Monday, 14 January 2013

[www.keralites.net] ഇനി ഗര്‍ഭധാരണം ഉറപ്പിക്കാം അ

 

ഇനി ഗര്‍ഭധാരണം ഉറപ്പിക്കാം അമ്മയായി...

 

ഡോ. രമ ശ്രീജിത്ത്‌

സീനിയര്‍ ഗൈനക്കോളജിസ്‌റ്റ്
കെ.ജെ.കെ ഹോസ്‌പിറ്റല്‍ തിരുവനന്തപുരം

ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും.

അമ്മയാകുന്നുവെന്ന്‌ അറിയുന്ന നിമിഷം ഏതു സ്‌ത്രീയാണ്‌ സന്തോഷം കൊണ്ട്‌ മതിമറന്നു പോകാത്തത്‌. ഒരു സ്‌ത്രീയില്‍നിന്ന്‌ അമ്മയിലേക്കുള്ള പരിവര്‍ത്തനം ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ്‌ ഒരു അമ്മ ജന്മമെടുക്കുന്നത്‌. ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും. 28 ദിവസം കൂടുമ്പോള്‍ കൃത്യമായി മാസമുറ വരുന്ന ഒരു സ്‌ത്രീയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്‌ ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസമാണ്‌. അണ്ഡോത്‌പാദനം നടന്നു കഴിഞ്ഞാല്‍ 18 മണിക്കൂര്‍വരെ അണ്ഡം ബീജ സങ്കലനത്തിനു ശേഷിയുള്ളതായിരിക്കും. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപപ്പെട്ട അണ്ഡം ഈ സമയത്ത്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം സാധ്യമാകും. തുടര്‍ന്ന്‌ മൂന്ന്‌ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരുകയും ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഉറയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗര്‍ഭധാരണം നടക്കുന്നതോടെ സ്‌ത്രീ ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു.

ആര്‍ത്തവ അഭാവം

ആര്‍ത്തവം മുടങ്ങുന്നതാണ്‌ ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമായി കണക്കാക്കുന്നത്‌. കൃത്യമായി മാസമുറ ഉണ്ടാകുന്ന ഒരു സ്‌ത്രീക്ക്‌ ലൈംഗികബന്ധത്തിനുശേഷം രണ്ടാഴ്‌ചത്തെ ഇടവേളയില്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കില്‍ അത്‌ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കരുതാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത്‌ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍കൊണ്ടും ആര്‍ത്തവം ഉണ്ടാകാതിരിക്കാം. അതിനാല്‍ ആര്‍ത്തവം മുടങ്ങുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും കണ്ടാല്‍ ഗര്‍ഭധാരണം ഉറപ്പിക്കാം.

ഛര്‍ദി

ഭൂരിപക്ഷം സ്‌ത്രീകളിലും ഗര്‍ഭത്തിന്റെ ഭാഗമായി ഛര്‍ദില്‍ അനുഭവപ്പെടാറുണ്ട്‌. സാധാരണയായി രാവിലെ ഉറക്കമുണരുമ്പോഴാണ്‌ ഓക്കാനവും ഛര്‍ദിയും കൂടുതലായി ഉണ്ടാകുന്നത്‌. ചിലരില്‍ ഇത്‌ ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാകാം ഇതിനു കാരണം. ഗര്‍ഭധാരണം സംഭവിച്ച്‌ 12 ആഴ്‌ചവരെയുള്ള കാലഘട്ടത്തിലാണ്‌ മിക്കവരിലും ഛര്‍ദി കൂടുതലായും കാണപ്പെടുന്നത്‌. എന്നാല്‍ ചിലരില്‍ പ്രസവംവരെയും ഇത്‌ കാണപ്പെടാം. ഏത്‌ ഭക്ഷണം കഴിച്ചാലും ഛര്‍ദിച്ചു പോകുകയും തീവ്രമായ ഛര്‍ദി അനുഭവപ്പെടുകയും ചെയ്‌താല്‍ ചികിത്സ ആവശ്യമാണ്‌. ശരീരത്തിലെ ജലാശം കുറഞ്ഞ്‌ ഗര്‍ഭിണി വളരെ അവശത അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഡ്രിപ്പിടണം. ആവശ്യമെങ്കില്‍ മരുന്നും നല്‍കേണ്ടി വരുന്നു. ഇരട്ട ഗര്‍ഭമുള്ളവരിലും ഗര്‍ഭത്തിന്‌ എന്തെങ്കിലും അസാധാരണത്വം ഉള്ളവരിലും സാധാരണയായി ഛര്‍ദില്‍ കൂടുതലായി കാണപ്പെടാറുണ്ട്‌. ഇവര്‍ക്ക്‌ അമിത ഛര്‍ദിയുടെ കാരണം സ്‌കാന്‍ ചെയ്‌തു കണ്ടെത്തണം. ആദ്യത്തെ മൂന്ന്‌ മാസം കഴിയുമ്പോള്‍ മിക്കവരിലും ഛര്‍ദില്‍ കുറയുന്നതാണ്‌.
കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുന്നത്‌ ഛര്‍ദി കുറയ്‌ക്കാന്‍ സഹായിക്കും. വയറില്‍ ഒന്നുമില്ലാതെ വരുമ്പോഴാണ്‌ ഛര്‍ദിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റാല്‍ ലഘുവായി ഭക്ഷണം കഴിക്കുന്നത്‌ പ്രഭാതത്തിലുള്ള ഛര്‍ദില്‍ കുറയ്‌ക്കും. മസാല അധികമുള്ള ഭക്ഷണം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ഇത്‌ ഗ്യാസിന്‌ കാരണമാകാം.

ചില ആഹാരങ്ങളോടുള്ള കൊതി

ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോഴേ മസാലദോശ വാങ്ങാന്‍ ഓടുന്ന ഭര്‍ത്താക്കന്‍മാരേ കണ്ടിട്ടില്ലേ? ചില ആഹാരങ്ങളോട്‌ ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ കൊതി തോന്നാം. ഗര്‍ഭിണി സാധാരണ കഴിക്കുന്ന ആഹാരത്തോടുള്ള ഒരു ഇഷ്‌ടക്കുറവും ഇതിനു കാരണമാവാം. ആദ്യത്തെ മൂന്ന്‌ മാസത്തിനു ശേഷമായിരിക്കും ഭക്ഷണത്തോടുള്ള ഇത്തരം ഇഷ്‌ടക്കൂടുതല്‍ പ്രകടമായി തുടങ്ങുന്നത്‌.

സ്‌തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

ഗര്‍ഭിണിയില്‍ ഈസ്‌ട്രജന്‍ പൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നതും പ്രഗ്നന്‍സി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായും സ്‌തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ വേദനയും ഉണ്ടാകാം. കുഞ്ഞിനെ പാലൂട്ടാന്‍ അനുയോജ്യമായ രീതിയില്‍ സ്‌തനത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. മുലക്കണ്ണിന്‌ കറുപ്പു കൂടതലാകുകയും സ്‌തനങ്ങള്‍ക്ക്‌ വീര്‍പ്പുണ്ടാകുകയും ദൃഢമാകുകയും ചെയ്യുന്നു. അതുപോലെ സ്‌തനത്തിലെ ഞരമ്പുകളില്‍ രക്‌തം നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്നതായും കാണപ്പെടാം. സ്‌തന വലിപ്പം കൂടുന്നതിന്‌ അനുസരിച്ച്‌ ബ്രായുടെ അളവ്‌ വലുതാക്കാന്‍ ശ്രദ്ധിക്കണം. സ്‌തനത്തില്‍ തൊടുന്നതും മറ്റും ഈ സമയത്ത്‌ വേദനയുണ്ടാക്കാം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍തന്നെ ഇത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.

മൂത്രാശങ്ക

ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന്‌ മാസങ്ങളിലും പ്രസവമടുക്കുമ്പോഴും അടിക്കടി മൂത്ര വിസര്‍ജ്‌ജനം ചെയ്യണമെന്ന തോന്നലുണ്ടാകാം. ഗര്‍ഭാശയത്തിന്‌ തൊട്ടു മുന്‍പിലായി മൂത്രാശയം സ്‌ഥിതി ചെയ്യുന്നതാണ്‌ ഇതിനു കാരണം. വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭാശയം മൂത്രാശയത്തെ അമര്‍ത്തുന്നതാണ്‌ ആദ്യത്തെ മൂന്ന്‌ മാസം മൂത്രാശങ്കയ്‌ക്കു കാരണമായിത്തീരുന്നത്‌. ഗര്‍ഭാവസ്‌ഥയില്‍ മൂത്രത്തില്‍ അണുബാധയ്‌ക്കുള്ള സാധ്യതയും കൂടുതലാണ്‌. ഇത്‌ മൂത്രാശങ്ക ഉണ്ടാക്കാം. അതിനാല്‍ അമിത മൂത്രാശങ്കയുള്ളവര്‍ യൂറിന്‍ പരിശോധന നടത്തുന്നത്‌ നല്ലതാണ്‌. രോഗപ്രതിരോധ ശക്‌തി ഈ സമയത്ത്‌ കുറയുന്നതാണ്‌ ഗര്‍ഭാവസ്‌ഥയില്‍ അണുബാധയ്‌ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍ പ്രസവത്തോടടുക്കുമ്പോള്‍ ഗര്‍ഭാശയം താഴേക്കു ഇടിയുന്നതാണ്‌ മൂത്രാശങ്ക വീണ്ടും വര്‍ധിക്കാന്‍ കാരണം.

ഉദരം വീര്‍ത്തു തുടങ്ങുന്നു

ഗര്‍ഭിണിയെ തിരിച്ചറിയപ്പെടുന്നത്‌ ഉദരം വീര്‍ത്തു തുടങ്ങുന്നതോടെയാണ്‌. ഗര്‍ഭം മൂന്നുമാസം കഴിയുന്നതോടെ ഗര്‍ഭാശയം വളര്‍ന്ന്‌ ഉദരത്തിലേക്ക്‌ ഉയരുന്നു. നാല്‌ മാസമാകുമ്പോള്‍ പൊക്കിളിനു താഴെ വരെയും ആറാം മാസത്തില്‍ പൊക്കിള്‍വരെയും ഒമ്പതാമാസമെത്തുന്നതോടെ ഉദരം മുഴുവനായും നിറഞ്ഞു നില്‍ക്കുന്നു. കുഞ്ഞിന്റെ ഭാരം പൂര്‍ണമായും താങ്ങാന്‍ ഉതകുന്ന രീതിയില്‍ അമ്മയുടെ വയര്‍ വലുപ്പമുള്ളതായിത്തീരുന്നു.

പരിശോധനകള്‍

ഗര്‍ഭിണിയാണെന്ന്‌ സ്വയം തിരിച്ചറിയപ്പെടുന്നതോടെ ഗര്‍ഭധാരണം ഉറപ്പിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തണം. വിദഗ്‌ധനായ ഡോക്‌ടര്‍ നടത്തുന്ന ശരീര പരിശോധനയും മറ്റു പരിശോധനകളും ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സഹായിക്കുന്നു.

മൂത്രപരിശോധന

ഇന്ന്‌ മൂത്രപരിശോധന വീട്ടില്‍ വച്ചും ചെയ്യാവുന്നതാണ്‌. ഭ്രൂണം ഗര്‍ഭാശയത്തില്‍ ഉറച്ചുകഴിയുമ്പോള്‍ ഭ്രൂണത്തിന്റെ ആവരണമായ മറുപിള്ളയില്‍നിന്ന്‌ ഉണ്ടാകുന്ന ഹോര്‍മോണിന്റെ സാനിധ്യമാണ്‌ ഇത്‌ ഉറപ്പിക്കുന്നത്‌. വീട്ടില്‍വച്ചുതന്നെ ഗര്‍ഭമുണ്ടോയെന്ന്‌ അറിയാന്‍ സഹായിക്കുന്ന ഇന്‍സ്‌റ്റന്റ്‌ പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റുകള്‍ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു ലഭ്യമാണ്‌. വെള്ളം കുടിച്ച ശേഷം സാമ്പിള്‍ എടുക്കുമ്പോള്‍ ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനമുണ്ടാകാമെന്നതിനാല്‍ ഉറക്കമുണര്‍ന്ന ശേഷമുള്ള ആദ്യത്തെ മൂത്രമെടുക്കുന്നതാണ്‌ നല്ലത്‌. വൃത്തിയുള്ള ഒരു പാത്രത്തില്‍ മൂത്രം ശേഖരിച്ച്‌ പരിശോധനാ കിറ്റ്‌ പൊട്ടിക്കുക. ഇതില്‍നിന്ന്‌ ഡ്രോപ്പര്‍ എടുത്ത്‌ പാത്രത്തില്‍നിന്ന്‌ മൂത്രം ശേഖരിച്ചു മൂന്നുതുള്ളി പരിശോധന ഉപകരണത്തിന്റെ കുഴിയില്‍ ഒഴിക്കുക. ഈ മൂത്രം പരിശോധനാ ഭാഗത്തേക്കു പടരുന്നതോടെ ടെസ്‌റ്റ് വിന്‍ഡോയില്‍ രണ്ട്‌ വര തെളിയുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിക്കാം. ഒരുവര മാത്രമാണു തെളിയുന്നതെങ്കില്‍ ഗര്‍ഭിണിയല്ലെന്ന്‌ തീരുമാനിക്കാം. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീ ഗര്‍ഭിണിയാണോയെന്നറിയാന്‍ ആര്‍ത്തവം നിലച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ മൂത്ര പരിശോധന നടത്തുക.

സ്‌കാനിംഗ്‌

ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സ്‌കാനിംഗ്‌ ചെയ്യാന്‍ ഡോക്‌ടര്‍ നിര്‍ബന്ധിക്കുകയാണ്‌. ഇതെല്ലാം ആശുപത്രിക്കാരുടെ തട്ടിപ്പല്ലേ.... പഴയ തലമുറയില്‍ ഇതൊക്കെ ഉണ്ടായിരുന്നിട്ടാണോ സുഖപ്രസവം സാധ്യമായിരുന്നത്‌ എന്ന്‌ പരിതപിക്കുന്നവരുണ്ട്‌. എന്നാല്‍ ആരോഗ്യമുള്ള കണ്മണിക്കായുള്ള കാത്തിരിപ്പില്‍ സ്‌കാനിംഗ്‌ പ്രധാനമാണ്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. സാധാരണയായി മൂന്ന്‌ തവണയാണു ഗര്‍ഭകാലത്തു സ്‌കാനിംഗ്‌ നിര്‍ദേശിക്കുന്നത്‌.എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇതില്‍ കൂടുതല്‍ തവണ സ്‌കാന്‍ ചെയ്യേണ്ടി വരാം. ആദ്യ സ്‌കാനിംഗ്‌ 11 -14 ആഴ്‌ചക്കുള്ളില്‍ നടത്തുന്നതാണ്‌. ഇതിലൂടെ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്‌ഥാനത്തു തന്നെയാണോ പിടിച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ സാധിക്കും. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ, മുന്തിരിക്കുല ഗര്‍ഭം പോലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന്‌ നേരത്തെ അറിയാനും കഴിയുന്നു. അണ്ഡാശയത്തിനോ ഗര്‍ഭപാത്രത്തിനോ പ്രശ്‌നങ്ങളോ മുഴകളോ ഉണ്ടെങ്കില്‍ അതും കണ്ടെത്താവുന്നതാണ്‌. വജനയില്‍ കൂടിയാണ്‌ ഈ സ്‌കാന്‍ ചെയ്യുന്നത്‌. പ്രസവതീയതി കണകാക്കാനും കഴിയും. 18-20 ആഴ്‌ചകള്‍ക്കുള്ളില്‍ അതായത്‌ അഞ്ചാം മാസത്തിലാണ്‌ രണ്ടാമത്തെ സ്‌കാനിംഗ്‌. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയുന്നു.കുഞ്ഞിന്റെ തല മുതല്‍ കാല്‍വിരലുകള്‍ വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ച്‌ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഇത്‌ സഹായകരമാണ്‌.
മൂന്നാമത്തെ സ്‌കാനിംഗ്‌ 32-34 ആഴ്‌ചയിലാണ്‌.കുഞ്ഞിന്റെ വളര്‍ച്ച
, തൂക്കം, പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ, കുട്ടിയുടെ കിടപ്പ്‌ ഇവയെല്ലാം അറിയാന്‍ ഇതിലൂടെ സാധിക്കുന്നു. മറുപിള്ളയുടെ സ്‌ഥാനം മനസിലാക്കാനും മറുപിള്ള ഗര്‍ഭപാത്രത്തിന്‌ താഴെയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കഴിയുന്നു. ഈ സ്‌കാനിംഗുകള്‍ ഒന്നും അമ്മയ്‌ക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

ഡോക്‌ടറെ കണ്ടു തുടങ്ങാം

ഗര്‍ഭധാരണം തിരിച്ചറിയപ്പെടുന്നതോടെ ഗൈനക്കോളജിസ്‌്റ്റിനെ കണ്ടുതുടങ്ങണം. മറ്റ്‌ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആദ്യ മാസങ്ങളില്‍ മാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ടാല്‍ മതി. ഏഴ്‌ മാസം കഴിഞ്ഞാല്‍ ഡോക്‌ടറെ കാണുന്നത്‌ മാസത്തില്‍ രണ്ടു തവണയാക്കണം. അവസാനത്തെ മാസം എല്ലാ ആഴ്‌ചയിലും പരിശോധനയ്‌ക്കു വിധേയമാകണം. ഗര്‍ഭിണിക്കു പ്രമേഹം, രക്‌തസമ്മര്‍ദം,ഹിമോഗ്ലോബിന്റെ കുറവ്‌ തുടങ്ങിയ പ്രശനങ്ങളുണ്ടോയെന്നറിയാന്‍ ഇടയ്‌ക്കിടെ രക്‌തപരിശോധന ഡോക്‌ടര്‍ നിര്‍ദേശിക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment