Thursday, 3 January 2013

[www.keralites.net] ചെറുപ്പത്തിന്റെ പാട്ടുമായ് 2012

 


മലയാള സംഗീതത്തില്‍ വീശിയ മാറ്റത്തിന്റെ കാറ്റിന് ശക്തി അല്‍പം കൂടിയതാണ് 2012ന്റെ പ്രത്യേകത. മംമ്തയും രമ്യാ നമ്പീശനും കാവ്യയും നിത്യയും ഗായകരായതും മോഹന്‍ലാലിന്റെ സ്വരത്തി ല്‍ ഏറ്റവും മനോഹരമായ പോപ്പ് റാപ്പ് കേട്ടതും 2012ലാണ്. പാട്ടെഴുത്തിലെ പെണ്‍സാന്നിദ്ധ്യം അനു എലിസബത്ത് തട്ടത്തിന്‍ മറയത്തിലൂടെ പ്രിയങ്കരിയായി. മെലഡിയ്‌ക്കൊപ്പം പോപ്പും റാപ്പും വെസ്റ്റേണും മലയാളസംഗീതത്തില്‍ ചുവടുറപ്പിച്ചു എന്നും പറയാം.യുവാക്കളുടെ പാട്ടുകള്‍ വമ്പന്‍ ഹിറ്റുകള്‍ തീര്‍ത്തു. ഗോപീസുന്ദറും രതീഷ് വേഗയും അക്കൂട്ടത്തില്‍ മുന്നിട്ടു നിന്നു.

എഴുത്തിലും സംഗീതത്തിലും പരീക്ഷണങ്ങള്‍ തുടര്‍ന്നു.റീ-മിക്‌സുകള്‍ അധികം കേട്ടില്ല. എന്നാലും പതിവുപോലെ വിവാദങ്ങള്‍ക്കും മോഷണാരോപണങ്ങള്‍ക്കും കുറവുണ്ടായതുമില്ല. ബിജി ബാലിനെയും ഗോപീസുന്ദറിനെയും പോലെ, പശ്ചാത്തലസംഗീതത്തിലും ശ്രദ്ധനല്‍കുന്ന സംഗീതസംവിധായകര്‍ ഏറി വന്നതും നല്ല പ്രവണതയായി.

22 ഫീമെയ്ല്‍ കോട്ടയത്തില്‍ ടോണിയും നേഹാ നായരും പാടിയ ചില്ലാണേ നിന്നുടല്‍ മിന്നണ ചില്ല്..., ആണ്ടെലോണ്ടെ...(രമ്യ നമ്പീശന്‍-ഇവന്‍ മേഘരൂപന്‍), അപ്പങ്ങളെമ്പാടും...(അന്ന കാതറീന വാലയില്‍-ഉസ്താദ് ഹോട്ടല്‍), എന്താണു ഭായ്...(റെക്‌സ് വിജയന്‍, ബിജിബാല്‍, ജയറാം രഞ്ജിത്ത്-ടാ തടിയാ), വിജനസുരഭീ വാടികളില്‍.....(രമ്യ നമ്പീശന്‍-ബാച്ചിലര്‍ പാര്‍ട്ടി) തുടങ്ങി ഈണത്തിലും ആലാപനത്തിലും തികച്ചും വ്യത്യസ്തമായ ഒത്തിരി പാട്ടുകള്‍ 2012ന്റെ പ്രത്യേകതയായി.

പറയത്തക്ക ഹിറ്റുകള്‍ ഇല്ലാതെ പോയ 2012ന്റെ ആദ്യ പകുതിയ്ക്കു ശേഷം, 22 ഫീമെയ്ല്‍ കോട്ടയത്തിനു വേണ്ടി ബിജിബാലും റെക്‌സ് വിജയനും ഒരുക്കിയ പാട്ടുകള്‍ മാറ്റത്തിനു തുടക്കമിട്ടു.മെയ് മുതല്‍ നല്ല സിനിമകളുടെയും പാട്ടുകളുടെയും കാലമായി. ഡയമണ്ട് നെക്‌ലേസിലെയും സ്പിരിറ്റിലെയും ബാച്ചിലര്‍ പാര്‍ട്ടിയിലെയും ഉസ്താദ് ഹോട്ടലിലെയും തട്ടത്തിന്‍ മറയത്തിലെയും സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം ഇവന്‍ മേഘരൂപനിലെയും റണ്‍ ബേബി റണ്ണിലെയും ചട്ടക്കാരിയിലെയും ട്രിവാന്‍ഡ്രം ലോഡ്ജിലെയും അയാളും ഞാനും തമ്മിലെയും പാട്ടുകള്‍ മലയാളികള്‍ വീണ്ടും വീണ്ടും കേട്ടു. ഹിറ്റുകളുടെ ആ മഴ യൂട്യൂബില്‍ 4ലക്ഷത്തിലേറെ ഹിറ്റുകള്‍ നേടിയ ഡാ തടിയായിലെ എന്താണു ഭായ്...ലും മാറ്റിനിയിലെ ഐറ്റം നമ്പര്‍ അയലത്തെ വീട്ടിലെ...യിലും തുടരുകയാണ്.

പാട്ടെഴുത്ത്


വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു പെണ്‍കുട്ടിയൊരുക്കിയ ഗാനം മലയാളികള്‍ ഹൃദയത്തില്‍ മുത്തുച്ചിപ്പിയായി കാത്തു വച്ചത് 2012ലാണ്. തട്ടത്തിന്‍ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു...എന്ന ഹിറ്റ് പാട്ടിലൂടെ അനു എലിസബത്ത് എന്ന ആ കൊച്ചു പാട്ടെഴുത്തുകാരിയെ നമ്മള്‍ അറിഞ്ഞു. ഒരു ചിത്രത്തിനു തന്നെ ഒന്നിലേറെ ഗാനരചയിതാക്കള്‍ പാട്ടെഴുതുന്ന രീതി 2012ല്‍ കൂടി വന്നു. ഒരു ഗാനരചയിതാവ് പാട്ടെഴുതിയ ചിത്രങ്ങള്‍ ചുരുക്കം മാത്രം. കൂടുതല്‍ ഗാനങ്ങള്‍ രചിച്ചതിന്റെ ക്രെഡിറ്റ് റഫീക് അഹമ്മദിനു തന്നെ. രോഗം നല്‍കിയ അവശതയ്ക്കിടയിലും കൈതപ്രം പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, പുതിയ തീരങ്ങള്‍ തുടങ്ങിയ ചുരുക്കം ചിത്രങ്ങള്‍ക്ക് വരികളെഴുതി രംഗത്തു സജീവമായുണ്ടായി.്

അയാളും ഞാനും തമ്മില്‍, മായാമോഹിനി, കാസനോവ തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മയുടെ ഗാനങ്ങളുണ്ടായി. ഒ.എന്‍.വി. (ഇവന്‍ മേഘരൂപന്‍), കാവാലം(ഇവന്‍ മേഘരൂപന്‍), ചിറ്റൂര്‍ ഗോപി(അകലെയോ...നീ...-ഗ്രാന്‍ഡ് മാസ്റ്റര്‍), ഷിബു ചക്രവര്‍ത്തി( ഇരവില്‍ വിരിയും...-അരികെ) എന്നിവരും രംഗത്തുണ്ടായിരുന്നു.അനില്‍ പനച്ചൂരാന്‍(916), മുരുകന്‍ കാട്ടാക്കട(ചട്ടക്കാരി, മല്ലു സിങ്), ബീയാര്‍ പ്രസാദ(ഫ്രൈഡേ, തല്‍സമയം ഒരു പെണ്‍കുട്ടി), സന്തോഷ് വര്‍മ(ഊരും പേരും....-താപ്പാന), രാജീവ് ആലുങ്കല്‍ (മല്ലു സിങ്, ഞാനും എന്റെ ഫാമിലിയും)എന്നിവരുടെ പാട്ടുകളും കേട്ടു. കാസനോവയില്‍ ഹിറ്റായ ഓമനിച്ചുമ്മ വയ്ക്കുന്ന...എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാണെന്നത് അധികമാരും അറിഞ്ഞുമില്ല.ഗിരീഷിന്റെതായി മുല്ലശ്ശേരി മാധവന്‍കുട്ടിയും 2012ലുണ്ടായിരുന്നു.

സംഗീതസംവിധാനം


വ്യത്യസ്തമായ ഈണങ്ങളുമായി വിദ്യാസാഗറും എം.ജയചന്ദ്രനും ശരതും ബിജിബാലും അല്‍ഫോണ്‍സും ഗോപീസുന്ദറും ഷാന്‍ റഹ്മാനും ഷഹബാസ് അമനും രതീഷ് വേഗയും ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളൊരുക്കി. .പശ്ചാത്തലസംഗീതത്തിലും സംഗീതസംവിധാനത്തിലും പരീക്ഷണങ്ങളുമായാണ് ബിജിബാല്‍ സജീവമായത്.'22 ഫീമെയ്‌ലി' ല്‍ റെക്‌സ് വിജയനൊപ്പവും 'ഒഴിമുറി'യിലും 'ടാ തടിയാ' യിലും ഈണമിട്ട ബിജിബാല്‍ പദ്മശ്രീ ഭരത് ഡോ.സരോജ്കുമാറിലും മായാമോഹിനിയിലും ട്രിവാന്‍ഡ്രം ലോഡ്ജിലും പശ്ചാത്തലസംഗീതത്തില്‍ മാത്രം ശ്രദ്ധിച്ചു. ഉസ്താദ് ഹോട്ടല്‍, ഈ അടുത്ത കാലത്ത് , അല്‍ഫോണ്‍സിനൊപ്പം 'കാസനോവ'എന്നീ ചിത്രങ്ങളിലാണ് ഗോപീസുന്ദറിന്റെ പാട്ടുകളുണ്ടായത്.

ഉസ്താദ് ഹോട്ടലിലെ എല്ലാ പാട്ടുകളും ഹിറ്റായെങ്കിലും അപ്പങ്ങളെമ്പാടും... വിമര്‍ശനങ്ങള്‍ കേട്ടു. കാസനോവയിലെ ഓമനിച്ചുമ്മ...യായിരുന്നു മറ്റൊരു ഗോപീസുന്ദര്‍ ഹിറ്റ്. 2011ലെ ഹിറ്റുകളിലൊന്നായ മഴനീര്‍തുള്ളികള്‍....ക്കു ശേഷം 2012ല്‍ ആറ്റുമണല്‍പ്പായയില്‍... എന്ന പോപ്പ്‌റാപ്പിലൂടെ രതീഷ് വേഗ ഏറെ ശ്രദ്ധനേടിയ യുവസംഗീതസംവിധായകനായി. മാറ്റിനിയിലും പോപ്പിന്‍സിലും രതീഷിന്റെ ഈണങ്ങളുണ്ടായിരുന്നു. ഷഹബാസ് അമന്‍ ഈണമിട്ട സ്പിരിറ്റിലെ മൂന്നു പാട്ടുകളും (മഴകൊണ്ടു മാത്രം..., ഈ ചില്ലയില്‍ നിന്ന്..., മരണമെത്തുന്നനേരത്ത്...)ഒരുപോലെ ജനപ്രിയങ്ങളായി. ഗ്രാന്‍ഡ്മാസ്റ്ററിലെ അകലയോ നീ...യും പദ്മശ്രീ ഭരത് ഡോ.സരോജ്കുമാറിലെ മി്‌ഴികളും മൗനങ്ങളും... ദീപക് ദേവിന്റെ മെലോഡിയസ് ഹിറ്റുകളായിരുന്നു. അല്‍ഫോണ്‍സിന്റെ 'സിനിമാ കമ്പനി'യിലെ പാട്ടുകള്‍ വൈല്‍ഡ് റാപ്പ് സ്റ്റൈലില്‍ മറ്റു ഗാനങ്ങളില്‍ നിന്ന് ഏറെ വേറിട്ടു നിന്നു.
ഡയമണ്ട് നെക്‌ലേസില്‍ വിദ്യാജി ഒരുക്കിയ തികച്ചും വ്യത്യസ്തമായ മൂന്നു പാട്ടുകളില്‍ (നിലാമലരേ..., തൊട്ട് തൊട്ട് തൊട്ടു..., നെഞ്ചിനുള്ളില്‍ നെഞ്ചിനുള്ളില്‍...).മൂന്നും ഹിറ്റായി. സ്പാനിഷ് മസാലയ്ക്കു വേണ്ടി സ്പാനിഷ് ശൈലിയില്‍ ആരെഴുതിയാവോ ആകാശനീലം... ഈണമിട്ടപ്പോള്‍ സുന്‍ സുന്‍ സുന്ദരിത്തുമ്പീ...(ഓര്‍ഡിനറി)് നാടന്‍ രീതിയില്‍ ട്യൂണിട്ടു. മണിവാക പൂത്ത മലയില്‍..., ഊരും പേരും... പോലുള്ള നല്ല ഈണ ങ്ങള്‍ താപ്പാനയിലും ഉണ്ടായി. ചട്ടക്കാരിയിലെ നിലാവേ...നിലാവേ..., ഓ മൈ ജൂലീ..., മല്ലുസിങില്‍ ശ്രേയയും യേശുദാസും പാടിയ ചംചം...ചമക്..., ട്രിവാന്‍ഡ്രം ലോഡ്ജിലെ കണ്ണിന്നുള്ളില്‍..., കിളികള്‍ പറന്നതോ..., 916ലെ ചെന്താമരതേനോ...., നാട്ടുമാവിലൊരു മൈന... തുടങ്ങിയ ഹിറ്റുകളുടെ ക്രെഡിറ്റ് എം.ജയചന്ദ്രനുള്ളതാണ്. ഇവന്‍ മേഘരൂപനിലെയും തല്‍സമയം ഒരു പെണ്‍കുട്ടിയിലെയും ഗാനങ്ങള്‍ ശരതിന്റെ വ്യത്യസ്തമായ കോംപസിഷനുകളായി.

ഇളയരാജ ഈണമിട്ട 'പുതിയ തീരങ്ങളി'ലെ പാട്ടുകള്‍ ഓളമായില്ല. ജെയ്‌സണ്‍.ജെ.നായരും (ഇത്രമാത്രം), ജാസി ഗിഫ്റ്റും(നിദ്ര), ബേണി ഇഗേ്‌നഷ്യസും(മായാമോഹിനി), സുരേഷ് പീറ്റേഴ്‌സും (മിസ്റ്റര്‍ മരുമകന്‍), രാഹുല്‍ രാജും (ബാച്ചിലര്‍ പാര്‍ട്ടി) ഓരോ ചിത്രങ്ങളില്‍ മാത്രമായൊതുങ്ങി.ഗായകന്‍ എം.ജി.ശ്രീകുമാര്‍ ഫാദേഴസ് ഡേ യില്‍ പാട്ടുകളൊരുക്കി. ആകാശത്തിന്റെ നിറത്തില്‍ രവീന്ദ്രജെയിന്‍ സംഗീതവും 'മാറ്റിനി'യിലെ ഐറ്റം നമ്പര്‍ അയലത്തെ വീട്ടിലെ....യില്‍ ആനന്ദ് രാജ് ആനന്ദിന്റെ ഈണവും മലയാളികള്‍ കേട്ടു.

ഗായകര്‍


നിവാസ്(നിലാമലരേ...), അന്ന കാതറീന വാലയില്‍(അപ്പങ്ങളെമ്പാടും...), രാജേഷ് കൃഷ്ണന്‍(ഓ മൈ ജൂലീ...- ചട്ടക്കാരി, കിളികള്‍ പറന്നതോ...-ട്രിവാന്‍ഡ്രം ലോഡ്ജ്), ഹരിചരണ്‍(വാതിലില്‍ ആ വാതിലില്‍...), സച്ചിന്‍ വാര്യര്‍( മുത്തുച്ചിപ്പി പോലൊരു...), അഭിരാമി അജിത്(തൊട്ട് തൊട്ട് തൊട്ടു...)തുടങ്ങിയ പുതുസ്വരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നജീം അര്‍ഷാദ്(തൊട്ട് തൊട്ട് തൊട്ടു....-ഡയമണ്ട് നെക്ലേസ്, കണ്ണിന്നുള്ളില്‍ നീ..., അള്ളാ അള്ളാ...-ടാ തടിയാ), നിഖില്‍ മാത്യു(അഴലിന്റെ ആഴങ്ങളില്‍..., കാര്‍മുകിലില്‍....-ബാച്ചിലര്‍ പാര്‍ട്ടി), മൃദുല വാര്യര്‍(ഓ മറിമായന്‍...-ഇവന്‍ മേഘരൂപന്‍)തുടങ്ങിയ യുവഗായകര്‍ക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ നല്ല പാട്ടുകള്‍ പാടാനായി.

ഗായകരില്‍ ശ്രേയ ഘോശലും കാര്‍ത്തിക്കുമാണ് ശക്തമായി രംഗത്തുണ്ടായത്. ഉണ്ണിമേനോന്‍(മരണമെത്തുന്ന നേരത്ത്....)മധു
ബാലകൃഷ്ണന്‍(സുന്‍ സുന്‍..., എന്റെ ഹൃദയതാളം...-തല്‍സമയം ഒരു പെണ്‍കുട്ടി, മണിവാകപൂത്ത മലയില്‍...-താപ്പാന), കൃഷ്ണചന്ദ്രന്‍(ഓ മറിമായന്‍...-ഇവന്‍ മേഘരൂപന്‍), സുദീപ് കുമാര്‍(നിലാവേ നിലാവേ...-ചട്ടക്കാരി, മല്ലുസിങ്), വിജയ് യേശുദാസ്(അകലെയോ നീ..., മഴ കൊണ്ടു മാത്രം....), ശ്വേതാ മോഹന്‍(നിശാസുരഭീ...-ഇവന്‍ മേഘരൂപന്‍), വിനീത് ശ്രീനിവാസന്‍(അനുരാഗത്തിന്‍ വേളയില്‍...), സിതാര (ഓ പൊന്‍തൂവലായ്... -ഈ അടുത്ത കാലത്ത്, മഴ മഴ മഴ മഴ മഴയേ...)എന്നിവര്‍ക്കും നല്ല ഗാനങ്ങളുണ്ടായിരുന്ന്ു.

തമിഴില്‍ നിന്ന് നരേഷ് അയ്യര്‍ (മേല്‍ മേല്‍ മേല്‍... -ഉസ്താദ് ഹോട്ടല്‍), മനോ, ടിപ്പു, പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കും പാട്ടുകള്‍ ഉണ്ടായി. യേശുദാസും(ഈ ചില്ലയില്‍ നിന്ന്..., അനുരാഗിണീ നിനക്കടയാളമായ് തന്ന...) ചിത്രയും സുജാതയും എം.ജി.ശ്രീകുമാറും ഹിറ്റു പാട്ടുകളുമായി യുവാക്കള്‍ക്കൊപ്പം നിന്നു.

ഒരിടവേളയ്ക്കു ശേഷം വിദ്യാധരന്‍ മാസ്റ്റര്‍ 'ഓര്‍ഡിനറി'യില്‍ വിദ്യാസാഗറിന്റെ സംഗീതത്തില്‍ ഗായകനായെത്തി. ഗോപീസുന്ദറും ബിജിബാലും ശരതും എം.ജയചന്ദ്രനും അല്‍ഫോണ്‍സും ഷഹബാസ് അമനും ഗായകരായും രംഗത്തുണ്ടായിരുന്നു.

പാട്ടിലും ഒരു കൈ


ഔസേപ്പച്ചന്റെ സംഗീതത്തില്‍ 'അരികെ'യില്‍ മംമ്ത മോഹന്‍ദാസ് മലയാളത്തിലെ തന്റെ ആദ്യഗാനം പാടി, ഇരവില്‍ വിരിയും പൂ പോലെ.... രമ്യ നമ്പീശന്‍ ശരതിന്റെ ഈണത്തില്‍ ആണ്ടേലോണ്ടേ...(ഇവന്‍ മേഘരൂപന്‍) ആദ്യം പാടിയെങ്കിലും രമ്യയുടെ വിജനസുരഭീ വാടികളില്‍... എന്ന പാട്ടുമായി ബാച്ചിലര്‍ പാര്‍ട്ടി ആദ്യം പുറത്തിറങ്ങി(സംഗീതം-രാഹുല്‍ രാജ്). രതീഷ് വേഗയുടെ സംഗീതത്തില്‍ മോഹന്‍ലാല്‍ ഗായകനായി തിളങ്ങിയ ആറ്റുമണല്‍പ്പായയില്‍...(റണ്‍ ബേബി റണ്‍) ഇപ്പോഴും മൂളി മതിയായിട്ടില്ല. മാറ്റിനിയിലെ മൗനമായ് മനസ്സില്‍ നീറും...പാടി കാവ്യാ മാധവനും പോപ്പിന്‍സിലെ പായസം ഇതു പായസം....പാടി നിത്യാ മേനോനും ഗായകരായി.

നവാഗതര്‍


അനു എലിസബത്തിനു പുറമെ സ്പാനിഷ് മസാലയിലൂടെ ആര്‍.വേണുഗോപാലും ഓര്‍ഡിനറിയിലൂടെ രാജീവ് നായരും മാറ്റിനിയിലൂടെ ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിനനാഥ് പുത്തഞ്ചേരിയും ഗാനരചനയില്‍ തുടക്കമിട്ടു.

യുവസംഗീതസംവിധായകരുടെ വര്‍ഷമായിരുന്നു കടന്നു പോയത്. 2012ല്‍ ആദ്യം റിലീസ് ചെയ്ത 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ടി'ല്‍ ലീല ഗിരീഷ്‌കുട്ടന്‍, 'ഫ്രൈഡേ'യില്‍ റോബി ഏബ്രഹാം, 'മൈ ബോസി'ല്‍ സെജോ ജോണ്‍, 'മോളി ആന്റി റോക്‌സി'ല്‍ ആനന്ദ് മധുസൂദനന്‍, 'പ്രഭുവിന്റെ മക്കളി'ല്‍ അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഇനിയുമുണ്ടൊരു ജന്‍മമെങ്കില്‍


മലയാള സിനിമാ സംഗീതത്തില്‍ പ്രത്യേക ശൈലിയ്ക്കു തന്നെ രൂപം കൊടുത്ത രവി ബോംബെ മാര്‍ച്ച 7ന് വിടപറഞ്ഞു. എവര്‍ഗ്രീന്‍ ഹിറ്റുകളായ ആരെയും ഭാവഗായകനാക്കും..., ചന്ദനലേപസുഗന്ധം...., ഇശല്‍ തേന്‍കണം..., ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്..., സാഗരങ്ങളേ പാടി ഉണര്‍ത്തിയ...., ഇന്ദുപുഷ്പം ചൂടി നില്‍ക്കും...., വൈശാഖ പൗര്‍ണമിയോ..., കൃഷ്ണകൃപാസാഗരം...., കടലിന്നഗാധമാം നീലിമയില്‍... തുടങ്ങി എത്രയോ പാട്ടുകള്‍ നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം പോയത്.


യൂ ട്യൂബ് ഹിറ്റ് മെലഡികള്‍


നിലാമലരേ നിലാമലരേ.....

-ഡയമണ്ട് നെക്‌ലേസ്
വിദ്യാസാഗര്‍/ റഫീക് അഹമ്മദ്
നിവാസ് (ശ്രീനിവാസന്‍ രഘുനാഥന്‍)



ആറ്റുമണല്‍പ്പായയില്‍ അന്തിവെയില്‍.
..
-റണ്‍ ബേബി റണ്‍
രതിഷ് വേഗ/ റഫീക് അഹമ്മദ്
മോഹന്‍ലാല്‍

വാതിലില്‍ ആ വാതിലില്‍...

-ഉസ്താദ് ഹോട്ടല്‍
ഗോപീസുന്ദര്‍/ റഫീക് അഹമ്മദ്
ഹരിചരണ്‍ശേഷാദ്രി

മരണമെത്തുന്ന നേരത്ത്....

-സ്പിരിറ്റ്
ഷഹബാസ് അമന്‍/ റഫീക് അഹമ്മദ്
ഉണ്ണിമേനോന്‍

മുത്തുച്ചിപ്പിപോലൊരു...

-തട്ടത്തിന്‍ മറയത്ത്
ഷാന്‍ റഹ്മാന്‍/ അനു എലിസബത്ത്
സച്ചിന്‍ വാരിയര്‍, രമ്യ നമ്പീശന്‍

നിലാവേ...നിലാവേ...

-ചട്ടക്കാരി
എം.ജയചന്ദ്രന്‍/ മുരുകന്‍ കാട്ടാക്കട
ശ്രേയ ഘോശല്‍, സുദീപ് കുമാര്‍
അഴലിന്റെ ആഴങ്ങളില്‍...
-അയാളും ഞാനും തമ്മില്‍
ഔസേപ്പച്ചന്‍/ വയലാര്‍ ശരത്ചന്ദ്രവര്‍മ
നിഖില്‍ മാത്യു

കണ്ണിന്നുള്ളില്‍ നീ കണ്‍മണി...

-ട്രിവാന്‍ഡ്രം ലോഡ്ജ്
എം.ജയചന്ദ്രന്‍/ രാജീവ് നായര്‍
നജീം അര്‍ഷാദ്

ആരെഴുതിയാവോ ആകാശനീലം...

-സ്പാനിഷ് മസാല
വിദ്യാസാഗര്‍/ ആര്‍.വേണുഗോപാല്‍
കാര്‍ത്തിക്/ ശ്രേയ ഘോശല്‍

കാര്‍മുകിലില്‍ പിടഞ്ഞുണരും...

-ബാച്ചിലര്‍ പാര്‍ട്ടി
രാഹുല്‍ രാജ്/ റഫീക് അഹമ്മദ്
ശ്രേയാ ഘോശല്‍, നിഖില്‍ മാത്യു

അകലെയോ...നീ...

-ഗ്രാന്‍ഡ്മാസറ്റര്‍
ദീപക് ദേവ്/ ചിറ്റൂര്‍ ഗോപ്ി
വിജയ് യേശുദാസ്

മഴ മഴ മഴ മഴ മഴയേ...

- പോപ്പിന്‍സ്
രതീഷ് വേഗ/ റഫീക് അഹമ്മദ്
ജി.വേണുഗോപാല്‍, സിതാര
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment