Thursday, 20 June 2013

[www.keralites.net] ഇരട്ടമുഖവുമായി വിന്‍ഡോസ് 8

 

ഇരട്ടമുഖവുമായി വിന്‍ഡോസ് 8




നൂതനമായ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്), ടച്ച് സ്‌ക്രീനുകള്‍ക്കായി ചിട്ടപ്പെടുത്തല്‍, ടാബ്‌ലറ്റുകളിലും ഉപയോഗിക്കാവുന്നത്.....മൈക്രോസോഫ്ട് അവതരിപ്പിച്ച വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍-വിന്‍ഡോസ് 8- കാലത്തിന്റെ ചുമരെഴുത്തുകള്‍ അനുസരിച്ച് തന്നെ രൂപപ്പെടുത്തിയതാണെന്ന് ആരും സമ്മതിക്കും.

ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, മൊബൈല്‍ ഉപകരണങ്ങളായ ടാബ്‌ലറ്റുകളിലും വിന്‍ഡോസ് 8 ഉപയോഗിക്കാനാകും. ഇരട്ടമുഖമായിരിക്കും വിന്‍ഡോസ് 8 നെന്ന് സാരം.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് മീഡിയ ടാബ്‌ലറ്റുകളുടെ സ്വഭാവം കൂടിയാര്‍ജിക്കാന്‍ വിന്‍ഡോസ് 8 സഹായിക്കും. എന്നുവെച്ചാല്‍, സാധാരണ കമ്പ്യൂട്ടറുകളെ 'ഹൈബ്രിഡ് പിസികള്‍' (hybrid PCs) ആക്കി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റുമെന്നര്‍ഥം.

ഒരേ സമയം ടച്ച് സ്‌ക്രീനിനും, കീബോര്‍ഡ്-മൗസ് കൂട്ടായ്മയ്ക്കും അനുയോജ്യമായ രീതിയിലാണ് വിന്‍ഡോസ് 8 ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്ട് വിന്‍ഡോസ് ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീവന്‍ സിനോഫ്‌സ്‌കി അറിയിക്കുന്നു.

ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും, ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളും യഥാര്‍ഥത്തില്‍ മുറിവേല്‍പ്പിക്കുന്നത് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പനയ്ക്കാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പന കുറയുകയെന്നുവെച്ചാല്‍, വിന്‍ഡോസിനും മൈക്രോസോഫ്ടിനും ഭീഷണിയാകുന്നു എന്നാണര്‍ഥം. ഈ സാഹചര്യത്തിലാണ് വിന്‍ഡോസ് 8 ന്റെ വരവ് എന്നത് ശ്രദ്ധേയമാണ്.

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും (ഐഒഎസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനുമുള്ള മൈക്രോസോഫ്ടിന്റെ മറുപടിയായിരിക്കും വിന്‍ഡോസ് 8 എന്ന് വിലയിരുത്തപ്പെടുന്നു.


കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം നടന്ന ബില്‍ഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് വിന്‍ഡോസ് 8 അവതരിപ്പിക്കപ്പെട്ടത്. വിന്‍ഡോസ് 8 ന്റെ 'പ്രിവ്യൂ മോഡ്' ആണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഡെവലപ്പര്‍മാര്‍ക്ക് അത് ടെസ്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും, വിന്‍ഡോസ് 8 വിപണിയിലെത്തുക 2012 ലായിരിക്കും.

ചിപ്പ്-സെറ്റ് മുതല്‍ യൂസര്‍ അനുഭവം വരെ- വിന്‍ഡോസിനെ തങ്ങള്‍ പുനര്‍നിര്‍ണയം ചെയ്തുവെന്ന് സിനോഫ്‌സ്‌കി പറയുന്നു. രണ്ട് സമ്പര്‍ക്കമുഖങ്ങള്‍ പുതിയ വിന്‍ഡോസ് വകഭേദത്തിനുണ്ടാകും. വിന്‍ഡോസിന്റെ പഴയ വേര്‍ഷനില്‍ പരിചയമുള്ള സമ്പര്‍ക്കമുഖമാണ് ഒന്ന്. രണ്ടാമത്തേതാണ് ടാബ്‌ലറ്റുകള്‍ക്കായുള്ള ടച്ച്‌സ്‌ക്രീന്‍ വേര്‍ഷന്‍. ടാബ്‌ലറ്റ് സമ്പര്‍ക്കമുഖത്തിന് പേര് 'മെട്രോ' (Metro) എന്നാണ്.

മാത്രമല്ല, ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സര്‍വീസിസും മൈക്രോസോഫ്ട് പ്രഖ്യാപിച്ചു -'വിന്‍ഡോസ് സ്‌റ്റോര്‍' (Windows Store) എന്നാണതിന്റെ പേര്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനുകള്‍ വില്‍ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്.

ഊര്‍ജക്ഷമതയേറിയ എ.ആര്‍.എം. പ്രൊസസറുകളെ പിന്തുണയ്ക്കും എന്നതാണ് വിന്‍ഡോസ് 8 ന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. വളരെക്കുറച്ച് ഊര്‍ജം മതിയെന്നതിനാല്‍, സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും എ.ആര്‍.എം.ചിപ്പ്‌സെറ്റുകള്‍ക്കാണ് ആധിപത്യം.

ഇത്രകാലവും ഇന്റലിന്റെ പ്രോസസറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കത്തക്ക വിധമാണ് വിന്‍ഡോസ് (വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഒഴികെ) രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍, വിന്‍ഡോസ് 8 മെട്രോ ഉപകരണങ്ങളില്‍ എ.ആര്‍.എം.പ്രൊസസറുകളായിരിക്കും ഉപയോഗിക്കുക.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment