ഈ നാടകക്കാര്‍ക്കിടയില്‍ നമ്മള്‍ എങ്ങനെ ജീവിക്കും...?
ബിജു വര്‍ഗീസ്
ഇത് ഒരു വിമര്‍ശനക്കുറിപ്പല്ല. ക്ഷമയുടെ നെല്ലിപ്പലക തകരുമ്പോള്‍ അറിയാതെ പ്രതികരിച്ചു പോകുന്ന ഒരു സാധാരണ പൗരന്റെ മനസിന്റെ തേങ്ങലുകളാണ്.കഴിഞ്ഞ മൂന്നു മാസമായി കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയേ കാണാനും കേള്‍ക്കാനുമുള്ളു- സോളാര്‍ തട്ടിപ്പും സരിതയും. കേരളത്തില്‍ ദിനംപ്രതി അരങ്ങേറുന്ന തട്ടിപ്പുകളില്‍ ഒന്ന് എന്നതില്‍ കവിഞ്ഞ് ഇത് കേരളത്തിലെ സമ്പദ്‌വ്യവസ്‌ഥയെയോ ജനജീവിതത്തെയോ സാരമായി ബാധിക്കുന്ന പ്രശ്‌നമല്ല. എന്നിട്ടും, അതിന്റെ പേരില്‍ ഭരണ-പ്രതിപക്ഷങ്ങളും ദൃശ്യമാധ്യമങ്ങളും ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നു. ഇവിടെ ജനകീയ പ്രശ്‌നങ്ങള്‍ എല്ലാവരും മറക്കുന്നു.
എങ്ങിനെയും മുഖ്യമന്ത്രിയെ താഴെയിറക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ അജന്‍ഡ. മുഖ്യമന്ത്രിയാവട്ടെ എന്തുവന്നാലും രാജിവയ്‌ക്കില്ല എന്ന വാശിയിലും. താന്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് പുതുപ്പള്ളി പള്ളിയില്‍ തൊട്ട് ആണയിടാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?
ലോണെടുത്തും ആയുഷ്‌കാല സമ്പാദ്യം ഉപയോഗിച്ചും സാധാരണക്കാര്‍ ഒരു വാഹനം വാങ്ങുമ്പോള്‍ 40,000 രൂപയാണ് റോഡ് ടാക്‌സ് ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നിട്ടും കുണ്ടും കുഴിയും ഇല്ലാത്ത റോഡ് നിര്‍മിക്കാനോ നിലനിര്‍ത്താനോ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. എത്രയെത്ര വാഹനാപകടങ്ങളാണ് നിത്യേന കേരളത്തില്‍ സംഭവിക്കുന്നത്.
വിലക്കയറ്റം എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞു. പച്ചക്കറിയുടെ വില തുടങ്ങുന്നത് 60 രൂപയിലാണ്. തമിഴ്‌നാട്ടില്‍ 10 രൂപയ്‌ക്ക് തക്കാളി വില്‍ക്കുമ്പോള്‍ ഇവിടെ 65 രൂപ ഈടാക്കിയിരുന്നു. ഇഞ്ചി കിലോ 200 രൂപയില്‍നിന്ന് മുകളിലേക്ക് കയറാന്‍ ഒരുങ്ങുന്നു. ഉള്ളിക്കും സവാളയ്‌ക്കും മറ്റു പലചരക്കുകള്‍ക്കും വില കുതിച്ച് കയറുന്നു. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാനോ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാനോ ഭരണാധികാരികള്‍ക്ക് നേരമില്ല.
കൊടുംവരള്‍ച്ചയിലും കാലവര്‍ഷക്കെടുതിയിലും ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഭക്ഷ്യസാധനങ്ങള്‍ക്ക് പൂര്‍ണമായും ഇതര സംസ്‌ഥാനങ്ങളെആശ്രയിക്കേണ്ട അവസ്‌ഥയിലാണ് കേരളം. ഇത്രയൊക്കെയായിട്ടും ഭരണകൂടവും പ്രതിപക്ഷവും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.
ഇനി സര്‍ക്കാര്‍ ചെയ്‌ത സഹായങ്ങള്‍ നോക്കാം. സാധാരണക്കാരന് അല്‍പ്പം ആശ്വാസമായിരുന്ന അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുടെ വില കുത്തനെ കൂട്ടി. സപ്‌ളൈകോയും പൊതുവിപണിയും തമ്മിലുളള അന്തരം കുറച്ചു. അരിക്ക് പകരം കോഴിമുട്ട തിന്നാന്‍ പറഞ്ഞ മുന്‍മന്ത്രി സി. ദിവാകരന്‍ അറിയുന്നുവോ മുട്ടവിലയും അരിയോട് അടുക്കുന്നുവെന്ന്. പിന്നാലെ വെള്ളക്കരവും വൈദ്യുതി ചാര്‍ജും കൂട്ടി. വൈദ്യുതി സബ്‌സിഡി എടുത്തു കളയുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നത്. തമിഴ്‌നാട് ഇരട്ടി വെളളം കൊണ്ടു പോയിട്ടും ഡാമുകള്‍ നിറഞ്ഞു കവിഞ്ഞിട്ടും വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ ഒരുങ്ങുകയാണ്. കെട്ടിടനികുതിയും ഭീമമായി വര്‍ധിപ്പിച്ചു.
ജനജീവിതം ദിനംപ്രതി ദുരിതപൂര്‍ണമാവുമ്പോഴും നേതാക്കള്‍ കാണിക്കുന്ന ആത്മവഞ്ചനയാണ് ഏറ്റവും ദുസഹം. കെ.എം. മാണിയെപ്പോലെ പരിണത പ്രജ്‌ഞനായ നേതാവു പോലും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണു ശ്രമിക്കുന്നത്. സമ്മര്‍ദതന്ത്രത്തിലൂടെ ഒന്നുകില്‍ മകന് കേന്ദ്രമന്ത്രിസ്‌ഥാനം, ഒപ്പം ഇടുക്കി പാര്‍ലമെന്റ് സീറ്റും ലഭിക്കണം. ഒത്താല്‍ എല്‍.ഡി.എഫിന്റെ കാരുണ്യ പദ്ധതി വഴി ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി പദത്തിലും നോട്ടമില്ലാതില്ല. മുസ്ലിംലീഗിനാവട്ടെ നിര്‍ധനരായ മുസ്ലിങ്ങളുടെ പട്ടിണിയിലോ ജീവല്‍പ്രശ്‌നങ്ങളിലോ അല്ല ആശങ്ക. വയനാട് പാര്‍ലമെന്റ് സീറ്റും കേന്ദ്രത്തില്‍ കാബിനറ്റ് പദവിയും, ഉപമുഖ്യമന്ത്രിപദം എന്ന ബോണസ് കിട്ടുമെങ്കില്‍ അതും പോരട്ടെ എന്നാണ് നിലപാട്.
ഗണേഷ്‌കുമാറിനെ മന്ത്രിസ്‌ഥാനത്തു നിന്നിറക്കാന്‍ പതിനെട്ടടവും പയറ്റിയ ആര്‍. ബാലകൃഷ്‌ണപിള്ള ഇപ്പോള്‍ മകന്റെ മന്ത്രിസ്‌ഥാനം തിരിച്ചുപിടിക്കാന്‍ നോയമ്പ് നോല്‍ക്കുകയാണ്. അതിന് അദ്ദേഹം പറയുന്ന കാരണം ഗണേഷ് പാര്‍ട്ടിക്ക് വിധേയനായി എന്നാണ്. എന്താണ് ഈ വിധേയത്വം?
ഇനി രമേശ് ചെന്നിത്തലയുടെ കാര്യം നോക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് പാര്‍ട്ടിയെ നയിക്കേണ്ട പാര്‍ട്ടി അധ്യക്ഷന്‍ സ്‌ഥാനാര്‍ഥിത്വം വേണ്ടെന്നു പറയാനുള്ള മഹാമനസ്‌കത കാണിച്ചില്ല. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകള്‍ മറികടന്ന് അതിനു വേണ്ടി രഹസ്യശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു. ജയിച്ചു കയറിയപ്പോള്‍ വിചാരിച്ചതു പോലെ മുഖ്യന്‍, ഉപമുഖ്യന്‍ സ്‌ഥാനമോ ആഭ്യന്തരമോ ലഭിച്ചില്ല. ആ കൊതിക്കെറുവില്‍ മന്ത്രിസ്‌ഥാനമോഹമില്ലെന്ന പല്ലവിപാടി നിയമസഭയുടെ മൂലക്കിരുന്നു. ഏറെനാള്‍ കഴിയും മുന്‍പേ അദ്ദേഹം ഒരു കേരളയാത്ര നടത്തി. എന്തായിരുന്നു ലക്ഷ്യം? യാത്ര തലസ്‌ഥാനത്ത് എത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന നേതൃമാറ്റം. ഉമ്മന്‍ചാണ്ടി അതും വെട്ടി നിരത്തി. വിവാദങ്ങളും അവകാശവാദങ്ങളും തുടര്‍ന്നു. ഈ കസേരക്കളിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി അടക്കം എത്ര തവണ ഡല്‍ഹിക്കു പറന്നു. ഇതിനായി നികുതിപ്പണം ധൂര്‍ത്തടിച്ചു കളയുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളത്?
ആവശ്യത്തിനും അനാവശ്യത്തിനും
പ്രതികരിക്കുന്ന വി.എം. സുധീരന്റെ ധീരത കാറ്റില്‍ പറന്നു പോയി. സോളാര്‍ വിഷയത്തെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പ്രതികരിച്ചില്ല. ഹൈക്കമാന്‍ഡിനെ വെറുപ്പിച്ച് ഭാവിയില്‍ ലഭിച്ചേക്കാവുന്ന പി.സി.സി പ്രസിഡന്റ് പദവി ഇല്ലാതാക്കണോ എന്ന ആശയക്കുഴപ്പത്തിലാണത്രെ അദ്ദേഹം. ആദര്‍ശത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധിയോടു വരെ കലഹിച്ച പാരമ്പര്യമുള്ള എ.കെ. ആന്റണിയാവട്ടെ ടുജി സ്‌പെക്‌ട്രം മുതല്‍ സോളാര്‍ വരെ അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രസ്‌ഥാനത്തിന്റെ പ്രതിനിധിയായി നിശബ്‌ദം ഇരിക്കുന്നു. ജനകീയനും ആദര്‍ശത്തിന്റെ അപ്പോസ്‌തലനുമായ വി.എസ് ആവട്ടെ 90ന്റെ പടിവാതിലിലും മുഖ്യന്റെ കുപ്പായം തുന്നാന്‍ റെഡി. നാള്‍ക്കുനാള്‍ സ്വന്തം പ്രതിച്‌ഛായ വര്‍ധിപ്പിക്കുക എന്നതാണ് മൂപ്പരുടെ തന്ത്രം. മുഖ്യനായിരുന്ന കാലത്ത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ എടുത്ത് സംസ്‌ഥാനത്തിനു പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസുകള്‍ നടത്തിയതിന്റെ ലക്ഷ്യം ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ്. രാഷ്‌ട്രീയ വൈരവും വ്യക്‌തിവൈരവുമുള്ള എതിരാളികളെ തകര്‍ക്കുക. ഒപ്പം അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന പുണ്യാളവേഷം കൊഴുപ്പിക്കുക. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും കോടികള്‍ എടുത്താണ് ഇമേജ് ബില്‍ഡിംഗ്. സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനാവട്ടെ ലാവ്‌ലിന്‍ കേസിലെ പ്രതിയാണ്.
ഇവരില്‍ ആര്‍ക്കാണ് ആത്മാര്‍ഥതയുടെ കണികയെങ്കിലുമുള്ളത്? ജനജീവിതം അങ്ങേയറ്റം ദുസഹമായിരിക്കുന്ന പരിതസ്‌ഥിതിയില്‍ സാധാരണക്കാരന്റെ ഹൃദയസ്‌പന്ദനമായ ഇടതുപക്ഷം നടത്തുന്ന സമരത്തിന്റെ കാരണം, പക്ഷേ, ജനകീയ പ്രശ്‌നങ്ങളല്ല. സോളാര്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണം എന്നതാണ് ആവശ്യം. മന്ത്രിസഭ നിലംപൊത്തണം. ആ ഒഴിവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ചില നേതാക്കളുടെ സ്‌ഥാനാരോഹണവും അധികാരത്തിന്റെശീതളച്‌ഛായയില്‍ അവര്‍ക്ക് കൈവരാനിടയുള്ള നേട്ടങ്ങളും തന്നെ ലക്ഷ്യം.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരമുറകള്‍ അവലംബിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും തുറന്നെതിര്‍ക്കാന്‍ ഇടതുപക്ഷത്തിനു ധൈര്യം പോരാ. കാരണം ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട പല കേസുകളിലും വിധിനിര്‍ണയം നടത്തേണ്ടതു കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയാണ്. ചുരുക്കത്തില്‍ അജ്‌ഞരായ ലക്ഷക്കണക്കിന് അണികളെ തെരുവിലിറക്കി നടത്തിയ ഈ മെഗാബജറ്റ് നാടകവും അസംബന്ധമാണെന്ന് വരുന്നു. പത്രവാര്‍ത്തകള്‍ അനുസരിച്ച് ഏകദേശം 12 കോടി രൂപ ചെലവ് വരുമത്രെ ഈ സമരത്തിന്.
അധികാരം കിട്ടുമെങ്കില്‍ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് ലേശം വ്യതിചലിക്കാനും കാരാട്ടും കൂട്ടരും തയ്യാര്‍. വര്‍ഗീയലേബല്‍ നല്‍കി എല്‍.ഡി.എഫ്. മാറ്റി നിര്‍ത്തിയിരുന്ന മാണിസാറിന് ഇപ്പോള്‍ അയിത്തമില്ല. ആദര്‍ശത്തിന്റെ ആള്‍രൂപമായി പറയപ്പെടുന്ന സാക്ഷാല്‍ പന്ന്യന്‍ മുതല്‍ പാലാക്കാരുടെ കുഞ്ഞുമാണിയെ നോക്കി സ്‌നേഹപൂര്‍വം പാടുന്നത്, നീയും വരുന്നുവോ എന്റെ കൂടെ എന്നാണ്.
നിയമങ്ങള്‍ സാധാരണക്കാരനു വേണ്ടി മാത്രമായിരിക്കുന്നു. നേതാക്കള്‍ക്കും അവരുടെ ഇഷ്‌ടഭാജനമായ നാരീമണികള്‍ക്കും ജയിലിലും വി.ഐ.പി പരിഗണന. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെയുള്ളവര്‍ തട്ടിപ്പുകള്‍ നടത്തുന്നു. ഭരണകൂടം അവരെ സംരക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ വരെ ഉപയോഗിക്കുന്നു. ബിജു രാധാകൃഷ്‌ണനുമായി മുഖ്യമന്ത്രി രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്‌തത് എന്ത്? അത് പുറത്തു പറയാന്‍ പറ്റില്ലെന്ന് ഇരുകൂട്ടരും വാശി പിടിക്കുന്നു.
എന്തിനും ഏതിനും പരാതിക്കെട്ടഴിക്കുന്ന സമുദായ നേതാക്കളെ നോക്കാം. കേരളത്തിലെ ഒരു പ്രബലസമുദായം വക സ്‌കൂളുകളിലും കോളജുകളിലും പ്രവേശനത്തിനും നിയമനത്തിനും ലക്ഷങ്ങള്‍ വിലപേശി വാങ്ങുന്ന നേതാവ് കൂടുതല്‍ തുക നല്‍കിയാല്‍ സ്വന്തം സമുദായാംഗത്തെ പിന്‍തള്ളി മറ്റുളളവര്‍ക്ക് നിയമനം നല്‍കുമെന്നു പറയപ്പെടുന്നു.
ഇത്തരം നേതാക്കളാണ് ന്യൂനപക്ഷ പ്രീണനം എന്നാരോപിച്ച് ഭരണാധികാരികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളെ നിയന്ത്രിക്കാനും മന്ത്രിമാരെ നിശ്‌ചയിക്കാനും വര്‍ഗീയമായ സങ്കുചിത വാദങ്ങള്‍ ഉന്നയിക്കാന്‍ സമുദായ നേതാക്കള്‍ക്ക് എന്ത് അവകാശം? ഇവര്‍ക്ക് ജനക്ഷേമത്തില്‍ എത്ര കണ്ട് താത്‌പര്യമുണ്ടെന്ന് നാം തിരിച്ചറിയണം.
ഒരു വിദേശ മാസികയുടെ അന്വേഷണത്തില്‍ ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും ഭാരതത്തെ സമ്പന്നരാഷ്‌ട്രങ്ങളിലൊന്നാക്കി മാറ്റാനുമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാനും ഈ പണം മതി. ചെറുകിട കച്ചവട മേഖലയിലെ വിദേശ നിക്ഷേപം, സര്‍ക്കാര്‍ ഖജനാവിന് ഏറ്റവും അധികം വരുമാനം നേടിത്തരുന്ന ഇന്‍ഷ്വറന്‍സ് മേഖലയെ സ്വകാര്യവത്‌കരിക്കുക എന്നു വേണ്ട എല്ലാത്തരത്തിലും രാജ്യത്തെ കൊള്ളയടിക്കാന്‍ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ല.
സഹനത്തിന്റെയും ക്ഷമയുടെയും എല്ലാ അതിരുകളും ലംഘിക്കപ്പെടുകയാണ്. നേതാക്കന്മാരുടെ സ്‌ഥാനമോഹവും സാമ്പത്തികമോഹങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു മിനിമം പരിപാടി എന്ന തലത്തിലേക്ക് നമ്മുടെ നാട്ടില്‍ പൊതുപ്രവര്‍ത്തനം തരംതാണിരിക്കുന്നു. നാലാംകിട പിടിച്ചുപറിക്കാരന്റെ ഉളുപ്പില്ലായ്‌മയോടെ നമ്മുടെ ജനപ്രതിനിധികള്‍ പെരുമാറുന്നു. അവര്‍ക്ക് കൂട്ടായി ക്വട്ടേഷന്‍ സംഘങ്ങളും തട്ടിപ്പുകാരും എത്തുന്നു. ഒരു കാലത്ത് പൊതുപ്രവര്‍ത്തനം ജനങ്ങളോടും രാജ്യത്തോടും ഉള്ള സ്‌നേഹത്തില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്. എന്നാല്‍, ഇന്നും അങ്ങനെ തന്നെയാണ് കാര്യങ്ങളെന്നു നെഞ്ചത്തു കൈവച്ച് ഉറപ്പിച്ചു പറയാന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കഴിയുമോ?
No comments:
Post a Comment