Thursday, 3 January 2013

[www.keralites.net] എവിടെയും ചതിയന്‍ കണ്ണുകള്‍

 

ഒളികാമറകള്‍ സ്വകാര്യജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ സ്ത്രീകള്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം?

Fun & Info @ Keralites.net
കേരളത്തിലെ സ്ത്രീകളുടെ ഓരോ നീക്കവും കൃത്യമായി ഇപ്പോള്‍ രേഖപ്പെടുത്താനാളുണ്ട്. അവള്‍ കുഞ്ഞിന് പാലു കൊടുക്കുന്നത്, കുനിഞ്ഞിരുന്ന് നിലം തുടയ്ക്കുന്നത്, കുളത്തിലോ കിണറ്റിന്‍കരയിലോ നിന്ന് തുണിയലക്കുന്നത്... എല്ലാം കാമറക്കണ്ണുകളില്‍ വ്യക്തമായി പതിയും. ഹോട്ടല്‍ മുറികളിലും തുണിക്കടകളിലെ ട്രയല്‍റൂമുകളിലും റസ്‌റ്റോറന്റുകളിലെ മൂത്രപ്പുരകളിലുമൊക്കെ പെണ്ണുടല്‍ തേടി ഇലക്‌ട്രോണിക് കണ്ണുകള്‍ ഉറങ്ങാതെ കാത്തിരിക്കുന്നു. സംശയമുണ്ടെങ്കില്‍ യൂ-ട്യൂബില്‍ Kerala woman washing clothes, kerala woman in bus, kerala woman drinking, Kerala college girl kiss her boy friend, kerala woman delivery, kerala woman navel show... ഇതില്‍ ഏതുവേണമെന്ന് യൂ-ട്യൂബ് ഇങ്ങോട്ടുചോദിക്കും. വീഡിയോ ക്ലിപ്പിങുകള്‍ കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം. കാണുന്ന വീഡിയോകളില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോ നിങ്ങള്‍ തന്നെയോ നായികയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു മാത്രം.

മലയാളി സമൂഹത്തില്‍ പുതിയൊരു പ്രശ്‌നമേഖല സൃഷ്ടിക്കുകയാണ് ഒളികാമറകളുടെ വ്യാപകദുരുപയോഗം. പണ്ടൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബാങ്കുകളിലും മാത്രമായിരുന്നു 'സര്‍വെയ്‌ലെന്‍സ് സിസ്റ്റം' എന്ന പേരില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇന്നിപ്പോള്‍ പൊതുസ്ഥലങ്ങള്‍ മിക്കവാറും കാമറക്കണ്ണുകള്‍ക്ക് കീഴിലാണ്. ഇതിനുപുറമെയാണ് സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഒളികാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി. ഇത്തരം കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ യൂ-ട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ എത്തുന്നുണ്ട്. ലോകമെങ്ങുമുള്ള 'ഞരമ്പുരോഗികള്‍' ആ വീഡിയോ കാണുന്നു. ചിലര്‍ കണ്ട വീഡിയോകള്‍ ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ഷെയര്‍ ചെയ്യുന്നു. പോണ്‍സൈറ്റുകള്‍ കണ്ടുമടുത്ത പലര്‍ക്കുമിപ്പോള്‍ താത്പര്യം തികച്ചും സ്വാഭാവികമായി ചിത്രീകരിക്കപ്പെട്ട സ്ത്രീനഗ്നതയാണ്.

ക്ലോക്കിലോ വാച്ചിലോ പേനയിലോ ഘടിപ്പിച്ച രീതിയിലുള്ള ഒളികാമറാ സംവിധാനങ്ങളായിരുന്നു ആദ്യം വിപണിയിലെത്തിയത്. ചുമരില്‍ തൂക്കിയിടാവുന്ന ഫോട്ടോഫ്രെയിമുകളിലും കോള കാനുകളിലും കണ്ണടകളിലും തൊട്ട് ചൂയിങ് ഗം പാക്കുകളില്‍ പോലും പ്രവര്‍ത്തിക്കുന്ന ഒളികാമറകള്‍ ഇന്ന് കിട്ടാനുണ്ട്. രണ്ടുമണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെ വീഡിയോ റെക്കോഡ് ചെയ്യാന്‍ ശേഷിയുള്ള കാമറകളാണിത്. കാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ 'ലൈവായി' കമ്പ്യൂട്ടറില്‍ കാണാനോ മെമ്മറി കാര്‍ഡില്‍ സ്്‌റ്റോര്‍ ചെയ്യാനോ സാധിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒളികാമറകള്‍ വില്‍ക്കുന്ന ഏജന്‍സികളുണ്ട്. പത്രങ്ങളിലെ ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം നല്‍കിയാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ''ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് പലരും ഒളികാമറകള്‍ തേടിയെത്താറ്. വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും വന്‍തോതില്‍ പണമിടപാടു നടത്തുമ്പോള്‍ തെളിവിനായും ഒളികാമറകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി കിടപ്പുമുറിയില്‍ കാമറ വെക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്''- പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ കോഴിക്കോട്ടെ ഒരു ഒളികാമറാ വില്‍പനക്കാരന്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു.

ഇലക്‌ട്രോണിക്‌സ് മേഖലയിലെ ചൈനീസ് അധിനിവേശം കാരണം വില കുത്തനെ കുറഞ്ഞതും ഒളികാമറകളുടെ വില്‍പന കൂട്ടി. കണ്ടാല്‍ മഷിപ്പേനയുടെ രൂപത്തിലുള്ള 'പെന്‍ കാമറ'യ്ക്ക് ആറു വര്‍ഷം മുമ്പ് 15,000 രൂപയായിരുന്നു വില. ഇപ്പോഴത് 1500 രൂപയ്ക്ക് കിട്ടും. കുട്ടികള്‍ക്ക് പോലും ഉപയോഗിക്കാവുന്നത്ര എളുപ്പമാണ് ഇത്തരം കാമറകളുടെ പ്രവര്‍ത്തനരീതി. നേരിട്ടു കടകളില്‍ പോയി വാങ്ങാന്‍ മടിയുള്ളവര്‍ക്ക് വീട്ടിലേക്ക് പാഴ്‌സലായി അയച്ചുകൊടുക്കുന്ന വെബ്‌സൈറ്റുകളുമുണ്ട്. സാധനം കൈയില്‍ കിട്ടിയിട്ട് പണം കൊടുത്താല്‍ മതിയാകുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ വെബ്‌സൈറ്റുകള്‍.


കോഴിക്കോട് മാത്രം മാസം അമ്പതിലേറെ ഒളികാമറകള്‍ വില്‍ക്കുന്നുണ്ടെന്ന് ഇലക്‌ട്രോണിക്‌സ് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ വില്‍പന ഇതിനു പുറമെയാണ്. കേരളത്തിലെ മറ്റുജില്ലകളിലും ഏതാണ്ടിത്ര തന്നെ വില്‍പന നടക്കുന്നുണ്ടാകുമെന്ന് അനുമാനിക്കാം. ഇങ്ങനെ വിറ്റഴിയുന്ന കാമറകളെല്ലാം എവിടെയൊക്കെയാണ് പ്രവര്‍ത്തിപ്പിക്കപ്പെടുന്നത്? സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് ഒളികാമറകളുടെ ദുരുപയോഗത്തിലേക്ക് തന്നെ. 2009ല്‍ കോഴിക്കോട്ടെ ഒരു ഹോട്ടലിലെ ടോയല്റ്റില്‍ ഒളികാമറ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കേരളം മുഴുവന്‍ വാര്‍ത്തയായതാണ്. അന്ന് കാമറ വെച്ച ഹോട്ടല്‍ ജീവനക്കാരനെ വിശദമായി ചോദ്യം ചെയ്യുന്നതിനുപകരം പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ചേട്ടനെ തല്ലിച്ചതയ്ക്കുകയായിരുന്നു പൊലീസ് ചെയ്തത്.

പുറത്തറിയാതെ പോകുന്ന എത്രയോ കേസുകള്‍ ഇതുപോലെ പലയിടങ്ങളിലും സംഭവിക്കുന്നുണ്ടാകാം. കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിെപ്പടുത്തി പല സ്ത്രീകളെയും ചൂഷണത്തിന് ഇരയാക്കുന്നുമുണ്ടാകാം. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളില്‍ മാത്രമല്ല പൊതുസ്ഥലങ്ങളിലും ഒളികാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ ഏറെയുണ്ട്. മധ്യകേരളത്തിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ് പൂളില്‍ നനഞ്ഞൊട്ടിയ വേഷത്തില്‍ ഉല്ലസിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ യൂ-ട്യൂബില്‍ ഇതുവരെയായി 50,867 പേര്‍ കണ്ടുകഴിഞ്ഞു. ജനത്തിരക്കേറിയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ആരും ധൈര്യം കാട്ടില്ലെന്നുറപ്പ്. സെക്യൂരിറ്റി ജീവനക്കാരുടെയോ സ്ത്രീകളുടെ കൂടെയുള്ളവരുടെയോ കണ്ണില്‍ പെട്ടാല്‍ പൊല്ലാപ്പാകുമെന്നതു തന്നെ കാരണം. പോക്കറ്റില്‍ കുത്തിയിട്ട പേനയിലോ തലയില്‍ വെച്ച തൊപ്പിയിലോ ഘടിപ്പിച്ച ഒളികാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സംശയിക്കാന്‍ കാരണമിതാണ്.

യൂ-ട്യൂബില്‍ മാത്രമൊതുങ്ങുന്നതല്ല ഒളികാമറകളില്‍ നിന്നുള്ള 'സംപ്രേക്ഷണം'. കേരളത്തിലെ സ്ത്രീകളുടെ നഗ്നവീഡിയോ ക്ലിപ്പിങുകള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന ഒട്ടേറെ പോണ്‍വെബ്‌സൈറ്റുകളുമുണ്ട്. mallu woman video എന്ന് ഇന്റര്‍നെറ്റില്‍ പരതിയാല്‍ 7,710,000 ഫലങ്ങളാണ് ലഭിക്കുക. ഇവയില്‍ ചില സൈറ്റുകളില്‍ കയറിയാല്‍ മലയാളി പെണ്ണുങ്ങള്‍ കുനിഞ്ഞിരുന്ന് മുറ്റമടിക്കുന്നതിന്റെയും കുഞ്ഞിന് മുലയൂട്ടുന്നതിന്റെയും സെക്കന്‍ഡുകള്‍ നീളുന്ന സൗജന്യ ക്ലിപ്പിങ് കാണാം. കൂടുതല്‍ കാണണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടയ്ക്കണമെന്നുമാത്രം. കേരളത്തില്‍ നിന്നും ഗള്‍ഫ്‌നാടുകളില്‍ നിന്നുമുള്ള ഒട്ടേറെ പേര്‍ ഈ സൈറ്റുകളിലെ പതിവുസന്ദര്‍ശകരാണെന്ന് വീഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാല്‍ ബോധ്യപ്പെടും.

Fun & Info @ Keralites.net
ഒളികാമറകള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പേടിയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കാറുണ്ടെന്ന് കോഴിക്കോട്ടെ പ്ലസ്ടൂ അധ്യാപിക പറയുന്നു. '' ബ്ലാക്ക്‌ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ സാരി അല്പം മാറിപ്പോയാല്‍ വരെ ടെന്‍ഷനാണ്. ക്ലാസില്‍ ഏതെങ്കിലുമൊരു വികൃതി അത് കാമറയില്‍ പകര്‍ത്തിയോയെന്ന്. പഠിപ്പിക്കുന്ന സ്‌കൂള്‍ ഗള്‍ഫ് പോക്കറ്റിലായതിനാല്‍ ഇത്തരം ഗാഡ്ജറ്റ്‌സ് സംഘടിപ്പിക്കാന്‍ കുട്ടികള്‍ക്കൊരു പ്രയാസവുമില്ല. ക്ലാസിലെ ബോയ്‌സിന്റെ കൈയില്‍ സ്‌പൈ കാമറകളുണ്ടെന്ന് ചില പെണ്‍കുട്ടികളും പരാതിപ്പെട്ടിരുന്നു. പക്ഷേ വ്യക്തമായ തെളിവ് ലഭിക്കാഞ്ഞതിനാല്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ല''. കുട്ടികളെ പേടിച്ച് സേഫ്റ്റിപിന്‍ ഉപയോഗിച്ച് സാരി മുഴുവന്‍ 'സേഫ്' ആക്കിയേ ടീച്ചര്‍ ഇപ്പോള്‍ ക്ലാസിലേക്ക് പോകാറുള്ളൂ.

2009-ല്‍ കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന സംഭവമാണ് സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒളികാമറക്കേസ്. കോഴിക്കോട്ടു തന്നെയായിരുന്നു രണ്ടാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയറയിലെ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂത്രപ്പുരയില്‍ സ്ഥാപിച്ച കാമറ അവിടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പോലീസ് കേസെടുത്തെങ്കിലും കാമറയില്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞില്ലെന്ന് വ്യക്തമായതോടെ കേസിന്റെ ഗൗരവം പോയി. പിന്നീടുണ്ടായ സംഭവം കൊയിലാണ്ടിയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ ഒളികാമറ വച്ചിട്ടുണ്ടെന്ന് രണ്ട് സ്ത്രീകള്‍ പരാതിപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് നഗരസഭ മൂത്രപ്പുര അടച്ചുപൂട്ടി. സംഭവം പൊലീസ് കേസായതോടെ പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് സ്ത്രീകള്‍ ഒഴിഞ്ഞുമാറി.

തുണിക്കടയിലെ ഡ്രസിങ് റൂമില്‍ ഒളികാമറ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കട തല്ലിത്തകര്‍ത്ത സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിനടുത്തുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിലാണ് 2011 ഒക്‌ടോബറില്‍ ഒളികാമറ കണ്ടെത്തിയത്. കടയില്‍ വസ്ത്രം എടുക്കാനെത്തിയ ബി.എഡ്. വിദാര്‍ത്ഥിനി ഡ്രസ്സിങ് റൂമില്‍ ചെന്ന് വസ്ത്രം മാറുന്നതിനിടെ ഒളികാമറ കെണ്ടത്തുകയായിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടി മൊബൈല്‍ കാമറയുമെടുത്ത് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരനെ എല്‍പ്പിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കടയിലെ സെയില്‍സ്മാനെ അറസ്റ്റ് ചെയ്തു.

സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ കുളിമുറിയില്‍ ഒളികാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ പൊലീസ് പിടിയിലായതും നമ്മുടെ നാട്ടില്‍ തന്നെ. കോതമംഗലത്തെ സ്വകാര്യ ആസ്പത്രിയിലാണ് സംഭവം നടന്നത്. ആസ്പത്രിയിലെ ഏറ്റവും താഴത്തെ നിലയില്‍ ഡ്യൂട്ടി നഴ്‌സുമാര്‍ക്കു മാത്രമുള്ള ബാത്ത് റൂമിലായിരുന്നു കാമറ. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വസ്ത്രം മാറ്റാന്‍ ബാത്ത്‌റൂമിലെത്തിയ സ്റ്റാഫ് നഴ്‌സ് വയറിങ് ചാനലിനിടയില്‍ ഒരു കീചെയിന്‍ തൂങ്ങി കിടക്കുന്നതു കണ്ടു. സംശയം തോന്നി സഹപ്രവര്‍ത്തകരെ കൂട്ടി കീചെയിന്‍ എടുത്തു പരിശോധിച്ചപ്പോഴാണ് ഒളികാമറയാണെന്ന് മനസ്സിലായത്. ഉടന്‍ മാനേജ്‌മെന്‍റ് അധികൃതരെ ഏല്‍പ്പിച്ച് പരാതിയും നല്‍കി. പൊലീസ് അന്വേഷണത്തില്‍ ആസ്പത്രിയിലെ ടെക്‌നിക്കല്‍ മാനേജര്‍ തന്നെയാണ് കാമറ വച്ചതെന്ന് തെളിഞ്ഞു.
കാമുകനുവേണ്ടി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒളികാമറ സ്ഥാപിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞവര്‍ഷമായിരുന്നു. കൊല്ലം നഗരത്തിലെ എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളികാമറവച്ച സംഭവത്തില്‍ കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയായ വയനാട് സ്വദേശിനിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കാമുകനും കോയമ്പത്തൂരില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുമായ വയനാട് സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹോസ്റ്റലിലെ കുട്ടികളുടെ കുളിസീന്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. വെറും തമാശയ്ക്കാണ് ഈ വികൃതി ഒപ്പിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കാമുകന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. കോളേജ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് ഐ.ടി ആക്ട്, ഐ.പി.സി 509 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരൂര്‍ ജില്ലാ ആസ്പത്രിയിലെ വനിതകളുടെ കുളിമുറിയില്‍ ഒളികാമറ വെച്ച യുവാവിനെയും കൂട്ടുകാരനെയും രോഗികളും ബന്ധുക്കളും കൈയോടെ പിടികൂടിയിരുന്നു. കുട്ടികളുടെ വാര്‍ഡില്‍ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.


ഒളികാമറകളുടെ വില്പന ഗണ്യമായി വര്‍ധിച്ച കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കേരള പൊലീസ് ഹൈടെക് സെല്ലിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. വിനയകുമാരന്‍ നായര്‍ പറഞ്ഞു. ''നിയമവിരുദ്ധമല്ലാത്തതിനാല്‍ ഇത്തരം കാമറകളുടെ വില്‍പന തടയാനാവില്ല. വാങ്ങുന്നവര്‍ എന്തിനാണിത് ഉപയോഗിക്കുന്നതെന്ന് അറിയാനും മാര്‍ഗ്ഗമില്ല. ഒളികാമറകളുടെ ദുരുപയോഗം സൈബര്‍കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. പക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ സ്ത്രീകളെ ബോധവത്കരിക്കാന്‍ ഹൈടെക് സെല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംശയം തോന്നുന്ന ചുറ്റുപാടുകളില്‍ സ്ത്രീകള്‍ തന്നെ ആദ്യം പരിശോധന നടത്തണം. അസ്വഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ഉടന്‍ വിവരമറിയിക്കാന്‍ മടിക്കരുത്''.

ഒളികാമറകള്‍ കണ്ടെത്താന്‍ വഴിയുണ്ട്

അല്പം ശ്രദ്ധയും പരിസരനിരീക്ഷണവുമുണ്ടെങ്കില്‍ ചുറ്റും കണ്ണുവിരിച്ചുനില്‍ക്കുന്ന ഒളികാമറകളെ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താം

ഹോട്ടല്‍ മുറികളിലോ മറ്റ് അപരിചിത മേഖലകളിലോ വച്ച് വസ്ത്രം മാറേണ്ടിവരികയാണെങ്കില്‍ ആദ്യം ചുറ്റുപാടും നന്നായി കണ്ണോടിക്കുക. തികച്ചും സാധാരണമെന്നു തോന്നുന്ന ഇടങ്ങളിലോ വസ്തുക്കളിലോ ആകും കാമറയുണ്ടാകുക. പക്ഷേ മുറിയുടെ മൊത്തം ചുറ്റുപാടുകളില്‍ ഇഴുകിച്ചേരാതെ ആ വസ്തുക്കള്‍ മാത്രം മുഴച്ചുനില്‍ക്കുന്നുണ്ടാകും. മുറിയുടെ പെയിന്റിങിനോ ഫര്‍ണിഷിങിനോ ചേരാത്ത നിറത്തിലുള്ള ക്‌ളോക്ക്, അലക്ഷ്യമായി വലിച്ചെറിഞ്ഞ തരത്തിലുള്ള ടെഡ്ഡി ബെയര്‍, ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍... ഇവയില്‍ ഏതിലെങ്കിലുമാകാം കാമറ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പ്ലഗുകളുടെയും പിന്‍പോയിന്റുകളുടെയും പരിസരങ്ങളില്‍ കാര്യമായ തിരച്ചില്‍ നടത്തണം. ചില കാമറകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമായതിനാലാണിത്. കുളിമുറിയിലെ ചുമരുകളിലെവിടെയെങ്കിലും 'ഛ' പോലുള്ള ദ്വാരമുണ്ടോയെന്ന് പരിശോധിക്കുക.

മിക്ക ഒളികാമറകളുടെയും ലെന്‍സില്‍ നിന്ന് ചുവന്ന എല്‍.ഇ.ഡി. പ്രകാശമുണ്ടാകും. പകല്‍വെളിച്ചത്തില്‍ കണ്ണില്‍പെടാത്ത വിധം അത്രയും മങ്ങിയതാണ് ഈ വെളിച്ചം. വാതിലുകളും ജനലുകളുമെല്ലാം വലിച്ചടച്ച് ലൈറ്റുകള്‍ മുഴുവന്‍ കെടുത്തിയശേഷം മുറിയുടെ ഏതെങ്കിലും കോണില്‍ നിന്ന് എല്‍.ഇ.ഡി. വെളിച്ചം വരുന്നുണ്ടോയെന്നു നോക്കുക. കൂരിരുട്ടില്‍ എല്‍.ഇ.ഡി. പ്രകാശം തെളിഞ്ഞുകാണുന്നുണ്ടെങ്കില്‍ ഉറപ്പാക്കാം അതിനുപിന്നിലൊരു കാമറയുമുണ്ടെന്ന്.

സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, ഒളികാമറയുമായി ആരോ പുറകിലുണ്ടെന്ന സംശയം സദാ അലട്ടുന്നുണ്ടെങ്കില്‍ സ്‌പൈ കാമറ ഡിറ്റക്ഷന്‍ ഡിവൈസ് വാങ്ങുന്ന കാര്യം ആലോചിക്കാം. ഇതിനല്‍പം പണച്ചെലവുണ്ടെന്നതാണ് പ്രശ്‌നം. ഒളികാമറകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ തന്നെ കാമറകള്‍ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും വില്‍ക്കുന്നുണ്ട്. രണ്ടു തരത്തിലുള്ള ഡിറ്റക്ടറുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഇന്‍ഫ്രാറെഡ് ഫില്‍ട്ടറും എല്‍.ഇ.ഡി. വ്യൂഫൈന്‍ഡറുമുള്ള ഡിറ്റക്ടറിലൂടെ നോക്കിയാല്‍ ചുറ്റുഭാഗത്തും എവിടെയെങ്കിലും കാമറകളുണ്ടെങ്കില്‍ അവിടെനിന്നൊരു പ്രകാശം തെളിയും. കാമറ ഓഫാണെങ്കില്‍ പോലും ഡിറ്റക്ടറില്‍ നിന്ന് രക്ഷപ്പെടില്ല. റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ പിടികൂടുന്ന തരത്തിലുള്ളതാണ് രണ്ടാമത്തെ ഡിറ്റക്ടര്‍. ഒളികാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളായാണ് അത് സ്ഥാപിച്ചയാളുടെ കമ്പ്യൂട്ടറിലേക്ക് പോകുന്നത്. മുറിയില്‍ നിന്ന് റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ പുറത്തുപോകുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഡിറ്റക്ടറിനു സാധിക്കും.



സംശയം തോന്നിപ്പിക്കുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിനടുത്തുവച്ച് മൊബൈല്‍ ഫോണില്‍ ആരെയെങ്കിലൂം വിളിക്കുക. മറുതലയ്ക്കല്‍ ഫോണെടുക്കുന്നയാളിന്റെ സംഭാഷണം അവ്യക്തമോ മുറിഞ്ഞുപോകുകയോ ചെയ്യുന്നുണ്ടെങ്കില്‍ നമ്മള്‍ കണ്ടെത്തിയ വസ്തുവില്‍ നിന്ന് ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാം. ആ ദുരൂഹവസ്തു ഒളികാമറയോ ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്ന ഓഡിയോ ബഗ്ഗോ ആകാന്‍ സാധ്യതയുണ്ട്.

സംശയകരമായ എന്തെങ്കിലും കണ്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ താഴെക്കാണുന്ന വിലാസങ്ങളിലോ ഉടന്‍ തന്നെ ബന്ധപ്പെടണം. നാണക്കേട് വിചാരിച്ച് കേസുമായി മുന്നോട്ടുപോകേണ്ടെന്ന നിങ്ങളുടെ തീരുമാനം കുറ്റവാളികളെ സഹായിക്കലാകുമെന്നോര്‍ക്കുക. പൊതുസ്ഥലങ്ങളില്‍ വച്ച് നിങ്ങളുടെ സമ്മതമില്ലാതെ ആരെങ്കിലും മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതുപോലും ക്രിമിനല്‍ കുറ്റമാണ്. നിര്‍ദ്ദോഷമെന്ന് കരുതി പലരും കാര്യമാക്കാത്ത അത്തരം ഫോട്ടോയെടുപ്പുകളും കര്‍ശനമായി തടയേണ്ടതുണ്ട്.

പരാതിപ്പെടേണ്ട വിലാസം: എന്‍. വിനയകുമാരന്‍ നായര്‍, അസി. കമ്മീഷണര്‍, ഹൈടെക് സെല്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം. ഫോണ്‍: 0471 2722768, 0471 2721547 ലഃ.േ 1274 മൊബൈല്‍ 9497990330 .


ഇ-മെയില്‍: achitechcell.pol@kerala.gov.in
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment