മഅ്ദനിക്ക് നിയമസഹായവും ചികിത്സാ പണവും നല്‍കാന്‍ ലീഗ് ഒരുങ്ങുന്നു
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ചികില്‍സയ്ക്കും നിയമപരമായ നീക്കങ്ങള്‍ക്കുമുള്ള ചെലവ് പൂര്‍ണമായും വഹിക്കാന്‍ മുസ്ലിം ലീഗ് ഒരുങ്ങുന്നു. ബുധനാഴ്ച പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ലീഗ് നേതാക്കള്‍ ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചില്ലെങ്കിലും അത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നതായാണു വിവരം. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി എന്നിവരുള്‍പെടുന്ന ലീഗ് സംഘമാണ് ബുധനാഴ്ച മഅ്ദനിയെ കണ്ടത്. ചെലവുകള്‍ വഹിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുമ്പ് സൂഫിയ മഅ്ദനിയുമായും പിഡിപി നേതൃത്വവുമായും ലീഗ് നേതാക്കള്‍ സംസാരിക്കും. സ്വന്തം ചെലവില്‍ ചികില്‍സിക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയെങ്കിലും സ്വന്തമായി ഒരു പൈസ പോലുമില്ലാത്ത വിധം മഅ്ദനിയും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാണ്. ചികില്‍സയ്ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ പിഡിപി തയ്യാറെടുക്കുകയുമാണ്. ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനായ മഅ്ദനിക്കു നീതി ഉറപ്പാക്കാനുള്ള ഫോറം നേരത്തേ കുറേ സാമ്പത്തിക സമാഹരണം നടത്തിയിരുന്നു. അതൊന്നും നിയമപരമായ നീക്കങ്ങള്‍ക്കു തികഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ്, ചികില്‍സയ്ക്കും സുപ്രീംകോടതിയില്‍ പോകാനുമുള്ള ചെലവ് ലീഗ് ഏറ്റെടുക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മഅ്ദനിയുടെ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നു നിര്‍ദേശമുയര്‍ന്നത്.
കര്‍ണാടക ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം. ഓരോ സിറ്റിംഗിനും വന്‍തുക പ്രതിഫലം വാങ്ങുന്ന സുപ്രീംകോടതിയിലെ അഭിഭാഷകരെക്കൊണ്ട് കേസ് നടത്തിക്കാനുള്ള ശേഷിയില്ലാത്തത് അദ്ദേഹത്തെയും കുടുംബത്തെയും അലട്ടുകയാണ്. നേത്ര ചികില്‍സ സൗജന്യമായി ചെയ്യാമെന്ന് ബംഗളൂരുവിലെ പ്രശസ്തനായ നേത്രരോഗാലയം അറിയിച്ചിട്ടുണ്ട്. എങ്കിലും അനുബന്ധ ചെലവുകള്‍ക്കു നല്ല തുക വേണ്ടിവരും.
അതിനിടയില്‍, മഅ്ദനി മോചിതനായാല്‍ സ്വീകരിക്കാനിടയുള്ള രാഷ്ട്രീയ നിലപാടു മാറ്റത്തെക്കുറിച്ചു യുഡിഎഫിലും എല്‍ഡിഎഫിലും പുതിയ അഭ്യൂഹങ്ങള്‍ സജീവമായി. മ്അ്ദനി ലീഗനുകൂല നിലപാടു സ്വീകരിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ ആശങ്ക. ഇതേത്തുടര്‍ന്നാണ് ലീഗ് നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ച ബുധനാഴ്ചതന്നെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നാണു സൂചന. മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാന്‍ പാര്‍ട്ടി ബേബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മഅ്ദനിയുമായി കൈകോര്‍ത്തത് തെറ്റായിപ്പോയെന്ന് സിപിഎം പിന്നീട് വിലയിരുത്തിയിരുന്നു. എങ്കിലും മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയില്‍ തുടര്‍ന്നും മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ മുന്‍കൈയെടുത്താണ് മഅ്ദനിയുടെ കാര്യത്തില്‍ പുതിയ ഇടപെടലുകള്‍ നടത്തുന്നത്.
രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ കാഴ്ച ശക്തി പൂര്‍ണമായും അസ്തമിക്കുകയാണ്. വലതു കണ്ണിന്റെ കാഴ്ച ഒരു വര്‍ഷത്തോളമായി നഷ്ടപ്പെട്ട നിലയുള്ള അദ്ദേഹത്തിന്റെ അവശേഷിച്ച ഇടതുകണ്ണിനും പകുതിലേറെ കാഴ്ച ഇല്ലാതായി. ഇങ്ങനെ പോയാല്‍ വൈകാതെ അതും പൂര്‍ണമായി നഷ്ടപ്പെടുമെന്ന സ്ഥിതിയാണൈന്ന്് ഡോക്ടര്‍മാര്‍ സൂചന നല്‍കിരിക്കുകയാണ്. പ്രമേഹം നിയന്ത്രണ വിധേയമാക്കിയ ശേഷം വിദഗ്ദ്ധ ചികില്‍സയും നേത്ര ശസ്ത്രക്രിയയും നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമൊണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുത്.
2010 ആഗസ്റ്റ് 17ന് മഅ്ദനിയെ അറസ്റ്റു ചെയ്ത് പത്തു ദിവസം ചോദ്യം ചെയ്ത ശേഷം ആരോഗ്യ പരിശോധന നടത്തിയപ്പോള്‍തന്നെ കണ്ണുകളുടെ സ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ താക്കീതു ചെയ്തിരുന്നു. കടുത്ത പ്രമേഹബാധിതനായ അദ്ദേഹത്തിന് അതിന്റെ തുടര്‍ച്ചയായി ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാനുള്ള സാധ്യത 0.3 ശതമാനം ആണെന്നായിരുന്നു അത്തെ നിരീക്ഷണം. രണ്ടു മാസം കഴിഞ്ഞ് അത് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണം എും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അടങ്ങിയ കേസ് ഷീറ്റ് ജയില്‍ അധികൃതരെയാണ് പൊലീസ് ഏല്‍പ്പിച്ചത്.
മഅ്ദനിയെയോ ബന്ധുക്കളെയോ കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പല മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ചികില്‍സ തേടിയത്. അപ്പോഴേയ്ക്കും ഡയബറ്റിക് റെറ്റിനോപ്പതി സാധ്യത 0.12 ശതമാനമായി വര്‍ധിച്ചിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരുവിലെ സ്വകാര്യ നേത്ര ചികില്‍സാലയത്തില്‍ തുടര്‍ ചികില്‍സ നല്‍കിയെങ്കിലും അത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രമേഹം നിയന്ത്രണ വിധേയമാക്കാതെ ചികില്‍സിച്ചതായിരുന്നു കാരണം. അതോടെ, വലതു കണ്ണിന്റെ ഉള്ളില്‍ നിന്നു രക്തപ്രവാഹം ഉണ്ടാവുകയും കാഴ്ച ശക്തി ആദ്യം ഭാഗികമായും പിന്നീട് പൂര്‍ണമായും നഷ്ടപ്പെടുകയുമാണുണ്ടായത്.
Best Regards,
Zameer Mavinakatta
Riyadh,
Kingdom Of Saudi Arabia
No comments:
Post a Comment