമനത്തിനൊപ്പം സിലോണിന്റെ പിടിയില്‍ നിന്ന് മലബാര്‍ പൂര്‍ണമായും മുക്തമായിരിക്കുന്നുവെന്ന വസ്തുത വാന്‍ ഗൊന്‍സിനെ അക്ഷരാര്‍ഥത്തില്‍ നടുക്കി. ഇനി മുതല്‍ മലബാര്‍ ഗവര്‍ണര്‍ക്ക് സിലോണിനോട് മറുപടി പറയേണ്ട കാര്യമില്ല, ബട്ടേവ്യയിലെ ഗവര്‍ണര്‍-ജനറലിനോടും ഇന്ത്യ കൗണ്‍സിലിനോടും മാത്രമേ ഉത്തരം പറയേണ്ടതുള്ളു. അന്നുവരെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമായിരുന്നവര്‍ ഒറ്റയടിക്ക് വാന്‍ റീഡിനെ എതിര്‍ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ ഈ രാഷ്ട്രീയമാറ്റം കാരണമായി. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്തരവനുസരിച്ച് 1670 ജനവരി 11 ന് കൊച്ചിയില്‍ മലബാര്‍ കമാണ്ടര്‍ പദവി വാന്‍ റീഡ് ഏറ്റെടുത്തു. മലബാര്‍ കമാണ്ടര്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ കൂടിയാണ്. വാന്‍ റീഡിന് അന്ന് പ്രായം 33 വയസ്സ്.

ബട്ടേവ്യ കഴിഞ്ഞാല്‍ ഡച്ച് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തെ രണ്ടാം തലസ്ഥാനമാകുവാന്‍ സിലോണിലെ കൊളംബോ നഗരമാണോ, മലബാറിലെ കൊച്ചിയാണോ ഏറ്റവും യോഗ്യം എന്ന തര്‍ക്കം മുറുകുന്നത് ഈ പശ്ചാത്തലത്തിലാണ്. അത്രകാലവും വാന്‍ റീഡിന്റെ രക്ഷകനായിരുന്ന വാന്‍ ഗൊന്‍സ് എതിര്‍ചേരിയിലെ നായകനായി. കൊളംബോ നഗരത്തിനായി വാന്‍ ഗൊന്‍സും കൂട്ടരും ഒരു ഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍, അതിനെക്കാള്‍ എന്തുകൊണ്ടും പിന്നിലല്ല കൊച്ചിയെന്ന് വാന്‍ റീഡ് വാദിച്ചു. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം സിലോണ്‍ ആണെന്ന വാദം വാന്‍ റീഡിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ മനസില്‍ അപ്പോഴേക്കും വേരുപിടിച്ചു തുടങ്ങിയ മലബാറിലെ സസ്യസമ്പത്ത് ഈ വാദഗതിക്ക് മറുപടി നല്‍കുമെന്ന് വാന്‍ റീഡ് കണക്കുകൂട്ടി. അങ്ങനെ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ നിര്‍മിതിയിലേക്ക് കൊച്ചി ഗവര്‍ണറായ വാന്‍ റീഡ് എത്തി. കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല, വാണിജ്യപ്രധാനമായ മറ്റ് വിഭവങ്ങളും മലബാറില്‍ സുലഭമാണെന്ന് കമ്പനിയുടെ നേതൃത്വത്തെ ബോധ്യപ്പെടുത്താനും, സിലോണാണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശമെന്നുള്ള പ്രതിയോഗകളുടെ വാദത്തെ ഖണ്ഡിക്കാനും ഹോര്‍ത്തൂസ് ഉപകരിക്കുമെന്ന് വാന്‍ റീഡിന് ബോധ്യമുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനം നടത്താനുള്ള കമ്പനിയുടെ ശുപാര്‍ശയും വാന്‍ റീഡിന് തുണയ്ക്കുണ്ടായിരുന്നു.

യൂറോപ്പിലെ ഡച്ച് റിപ്പബ്ലിക്കിന്റെ നാലഞ്ച് മടങ്ങ് വിസ്തൃതി വരുന്ന ഒരു പ്രദേശത്ത് ഡച്ച് വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് മലബാറിന്റെ കമാണ്ടറായി ചുമതലയേറ്റ വാന്‍ റീഡിന് പ്രാഥമികമായി നിര്‍വഹിക്കേണ്ടിയിരുന്നത്. അറുന്നൂറോളം വരുന്ന യൂറോപ്യന്‍ സൈന്യവും വാന്‍ റീഡിന്റെ തുണയ്ക്ക് മലബാറിലുണ്ടായിരുന്നു. ഭൂരിപക്ഷം സൈനികരും കൊച്ചിയിലാണ് ക്യാമ്പ് ചെയ്തിരുന്നത്. കൊച്ചി, കൊല്ലം, കണ്ണൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് ഡച്ച് വാണിജ്യം പ്രധാനമായും നടന്നിരുന്നത്. മലബാറിലെ എല്ലാ നാട്ടുരാജാക്കന്‍മാരുടെയും പക്കല്‍ നിന്ന് കുരുമുളക് കച്ചവടത്തിന്റെ കുത്തക നേടാനായാല്‍, വര്‍ഷംതോറും 2000 ടണ്‍ കുരുമുളക് ലഭിക്കുമെന്ന് കമ്പനി കണക്കു കൂട്ടി. വാന്‍ റീഡിന് മേല്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല ഈ ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു. എന്നാല്‍, കോഴിക്കോട് സാമൂതിരി ഭാഗികമായ കുത്തക മാത്രമേ ഡച്ചുകാര്‍ക്ക് അനുവദിച്ചുള്ളൂ. അതിനാല്‍ മലബാറിലെ സുഗന്ധദ്രവ്യ വിപണനത്തില്‍ നല്ലൊരു പങ്ക് ഡച്ചുകാര്‍ക്ക് നഷ്ടമായി. കൊടുങ്ങല്ലൂരിന് മേലുള്ള അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന കാലമായിരുന്നു അത്. മാത്രമല്ല, കൊച്ചിയിലും കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. 1673 ല്‍ മലബാറില്‍ ഡച്ചുകാരുടെ കുരുമുളക് വിപണനം മുടങ്ങുക പോലുമുണ്ടായി! ഇത്തരം സംഗതികളിലും സന്ധിസംഭാഷണങ്ങളിലും ഏര്‍പ്പെടുന്നതിനൊപ്പം മലബാറിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഡച്ച് കോട്ടകള്‍ സ്ഥാപിക്കുവാനുമായി 1670 കളിലെ ആദ്യവര്‍ഷങ്ങള്‍ വാന്‍ റീഡിന് ചെലവിടേണ്ടി വന്നു. സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ മലബാറിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് മനസില്‍ സൂക്ഷിക്കേണ്ടി വന്നു.

1674 ആയപ്പോഴേക്കും കാര്യങ്ങള്‍ കുറെയൊക്കെ നിയന്ത്രണത്തിലായി. മാത്രമല്ല, തന്റെ മനസിലുള്ള പദ്ധതിയില്‍ സഹായിക്കാന്‍ അനുയോജ്യനായ ഒരാളുമായി അതിന് മുമ്പത്തെ വര്‍ഷം വാന്‍ റീഡ് ചങ്ങാത്തത്തിലാവുകയും ചെയ്തിരുന്നു. സസ്യശാസ്ത്രത്തില്‍ തത്പരനും ഫിസിഷ്യനുമായ ഫാ.മാത്യു ഓഫ് സെന്റ് ജോസഫ് എന്ന കത്തോലിക്കാ വൈദികനായിരുന്നു ആ ചങ്ങാതി. മലബാറിലെ വ്യാപാരം മുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാന്‍ റീഡിനെതിരെ പ്രതിയോഗികള്‍ വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, അധികം വൈകിയാല്‍ തന്റെ പദ്ധതി നടപ്പാക്കാന്‍ സമയം കിട്ടുമോ എന്ന സംശയം ആ സൈനികനെ പിടികൂടിയിട്ടുണ്ടാവണം. അങ്ങനെയാണ് 1674 ല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മിതി വാന്‍ റീഡ് ആരംഭിക്കുന്നത്. ഗുണനിലവാരത്തില്‍ അല്‍പ്പവും വിട്ടുവീഴ്ച ചെയ്യാത്ത തരത്തില്‍ ഒരു ഗ്രന്ഥം- അതാണ് വാന്‍ റീഡ് മനസില്‍ കണ്ടത്. മലബാറിലെ സസ്യസമ്പത്തിന്റെ മഹത്വത്തെപ്പറ്റി ആ ഗ്രന്ഥം കാണുന്ന ആര്‍ക്കും ഒരു സന്ദേഹവും ഉണ്ടാകാന്‍ പാടില്ല. ഔഷധഗുണങ്ങള്‍ മാത്രമല്ല ചെടികള്‍ക്കുള്ളത്, മറ്റനേകം വാണിജ്യ ഉപയോഗങ്ങളുമുണ്ട്. അതെല്ലാം സമഗ്രമായി തന്റെ ഗ്രന്ഥത്തില്‍ വരണം എന്നും ആ സൈനികന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ 20 വര്‍ഷം നീളുന്ന, വന്‍വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ഒരു പദ്ധതിക്കാണ് താന്‍ തുടക്കമിടുന്നതെന്ന കാര്യം വാന്‍ റീഡ് അന്ന് ചിന്തിച്ചു പോലുമുണ്ടാകില്ല. 300 വര്‍ഷത്തിന് ശേഷം കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം സമര്‍പ്പിക്കാനുള്ള വകയായിരിക്കും ആ ഗ്രന്ഥമെന്നും ആര്‍ക്കാണ് അന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരിക്കുക!

(ഹരിതഭൂപടം എന്ന പുസ്തകത്തില്‍ നിന്ന്)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment