Thursday, 20 June 2013

[www.keralites.net] The പത്മവ്യൂഹം of Evidences

 

എതിരായ തെളിവുകളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് ഇതുപോലെ നട്ടം തിരിഞ്ഞിട്ടുണ്ടാവില്ല ഇന്ത്യയില്‍ ഒരു കാലത്തും ഒരു മുഖ്യമന്ത്രിയും. അവരൊക്കെ ഈ അവസ്ഥയ്ക്ക് എത്രയോ മുന്നമേതന്നെ രാജിവച്ച് രക്ഷപ്പെട്ടിരിക്കുന്നു! പക്ഷേ, ഇവിടെ തെളിവുകളുടെ കൂരമ്പുകളേറ്റ് തുടരെ പുളയുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, "രാജിയില്ല; ജുഡീഷ്യല്‍ അന്വേഷണവുമില്ല!"
സോളാര്‍ തട്ടിപ്പ്ക്കേസില്‍ ഇനി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ പങ്കിതാനാകട്ടെനെക്കുറിച്ചാണ്. പക്ഷേ, എഡിജിപി തലത്തിനപ്പുറമുള്ള ഒരു അന്വേഷണവുമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എഡിജിപി തന്റെ കീഴിലുള്ള വെറും ഒരു ഉദ്യോഗസ്ഥന്‍. , അദ്ദേഹത്തിന്റെ സര്‍വീസ് റെക്കോഡില്‍ ഒപ്പിടാന്‍ അധികാരമുള്ളയാള്‍. പിന്നെ എന്ത് ഭയക്കാന്‍? മുഖ്യമന്ത്രിയെ ഒന്നുചോദ്യം ചെയ്യാനെങ്കിലുമാവുമോ എഡിജിപിക്ക്? ഇല്ല എന്ന് ഏറ്റവും ഉറപ്പുള്ളത് മുഖ്യമന്ത്രിക്കുതന്നെ! അന്വേഷിക്കേണ്ടത് മുഖ്യമന്ത്രിയെക്കുറിച്ചു തന്നെയാവുന്നതെന്തുകൊണ്ടാണ്? കുറ്റവാളികളുടെ സംരക്ഷണവലയത്തില്‍ കഴിയുന്നയാള്‍ കുറ്റവാളികളുടെ തലവന്‍തന്നെയായിരിക്കാനേ വഴിയുള്ളൂ എന്നതുകൊണ്ടുതന്നെ.
സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ ഏത് ബിജു രാധാകൃഷ്ണന്‍ എന്ന മട്ടായിരുന്നു മുഖ്യമന്ത്രിക്ക്. ബിജുവിനെ കണ്ടിട്ടില്ല; കേട്ടിട്ടുപോലുമില്ല. അതായിരുന്നു നിലപാട്. ബിജു ഒളിവിലിരുന്നുകൊണ്ട് ഏഷ്യാനെറ്റുമായി സംസാരിക്കുകയും അതില്‍ മുഖ്യമന്ത്രിയുമായുണ്ടായ ഒരു മണിക്കൂര്‍ ചര്‍ച്ചയുടെ കാര്യം പുറത്താക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായി. എം ഐ ഷാനവാസ് എന്ന കോണ്‍ഗ്രസ് എംപി അത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകകൂടി ചെയ്തപ്പോള്‍ മറ്റൊരു വഴിയില്ലാതായി. അപ്പോള്‍മാത്രമാണ് ബിജുവുമായി ചര്‍ച്ചചെയ്ത കാര്യം മുഖ്യമന്ത്രി സമ്മതിച്ചത്.
സരിതയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. സരിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പുറംലോകമറിഞ്ഞത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തോമസ് കുരുവിള പറഞ്ഞപ്പോഴാണ്. വൈഷമ്യത്തിലായ മുഖ്യമന്ത്രി, കേരള ഹൗസില്‍വച്ച് പത്രക്കാരോട് താന്‍ സംസാരിച്ച വേളയില്‍ സരിതയും അവിടെയുണ്ടായിരുന്നുവെന്ന് നിലപാടു മാറ്റി. ഇതിനിടെ വിജ്ഞാന്‍ഭവനില്‍വച്ച് സരിതയെ കണ്ട കാര്യം പുറത്തുവന്നു. അവിടെവച്ച് താന്‍ കണ്ടത് ബീനാ മാധവന്‍ എന്ന അഭിഭാഷകയെയാണെന്ന് മുഖ്യമന്ത്രി. ബീനയാകട്ടെ, താന്‍ വിജ്ഞാന്‍ഭവനില്‍ പോയിരുന്നതേയില്ല എന്ന് തെളിവുനല്‍കി. മുഖ്യമന്ത്രി വീണ്ടും പരുങ്ങലിലായി. സരിത ഡല്‍ഹിയില്‍വച്ച് തന്നെ കണ്ടതായി പറയുന്ന ദിവസം താന്‍ കേരളത്തിലായിരുന്നുവെന്ന് ഇതിനിടെ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അതേദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍തന്നെയുണ്ടായിരുന്നുവെന്നതിന് അന്നത്തെ മുഖ്യമന്ത്രിയുടെ ഫോട്ടോകള്‍ അടങ്ങുന്ന പിറ്റേന്നത്തെ പത്രങ്ങള്‍ തെളിവുകളായി!
പൊലീസ് സരിതയുടെ ഫോണ്‍ ചോര്‍ത്തുകയും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുമായുള്ള ബന്ധം സ്ഥിരീകരിക്കുകയും ചെയ്തതിന്റെ റിപ്പോര്‍ട്ട് എത്രയോ മുമ്പുതന്നെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടി. എന്നാല്‍, പതിനൊന്നാംതീയതി അത് ടെലിവിഷന്‍ സംപ്രേഷണംചെയ്ത് പുറത്താക്കുംവരെ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ? നിവൃത്തിയില്ലെന്നുവരുന്ന ഘട്ടംവരെ കാത്തിരിക്കാനും അങ്ങനെ അവരെ സംരക്ഷിക്കാനും എന്തായിരുന്നു താല്‍പ്പര്യം?
മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ളപ്പോള്‍ മുഖ്യകുറ്റവാളിയുടെ കൂട്ടുപ്രതി സരിത തിരുവനന്തപുരത്ത്. അദ്ദേഹം ഡല്‍ഹിയിലുള്ളപ്പോള്‍ അവരും ഡല്‍ഹിയില്‍. അദ്ദേഹം ടൂറിലാവുമ്പോള്‍ ഒക്കെ ഒപ്പമുള്ള ഗണ്‍മാന്റെ മൊബൈലില്‍നിന്നും തിരിച്ചും അവരുടെ ഫോണ്‍കോളുകള്‍. മുഖ്യന്ത്രി ക്ലിഫ്ഹൗസിലുള്ള നേരങ്ങളില്‍ ക്ലിഫ്ഹൗസിലേക്കും തിരിച്ചും ഫോണ്‍കോളുകള്‍. അദ്ദേഹം ഓഫീസിലുള്ള സമയം ഓഫീസിലേക്കും തിരിച്ചും ഫോണ്‍കോളുകള്‍.
""സ്വന്തമായി മൊബൈല്‍ ഫോണേ ഇല്ലാത്ത"" മുഖ്യമന്ത്രി എന്നിട്ടും പറയുന്നു: ""ഒരു ദുരൂഹതയുമില്ല"". തനിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാരില്‍വച്ച് ഏറ്റവുമധികം മൊബൈല്‍ ഫോണ്‍ ചാര്‍ജ് അടയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഔദ്യോഗികരേഖകള്‍ പറയുന്നു. അപ്പോള്‍, അതേത് ഫോണ്‍? അത് ആരുടെ പക്കല്‍? അന്വേഷിക്കേണ്ടതല്ലേ അത്?
പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ തട്ടിപ്പുകമ്പനിയുടെ കൂട്ടുപ്രതിയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പൊതുഭരണസെക്രട്ടറിക്ക് കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് പൊതുവേ IAS കാര്‍ക്കുമാത്രം കൊടുക്കുന്ന ഡയറക്ടര്‍ തസ്തിക IAS ഇല്ലാത്ത ഇദ്ദേഹത്തിനുതന്നെ കൊടുക്കാനുള്ള വ്യഗ്രതയ്ക്കുപിന്നില്‍ എന്തായിരുന്നു?
ഇത് ശ്രദ്ധയില്‍വന്നശേഷവും എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിച്ച് ഇദ്ദേഹത്തെ സംരക്ഷിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ കൈരളി ടിവി പഴയ പൊലീസ് റിപ്പോര്‍ട്ട് സംപ്രേഷണംചെയ്തപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. എന്തായിരുന്നു തട്ടിപ്പുകമ്പനിയുമായി ചേര്‍ന്നുനിന്നതിന് കേസ് നേരിടുന്നയാളെ ഉന്നതസ്ഥാനത്ത് അവരോധിച്ചതിനുപിന്നിലെ താല്‍പ്പര്യം?

www.keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment