സിനിമയിലെ 'നിത്യവസന്തം'
'തത്സമയം ഒരു പെണ്‍കുട്ടി'യുടെ ജീവിതവുമായി വീണ്ടുമെത്തുമ്പോള്‍ സംഘടിത ശക്‌തിയുടെ വിലക്ക് പൊട്ടിച്ചെറിഞ്ഞതില്‍ നിത്യയ്‌ക്ക് അഭിമാനിക്കാം. കഥപറയാനെത്തിയ നിര്‍മാതാവിന് മുന്നില്‍ എഴുന്നേറ്റു നിന്നില്ലെന്ന ഒറ്റക്കാരണത്താലാണ് നിത്യയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് വീണ്ടും അഭ്രപാളിയില്‍ നിറയാന്‍ നിത്യയ്‌ക്ക് സാധിച്ചത് കലയുടെ മഹത്വം ഒന്നുകൊണ്ടുമാത്രം. ടി.കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്‌ത 'തത്സമയം ഒരു പെണ്‍കുട്ടി' റിലീസിന് ഒരുങ്ങികഴിഞ്ഞു. ആദ്യമായി വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ ഹോളിവുഡില്‍നിന്ന് ഇറങ്ങിവന്ന വെള്ളിനക്ഷത്രമാണെന്ന് തോന്നി. പിന്നെ 'ഉറുമി' വീശിവന്ന നായകനോട് ചേര്‍ന്നുനിന്ന തമ്പുരാട്ടികുട്ടിക്ക് പക്ഷേ, തികഞ്ഞ മലയാളിത്തമായിരുന്നു. 'മകരമഞ്ഞ'ണിഞ്ഞ് പെണ്‍കൊടിയില്‍നിന്ന് പൊടുന്നനെ 'വയലിന്‍' വായിക്കുന്ന അംഗ്ലോ ഇന്ത്യന്‍ പെണ്ണിലേക്കുള്ള മാറ്റം... ഇതാണ് നിത്യ മേനോന്‍. ഹിന്ദിയും ഇംഗ്ലീഷും മലയാളവും കന്നടയും കടന്ന് ഇപ്പോള്‍ ആദ്യമായി അഭിനയിച്ച തമിഴ്‌സിനിമയായ '180' ഒട്ടേറെ പ്രത്യേകതകളോടെ തിയേറ്ററുകളിലെത്തി തമിഴകത്തും തരംഗമായി. കാഴ്‌ചയിലും കാഴ്‌ചപ്പാടിലും വ്യത്യസ്‌തയാര്‍ന്ന വ്യക്‌തിത്വമുള്ള നിത്യമേനോന് പങ്കുവയ്‌ക്കാനുള്ള സ്വപ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും അതുകൊണ്ട്‌തന്നെ പുതുമയാര്‍ന്നതാണ്.
സിനിമ
ഒരു പാട് സിനിമകളില്‍ നായികയായി അഭിനയിച്ചേ മതിയാകൂവെന്ന തീരുമാനവുമായി ഈ മേഖലയില്‍ എത്തിയ ഒരാളല്ല ഞാന്‍. എനിക്ക് മാത്രം ചെയ്യാവുന്ന കഥാപാത്രങ്ങളാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ഏറ്റെടുക്കുകയെന്നതാണ് എന്റെ രീതി. തേടിയെത്തുന്ന എല്ലാ സിനിമകളും ഞാന്‍ സ്വീകരിക്കാറുമില്ല. ആദ്യ സിനിമയ്‌ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എനിക്കിഷ്‌ടമുള്ളതുമാത്രമാണ് ഞാന്‍ സ്വീകരിച്ചത്. അതിനാലാണ് ഗ്യാപ്പ് വരുന്നത്. ഇത് ഞാന്‍ പ്രശ്‌നമാക്കുന്നുമില്ല. എന്റേതു മാത്രമായ ചില സ്വഭാവ രീതികളുണ്ട്. അതുമായി യോജിച്ചു പോകുന്ന സിനിമകളില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ. അപ്പോള്‍ പിന്നെ സക്‌സസിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല. ഒരേ ഗണത്തില്‍പെട്ട സിനികമളില്‍തന്നെ അഭിനയിക്കുന്നതിനോട് താല്‍പ്പര്യമില്ല. ഏതു ഭാഷയിലുള്ള സിനിമയായാലും ശരി എനിക്ക് എന്തെങ്കിലുമൊക്കെ അടയാളപ്പെടുത്താനുണ്ടാകണം. അങ്ങിനെയുള്ള സിനിമകള്‍ മാത്രമേ സ്വീകരിക്കൂ.
സെലക്‌ടീവ്
എനിക്ക് കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍തന്നെ സെലക്‌ടീവാകുന്നതിനും തടസ്സമില്ല. മാത്രമല്ല, ഇപ്പോള്‍ യുവ നടിയായും നാളെ അമ്മ നടിയായും പിന്നെ തലയൊക്കെ നരച്ച് മുത്തശി നടിയായും അഭിനയിച്ചിട്ടേ സിനിമ വിടുകയുള്ളൂവെന്ന നിലപാടൊന്നും എനിക്കില്ല. എന്നിട്ടും അബദ്ധങ്ങള്‍ പറ്റാറുണ്ട്. 'എയ്‌ഞ്ചല്‍ ജോണ്‍' പോലുള്ള സിനിമകകള്‍. കഥപറുമ്പോള്‍ നന്നെന്നു തോന്നും. എന്നാല്‍ ചിത്രീകരിച്ചുകഴിയുമ്പോള്‍ നേരെ വിപരീതമാകും. ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാനാവുന്നതിന് പരിമിതിയുണ്ട്.
ഞാനൊരു കാര്യം കൂടെ പറയാം. കാമറയ്‌ക്ക് മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്‌ടം കാമറയ്‌ക്ക പിന്നില്‍ നില്‍ക്കാനാണ്. സിനിമോട്ടോഗ്രഫിയാണ് എന്റെ എക്കാലത്തേയും വലിയ പാഷന്‍. ഫലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്റെ ഡ്രീം ലാന്റായിരുന്നു. സിനിമയില്‍ അഭിനയിക്കുകയെന്നതിനേക്കാള്‍ സിനിമ സംവിധാനം ചെയ്യുകയെന്നതാണ് എന്റെ ആഗ്രഹം. അതിനു മുമ്പുള്ള ഒരിടവേള മാത്രമാണ് എനിക്ക് അഭിനയം. കാമറയ്‌ക്ക് പിന്നില്‍ ഒരു സംവിധായകയായി നില്‍ക്കുകയെന്ന മോഹമാണ് എനിക്ക് വലുത്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയൊക്കെ ഇഷ്‌ടപ്പെട്ട ഒരാളാണ് ഞാന്‍. കാടിന്റെ പച്ചപ്പ് എനിക്കേറെ ഇഷ്‌ടമാണ്.
നായകന്‍
എന്റെ സിനിമയിലെ നായകനാരാണെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ അതൊരു ചെറിയ സിനിമയായിരിക്കുമെന്ന് തീര്‍ത്തു പറയാം. സത്യസന്ധമായി ജീവിതത്തെ പറയുന്ന ഒരു സിനിമയാണ് മനസിലുള്ളത്. വന്‍ താരനിരയൊന്നും ഈ സിനിമയിലുണ്ടാവില്ല. എന്റെ മനസിലുള്ള സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്ന ലക്ഷ്യമാണ് ആദ്യ സിനിമയിലൂടെ സാക്ഷാത്‌ക്കരിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ വന്‍കിട താരങ്ങളെ അഭിനയിപ്പിച്ചാല്‍ അതൊന്നും നടക്കില്ല. അതുകൊണ്ട് അതൊരു കുഞ്ഞു സിനിമയാകുമെന്ന് കരുതാം. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടുള്ള ആവിഷ്‌ക്കാരരീതിയാകും അവലംബിക്കുക. അതിന് ഒരു പക്ഷെ, വര്‍ഷങ്ങളെടുത്തേക്കാം.
കേറ്റ് വിന്‍സ്ലറ്റ്
എനിക്ക് കേറ്റ് വിന്‍സ്ലറ്റിന്റെ ഛായയുണ്ടെന്ന് പറയുമ്പോള്‍ അതൊരു കോംപ്ലിമെന്റായി ഞാനെടുക്കും. പലരും എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. അവരുടെ തിളങ്ങുന്ന കണ്ണുകളും ഓമനത്തം തുളുമ്പുന്ന മുഖവുമൊക്കെ കാണാനെന്തൊരു ഭംഗിയാണ്..! അവരുടെയത്രയും സൗന്ദര്യം എനിക്കുമുണ്ടെന്ന് പറയുമ്പോള്‍ അതെനിക്കൊരു ബഹുമതിയാണ്. അതേസമയം തന്നെ മലയാളിത്തവും എന്നിലുണ്ട്. ആത്യന്തികമായി ഞാനൊരു മലയാളിയാണ്. പാലക്കാട്ടുകാരിയാണ് അമ്മ. അമ്മയും അച്ചനും ബംഗ്ലുരുവിലായതുകൊണ്ട് ഞാന്‍ അവിടെ പഠിച്ചുവളര്‍ന്നെന്നു മാത്രം. ഹോളിവുഡ് ടച്ചുള്ള കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയംതന്നെ തനി മലയാളിത്തമുള്ള വേഷങ്ങളും എനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. മകരമഞ്ഞിലും ഉറുമിയിലുമൊക്കെ അങ്ങിനെയുള്ള വേഷമാണ് ഞാന്‍ ചെയ്‌തിട്ടുള്ളതും.
എനിക്ക് ലാറ്റിന്‍ അമേരിക്കന്‍, സ്‌പാനിഷ് കഥാപാത്രങ്ങളൊക്കെ ഇണങ്ങുമെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ പറഞ്ഞിട്ടുണ്ട്. ഒരേസമയംതന്നെ എന്റെ മുഖത്തിന് ഈ രണ്ടു ഭാവങ്ങളും ഉള്‍കൊള്ളാന്‍ സാധിക്കുന്നുവെന്നത് പ്ലസ് പോയിന്റായാണ് ഞാന്‍ കരുതുന്നത്. ഇന്റര്‍നാഷണല്‍ തലത്തില്‍ അറിയപ്പെടുകയെന്നത് എന്റെ സ്വപ്‌നമാണ്. അതേസമയം തന്നെ ദാവണിയും സാരിയുമൊക്കെയണിഞ്ഞ പാലക്കാടന്‍ ബ്രാഹ്‌മണ പെണ്‍കുട്ടിയായും അഭിനയിക്കണം. സിനിമയ്‌ക്ക് ഭാഷാ ഭേദമില്ല. അതിരുകളില്ല.
പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തനം എനിക്ക് ആവേശമായിരുന്നു. മണിപ്പാല്‍ യൂണിവാഴ്‌സിറ്റിയില്‍ ആദ്യവര്‍ഷത്തിനു ചേര്‍ന്നപ്പോള്‍ ജേര്‍ണലിസത്തെകുറിച്ച് ഏറെ സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. രണ്ടാം വര്‍ഷത്തിലെത്തിയപ്പോള്‍ അതെല്ലാം തിരുത്തേണ്ടിവന്നു. സമൂഹത്തിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമെന്ന ധാരണയാണ് എനിക്ക് തിരുത്തേണ്ടിവന്നത്. അപ്പോഴാണ് പഠനത്തിന്റെ ഇടവേളയില്‍ 'ആകാശഗോപുര'ത്തില്‍ അഭിനയിക്കാന്‍ അവസരം വന്നത്. കേരള ടൂറിസം ഗൈഡിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ മുഖചിത്രമായി എന്റെ ഫോട്ടോ അടിച്ചുവന്നിരുന്നു. ഈ പുസ്‌തകം റിലീസ് ചെയ്‌ത മോഹന്‍ലാല്‍ എന്നെകുറിച്ച് അന്വേഷിക്കുകയും അങ്ങിനെ സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു.
ഇതിനുമുമ്പും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എട്ടാം വയസില്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ തബുവിന്റെ സഹോദരിയായാണ് അഭിനയിച്ചത്. ഒരു പരസ്യ ഏജന്‍സിയില്‍ എന്റെയൊരു ബന്ധു നല്‍കിയ ഫോട്ടോ കണ്ടായിരുന്നു എന്നെ വിളിച്ചത്. അതിനുശേഷം എന്റെ സുഹൃത്ത് സന്തോഷ് നിര്‍ബന്ധിച്ച് ഒരു ഹിന്ദി സീരിയലിലും അഭിനയിപ്പിച്ചു. ഇതൊക്കെ 'ആകാശഗോപുര'ത്തിനും മുന്നെ സംഭവിച്ച അഭിനയകാര്യങ്ങളാണ്.
തയ്യാറാക്കിയത് ജിനേഷ് പൂനത്ത്
--
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment