Friday, 20 January 2012

[www.keralites.net] കാരുണ്യത്തിന്റെ കരസ്‌പര്‍ശം‍

 

കാരുണ്യത്തിന്റെ കരസ്‌പര്‍ശം
Fun & Info @ Keralites.net

മദ്രാസ്‌ എഗ്‌മോര്‍ ലയണ്‍സ്‌ ബ്ലഡ്‌ ബാങ്ക്‌ എന്ന മഹാ സംരംഭത്തിന്‌ തുടക്കമിട്ട ടി.ജെ. ജോര്‍ജിന്റെ അനുഭവങ്ങള്‍.

രക്‌തദാനത്തെക്കുറിച്ച്‌ കേട്ടുകേള്‍വി മാത്രമായിരുന്നകാലത്ത്‌ മദിരാശിപട്ടണത്തില്‍ ബ്ലഡ്‌ബാങ്ക്‌ എന്ന ആശയത്തിന്‌ വിത്തുപാകിയത്‌ ഒരു മലയാളിയായിരുന്നു. കൂത്താട്ടുകുളംകാരന്‍ ടി. െജ. ജോര്‍ജ്‌. മദ്രാസ്‌ എഗ്‌മോര്‍ ലയണ്‍സ്‌ബ്ലഡ്‌ ബാങ്ക്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ സ്‌ഥാപകന്‍.

ഒരിക്കല്‍ മദര്‍ തെരേസ എഗ്‌മോര്‍ ലയണ്‍സ്‌ ബ്ലഡ്‌ ബാങ്കിന്റെ സന്ദര്‍ശക ഡയറിയില്‍ എഴുതി 'നിങ്ങളാണു യഥാര്‍ഥത്തില്‍ ദൈവ സ്‌നേഹത്തിന്റെ വാഹകര്‍'. അത്‌ ശരിയാണെന്ന്‌ ജോര്‍ജ്‌ തെളിയിച്ചു. നീണ്ട 28 വര്‍ഷത്തെ സേവനപാതയിലൂടെ. രക്‌തദാനമെന്ന മഹാസംരംഭത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട്‌. അനേകം ജീവനുകള്‍ക്ക്‌ പുനര്‍ജന്മം നല്‍കിയ ചാരിതാര്‍ത്ഥ്യത്തോടെ.


വികസനം എത്തിനോക്കാതിരുന്ന ഒരു കാലത്ത്‌ ബ്ലഡ്‌ ബാങ്ക്‌ എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കുക എളുപ്പമായിരുന്നോ?


മദ്രാസില്‍ ഞാന്‍ ആദ്യം വരുന്നത്‌ ബിസിനസ്‌ പ്രവര്‍ത്തനങ്ങളുമായിട്ടാണ്‌. അങ്ങനെ യാദൃച്‌ഛികമായി ലയണ്‍സ്‌ക്ലബില്‍ അംഗമായി. 1975 ല്‍ ലയണ്‍സ്‌ ക്ലബിന്റെ പ്രസിണ്ടന്റായതോടെയാണ്‌ പൊതുപ്രവര്‍ത്തന മേഖലയില്‍ സജീവമാകുന്നത്‌. 1984 ല്‍ മദര്‍തേരേസയാണ്‌ ബ്ലഡ്‌ബാങ്ക്‌ ഉദ്‌ഘാടനം ചെയ്യ്‌തത്‌. അന്ന്‌ മദ്രാസ്‌ മെഡിക്കല്‍ കാപ്പിറ്റലായി വളര്‍ന്നുകൊണ്ടിരിക്കുന്ന സമയമാണ്‌. ലോകപ്രശസ്‌തരായ ഡോക്‌ടര്‍മാരും ആശുപത്രികളും ഇവിടെ കേന്ദ്രീകരിച്ചു. അതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദഗ്‌ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ ഇവിടേക്ക്‌ എത്തി തുടങ്ങി. പല നാടുകളില്‍നിന്ന്‌ എത്തുന്ന രോഗികളുടെ ബന്ധുക്കള്‍ രക്‌തത്തിനായി ഓടുന്ന കാഴ്‌ചകള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്‌. ഒരു രക്‌തബാങ്ക്‌ ഉണ്ടായാല്‍ എത്ര ജീവനുകള്‍ സംരക്ഷിക്കാമെന്ന ചിന്ത ഉടലെടുക്കുന്നത്‌ അങ്ങനെയാണ്‌.

എങ്ങനെയായിരുന്നു തുടക്കകാലത്തെ പ്രവര്‍ത്തനങ്ങള്‍?

1980 കളുടെ തുടക്കത്തിലാണ്‌ ഓപ്പണ്‍ സര്‍ജറികള്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്‌. അതോടെ രക്‌തത്തിന്റെ ആവശ്യകതകൂടി. മരുന്നു വാങ്ങുന്നതുപോലെ രക്‌തം മെഡിക്കല്‍ ഷോപ്പില്‍ നിന്നു കിട്ടില്ലല്ലോ. അതുകൊണ്ട്‌ രക്‌തദാനത്തിന്‌ താല്‌പര്യമുള്ളവരെ കണ്ടെത്തി. ആദ്യം ദാതാക്കളില്‍നിന്നും രക്‌തം ശേഖരിച്ച്‌ പരിശോധന നടത്തി ആവശ്യക്കാര്‍ക്ക്‌ നല്‍കുക മാത്രമാണ്‌ ചെയ്യ്‌തിരുന്നത്‌. എന്നാല്‍ 2000ത്തില്‍ ബ്ലഡ്‌സെല്‍, പ്ലാസ്‌മ, പ്ലേറ്റ്‌ലെറ്റ്‌ എന്നിങ്ങനെ ശേഖരിച്ച രക്‌തം മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചു നല്‍കുന്ന രീതി ആരംഭിച്ചു. ഇന്ന്‌ വാഹനാപകടങ്ങളെക്കാള്‍ ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറികള്‍ക്കാണ്‌ രക്‌തത്തിന്‌ ആവശ്യക്കാര്‍ ഏറെയും

അന്ന്‌ ദാതാക്കളെ കണ്ടെത്താന്‍ വളരെയധികം ബുദ്ധിമുട്ടിയില്ലേ?


സ്‌കൂള്‍, കോളജ്‌, കമ്പനികള്‍ എന്നിങ്ങനെയുള്ള സ്‌ഥലങ്ങളില്‍ രക്‌തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ്‌ രക്‌തം എടുത്തിരുന്നത്‌. അന്ന്‌ എംജി.ആര്‍ ന്റെ സിനിമ റിലീസ്‌ ചെയ്യുന്ന ദിവസം രക്‌തം കൊടുക്കാന്‍ ആളുകള്‍ തയാറായിരുന്നു. പക്ഷേ സുരക്ഷിതമായ ഒരു രീതിയിലായിരുന്നില്ല ശേഖരിച്ചിരുന്നത്‌. അത്‌ എങ്ങനെ സുരക്ഷിതമാക്കാമെന്ന്‌ ഞങ്ങള്‍ ഒരു പഠനം നടത്തി. അതിനുള്ള മറുപടിയായിരുന്നു ലയണ്‍സ്‌ ക്ലബിന്റെ നേതൃത്വത്തിലുള്ള ബ്ലഡ്‌ ബാങ്ക്‌. തുടക്കകാലത്ത്‌ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. അക്കൂട്ടത്തില്‍ വളരെയധികം വിമര്‍ശിച്ച ഒരാള്‍ ഉണ്ടായിരുന്നു. അയാളുടെ കൊച്ചു മകള്‍ക്ക്‌ ആ ഇടയ്‌ക്ക് ഡെങ്കിപ്പനി വന്ന്‌ ഗുരുതരാവസ്‌ഥയിലെത്തി. അപ്പോള്‍ ഇവിടെ നിന്നു രക്‌തം സ്വീകരിക്കാതെ നിവൃത്തിയില്ലെന്നായി. പിന്നീട്‌ അയാള്‍ ഫോണില്‍ വിളിച്ച്‌ ഒരു പാട്‌് നന്ദി പറഞ്ഞു. ഒരു ലക്ഷത്തോളം രൂപ സംഭാവനയായും നല്‍കി.

വിമര്‍ശനങ്ങളെ എങ്ങനെയാണ്‌ അതിജീവിക്കാന്‍ കഴിഞ്ഞത്‌?

രക്‌തം എടുത്തു കച്ചവടം നടത്തുന്നുവെന്ന ധാരണയായിരുന്നു എല്ലാവര്‍ക്കും. നമ്മുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ രക്‌തം വേണമെന്ന്‌ പറഞ്ഞാല്‍ നല്‍കാന്‍ എല്ലാവരും തയാറാണ്‌. മറ്റൊരാള്‍ക്ക്‌ കൊടുക്കാന്‍ ആരും തയാറല്ല എന്ന അവസ്‌ഥ. അങ്ങനെയൊരു പ്രതിസന്ധിയായിരുന്നു ആദ്യ ഘട്ടത്തില്‍. പിന്നെ ആളുകളെ രക്‌തദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി. ഇപ്പോള്‍ പിറന്നാള്‍, വിവാഹം വാര്‍ഷികം തുടങ്ങി ജീവിതത്തിലെ ആഘോഷങ്ങളിലെല്ലാം രക്‌തദാനം ചെയ്യാന്‍ ആളുകള്‍ ഒരുക്കമാണ്‌. പ്രശസ്‌ത നടന്‍ കമലഹാസന്‍ മിക്ക പിറന്നാളിനും രക്‌തം ദാനം ചെയ്യും. സൂര്യയും രക്‌തദാനത്തില്‍ പങ്കാളിയായിട്ടുണ്ട്‌.

ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ ഒന്നിലധികം തവണ രക്‌തം കൊടുക്കാന്‍ കഴിയില്ലെന്ന ധാരണ പലര്‍ക്കും ഉണ്ട്‌?

മൂന്ന്‌ മാസം കൂടുമ്പോള്‍ പുരുഷന്മാര്‍ക്കും നാലു മാസം കൂടുമ്പോള്‍ സ്‌ത്രീകള്‍ക്കും രക്‌തം കൊടുക്കാവുന്നതാണ്‌. 18-65 വയസിനിടയ്‌ക്കുള്ള ആര്‍ക്കും ഈ മഹാസംരംഭത്തില്‍ പങ്കാളിയാകാം. എന്നാല്‍ ഹെപ്പറ്റെറ്റിസ്‌ ബി വന്നവര്‍ അഞ്ച്‌ വര്‍ഷത്തിനു ശേഷമേ രക്‌തം നല്‍കാവൂ. അതുപോലെ എന്തെങ്കിലും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും രക്‌തദാനം അനുവദനീയമല്ല. ഹീമോഗ്ലോബിന്റെ അളവ്‌ 12.5 നു മുകളിലുള്ളവര്‍ക്കു മാത്രമേ രക്‌തം നല്‍കാന്‍ കഴിയൂ. 45 കിലോയെങ്കിലും ശരീരഭാരം വേണം. ഒരാളില്‍നിന്നും 350 മില്ലി ലിറ്റര്‍ രക്‌തമാണ്‌ ശേഖരിക്കുക.

തമിഴ്‌നാട്‌ ഗവണ്‍മെന്റിന്റെ സഹകരണം എങ്ങനെയാണ്‌?

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള സഹകരണം വളരെ വലുതാണ്‌. ജോലി സ്‌ഥാപനങ്ങളില്‍ ഒരു ദിവസത്തെ അവധി രക്‌തദാനം ചെയ്യുന്നവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. നമ്മുടെ നാട്ടിലും ഈ നിയമങ്ങള്‍ ഉണ്ട്‌. പക്ഷേ ആളുകള്‍ക്ക്‌ അതേക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌ പ്രശ്‌നം. ഞങ്ങള്‍ മാത്രമാണ്‌ ഗവണ്‍മെന്റിന്റെ സ്‌ഥിര അംഗത്വമുള്ള ബ്ലഡ്‌ ബാങ്ക്‌. അതുകാണ്ട്‌ രക്‌ത പരിശോധനക്കാവശ്യമായ ഉപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടി വരുമ്പോള്‍ സെയില്‍സ്‌ ടാക്‌സ്, കസ്‌റ്റംസ്‌ ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കിതരും. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ്‌ 1910 എന്ന ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം. രക്‌തം ആവശ്യമുള്ള ആര്‍ക്കും ചെന്നൈയുടെ ഏതു ഭാഗത്തുനിന്നും ഏതു സമയത്തും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. ഈ സൗകര്യം പ്രാവര്‍ത്തികമാക്കുന്നതിനും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന്‌ ഉടനടിയുള്ള സഹായം ലഭിച്ചു.

സൗജന്യമായി ആവശ്യക്കാര്‍ക്ക്‌ രക്‌തം നല്‍കുമോ?


ഒരാളില്‍നിന്ന്‌ രക്‌തം ശേഖരിച്ച്‌ നിരവധി പരിശോധനകള്‍ നടത്തി രോഗമൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തിയാണ്‌ സൂക്ഷിക്കുക. ഇതിനുള്ള പരിശോധനാ ഉപകരണങ്ങള്‍ വിദേശത്തുനിന്ന്‌ ലക്ഷങ്ങള്‍ മുടക്കി ഇറക്കുമതി ചെയ്യുന്നവയാണ്‌. 850 രൂപയാണ്‌ ഒരു ബാഗ്‌ രക്‌തത്തിന്‌ ഈടാക്കുന്നത്‌. ഒരാളുടെ രക്‌തം ശേഖരിച്ച്‌ എല്ലാ പരിശോധനകളും നടത്താന്‍ ഇതില്‍ കൂടുതല്‍ തുക ചെലവാകും. പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യമായി രക്‌തം നല്‍കുന്നു ണ്ട്‌. ആവശ്യ ഘട്ടങ്ങളില്‍ ഡോക്‌ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളെ ഇവിടേക്കയയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.

നെഗറ്റീവ്‌ രക്‌തഗ്രൂപ്പുകള്‍ അപൂര്‍വമാണല്ലോ. അവ എങ്ങനെയാണ്‌ കണ്ടെത്തുന്നത്‌?

എത്ര രക്‌തം ശേഖരിച്ചുവച്ചാലും ചില അപൂര്‍വ്വ രക്‌തഗ്രൂപ്പുകള്‍ കിട്ടാനാണ്‌ വിഷമകരം. 13 ശതമാനമാണ്‌ റെയര്‍ ഗ്രൂപ്പ്‌ രക്‌തമുള്ളവര്‍. രക്‌തം ശേഖരിച്ചുവച്ചാലും ആവശ്യക്കാരില്ലെങ്കില്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ അത്‌ ഉപയോഗ ശൂന്യമാകും. അതിനാല്‍ നെഗറ്റീവ്‌ രക്‌ത ഗ്രൂപ്പുള്ളവര്‍ തമ്മില്‍ നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കണം. അങ്ങനെ വരുമ്പോള്‍ പെട്ടെന്ന്‌ രക്‌തം ആവശ്യം വരുമ്പോള്‍ ആളെ കണ്ടെത്താന്‍ എളുപ്പമാണ്‌.

ക്യാമ്പുകള്‍ എത്രത്തോളം ബ്ലഡ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി?

പലര്‍ക്കും രക്‌തം കൊടുക്കാന്‍ പേടിയാണ്‌. സെമിനാറുകളിലൂടെ ആ ഭയം ഞങ്ങള്‍ മാറ്റിയെടുത്തു. ആദ്യം രക്‌തം കൊടുക്കാന്‍ മടിച്ചവര്‍പോലും പീന്നീട്‌ കൊടുക്കാന്‍ തയാറായി.ദുഃഖവെള്ളിയാഴ്‌ച എല്ലാ പള്ളികളിലെയും ആളുകള്‍ രക്‌തം നല്‍കാറുണ്ട്‌. എന്നാല്‍ പ്ലേറ്റ്‌ലെറ്റ്‌സിന്‌ 5 ദിവസവും രക്‌തത്തിനു 41 ദിവസവുമാണ്‌ ആയുസ്‌. അതുകൊണ്ട്‌ ഒന്നിച്ചു കിട്ടിയാലും ശേഖരിച്ചു വയ്‌ക്കാന്‍ കഴിയില്ല. രക്‌തം എല്ലാ ദിവസവും ആവശ്യമാണ്‌. അതുകൊണ്ട്‌ ഒരു തവണ മാത്രമായി രക്‌തദാനം അവസാനിപ്പിക്കരുത്‌. രക്‌തത്തിന്റെ ആവശ്യം ഒരിക്കലും അവസാനിക്കുന്നില്ല.

രക്‌തദാനം ചെയ്യുന്നത്‌ മറ്റു രോഗങ്ങള്‍ക്കു കാരണമാകുമെന്ന്‌ ഭയക്കുന്നവരുണ്ട്‌?

പൂര്‍ണ സുരക്ഷിതമാണ്‌ രക്‌തദാനം. 5 ശതമാനം വരെ രക്‌തം നമ്മുടെ ശരീരത്തുനിന്നു പോയാലും ഒരു കുഴപ്പവുമില്ല. ഒരു രോഗവും ഇത്‌ കൊണ്ട്‌ ഉണ്ടാകുന്നില്ല. പണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പങ്കാളിയാകാവുന്ന സേവനമാണിത്‌. നല്ല മനസാണ്‌ രക്‌തദാനത്തിന്‌ ആവശ്യം. ഒരു കൊതുകു കടിക്കുന്ന വേദനപോലുമില്ല രക്‌തം നല്‍കുമ്പോള്‍. ഒരു പണെച്ചലവുമില്ലാതെ മറ്റൊരാള്‍ക്ക്‌ ചെയ്യാവുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്‌. കിണറ്റില്‍നിന്ന്‌ വെള്ളമെടുത്താല്‍ അത്‌ വീണ്ടും നിറയുന്നതുപോലെ ശരീരത്തില്‍ രക്‌തം വീണ്ടും ഉത്‌പാദിപ്പിക്കപ്പെടുന്നു. ഞാന്‍ 36 തവണ രക്‌തം ദാനം ചെയ്‌തിട്ടുണ്ട്‌. ഈ 70-ാം വയസിലും എനിക്ക്‌ യാതൊരു പ്രശ്‌നങ്ങളും അതുമൂലം ഇല്ല.

മൊബൈല്‍ ബ്ലഡ്‌ ബാങ്ക്‌ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയല്ലോ?

ഒരാളുടെ ഒരുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ രക്‌തം നല്‍കാന്‍ വരുമ്പോള്‍ തടസപ്പെടാം. അതുകൊണ്ട്‌ പലരും രക്‌തദാനത്തിന്‌ മടികാണിക്കും. അപ്പോള്‍ ഞാന്‍ വിചാരിച്ചു ബ്ലഡ്‌ ബാങ്ക്‌ അവരുടെ അടുത്തേക്ക്‌ എത്തിയാലോ. രക്‌തം നല്‍കാന്‍ താല്‌പര്യമുള്ള ആര്‍ക്കും സമയം ഒട്ടും നഷ്‌ടപ്പെടുത്താതെ രക്‌തം നല്‍കാനുള്ള മാര്‍ഗം. കമ്പനികള്‍, ബീച്ച്‌, പാര്‍ക്ക്‌ തുടങ്ങി ആളുകള്‍ കൂടുതലുള്ള സ്‌ഥലങ്ങളില്‍ വാഹനം നിര്‍ത്തും. രക്‌തദാനത്തിന്റെ മഹത്വം അറിഞ്ഞതോടെ ആളുകള്‍ വാഹനത്തിനകത്ത്‌ കയറി രക്‌തം നല്‍കാന്‍ തയാറായിരുന്നു. അന്‍പതുലക്ഷം രൂപ ചെലവിട്ടു പ്രത്യേകം തയാറാക്കിയ വാഹനമാണ്‌ മൊബൈല്‍ ബ്ലഡ്‌ബാങ്ക്‌. ഇതുവഴി 60 യൂണിറ്റ്‌വരെ ഒരു ദിവസം ശേഖരിക്കാന്‍ കഴിയുന്നുണ്ട്‌. ദാതാവിന്റെ ഹിമോഗ്ലോബിന്റെ അളവ്‌ നോക്കിയശേഷമായിരിക്കും ശേഖരിക്കുക. ഈ രക്‌തം ബ്ലഡ്‌ ബാങ്കില്‍കൊണ്ടു വന്ന്‌ പരിശോധനകള്‍ നടത്തുന്നു.

ആശുപത്രിയില്‍ കിടന്നു രക്‌തം നല്‍കുന്നത്ര സുരക്ഷിതമാണോ വാഹനത്തിനകത്തെ സൗകര്യങ്ങള്‍?


ബ്ലഡ്‌ ബാങ്കില്‍ കൊടുക്കുന്ന രീതിയില്‍തന്നെ കിടന്നുകൊണ്ടു രക്‌തം കൊടുക്കാമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വശങ്ങളിലേക്ക്‌ തിരിക്കാവുന്ന നാല്‌ അഡ്‌ജസ്‌റ്റബിള്‍ കൗച്ചുകളാണ്‌ ഇതിനായി ക്രമീകരിച്ചിരിക്കുന്നത്‌. അതിനാല്‍ ഒരേ സമയത്ത്‌ നാലുപേര്‍ക്ക്‌ രക്‌തം കൊടുക്കാവുന്നതാണ്‌.വാഹനത്തിനുള്ളില്‍തന്നെ കെമിക്കല്‍ ടോയിലറ്റുണ്ട്‌.

ഒരു ഡോക്‌ടര്‍, നാല്‌ ടെക്‌നീഷ്യന്‍സ്‌, അസിസ്‌റ്റന്‍സ്‌ എന്നിവരടങ്ങിയ ഒരു സംഘം വാഹനത്തില്‍ ഉണ്ടാകും. രക്‌തമെടുത്തശേഷം 15 മിനിറ്റ്‌ വിശ്രമവും നല്‍കിയാണ്‌ ഇവരെ പറഞ്ഞുവിടുന്നത്‌. രക്‌തമെടുത്തശേഷം ജൂസും ലഘുഭക്ഷണവും നല്‍കുന്നു. രക്‌ത ഗ്രൂപ്പ്‌ രേഖപ്പെടുത്തിയ ഒരു ഐഡന്റിറ്റി കാര്‍ഡും സൗജന്യമായി നല്‍കുന്നുണ്ട്‌. ആളുകള്‍ക്ക്‌ രക്‌തഗ്രൂപ്പ്‌ അറിയില്ലെന്നതാണ്‌ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം. പെട്ടെന്ന്‌ ഒരു ആവശ്യം വരുമ്പോള്‍ ഗ്രൂപ്പ്‌ നിര്‍ണയവും ക്രോസ്‌മാച്ചും കഴിഞ്ഞുവരുമ്പോള്‍ ജീവന്‍തന്നെ നഷ്‌ടപ്പെട്ടേക്കാം. അത്തരം പ്രശ്‌നങ്ങള്‍ ഐഡന്റിറ്റി കാര്‍ഡ്‌ കൈയില്‍ കരുതുന്നതിലൂടെ ഒഴിവാക്കാം.

സ്‌മിത സി ചെറിയാന്‍

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment