മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ഐക്യരാഷ്ട്ര സഭാ പുരസ്കാരം വാങ്ങുന്നതിനുള്ള യാത്ര തടയാനും അദ്ദേഹത്തെ വിവാദത്തില്‍ കുരുക്കി കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്ന് പ്രചരണം.
യു.ഡി.എഫ്. കേന്ദ്രങ്ങള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ഇതു പ്രചരിപ്പിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉള്‍പെടെ സമര്‍പിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപോര്‍ട്ടു ചെയ്യാറുണ്ടെങ്കിലും അത്തരം റിപോര്‍ട്ടുകള്‍ക്ക് തെളിവായി രേഖകളൊന്നും പുറത്തുവരാറില്ല.
അതേ രീതി പിന്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ പരസ്യ വിമര്‍ശനവും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ ഒളി ആക്രമണവും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പ് പടച്ചുവിട്ട കള്ളത്തക്കഥയാണോ ഇതെന്നു വ്യക്തമല്ല. ഏതായാലും ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പടരുകയാണ് ഈ രഹസ്യാന്വേഷണ റിപോര്‍ട്ട് ക്യാംപെയിന്‍. അതേസമയം, ഈ മാസം 27ന് ബഹ്‌റൈനില്‍ നടക്കുന്ന യു.എന്‍. അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നുതന്നെയാണു വിവരം. ഇതുവരെ അതു സംബന്ധിച്ച തീരുമാനത്തില്‍ മാറ്റമില്ല. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ക്വിമൂണ്‍ ആണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ജനസമ്പര്‍ക്ക പരിപാടിയുടെ ജനസേവന സ്വഭാവം പരിഗണിച്ചാണ് ഏഷ്യാ-പസഫിക് മേഖലയിലെ മികച്ച പൊതുജന സേവന പരിപാടിക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പുരസ്കാരം ദക്ഷിണ കൊറിയയ്ക്കായിരുന്നു.
ഇത്തരത്തിലൊരു അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരി എന്ന ബഹുമതിയാണ് ഇതോടെ ഉമ്മന്‍ ചാണ്ടിക്ക് കൈവന്നിരിക്കുന്നത്. അവാര്‍ഡ് വിതരണ ചടങ്ങ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ കാര്യമായി റിപോര്‍ട്ടു ചെയ്യും എന്നുറപ്പാണ്. ബഹ്‌റൈനില്‍ നിന്ന് ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യാനാണ് മലയാളം ടിവി ചാനലുകളില്‍ പലതിന്റെയും തീരുമാനം.
ഇതെല്ലാം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന മികച്ച പ്രതിഛായയില്‍ മറ്റെല്ലാ വിവാദങ്ങളും ഒഴുകിപ്പോവുമോ എന്നു ഭയന്ന് അദ്ദേഹത്തെ ചടങ്ങിന് അയയ്ക്കാതിരിക്കാന് ശ്രമിക്കുന്നുവെന്നാണ് പ്രചാരണം.
കേരളത്തില്‍ ക്രമസമാധാന നില പോലും തകരാറിലാകുന്ന വിധത്തില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ മുഖ്യമന്ത്രി അവാര്‍ഡ് വാങ്ങാന്‍ ഇവിടെ നിന്നുവിട്ടുനില്‍ക്കുന്നതില്‍ നിന്ന് സ്വയം പിന്‍മാറിയേക്കും. അതുമുന്നില്‍ കണ്ടാണ് ദിവസവും സഭ സ്തംഭിപ്പിക്കുന്നതും പുറത്ത് വലിയ മാര്‍ച്ചും പ്രതിഷേധ പ്രകടനങ്ങളുമായി വലിയ സംഘര്‍ഷം സൃഷ്ടിക്കുന്നത് എന്നുമാണത്രേ ഇന്റിലജന്‍സ് റിപോര്‍ട്ട്.
മുഖ്യമന്ത്രിതെ പ്രതിരോധിക്കാന്‍ യു.ഡി.എഫുകാര്‍ കാര്യമായി സഭയിലും പുറത്തും ശ്രമിക്കുന്നില്ലെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അത് ഐ ഗ്രൂപ്പിനെ ഉദ്ദേശിച്ചുള്ള ഒളിയമ്പാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇന്റലിജന്‍സ് റിപോര്‍ട്ട് ക്യാംപെയ്ന്.
No comments:
Post a Comment