Sunday 3 February 2013

[www.keralites.net] അന്വേഷണത്തില്‍ പാളിച്ച

 

 



പത്തനംതിട്ട: രണ്ട് പീഡനക്കേസില്‍ സൂത്രധാരത്വം വഹിക്കുക. അങ്ങനെ മുഖ്യപ്രതിയാവുക. രണ്ടിലും ഇരകള്‍ മരിക്കുക... കവിയൂര്‍, കിളിരൂര്‍ കേസുകളില്‍ ലതാനായരുടെ പങ്ക് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും കേസിന്റെ ചുരുളഴിയാന്‍ വേണ്ട തെളിവുകളൊന്നും ലതാനായരില്‍നിന്ന് ശേഖരിക്കാന്‍ അന്വേഷണസംഘങ്ങള്‍ക്ക് കഴിഞ്ഞില്ല.

കവിയൂരില്‍ അനഘയെന്ന പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യചെയ്ത കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐ. പുതിയ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍, അന്വേഷണസംഘങ്ങളുടെ കാര്യപ്രാപ്തി കൂടിയാണ് ചോദ്യംചെയ്യപ്പെടുന്നത്. അനഘ പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ്. എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന് അറിവില്ല. അനഘയുടെ അച്ഛനാണെന്ന സി.ബി.ഐയുടെ കണ്ടുപിടിത്തം കോടതിക്ക് ബോധ്യമായിട്ടില്ല. ശാസ്ത്രീയമായ അന്വേഷണമോ, പരിശോധനയോ കൂടാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അനഘയുടെ അച്ഛനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. കൃത്യമായ തെളിവുകളൊന്നുമില്ലാതിരുന്നിട്ടും അച്ഛനെ മകളുടെ പീഡകനായി ചിത്രീകരിച്ചതിലെ ക്രൂരത അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെയും ധാര്‍മ്മികതയെയും ചോദ്യംചെയ്യുന്നതായി.

അനഘയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലതാനായര്‍ പലതവണ ഈകുട്ടിയെ വീട്ടില്‍നിന്ന് കൊണ്ടുപോയിരുന്നതായി മനസ്സിലായിട്ടുണ്ട്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ലതാനായരാണെന്നുകാട്ടി അനഘയുടെ അച്ഛന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിക്കുകയും ചെയ്തു. അനഘയെ ആരൊക്കെയാണ് പീഡിപ്പിച്ചതെന്ന് സ്വാഭാവികമായും ലതാനായര്‍ക്ക് അറിവുണ്ടായിരിക്കും. എന്നാല്‍ ആ നിലയ്ക്കുള്ള അന്വേഷണം ഉണ്ടായില്ല. അനഘയും കുടുംബവും ആത്മഹത്യചെയ്തതിനുപിന്നില്‍ ലതാനായരാണെന്ന വാദം കോടതി അംഗീകരിച്ചതാണ്. അനഘ പലതവണ പീഡനത്തിനിരയായെന്ന് കോടതിക്ക് മനസ്സിലാവുകയും ചെയ്തിരുന്നു.

കവിയൂര്‍ കേസില്‍ വ്യക്തമായ തെളിവുകളുടെ അഭാവം തുടക്കംമുതല്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥരൈ ആശങ്കയിലാഴ്ത്തുന്നതായിരുന്നു. സംഭവം അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥരുടെയും അനുഭവം മറിച്ചായിരുന്നില്ല. തെളിവുകള്‍ കണ്ടെത്താന്‍ തങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നെന്നാണ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പ്രാഥമികതലത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസും അനഘയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ആസ്​പത്രി അധികൃതരും കാണിച്ച അനാസ്ഥ സി.ബി.ഐയെ പ്രതിസന്ധിയിലാക്കിയിരുന്നു. അനഘ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയ ഡോക്ടര്‍, അത് തെളിയിക്കാന്‍ സഹായിക്കുന്ന ശരീരഭാഗത്തിന്റെ വളരെ ചെറിയ സാമ്പിള്‍ മാത്രമാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ഒന്നുരണ്ടു പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഈ സാമ്പിള്‍ തന്നെ ഇല്ലാതായി.
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment