അണക്കെട്ടു തകര്‍ന്നാല്‍ ആദ്യം വിഴുങ്ങുക കോട്ടയം, ആലപ്പുഴ ജില്ലകളെ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഇടുക്കി ഡാമില്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം അഴുത, മീനച്ചില്‍ ആറുകളിലേക്ക് ഒഴുകുമെന്നും ഇത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വന്‍ നാശമുണ്ടാക്കുമെന്നും വിദഗ്‌ധ റിപ്പോര്‍ട്ട്.
ഇപ്പോള്‍ കരുതുന്ന പോലുള്ള വെള്ളപ്പാച്ചില്‍ ഇടുക്കി അണക്കെട്ടിലേക്ക് ഉണ്ടാവില്ലെന്ന് ഈ ജില്ലകളിലെ ഭൂപ്രകൃതിയെക്കുറിച്ച് സെന്‍സസ് ഇന്ത്യ തയാറാക്കിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രീതിയില്‍ തയാറാക്കിയിരിക്കുന്ന ദുരന്തനിവാരണ പദ്ധതികള്‍ ഡാം തകര്‍ന്നാല്‍ ഗുണകരമാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം പെരിയാര്‍ വഴി ഒഴുകി ഇടുക്കിയിലും താഴെയുള്ള മറ്റ് ഡാമുകളിലും എത്തുമെന്ന കണക്കുകൂട്ടലിലാണ് സംസ്‌ഥാന സര്‍ക്കാര്‍ ദുരന്തനിവാരണ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇടുക്കി സംഭരണിയില്‍ വെള്ളം എത്തുംമുമ്പുതന്നെ അഴുത-മീനച്ചില്‍ ആറുകളിലൂടെ കുത്തൊഴുക്കുണ്ടാകും. ഇതുകൂടി കണക്കിലെടുത്തുവേണം ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കേണ്ടതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ഉപഗ്രഹ ഭൂപടമനുസരിച്ചു സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഡാം തകര്‍ന്നാല്‍ വെള്ളം ഒഴുകുന്നത് വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായിരിക്കും. വാഗമണ്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും കുത്തിയൊലിച്ച് വരുന്ന വെള്ളം ഏറ്റവും കൂടുതല്‍ നാശഷനഷ്‌ടങ്ങളുണ്ടാക്കുക.
ഭൂമിയുടെ കിടപ്പനുസരിച്ച് മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ പെരിയാറിലേക്കൊഴുകണമെന്നില്ല. വണ്ടിപ്പെരിയാറിനു സമീപംവച്ച് വെള്ളം അഴുതയിലേക്കും വാഗമണിനടുത്തുവച്ച് മീനച്ചിലാറിലേക്കുമായിരിക്കും ശക്‌തമായി ഒഴുകുക. ഇതോടെ മീനച്ചിലാറുമുതല്‍ പമ്പയാറുവരെയുള്ള ഭാഗം കടുത്ത നാശനഷ്‌ടങ്ങള്‍ക്കു വിധേയമാകും.
അതിശക്‌തമായ വെള്ളപ്പാച്ചിലില്‍ പുതിയ ആറുകളും തോടുകളും ഉണ്ടായിക്കുടെന്നില്ല. ഇത് ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും റീജിയണല്‍ ഡിവിഷന്‍സ് ഓഫ് ഇന്ത്യ-എ കാര്‍ട്ടോഗ്രാഫിക് അനാലിസിസ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഇടുക്കി ഡാമിനെ ബാധിക്കില്ലെന്നല്ല അര്‍ഥമെന്ന് ജലവിഭവവകുപ്പിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി അണക്കെട്ടിനും ഭീഷണിയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളം മാത്രമല്ല ഒഴുകിയെത്തുക. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏകദേശം 2000 ടണ്ണിലേറെ ഭാരമുള്ളതായാണ് കണക്കാക്കുന്നത്.
അണപൊട്ടിയാല്‍ ഒഴുകിവരുന്ന അണയുടെ ഭാഗങ്ങള്‍ ശക്‌തമായ ഓരോ മിസൈല്‍പോലെയായിയിക്കും ഇടുക്കി അണക്കെട്ടില്‍ പതിക്കുക. അതോടൊപ്പം വെള്ളം ഒഴുകിവരുന്ന ഭാഗത്തെ മരങ്ങളും മറ്റു ഭാര വസ്‌തുക്കളും കൂടിയാകുമ്പോള്‍ ഇടുക്കിയുടെ കാര്യവും അപകടത്തിലാകും. കോട്ടയം, ആലപ്പുഴ ജില്ലകള്‍ വെള്ളത്തിനടിയിലാകുന്നതോടൊപ്പം ഇടുക്കിയേയും ഇതു ഭീഷണിയിലാക്കുന്നുണ്ട്.
No comments:
Post a Comment