Monday, 14 January 2013

[www.keralites.net] വിസ്മയങ്ങള്‍ ഒളിപ്പിച്ച് സെലിബ്രിറ്റി ഐപിഎല്‍ പരസ്യ ചിത്രീകരണം

 

വിസ്മയങ്ങള്‍ ഒളിപ്പിച്ച് സെലിബ്രിറ്റി ഐപിഎല്‍ പരസ്യ ചിത്രീകരണം



കൊച്ചി: കായല്‍പരപ്പില്‍ നീങ്ങുന്ന ചുണ്ടന്റെ അമരത്ത് ബാറ്റുമേന്തി നടന വൈവിധ്യത്തിന്റെ മലയാള മുഖം മോഹന്‍ലാല്‍....ഹൗറ പാലത്തിലൂടെ ബോളുമേന്തി പാഞ്ഞടുക്കുന്ന ബംഗാളി സിനിമയുടെ പുതിയ മുഖം പ്രസൂണ്‍ ഗയേന്‍....ബാറ്റുമുട്ടി ആകാശം തൊടാനൊരുങ്ങുന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുകളില്‍ നിന്ന് ചാടിവരുന്ന മുംബൈയുടെ സ്വന്തം സുനില്‍ ഷെട്ടി....

വിസ്മയങ്ങളൊളിപ്പിച്ച് എട്ട് സംസ്ഥാനങ്ങളും ഒരു ബോളിലൂടെ ഒന്നായി തീരുന്ന പരസ്യചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിനു മുന്നോടിയായുള്ള ദേശീയ പരസ്യചിത്രം പ്രാദേശികതയുടെ തനതായ വികാരം ചോരാതെ ഒരുക്കാന്‍ അതത് സംസ്ഥാനങ്ങളിലെ താരങ്ങളെ അണിനിരത്തുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഷൂട്ടിന് ശേഷം കൊച്ചിയിലെ ഷൂട്ടിനായി മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ നവോദയ സ്റ്റുഡിയോയില്‍ ഒത്തുചേര്‍ന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഇരുപതോളം താരങ്ങള്‍ ദക്ഷിണേന്ത്യയിലെ പരസ്യരംഗത്തെ മിന്നും മുഖമായ ശ്രീകുമാര്‍ മേനോന്റെ നിര്‍ദേശങ്ങള്‍ക്ക് കണ്ണും കാതുമേകി. 'സ്റ്റാര്‍ വാര്‍സ്' എന്ന തീമില്‍ ഇറങ്ങുന്ന പരസ്യചിത്രത്തിന്റെ റിലീസ് മുപ്പതിനാണ്. അടുത്ത ഷൂട്ട് മുംബൈയിലും ചെന്നൈയിലുമായി നടക്കും.

സുനില്‍ ഷെട്ടി, സല്‍മാന്‍ ഖാന്‍, ബോബി ഡിയോള്‍, ശരത് കുമാര്‍, റിതേഷ് ദേശ്മുഖ്, വെങ്കിടേഷ്, വിശാല്‍, ജീവ, ആര്യ, ഭരത്, ജെനീലിയ, ശ്രേയ, ബിപാഷ ബസു തുടങ്ങി അമ്പതോളം പേരടങ്ങുന്ന വന്‍ താരനിര തന്നെ ദേശീയതലത്തില്‍ പരസ്യചിത്രത്തിനായി അണിചേരുന്നുണ്ട്.

പൂള്‍ എയിലെ ചെന്നൈ റിനോസ്, തെലുങ്കു വാരിയേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, വീര്‍ മറാത്തി, പൂള്‍ ബിയിലെ കര്‍ണാടക ബുള്‍ബോസേഴ്‌സ്, മുബൈ ഹീറോസ്, ബംഗാള്‍ ടൈഗേഴ്‌സ്, ബോജ്പുരി ദബാങ്ങ്‌സ് തുടങ്ങി എട്ടു ടീമുകള്‍ക്കുമായി അതത് പ്രദേശങ്ങള്‍ തന്നെയാണ് അവരവരുടെ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പരസ്യചിത്രത്തിന് പശ്ചാത്തലമാകുന്നത്. ഹൈദരാബാദിലെ ചാര്‍മിനാര്‍, കര്‍ണാടകയിലെ ഗോല്‍ ഗുമ്പാസ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, ബിഹാറിലെ ഗോല്‍ഗര്‍, കേരളയുടെ ചുണ്ടന്‍വള്ളം, ബംഗാളിലെ ഹൗറ ബ്രിഡ്ജ്, തമിഴ്‌നാട്ടിലെ തീര ക്ഷേത്രം, പുണെയിലെ ഷിവ്‌നേറി ഫോര്‍ട്ട് തുടങ്ങിയ ഇടങ്ങളുടെ രൂപരേഖ കലാ സംവിധായകന്‍ സാബു സിറിളിന്റെ കരവിരുതില്‍ സജ്ജമായിക്കഴിഞ്ഞു.

ഐ.പി.എല്ലില്‍ നഷ്ടമായ പ്രാദേശിക വികാരം തിരിച്ചുപിടിക്കാന്‍ പരസ്യചിത്രത്തിലൂടെ സി.സി.എല്ലിനാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. സി.സി.എല്‍. ക്രിക്കറ്റെയ്ന്‍മെന്‍റ് ശൈലിയാണെന്നും അതു ചോരാതെ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. മാഫിയ ശശിയുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഷോട്ടുകളൊരുക്കിയാണ് വ്യത്യസ്തത നിറഞ്ഞ സി.ജി.-ലെവ് ആക്ഷന്‍-ഹൈ സ്പീഡ് രംഗങ്ങള്‍ റെഡ് എപിക് എക്‌സ് ക്യാമറയില്‍ പകര്‍ത്തുന്നത്. മുംബൈയിലെ രജക് ദോളക്യയാണ് പരസ്യചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍, ലിസി, ഇടവേള ബാബു തുടങ്ങിയവരോടൊപ്പം നിരവധി സിനിമാതാരങ്ങള്‍ ഷൂട്ടിനായി അണിചേര്‍ന്നിരുന്നു. ഫിബ്രവരി ഒമ്പത് മുതല്‍ മാര്‍ച്ച് 12 വരെയാണ് മത്സരം. ആദ്യ വേദി കൊച്ചിയിലാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment