Wednesday 14 August 2013

[www.keralites.net] SC concurs: ജലത്തേക്കാള്‍ പ്രധാനം ജീവന്‍

 

മുല്ലപ്പെരിയാര്‍: ജലത്തേക്കാള്‍ പ്രധാനം ജീവന്‍



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച തര്‍ക്കത്തില്‍ ജലത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവനാണെന്നു സുപ്രീംകോടതി. അപകടമുണ്ടായ ശേഷം നടപടിയെടുക്കുന്നതിനേക്കാള്‍ മുന്‍കരുതലെടുക്കുന്നതാണ് അഭികാമ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ട് സുരക്ഷിതമല്ലെന്നു പ്രഖ്യാപിക്കാന്‍ നിയമസഭയ്ക്കു തെളിവുകളുടെ ആവശ്യമില്ലെന്നും ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ അന്തിമവാദം പൂര്‍ത്തിയായതിനു പിന്നാലെ തമ്ഴ്നാട് എതിര്‍വാദം നടത്തുന്നതിനിടെയാണു വാദങ്ങളുടെ മുനയൊടിച്ചുകൊണ്ടു കോടതി വാക്കാല്‍ നിരീക്ഷണം നടത്തിയത്.

എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന വാദം സാധൂകരിക്കാന്‍ കേരളത്തിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്േടായെന്നും കോടതി ചോദിച്ചു. തെളിവുകളില്ലാതെ മേല്‍ക്കൂരയില്‍ കയറിനിന്ന് അപകടം, അപകടം എന്നു വിളിച്ചു പറയുന്നത് അര്‍ഥരഹിതമാണ്. 136 അടി സുരക്ഷിതമായതു കൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു. അണക്കെട്ട് ഘടനാപരമായി സുരക്ഷിതമല്ലെന്നുള്ള കേരളവാദത്തിനിടെയായിരുന്നു ജസ്റീസ് ആര്‍.എം. ലോധ കേരളത്തെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ജലനിരപ്പ് കുറയ്ക്കാന്‍ ഡാം സുരക്ഷാ അഥോറിറ്റിക്കു നിയമപരമായി അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, 136 അടിയായി ജലനിരപ്പ് നിലനിര്‍ത്തിയാലും അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ഡാം സുരക്ഷിതമല്ലെന്നു കേരളത്തിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ബോധിപ്പിച്ചു.

എതിര്‍വാദം തുടങ്ങിയ തമിഴ്നാടിനെയും കോടതി വെറുതേ വിട്ടില്ല. ദുരന്തങ്ങളുണ്ടായ ശേഷം തുടര്‍ നടപടികള്‍ എടുക്കുന്നതിനേക്കാള്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേ തടയുകയാണു പ്രധാനം.
അതിനായി നിയമങ്ങള്‍ പാസാക്കുമ്പോള്‍ തെളിവുകള്‍ പരിശോധിക്കേണ്ട ബാധ്യത നിയമസഭയ്ക്കില്ല. നിയമസഭാംഗങ്ങള്‍ക്കു സ്വന്തം മണ്ഡലങ്ങളിലെ സ്ഥിതി മനസിലാക്കി സഭയെ അറിയിക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2006-ല്‍ അണക്കെട്ട് സുരക്ഷിതമാണെന്നു കോടതി വിധിച്ചിരുന്നെങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അതു പര്യാപ്തമാണെന്നു കരുതുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.

സുപ്രീംകോടതി വിധിയെ മറികടക്കുന്ന നിയമ നിര്‍മാണത്തിനു കേരള നിയമസഭയ്ക്ക് അധികാരമില്ലന്നും കേരളത്തിന്റെ നീക്കം വിധി ദുര്‍ബലപ്പെടുത്താനാണെന്നുമായിരുന്നു തമിഴ്നാടിനുവേണ്ടി ഹാജരായ വിനോദ് ബോബ്ഡേയുടെ പിന്നീടുള്ള വാദം.

കേരള നിയമസഭയ്ക്കു നിയമം നിര്‍മിക്കാന്‍ അധികാരമുണ്െടന്നു വ്യക്ത മാക്കിയ കോടതി, 2006ല്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
നിയമനിര്‍മാണ സഭയുടെ അധികാരവും കോടതിയുടെ അധികാരവും വ്യത്യസ്തമായി കാണണമെന്നും അവ കൂട്ടിക്കുഴക്കരുതെന്നും ജസ്റീസ് എച്ച്.എല്‍ ദത്തുവും ചൂണ്ടിക്കാട്ടി.

കോടതി സുരക്ഷിതമാണെന്നു കണ്െടത്തിയതു സുരക്ഷിമതല്ലെന്നു പറയാനും സുരഷിതമല്ലെന്നു പറഞ്ഞതു തിരിച്ചു പറയാനും നിയമനിര്‍മാണ സഭകള്‍ക്കു അധികാരമുണ്െടന്നാണു ഹരീഷ് സാല്‍വെ സമര്‍ഥിച്ചതെന്നും
അത് ശരിയല്ലെന്നു പറയാന്‍ തമിഴ്നാടിനു കഴിയില്ലെന്നും ജസ്റീസ് ദത്തു പറഞ്ഞു.
സുപ്രീംകോടതിവിധി മറികടക്കാന്‍ മാത്രമാണു കേരളം നിയമം നിര്‍മിച്ചതെന്ന വാദം അംഗീകരിച്ചാല്‍ അതേ നിയമത്തില്‍ പറഞ്ഞ 22 അണക്കെട്ടുകളുടെ സുരക്ഷയുടെ കാര്യവും ശരിയല്ലെന്നു വിശ്വസിക്കേണ്ടിവരില്ലേയെന്നു ജസ്റീസ് മദന്‍ ബി. ലോകുറും ചോദിച്ചു. ഈ മാസം 21-നു തമിഴ്നാടിന്റെ വാദം തുടരും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment