ഓസ്‌കര്‍ അവാര്‍ഡ് കാശുകൊടുത്താല്‍ കിട്ടുന്ന 'വാര്‍ഡാ'ണെന്ന് അപവാദം പറഞ്ഞത് ഇസ്‌മയില്‍ ദര്‍ബാര്‍ എന്ന ബോളിവുഡ് സംഗീതസംവിധായകനാണ്. സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്‌മാന്‍ കാശുകൊടുക്കാന്‍ വൈകിയതുകൊണ്ടാണ് അദ്ദേഹത്തിന് ഓസ്‌കര്‍ കിട്ടാന്‍ വൈകിയതെന്നും ഒടുവില്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആന്‍ഡ് സയന്‍സസ് (ഓസ്‌കര്‍ അക്കാദമി)ആവശ്യപ്പെട്ട കാശുകൊടുത്തതുകൊണ്ടാണ് 'സ്ലംഡോഗ് മില്യണയര്‍' റഹ്‌മാന് ഇരട്ടഓസ്‌കര്‍ സമ്മാനിച്ചതെന്നും ഭ്രമംമുറ്റിയ വെളിച്ചപ്പാടിനെപ്പോലെ ഇസ്‌മയില്‍ ദര്‍ബാര്‍ തുള്ളിപ്പറഞ്ഞെങ്കിലും ആരുമത് മൈന്‍ഡ് ചെയ്‌തില്ല.
സഞ്‌ജയ് ലീലാ ബന്‍സാലിയുടെ വെള്ളിത്തിരപ്രണയങ്ങളിലൂടെ ഇസ്‌മയിലിന്റെ പാട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്‌ടമാണെങ്കിലും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിഷ്‌കളങ്കന്‍ എന്ന് ആരാധകര്‍ വിശ്വസിക്കുന്ന സാക്ഷാല്‍ റഹ്‌മാനെപ്പറ്റി അപവാദം പറഞ്ഞാല്‍ ഓസ്‌കറിന്റെ അനുഗ്രഹത്താല്‍ 'സംപൂജ്യരായ' ഇന്ത്യക്കാരന്‍ സഹിക്കുമോ? റഹ്‌മാനാവട്ടെ പ്രതികരിക്കാനേ പോയില്ല. അതുകൊണ്ട് ഇസ്‌മയില്‍ ദര്‍ബാറിനെ ഭ്രാന്തന്‍ എന്നു വിളിക്കാനയിരുന്നു എല്ലാവര്‍ക്കുമിഷ്‌ടം.
പക്ഷേ 'ഡാം 999' എന്ന 'ദുരന്ത'ത്തിന്റെ തിരക്കഥ ഓസ്‌കര്‍ അക്കാദമി സൂക്ഷിക്കാനായി തെരഞ്ഞെടുത്തു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആ 'ഭ്രാന്തന്‍' ഇസ്‌മയിലിനെ തപ്പിപ്പിടിച്ച് 'പറഞ്ഞതൊക്കെ നേരായിരുന്നോ അണ്ണാ' എന്നു ചോദിക്കാന്‍ തോന്നിപ്പോകും. കാശുകൊടുത്തിട്ടല്ലെങ്കില്‍ 'ഡാം 999'ന്റെ തിരക്കഥ ഓസ്‌കര്‍ അക്കാദമി ലൈബ്രറിയില്‍ എന്തിനായിരിക്കും സൂക്ഷിക്കാനൊരുങ്ങിയത്? തീര്‍ച്ചയായും എങ്ങനെ തിരക്കഥ എഴുതരുത് എന്നു മാതൃകയാക്കാനായിരിക്കണം. അങ്ങനെയാണങ്കില്‍ അഞ്ചുലക്ഷം മുടക്കി നമ്മുടെ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് രചിച്ച 'ഇതിഹാസം' കൃഷ്‌ണനും രാധയും സ്വന്തമാക്കേണ്ട ബഹുമതിയാണ് അന്‍പതു കോടി മുടക്കിയ 'ഡാം 999' എന്ന ബ്രഹ്‌മാണ്ഡ വിഡ്‌ഢിച്ചിത്രം തട്ടിപ്പറിച്ചത്.
സന്തോഷ് പണ്ഡിറ്റിനെ ടിവി ചാനലുകളില്‍ കൊത്തിപ്പറിച്ച അവതാരകശിങ്കങ്ങള്‍ സോഹന്‍ റോയി എന്ന ഡാം സംവിധായകന്റെ 'നവരസ' വീരസ്യങ്ങള്‍ക്കു മുന്നില്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുകയായിരുന്നു. പക്ഷേ, സത്യംപറയാതെ വയ്യ, സന്തോഷ് പണ്ഡിറ്റിന്റെ ഇന്റര്‍നാഷണല്‍ പതിപ്പാണ് സോഹന്‍ റോയ്. അതായത് ഹോളിവുഡ് പണ്ഡിറ്റ്.
ടൈറ്റാനിക്, അവതാര്‍, സ്ലംഡോഗ് മില്യണയര്‍ തുടങ്ങി ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കിയ ഹോളിവുഡ് ഹിറ്റുകള്‍ക്കെല്ലാം പ്രണയത്തിന്റെ പശ്‌ചാത്തലമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും മുന്‍ കപ്പല്‍ ജീവനക്കാരനായ ഈ മലയാളി മുല്ലപ്പെരിയാറിനെപ്പറ്റി(?) സിനിമയെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ഒരു ദുരന്തപ്രണയത്തിന്റെ പശ്‌ചാത്തലം ഒരുക്കിയത്. ടൈറ്റാനിക്കിലെ ജാക്കിനേയും റോസിനേയും പോലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ കൈവരികള്‍ക്കിടയിലൂടെ പ്രണയിച്ചു തിമിര്‍ക്കുന്ന ഒരു ജോഡികളെയാണോ നിങ്ങള്‍ പ്രതീക്ഷിച്ചത്.? നിരാശപ്പെടേണ്ടിവരും...
കഥ നടക്കുന്നതു കായലിനും മലകള്‍ക്കും നടുവിലാണ്. ഏതാണ്ട് അലുവയും മത്തിക്കറിയും എന്നു പറയുന്നതുപോലൊരു കോമ്പിനേഷന്‍. കായല്‍ത്തീരത്തുനിന്നു ബോട്ടെടുത്തു പോകാവുന്ന ദൂരമേയുള്ളു തകരാന്‍ പോകുന്ന നമ്മുടെ പേരില്ലാത്ത അണക്കെട്ടിലേക്ക്. ആ അണക്കെട്ടില്‍ സുനാമിയുണ്ട്. അണക്കെട്ടിരിക്കുന്ന കാടു ഭരിക്കുന്നത് ഒരു മേയറാണ്.(പഞ്ചായത്ത് പ്രസിഡന്റിന് അണക്കെട്ടു നിര്‍മിക്കാന്‍ പറ്റില്ലല്ലോ?) ശത്രുക്കളെ പാമ്പിനെക്കൊണ്ടു കൊത്തിക്കൊല്ലിക്കുന്ന മേയര്‍ക്കു തളര്‍ന്നുകിടക്കുന്ന ഒരു മദാമ്മ ഭാര്യയുണ്ട്.
കഥ കേള്‍ക്കാന്‍ ഇനിയും താല്‍പര്യമുണ്ടോ?...
മുന്നറിയിപ്പ്: അബദ്ധജടിലം, അന്ധവിശ്വാസത്തില്‍ മുങ്ങിയത്, അപക്വം; മൂന്നുമാണ് ഈ 'അണക്കെട്ട് 999'.
തിരയില്ലാത്ത കഥ
മകന്റെ ജുവനൈല്‍ ഡയബറ്റീസ് (കുട്ടികളിലെ പ്രമേഹം, ഈ രോഗം സിനിമയില്‍ മുമ്പ് കാണുന്നതു ഗൗതം മേനോന്റെ തമിഴ്‌പടം 'പച്ചക്കിളി മുത്തുച്ചര'ത്തിലാണ്.)ചികിത്സയ്‌ക്കായാണ് ഭാര്യയുമായി വേര്‍പിരിഞ്ഞ മറൈന്‍ ജീവനക്കാരനായ വിനയ് (പുതുമുഖം വിനയ് റായ്)ജന്മനാട്ടിലെത്തുന്നത്. ആയുര്‍വേദ വിദഗ്‌ധനും ജ്യോതിഷിയുമായ വളര്‍ത്തച്‌ഛന്‍ ശങ്കരനും(രജത് കപൂര്‍)അയാളുടെ മകള്‍ മീര(വിനയ്‌യുടെ പൂര്‍വകാമുകി, വിമലാരാമന്‍)യുമാണിവിടെ താമസം. ആയുര്‍വേദമാസികകളുടെ കവറില്‍ കാണുന്നതുപോലെ ഒരു ബ്രാന്‍ഡ് കേരള മാര്‍ക്കറ്റിംഗാണ് സിനിമയുടെ ആദ്യപകുതി. കഥകളി, കായല്‍, കളരി, നാലുകെട്ട്... ആകെ ദൈവത്തിന്റെ സ്വന്തം അപ്പര്‍ക്ലാസ് ബ്രാന്‍ഡുകളുടെ ആചാരപരേഡ്.
സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് നമ്മുടെ ന്യൂനതകള്‍ അല്ല, പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കാനാണു താന്‍ ശ്രമിക്കുന്നതെന്നായിരുന്നു. ചികിത്സയ്‌ക്കുതന്നെ വന്‍തുക വേണ്ടിവരുന്ന ജുവനൈല്‍ ഡയബറ്റീസ് ചുമ്മാതങ്ങു മാറ്റുക, വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന മദാമ്മയെ ചുട്ട കോഴിയെ പറപ്പിക്കുന്നതുപോലെ നടത്തുക... ഇമ്മാതിരി അത്ഭുതങ്ങളൊക്കെയാണ് ഈ പോസിറ്റീവ് കാര്യങ്ങള്‍.
മീരയും വിനയും പിരിയാന്‍ കാരണം അവരുടെ നക്ഷത്രങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലാത്തതായിരുന്നു. തട്ടിന്‍പുറത്തുള്ള താളിയോലകള്‍ മുഴുവന്‍ തപ്പിയിട്ടും ജ്യോതിഷിയായ അച്‌ഛനു ചേര്‍ച്ച കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് നിരാശനായ വിനയ് നാടുവിട്ട് വിദേശമാധ്യമപ്രവര്‍ത്തകയെ വിവാഹം ചെയ്‌തു. മകന്റെ ചികിത്സയ്‌ക്കു നാട്ടിലെത്തിയ വിനയയും മീരയും തമ്മില്‍ അടുക്കുകയും അവര്‍ തമ്മില്‍ വീണ്ടും പ്രണയത്തിലേക്കു വീഴുകയും ചെയ്യുന്നു. നക്ഷത്രങ്ങള്‍ നിഷേധിച്ച പ്രണയം സ്വീകരിച്ച അവര്‍ക്കു പ്രകൃതിയും വില്ലനാകുന്നു.
ഇവിടെയെവിടെയാണു ഡാം എന്ന സംശയം സ്വഭാവികം. സംശയിക്കേണ്ട. അത് അവസാനത്തെ അരമണിക്കൂര്‍ നേരത്തെ കാര്യമേയുള്ളു! അതുവരുന്ന വഴിയിതാണ്.
കൊളോണിയല്‍ കാലത്തെ ഡാമുകളെപ്പറ്റി ഡോക്യുമെന്ററി തയാറാക്കാന്‍ നായകന്റെ വേര്‍പിരിഞ്ഞ ഭാര്യയും വിദേശമാധ്യമ പ്രവര്‍ത്തകയുമായ സാന്ദ്ര(ലിന്‍ഡ അരസോണിയോ) എത്തുന്നിടത്താണു കാര്യങ്ങള്‍ 'സീരിയസാകുന്നത്.' (ഈ ഡാം എന്നു പറഞ്ഞാല്‍ വിനയും വിമലാരാമനും കുട്ടിയും വൈകിട്ട് കാറ്റുകൊള്ളാന്‍പോകുന്ന സ്‌ഥലമാണ്. സുരക്ഷാപ്രശ്‌നമുള്ള ഡാം ആണേ..!)
തന്റെ രാഷ്‌ട്രീയപരമായ ലക്ഷ്യങ്ങള്‍കൊണ്ട് ലക്ഷങ്ങളുടെ ജീവന്‍ പന്താടി പുതിയ ഡാം നിര്‍മിക്കുന്ന മേയറാണ് (ആഷിഷ് വിദ്യാര്‍ഥി) വില്ലന്‍. വിനയ്‌യുടെ ക്യാപ്‌റ്റന്റെ സഹോദരിയാണ് മേയറുടെ ഭാര്യ. തളര്‍ന്നുകിടക്കുന്ന അവരെ മേയറുടെ ക്രൂരതകളില്‍നിന്നു രക്ഷിക്കാനായി ക്യാപ്‌റ്റനും വിനയ്‌യും ഭാര്യയുംകൂടി നടത്തുന്ന സാഹസങ്ങള്‍ക്കൊടുവില്‍ ഡാം എത്രമാത്രം അപകടത്തിലാണ് എന്ന് അവര്‍ തിരിച്ചറിയുന്നു. പക്ഷേ, അതിനിടയില്‍ വീണ്ടും നഷ്‌ടപ്പെടാന്‍ തയാറല്ലാത്ത വിനയ്‌യും നായികയും നക്ഷത്രങ്ങളുടെ ഇംഗിതങ്ങള്‍ക്കു വിരുദ്ധമായി മനസുകൊണ്ടും ശരീരംകൊണ്ടും ഒന്നാകുന്നു. സംഭവം പിടിവിട്ടു പോയി എന്നു മനസിലാക്കിയ രജത് കപൂര്‍ പൂജാമുറിയില്‍ കയറി ഹോമകുണ്ഡത്തിലേക്ക് എല്ലാം അര്‍പ്പിച്ചെങ്കിലും വൈകിപ്പോയി. പിന്നെല്ലാം ചടപടേന്നായിരുന്നു. മാനം കറുത്തു, പേമാരി പെയ്‌തു, കൊടുങ്കാറ്റടിച്ചു, ഭൂമി കുലുങ്ങി, ഡാം ചോര്‍ന്നു, സുനാമി ഉയര്‍ന്നു.(ഡാമിലും സുനാമി....???)
നക്ഷത്രങ്ങളെ ധിക്കരിച്ചതിനുള്ള ശിക്ഷ പ്രകൃതി കനിവില്ലാതെ നല്‍കിയപ്പോള്‍ പഴയ ഡാമും പുതിയ ഡാമും എല്ലാം പൊട്ടിത്തകര്‍ന്നു. എല്ലാം കൂടി പത്തുമിനിട്ട്...
വെള്ളമില്ലാത്ത ഡാം
വെള്ളമില്ലാത്ത ഡാം പോലാണു സോഹന്റെ സിനിമ. സാധാരണബുദ്ധിയെ ചോദ്യംചെയ്യുകയും അന്ധവിശ്വാസങ്ങളെ യുക്‌തിവല്‍കരിക്കുകയും സാധാരണക്കാരന്റെ ഭൗമശാസ്‌ത്രപരമായ അറിവുകളെ കൊഞ്ഞനംകുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ കഥനരീതി. കഥ ഭൂരിഭാഗവും നടക്കുന്നത് ഒരു കായല്‍(ബാക്ക്‌വാട്ടര്‍, സിനിമയില്‍ അങ്ങനെ പറയുന്നില്ലെങ്കില്‍ പോലും) തീരത്താണ്.
അതിനടുത്താണ് ഡാം. (അതായത് നദികളുടെ ഒഴുക്ക് തടസപ്പെടുത്തി മലമുകളില്‍ നിര്‍മിക്കുന്ന ഡാം.) ലോകത്തെവിടെയാണ് ഇത്തരത്തില്‍ വിചിത്രമായ ഭൂപ്രകൃതി. കായലിനാവട്ടെ സിനിമയില്‍ റോളൊന്നുമില്ല താനും.
കഥയില്‍ കഥാപാത്രങ്ങളുടെ ഗതിയും വിധിയും നിര്‍ണയിക്കുന്നത് നക്ഷത്രങ്ങളാണ്. സോഹന്‍ അവകാശപ്പെടുന്നത് നവരസങ്ങള്‍ പ്രകടിപ്പിക്കുന്ന ഒന്‍പതു കഥാപാത്രങ്ങളാണ് തന്റെ സിനിമയെന്നാണ്. (എണ്ണിനോക്കിയാല്‍ അഞ്ചാറെണ്ണം കാണുമായിരിക്കും!). കാണികള്‍ക്ക് ഒരു 'രസവും' അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല 'ഗാന്ധി'യിലെ അഭിനയത്തിന് രജത്‌കമലം വാങ്ങിയ രജത്‌കപൂറിന്റെ അഭിനയംപോലും കോമാളിത്തരമായാണ് തോന്നുന്നത്. മലയാളം ചുവയ്‌ക്കുന്ന ഇംഗ്ലീഷ് മാത്രമാണ് സിനിമയിലെ ഏകതമാശ.
മുല്ലപ്പെരിയാറിനെപ്പറ്റിയാണ് സിനിമ എന്നുള്ള അഭ്യൂഹങ്ങള്‍ക്കുള്ള ഏക അടിസ്‌ഥാനം അയല്‍ സംസ്‌ഥാനവുമായുള്ള (സംസ്‌ഥാനത്തിന്റെ പേരു പറയുന്നില്ല) 999 വര്‍ഷത്തെ പാട്ടക്കരാറാണ് (അതാണ് സിനിമയുടെ പേരു സൂചിപ്പിക്കുന്നത്).
അണക്കെട്ടുകളുയര്‍ത്തുന്ന പാരിസ്‌ഥിതിക പ്രശ്‌നങ്ങളോ ഭീഷണിയോ വെള്ളത്തിന്റെ രാഷ്‌ട്രീയമോ എന്തിന് നൂറു വര്‍ഷം പഴക്കമുള്ള അണക്കെട്ട് എന്തുകൊണ്ടു ഭീഷണിയാകുന്നു എന്ന അടിസ്‌ഥാന പ്രശ്‌നമോ ചര്‍ച്ചചെയ്യാനുള്ള ബാധ്യതയോ ഔന്നത്യമോ സിനിമ ഒരു ഘട്ടത്തിലും പ്രദര്‍ശിപ്പിക്കുന്നില്ല. എല്ലാം പ്രണയത്തിലും വിധിയിലും കേരളത്തിന്റെ ക്ലീഷേ പോസ്‌റ്റര്‍കാര്‍ഡ് ഇമേജുകളിലും പതിപ്പിച്ച് വലിച്ചുനീട്ടുകയാണ്.
1975ലെ ചൈനയിലെ ബന്‍ക്വിയാവോ ഡാം ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ് സിനിമ ഒരുക്കിയതെങ്കിലും അത്തരത്തിലൊരു ദുരന്തത്തിന്റെ ഭീകരത കാണികളിലെത്തിക്കാനുള്ള ഒരു ശ്രമവും കാണാനില്ല. ഡാം തകരുന്നതിന്റെ ഫില്‍ട്ടേഡ് കളറിലുള്ള ഗ്രാഫിക് ദൃശ്യങ്ങള്‍ അപക്വവും ടെലിവിഷന്‍ സീരിയലുകളുടെ നിലവാരത്തിനൊപ്പംപോലും ഉയരാത്തതുമാണ്. ഡാം പൊട്ടിക്കഴിഞ്ഞുള്ള വിഷ്വല്‍ട്രീറ്റ് പ്രതീക്ഷിച്ച് ടിക്കറ്റെടുത്തവര്‍ തലയില്‍ കൈവയ്‌ക്കും. ശവങ്ങള്‍ ബുള്‍ഡോസറില്‍ കോരിയെടുക്കുന്നതു മാത്രമാണ്. ബാക്കിയെല്ലാം ഫില്‍ട്ടേഡ് ടോണിലുള്ള അമച്വര്‍ ഗ്രാഫിക്‌സുകള്‍ മാത്രം.
ഹോളിവുഡ് നിര്‍മാണം എന്നാണ് അവകാശം. സോഹന്‍റോയിയുടെ ഉടമസ്‌ഥതയിലുള്ള ബിസ് ടിവി നെറ്റ്‌വര്‍ക്ക് (ലോകത്തിലെ ആദ്യത്തെ മാരിടൈം ചാനല്‍) ആണ് നിര്‍മാണം. പക്ഷേ, ഇതെങ്ങനാണ് ഹോളിവുഡ് സിനിമയാകുന്നതെന്ന സംശയം മാത്രം ബാക്കി.
'പ്രശസ്‌ത' ഹോളിവുഡ് തിരക്കഥാകൃത്ത് റോബ് ടോബിനും സോഹന്‍ റോയിയുമാണ് തിരക്കഥ. ഈ പ്രശസ്‌തന്റെ സിനിമ ഏതൊക്കെയെന്നറിയാന്‍ നെറ്റില്‍ നോക്കിയാല്‍ ചുറ്റിപ്പോകും. വാര്‍ണര്‍ ബ്രദേഴ്‌സ് സിനിമ റിലീസിനെടുത്തതാണ് ഭയങ്കര സംഭവമായിട്ട് പല മാധ്യമങ്ങളും കൊണ്ടാടിയത്. വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്ത്യയില്‍ അരങ്ങേറിയ ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന അക്ഷയ്‌കുമാര്‍ ചിത്രം ഇതിലും 'കൂതറ'യായിരുന്നു. സിനിമയുടെ മികവു കണ്ടല്ല സായ്‌പ് വിതരണത്തിനെടുക്കുന്നത് എന്നതിന് ഇനിയും ഉദാഹരണങ്ങള്‍ വേണ്ടല്ലോ.
ഡാം 999 എന്ന മൂന്നാംകിട സിനിമ ഇത്രമേല്‍ പരാമര്‍ശം അര്‍ഹിക്കുന്നില്ല എന്ന കാര്യം നിസ്‌തര്‍ക്കമാണ്. പക്ഷേ, ബുദ്ധിപരമായ ഓണ്‍ലൈന്‍-മീഡിയ-രാഷ്‌ട്രീയ കാമ്പയിനിലൂടെ അനര്‍ഹമായ പബ്ലിസിറ്റിയും വരുമാനവും സ്വന്തമാക്കിയ ഇത്തരം വ്യാജനിര്‍മിതികള്‍ തീര്‍ച്ചയായും തുറന്നുകാണിക്കപ്പെടണം.
വാല്‍ക്കഷണം: ഇനി നമ്മളെങ്ങനെ തമിഴരുടെ മുഖത്തുനോക്കും. ഈ പടം നിരോധിച്ചതിനാണോ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയില്‍ 'നീ മുല്ലപ്പെരിയാറില്‍നിന്നു വെള്ളം എടുക്കുമോടാ പാണ്ടി' എന്നു വിളിച്ച് പാര്‍ഥിപനെ ആക്ഷേപിച്ച ഇന്നസെന്റിനെപ്പോലെ നമ്മള്‍ പാവം തമിഴരെ പഴിച്ചത്. മന്നിച്ചിട് മാപ്പിളൈ... |
No comments:
Post a Comment