Sunday 27 November 2011

[www.keralites.net] നയന്‍താരയും മുല്ലപ്പെരിയാറും; സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ പുതിയ ചലനങ്ങള്‍

 

കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ കരാര്‍പോലെ സങ്കീര്‍ണവും ദുര്‍ബലവുമാണ് പ്രഭുദേവയും നയന്‍താരയും തമ്മില്‍ നിലനില്‍ക്കുന്ന കല്യാണക്കരാര്‍ എന്നത് പണ്ടേ പരസ്യമാണ്. ഇടുക്കിയിലെ ഭൂകമ്പം മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാക്കുമോയെന്ന ആശങ്ക ശക്തമായ അതേ സാഹചര്യത്തില്‍ ട്വിറ്ററില്‍ നയന്‍താരയുടെ പേരില്‍ പൊട്ടിപ്പുറപ്പെടുന്ന കൊച്ചുകൊച്ചു ഭൂമികുലുക്കങ്ങള്‍ ഇരുവരും തമ്മിലുള്ള കല്യാണക്കരാറും തകര്‍ക്കുമോയെന്ന ആശങ്കയിലാണ് ഇരു സംസ്ഥാനങ്ങളിലേയും സിനിമാപ്രമികള്‍. പ്രഭുദേവയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ നയന്‍താര ഇപ്പോള്‍ അടക്കവും ഒതുക്കവുമുള്ള വീട്ടമ്മയെപ്പോലെ അഭിനയിച്ചുകഴിയുകയാണ്. അവസാന ചിത്രമായ 'ശ്രീരാമരാജ്യം' റിലീസായി നല്ല വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

പ്രഭുദേവയുമായുള്ള വിവാഹം അടുത്തവര്‍ഷം ആദ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങളെല്ലാം ഒഴിഞ്ഞു എന്ന് നയന്‍സും ആശ്വസിച്ചിരിക്കവെയാണ് മലവെള്ളപ്പാച്ചില്‍ പോലെ ട്വിറ്ററില്‍ നയന്‍താരയുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും തമിഴനെ കൊലയാളിയാക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച്. നയന്‍താരയുടെ പേരില്‍ ചിലര്‍ വ്യാജ ട്വീറ്റ് നടത്തി തെറ്റിദ്ധാരണ പരത്തിയതാണ് പ്രശ്‌നമായത്. താന്‍ ട്വിറ്ററിലോ ഫേസ് ബുക്കിലോ അംഗമല്ലെന്ന് നയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ആരോ ബോധപൂര്‍വം നയന്‍താരയുടെ പേരില്‍ ട്വീറ്റ് ചെയ്യുകയായിരുന്നുവത്രെ. എങ്കിലും പ്രഭുദേവയ്ക്ക് വെറുതെ സംശയിക്കാമല്ലോ?. എന്തൊക്കെപ്പറഞ്ഞാലും കക്ഷിയൊരു തമിഴ്‌നാട്ടാകാരനല്ലേ? എന്തായാലും നയന്‍സ് ഇക്കാര്യത്തില്‍ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. 'എന്റെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ടുള്ളയാള്‍ എത്രയും വേഗം അത് പിന്‍വലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ആ ട്വീറ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളുടെ ആഴം ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടുതന്നെ സൈബര്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം' നയന്‍താര വ്യക്തമാക്കി.

നയന്‍താര സീതാദേവിയുടെ വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ശ്രീരാമരാജ്യ'ത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ടി.ആറിന്റെ മകനും സൂപ്പര്‍താരവുമായ ബാലകൃഷ്ണ രാമന്റെ വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ 17നാണ് റിലീസ് ചെയ്തത്. സ്ഥിരം ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീതയായെത്തിയ നയന്‍താര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പഴയകാല ക്ലാസികായ 'ലവകുശ'യുടെ കഥയെ ആധാരമാക്കിയാണ് ശ്രീരാമരാജ്യം ബാപ്പു തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പുരാണ കഥയാണെങ്കിലും സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവും മികച്ച അവതരണവും ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാക്കിയിട്ടുണ്ട്. അക്കിനേനി നാഗേശ്വര റാവു, റോജ, ശ്രീകാന്ത്, മുരളിമോഹന്‍, ബാലയ്യ, സുധ, സന, കെ.ആര്‍ വിജയ, ശിവപാര്‍വതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇളയരാജയൊരുക്കിയ ഗാനങ്ങളും ഹിറ്റാണ്. പ്രഭുദേവയുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ച നയന്‍താരയുടെ അവസാന തെലുങ്ക് ചിത്രമാണിതെന്ന് അഭ്യൂഹമുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാക്‌പോര് സൈബര്‍ലോകം ഏറ്റെടുത്തുകഴിഞ്ഞു. പ്രശനത്തില്‍ അസ്വസ്ഥമായ കേരളജനത തലസ്ഥാനത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്ന് ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ഡാമിനുവേണ്ടി നൂറുകണക്കിന് യുവാക്കള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിട്ടുമുണ്ട്. 26000ത്തിലേറെ അംഗങ്ങള്‍ ഉളള ഐ ഹേറ്റ് പൃഥ്വിരാജ് ഗ്രൂപ്പിലാണ് മുല്ലപ്പെരിയാറില്‍ പുതുയ ഡാം ആവശ്യപ്പെട്ട് സമരം നടത്തണമെന്ന ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. നിരാഹാരസമരം ആരംഭിക്കുന്നതിനുളള തീയതി പക്ഷെ പ്രഖ്യാപിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുളളില്‍ ഇതു സംബന്ധിച്ചു തീരുമാനമാകുമെന്ന് പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ തൃശൂര്‍ സ്വദേശിയായ ശരത്‌ലാല്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് പൊതുവായ ഒരു പ്രശ്‌നത്തിന് വേണ്ടി തെരുവില്‍ സമരം ചെയ്യണമെന്ന ആഹ്വാനം ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വഴി ഉണ്ടാകുന്നത്. ഇതിന്റെ സംഘാടനവും ഫേസ്ബുക്ക് വഴി തുടരുകയാണ്.

സംസ്ഥാനത്ത് നെറ്റിസന്‍സ് തെരുവിലേക്കിറങ്ങി ഒരു പൊതു പ്രശ്‌നത്തില്‍ ഇടപെടുന്നതും ആദ്യമായാണ്. കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുകയല്ല ഇക്കാര്യത്തില്‍ വേണ്ടത്. മുറിക്കു പുറത്തുവന്ന് വര്‍ഷങ്ങള്‍ പഴക്കമുളള ഈ പ്രശ്‌നത്തില്‍ ഇടപെടുകയാണ് വേണ്ടത്. സമരാഹ്വാനത്തെ അനുകൂലിച്ച് നൂറുകണക്കിന് കമന്റുകളാണ് ഫേസ് ബുക്കില്‍ നിത്യവും പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രതികരണമാണ് നെറ്റിസന്‍സിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നത് - ശരത്‌ലാല്‍ പറഞ്ഞു. പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശരത് ലാല്‍ പോസ്റ്റു ചെയ്ത കമന്റിന് നിമിഷനേരം കൊണ്ട് 50 ലധികം പ്രതികരണങ്ങള്‍ എത്തിയിരുന്നു. സാമൂഹ്യ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമാണ് മുല്ലപ്പെരിയാറെന്ന് പൃഥ്വിരാജിനെ വെറുക്കുന്നവരുടെ ഫേസ് ബുക്ക് ഗ്രൂപ്പിലെ സജീവാംഗമായ തിരുവനന്തപുരം സ്വദേശി എം.എസ്.ഡിംഗു പറഞ്ഞു.

പൃഥ്വിരാജിനെ വെറുക്കുന്നവര്‍ക്കു വേണ്ടിയുളള ഗ്രൂപ്പാണിതെങ്കിലും ഇതുവഴി പലതരം ആള്‍ക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ചെയ്യാം. അറബ് രാജ്യങ്ങളില്‍ നിന്നുളളവരും പ്രതികരിക്കുന്നുണ്ട്. അണ്ണാ ഹസാരെ വരുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും നമ്മള്‍ പ്രതികരിക്കാന്‍ സമയമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്‌നാട്ടിലെ ഏതെങ്കിലും ഒരുപാര്‍ട്ടി ആഹ്വാനം ചെയ്താല്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരുമെന്നാണ് സൈബര്‍ ലോകത്തുനിന്നുള്ള മറ്റൊരു പ്രതികരണം. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്‌നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴ്‌നാട് ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല. നമ്മുടെയും അവരുടെയും സ്വഭാവം വെച്ചു നോക്കിയാല്‍ അണ്ണാച്ചികളുമായി ഒരു ഏറ്റുമുട്ടല്‍ സമീപനം നമുക്ക് ഗുണം ചെയ്യില്ല എന്നതുറപ്പാണ്. കേരളത്തിനു സുരക്ഷ, തമിഴ്‌നാട്ടിന് വെള്ളം എന്ന ഉമ്മന്‍ ചാണ്ടിയുടെ ലൈനില്‍ ആഞ്ഞു പിടിക്കുക തന്നെയാണ് നമുക്ക് നല്ലത്. 999 വര്‍ഷത്തേക്കുള്ള കരാര്‍ ആണത്രേ ഒപ്പിട്ടിരിക്കുന്നത്. കേരളത്തിന്റെ മണ്ണ്, കേരളത്തിന്റെ പുഴ, കേരളത്തിന്റെ ഡാം. പക്ഷെ കേരളത്തിനു യാതൊരു നിയന്ത്രണവും ഇല്ലത്രെ. പല കരാറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരു അടുപ്പിലെ കരാര്‍ ആദ്യമായിട്ടാണ് കാണുന്നത്.തിരുവിതാംകൂര്‍ ദിവാന്‍ വി രാം അയ്യങ്കാരും മദ്രാസ് സ്‌റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടന്‍ സായിപ്പുമാണ് ഈ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്ന കക്ഷികള്‍.

ബ്രിട്ടീഷുകാരന്‍ തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് എന്നാണ് പറയപ്പെടുന്നത്. നമ്മെ കൊള്ളയടിക്കാന്‍ വന്ന സായിപ്പ് ഒപ്പിട്ടു കൊണ്ടുപോയ കരാറിന് സ്വതന്ത്ര ഇന്ത്യയില്‍ നായിക്കാട്ടത്തിന്റെ വിലപോലും കൊടുക്കേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ കരാറൊക്കെ സായിപ്പ് ഒപ്പിടുവിച്ചിട്ടുണ്ട്. അതൊക്കെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് നാം സായിപ്പിനെ വണ്ടി കയറ്റി വിട്ടത്. ഇനിയും അത്തരമൊരു കരാറിന്റെ മറവില്‍ മലയാളികളെ പറ്റിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു സുപ്രിം കോടതിക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാതെ സായിപ്പിന്റെ കരാറും കൊണ്ട് ഉമ്മാക്കി കളിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ല. എഴുപതില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാറിലെ വാടകത്തുക കൂട്ടി ഒപ്പിട്ടുകൊടുത്തിട്ടുണ്ട് എന്നതുമാത്രമാണ് ഏക ഇടപെടലെന്നും സൈബര്‍ ലോകം വിലയിരുത്തുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment