ഒരു സന്യാസിയും ഒരു വേശ്യയും ഒരു നദിക്കരയില്‍ ജീവിച്ചിരുന്നു.
വേശ്യയാണ് തന്റെ അയല്‍വാസി എന്നതില്‍ ക്രൂദ്ധനും നിരാശനും ആയിരുന്നു മുനി.
കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അവളെ മുനി വഴക്ക് പറയുകയും ശപിക്കുകയും ചെയ്തു പോന്നു.
തന്റെ കര്‍മ്മങ്ങള്‍ എത്ര മഹത്തരം ആണെന്ന് ഓര്‍ത്ത് മുനി അഭിമാനം കൊള്ളുകയും ചെയ്യുമായിരുന്നു.
വേശ്യ പെണ്‍കുട്ടി ആവട്ടെ, എപ്പോഴും തന്റെ ഗതികേടും ദുഷ്കര്‍മ്മവും ഓര്‍ത്ത് ദുഖിച്ചു. എന്നാല്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അവളുടെ ദാരിദ്ര്യവും പട്ടിണിയും അവളെ അനുവദിക്കുമായിരുന്നില്ല.
കഴിവതും മുനിയുടെ കാഴ്ച്ചവട്ടത്തു ചെന്ന് പെടാതെ അവള്‍ സൂക്ഷിച്ചു.
മുനിയുടെ ഭക്തിയും കര്‍മ്മങ്ങളും കാണുമ്പോള്‍ അവള്‍ സ്വന്തത്തെ ഓര്‍ത്ത് ലജ്ജിക്കുകയും മുനിയെ മനസ്സാ ബഹുമാനിക്കുകയും ചെയ്തു.
മുനി അവളുടെ പാപങ്ങള്‍ എപ്പോഴും വീക്ഷിക്കുകയും മനസ്സാ വെറുക്കുകയും ചെയ്തു. അവളുടെ അടുത്തു വരുന്ന ഓരോ സന്ദര്‍ശകരെയും മുനി പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ഓരോ തവണയും വേശ്യ ചെയ്യുന്ന പാപത്തിനു ഒരു കല്ല് എന്ന കണക്കില്‍ മുനി ഒരു പാത്രത്തില്‍ കല്ലുകള്‍ ഇട്ടു വക്കാന്‍ തുടങ്ങി.
ഇത് ശ്രദ്ദയില്‍ പെട്ട വേശ്യ മുനിയുടെ ഓരോ പ്രാര്‍ത്ഥനക്കും കര്‍മ്മത്തിനും ഓരോ കല്ല് വീതം ഇടാന്‍ തന്റെ അടുത്തും ഒരു പാത്രം സൂക്ഷിച്ചു.
ഒരിക്കല്‍ നദിയില്‍ വലിയൊരു പ്രളയം വരികയും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.
മരണാനന്തരം മരണ ദേവന്‍ മുനിയെ നരകത്തിലും വേശ്യയെ സ്വര്‍ഗ്ഗത്തിലും പ്രവേശിച്ചു.
മുനി അമ്പരന്നു: "ഇതെന്തു കഥ!! ഞാന്‍ ചെയ്തതെല്ലാം നന്മയും അവള്‍ ചെയ്തതെല്ലാം പാപവും ആയിരുന്നില്ലേ.. ഇപ്പോഴും കാണും എന്റെ വീട്ടില്‍ അവളുടെ പാപങ്ങളാല്‍ കുമിഞ്ഞു കൂടിയ കല്ലുകള്‍... എന്നിട്ടും ഇതെന്തു പറ്റി?.. എവിടെയോ പിശക് വന്നിട്ടുണ്ട് തീര്‍ച്ച".
എന്നാല്‍ വേശ്യയും അത് തന്നെ പറഞ്ഞു: "അതെ, മുനി പറഞ്ഞതാണ് ശരി. ഞാന്‍ എന്റെ ജന്മം മുഴുവന്‍ പാപമാണ് ചെയ്തത്. ഈ മുനി വെറും പുണ്യ കര്‍മ്മങ്ങളും.. ശരിക്കും ഞാനാണ് നരകാവകാശി".
മരണ ദേവന്‍ പറഞ്ഞു: "നിങ്ങള്‍ പറയുന്നത് ശരി തന്നെ. പക്ഷെ, വാക്കുകളെക്കാളും കര്‍മ്മങ്ങളെക്കാളും, നിങ്ങളുടെ ഹൃദയത്തില്‍ എന്താണെന്ന് നോക്കിയാണ് ഇവിടെ പ്രതിഫലം".
"മുനിയുടെ മനസ്സ് നിറയെ വേശ്യയുടെ പാപങ്ങള്‍ ആയിരുന്നല്ലോ,
വേശ്യയുടെ ചിന്ത നിറയെ മുനിയുടെ പുണ്യ കര്‍മ്മങ്ങളും".
ഗുണപാഠം. മനസ്സ് നന്നാക്കുക. മറ്റുള്ളവരുടെ ന്യൂനതകളും കുറ്റങ്ങളും കാണാന് ശ്രമിക്കുന്നതിന് പകരം നന്മകളെ കാണാന് കണ്ണ് തുറക്കുക.
No comments:
Post a Comment