സ്വാര്ഥത എവിടം വരെയാവാം? ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില് ആ വഴിക്കൊന്നുപോവുക. മറ്റവന് തട്ടിപ്പോയാലും കുഴപ്പമില്ല, തനിക്കു സുഖിച്ചാല് മതിയെന്ന ചിന്ത മനുഷ്യര്ക്കു മാത്രമുള്ളതാവാം. അതില് തന്നെ പല പ്രത്യേകതകളുമുണ്ടാവാം. സ്വന്തം സുഖം, സ്വന്തക്കാരുടെ സുഖം, സ്വന്തക്കാരുള്ള ഗ്രാമത്തിന്റെ സുഖം, അത്തരക്കാരുള്ള ജില്ലയുടെ, സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ സുഖം. ഇടുങ്ങിയ സ്വാര്ഥതയില് നിന്ന് വിശാലമായ സ്വാര്ഥത(അങ്ങനെയുണ്ടോ എന്നൊന്നും ചോദിച്ചേക്കല്ലേ)യിലേക്കുള്ള യാത്രയ്ക്ക് ബഹുമാനിതര്‍ നല്ല പേരുതന്നെ കരുതിവെച്ചിട്ടുണ്ട്. പരിമിത സ്വാര്ഥതയില് നിന്ന് പരിധിയില്ലാത്ത സ്വാര്ഥതയിലേക്ക് ഉയരണമെന്ന് പറയാന്‍ എളുപ്പമാണ്; പ്രവൃത്തി കഠിനവും.
ഇമ്മാതിരിയൊരു ഊരാക്കുടുക്കിന്റെ നട്ടം തിരിക്കുന്ന പ്രവര്ത്തനത്തിലേക്കാണ് രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ട് സംസ്ഥാനങ്ങള്‍, രണ്ട് സംസ്കാരങ്ങള്‍ ഉരുണ്ടു വീണിരിക്കുന്നത്. തണ്ണീര്‍ വല്ലാത്തൊരു പ്രശ്നമാണെന്ന് ആര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ജീവിക്കാന്‍ അത് കൂടിയേ തീരൂ. മരിച്ചാല്‍ ചുണ്ടില്‍ തൊട്ടുകൊടുക്കാനും മേപ്പടിസാധനം വേണം. എന്നാല് തണ്ണീര്‍ ജലബോംബായി മാറിക്കഴിഞ്ഞാല്‍, മാറ്റിക്കഴിഞ്ഞാല്‍ ജീവന് എങ്ങനെ നിലനില്ക്കും? ചോദ്യങ്ങള്ക്കുപോലും പ്രസക്തിയില്ലാത്ത അന്തരീക്ഷത്തില്‍ ആരുടെയൊക്കെയോ ബുദ്ധിയില്‍ വിശകലനം ചെയ്തെടുത്ത കടലാസുവിവരങ്ങളുടെ ബലത്തില്‍ ലക്ഷങ്ങള്‍ നെടുവീര്പ്പിട്ടു കാത്തുകഴിയുന്നു.
മുല്ലപ്പെരിയാര് ഡാം എന്ന ജലബോംബ് ഇക്കാലമത്രയും സുഷുപ്തിയിലായിരുന്നോ എന്ന് ചോദിച്ചാല്‍ മറുപടി പലതാണ്. പക്ഷേ, സോഹന്റോയി എന്ന വിദ്വാന് സെല്ലുലോയ്ഡില്‍ ഒരു കൃതിക്ക് രൂപം കൊടുത്തതോടെ വല്ലാത്തൊരു മാനസിക വിഭ്രാന്തിയിലായി ജനങ്ങള്‍. തമിഴ്നാടിന് കൃഷിചെയ്യാന്‍ വെള്ളം വേണം. അതേവെള്ളം ജീവനെടുക്കാന്‍ പാകത്തില്‍ മലയാളിയെ തുറിച്ചുനോക്കിയും നില്ക്കുന്നു. കടുംപിടിത്തത്തിന് കണ്ണും മൂക്കും ഹൃദയവും ഇല്ലെന്നാണ് ചൊല്ല്. ദേശീയ കാഴ്ചപ്പാട് എന്ന സംഗതി ഉപ്പാണോ മുളകാണോ എന്നറിഞ്ഞുകൂടാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും. വെറും വെള്ളം മാത്രമല്ല തമിഴ്നാടിനുവേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്ക്ക് അണക്കെട്ടിന്റെ പരമാധികാരത്തിലാണ് താല്‍പ്പര്യം. ബ്രിട്ടീഷുകാരന് വളര്‍ത്തിയെടുത്ത് പടര്ത്തിയ വൈറസ് ഇപ്പോഴും സജീവമാണെന്ന് ചുരുക്കം.
ഇവിടെ നേരത്തെ സൂചിപ്പിച്ച സ്വാര്ഥത ഒരുകൂട്ടര്ക്ക് നന്മയും മറ്റൊരുകൂട്ടര്ക്ക് തിന്മയും സമ്മാനിക്കുന്നു. നാമെല്ലാം ഭാരതീയരാണെന്നും സഹോദരീസഹോദരന്മാരാണെന്നുമുള്ള കാഴ്ചപ്പാടിന് രാഷ്ട്രീയമാനം കൈവരുമ്പോള്‍ എന്റെ നാട്ടുകാര്‍, എന്റെ സംസ്ഥാനക്കാര്‍ എന്ന അപഭ്രംശത്തിന് ശക്തികൂടുന്നു. അരുത് എന്നു പറയാന്‍ കെല്‍പ്പുള്ള ഒരു കൈ എവിടെനിന്നും ഉയരുന്നില്ല.
കാവേരിജലത്തിന്റെ പേരില് തലതല്ലിക്കീറാന്‍ പാകത്തില്‍ രണ്ട് സംസ്ഥാനക്കാര്‍ ക്രുദ്ധരായി നിന്നപ്പോള് കാവ്യഹൃദയത്തിന്റെ കാരുണ്യവുമായി ഒരു കൈ ഉയര്ന്നുവന്നു. നൂറ്റാണ്ടുകളായി ക്രൗര്യംകൊണ്ട് പണിതുയര്ത്തിയ മതില് ആ കൈ സ്നേഹത്തില് കുതിര്ത്ത് ഇല്ലാതാക്കി. കാവേരിയുടെ സ്വച്ഛശീതളജലം തമിഴ്നാടിന്റെ വരണ്ടമണ്ണിലേക്ക് ആവേശപൂര്‍വ്വം ഒഴുകിയെത്തിയപ്പോള് ആ കൈ ഉയര്ത്തിയ ഹൃദയം കോരിത്തരിപ്പോടെ കണ്കുളിര്ക്കെകണ്ടു നിന്നു. അത് ഭാരതീയ ജനതാപാര്ട്ടിയുടെ ദര്ശനവ്യാപ്തിനിറഞ്ഞ അടല്ബിഹാരി വാജ്പേയി എന്ന പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ പുല്ക്കൊടിപോലും തനിക്കു പ്രിയപ്പെട്ടതാണെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച ദാര്ശനിക വ്യക്തിത്വം.
മുല്ലപ്പെരിയാറിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ യുദ്ധക്കളത്തിലെ മാനസികാവസ്ഥയിലേക്ക് നമ്മെ നയിക്കുമ്പോള്‍ അറിയാതെ മന്ത്രിച്ചുപോകുന്നു: വാജ്പേയി അത്തരമൊരു അധികാരകേന്ദ്രത്തില് ഉണ്ടായിരുന്നെങ്കില്‍! ഒരുപക്ഷേ, കേരളത്തിന്റെ നിര്ഭാഗ്യമായിരിക്കാം. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കാനുള്ള അന്തരീക്ഷം സംജാതമായിരുന്നെങ്കിലും അന്ധമായ ബിജെപി വിരോധം മൂലം അന്നത്തെ കേരളഭരണകൂടം താല്പര്യമെടുത്തില്ല. രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ദുഷിച്ച മുഖമാണ് അതിലൂടെ അനാവൃതമായത്. വിശാല സ്വാര്ഥത ഒരു നാടിന്റെ വികസന സ്വപ്നങ്ങള്ക്ക് ചിറകുമുളപ്പിക്കുമ്പോള് രാഷ്ട്രീയ സ്വാര്ഥത ഒരു ജനതയുടെ ശവക്കുഴിതോണ്ടാന് ഇടവെക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടാന്‍ ഇത് ധാരാളം. ഇത്തരം രാഷ്ട്രീയ ദുശ്ശാഠ്യങ്ങളുടെ മലവെള്ളപ്പാച്ചിലാണ് ദുരന്തങ്ങളുടെ വ്യാപ്തികൂട്ടുകയെന്ന് അറിയാത്തതെന്തേ? അലറിവിളിച്ച് വ്യാഘ്രം വരുമ്പോള് കുഴപ്പമില്ല, കുഴപ്പമില്ല എന്ന ബുദ്ധിജീവി ആഹ്വാനത്തില്‍ നിങ്ങള്‍ വിശ്വാസമര്പ്പിക്കുമോ? അത്തരം രാഷ്ട്രീയ സമീപനം നമ്മെ എവിടെയും എത്തിക്കില്ലെന്ന തിരിച്ചറിവിന്റെ ആശ്വാസം തേടുന്നതല്ലേ പ്രായോഗികത?
കരച്ചിലുകള്‍ കാലങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കും എന്നത് സത്യമാണ്. ലോകമഹായുദ്ധങ്ങളിലായാലും സുനാമിയിലായാലും ഭൂകമ്പത്തിലായാലും കരച്ചിലിന്, കണ്ണീരിന് ഒരു മുഖമേയുള്ളൂ. അവസാന നിമിഷത്തിലും ദേഹിയെ പിടിച്ചുനിര്ത്താന് പെടാപ്പാട്പെടുന്ന ജീവിയുടെ (മനുഷ്യനുള്പ്പെടെ) വെപ്രാളത്തിന്റെ മുഖം.
അത് കാണണമെന്ന് കാംക്ഷിക്കുന്ന അധികാരദുരയുടെ അടങ്ങാത്ത വാശിക്കുമുമ്പില് മുല്ലപ്പെരിയാര് നിശ്ശബ്ദം വിലപിക്കുന്നുണ്ടാവുമോ? കണ്ണും കാതും ചുണ്ടുമില്ലാത്ത ഈ മനുഷ്യന്മാരെ രക്ഷിക്കാന്‍ കേവലം സുര്ക്കിയുടെ ആവരണത്തില്‍ കിടക്കുന്ന ഞാനെന്തുചെയ്യാന് എന്ന് വിതുമ്പുന്നുണ്ടാവുമോ? ആ വിതുമ്പലാവുമോ അനേകശതം സുഷിരങ്ങളിലൂടെ ഊര്ന്നിറങ്ങുന്നത്? നമുക്ക് ഉയരങ്ങളിലിരുന്ന് നിലവിളികേള്ക്കാം എന്ന് സന്തോഷ്ബാബു എഴുതുമ്പോള്‍ (മാധ്യമം ആഴ്ചപ്പതിപ്പ് ഡിസം. 5) ഇതൊക്കെ തോന്നിപ്പോകുന്നു. അലയടിച്ചാര്ത്തു വരുന്ന ജലപ്രവാഹത്തില് കൈകാലിട്ടടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍, അമ്മപെങ്ങന്മാര്‍, കോഴിക്കുറുനരികള്‍, ആനമയിലൊട്ടകങ്ങള്‍…. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവിവര്ഗങ്ങളുടെ പിടച്ചില്‍ കണ്ട് അധികാരത്തിന്റെ ദന്തഗോപുരത്തിലിരുന്ന് രസിക്കാന്‍ രാഷ്ട്രീയ വൈതാളികര് തയാറെടുപ്പുനടത്തുന്നത് നമുക്ക് കാണാം. ആ ഭീകരകാഴ്ചയുടെ താഴ്വരയിലേക്ക് സന്തോഷ്ബാബു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാം വിധിക്കു വിട്ടുകൊടുക്കുന്ന നെറികെട്ട രാഷ്ട്രീയ പിത്തലാട്ടത്തിന്റെ തനിനിറം ഇതില്‍ ദര്‍ശിക്കാം: ഏതുയരത്തിലും പക്ഷേ, നമ്മള് വിചാരണചെയ്യപ്പെടും എന്നതുറപ്പാണ്. ജീവിതത്തില് മാത്രമല്ല, മരണശേഷവും. കാരണം, മുല്ലപ്പെരിയാര് ഒരു കരച്ചിലാണ്, പച്ചമനുഷ്യരുടെ കരച്ചില്‍. കരച്ചിലുകള്‍ കാലങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കും. അടുത്ത തലമുറയുടെ മുമ്പില്‍ കുറ്റവാളികളായി നില്ക്കാനാണ് ഇന്നത്തെ രാഷ്ട്രീയക്കോമരങ്ങള്ക്ക് താല്പ്പര്യമെങ്കില് നടക്കട്ടെ. കരുതിവെക്കാന് കരച്ചിലുപോലുമില്ലാത്ത ഈയാംപാറ്റകളായി നമുക്ക് വട്ടമിട്ട് പറന്നൊടുങ്ങാം.
മീഡിയാസ്കാനിക്കുന്ന യാസീന് അശ്റഫിനും തുടക്കം കാച്ചുന്ന വിദ്വാനും (രണ്ടും മാധ്യമം ആഴ്ചപ്പതിപ്പ്) നല്ല ചാകരയായി ഇശ്റത് ജഹാന്‍-പ്രാണേഷ്പിള്ള പച്ചപ്പാവങ്ങളുടെ സംഭവഗതികള്‍. പച്ചനുണ മെയിലുകള് താണ്ടിയശേഷമേ സത്യം ചെരിപ്പിടാന്‍ തുടങ്ങുകയുള്ളൂ എന്ന് മേപ്പടി മഹിതാശയന്മാര് ഓര്‍ക്കുന്നത് ചിലപ്പോള്‍ നന്ന്.
No comments:
Post a Comment