Monday, 14 January 2013

[www.keralites.net] തിരുദൂതരെ അറിയുക

 

ലോകത്തിന്റെ ചരിത്രഗതിക്ക് ദിശ നിര്‍ണയിക്കാന്‍ അല്ലാഹു അയച്ച പ്രവാചകനാണ് മുഹമ്മദ് നബി (സ). പ്രയോജനരഹിതമായ ബിംബാരാധനയില്‍ നിന്നും, ജാഹിലിയ്യത്തിന്റെ ഇരുണ്ട പാരമ്പര്യങ്ങളില്‍ നിന്നും, മാനവ കുലത്തെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനാണ് പ്രവാചകന്‍ (സ) നിയോഗിതനായത്.
മുന്‍കാല പ്രവാചകന്‍മാര്‍ വഴിതെളിച്ച പാതകളില്‍ പ്രകാശം കെട്ടുപോയി മാനവ സമൂഹം കൂരിരുട്ടില്‍ തപ്പിത്തടയുന്ന വേളയിലാണ്, അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ റസൂലി(സ)ന്റെ നിയോഗം. അന്ധതയുടെയും വഴികേടിന്റെയും വെളിച്ചമായി മനുഷ്യരുടെ അകക്കണ്ണുകള്‍ തുറക്കുകയായിരുന്നു പ്രവാചകന്‍ മുഹമ്മദ് (സ). സൃഷ്ടികളുടെ അടിമത്വത്തില്‍ നിന്ന് സ്രഷ്ടാവിന്റെ അടിമത്വത്തിലേക്കും, നശ്വര ജീവിതത്തിന്റെ കുടുസതയില്‍ നിന്ന് പാരത്രിക ലോകത്തിന്റെ വിശാലതയിലേക്കും മനുഷ്യരെ അദ്ദേഹം നയിച്ചു.
അല്ലാഹു പറയുന്നു: 'അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി.' (തൗബ 33)
മാലോകര്‍ക്ക് കാരുണ്യമായിട്ടാണ് മുഹമ്മദ് നബി(സ)യെ അല്ലാഹു അയച്ചിട്ടുള്ളത്. അവരെ നാശത്തില്‍ നിന്ന് രക്ഷിക്കാനും സന്തുഷ്ട ജീവിതത്തിന് വഴിയൊരുക്കാനും തൗഹീദിന്റെ തണലിലുള്ള യഥാര്‍ത്ഥ ജീവിതത്തിലേക്കുമാണ് പ്രവാചകന്‍ (സ) മാനവകുലത്തെ ക്ഷണിക്കുന്നത്. അല്ലാഹു പറയുന്നു. 'ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല' (അല്‍അന്‍ബിയാഅ്: 107).
തിരുമേനിയുടെ വിളിക്ക്, ഹൃദയംകൊണ്ടും ശരീരം കൊണ്ടും നാം ഉത്തരം നല്‍കണം. ഇഹലോകത്തിലെയും പരലോകത്തിലെയും സൗഭാഗ്യത്തിനും വിജയത്തിനുമുള്ള വിളിയാണത്. അല്ലാഹു പറയുന്നു. 'നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിന്നും ഇടയില്‍ അല്ലാഹു മറയിടുന്നതാണെന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞു കൊള്ളുക' (അല്‍അന്‍ഫാല്‍ 24).
ജനങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം താല്‍പര്യമുള്ള ഒരാളായിരുന്നു തിരുമേനി. അവരെ നേര്‍വഴിയില്‍ നടത്തുന്നതിന്ന് സ്വന്തത്തെ സമര്‍പ്പിച്ചു അദ്ദേഹം. മാലോകര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അങ്ങേയറ്റത്തെ കൃപയും കാരുണ്യവും വഹിച്ചിരുന്നു. 'തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.' (തൗബ 128).
അദ്ദേഹത്തിന്റെ സ്‌നേഹം എല്ലാ സീമകളും ഭേദിച്ച് ശത്രുക്കള്‍ക്ക് പോലും കാരുണ്യം ചൊരിയാന്‍ കഴിയുവോളം വലുതായിരുന്നു. തന്റെ സന്ദേശം സ്വീകരിക്കാതെ മരിച്ചു പോകുന്ന അവിശ്വാസികളെ ഓര്‍ത്ത് വിഷമിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്: 'അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞു പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം' (അല്‍ കഹ്ഫ്: 6).
ഉല്‍കൃഷ്ട ഗുണങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടികൂടിയാണ് തിരുമേനിയുടെ ആഗമനം. മറ്റു പ്രവാചകന്‍മാരുടെ ദൗത്യ പൂര്‍ത്തീകരണത്തോടൊപ്പം, ഉല്‍കൃഷ്ട ഗുണങ്ങളെ പൂര്‍ത്തീകരിക്കാനാണ് തന്റെ നിയോഗമെന്ന് തിരുമേനി വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് ഞാന്‍ നിയുക്തനായത്'.
ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രകടമായിരുന്നു ആ ഉന്നത സ്വഭാവ മൂല്യങ്ങള്‍. അതുകൊണ്ട് തന്നെ സ്വഭാവ മൂല്യങ്ങളില്‍ തിരുമേനിയെ പോലൊരാള്‍ മുമ്പുണ്ടായിട്ടില്ല. ഇനിയുണ്ടാവുകയുമില്ല. ആ ഉയര്‍ന്ന പദവിയില്‍ മനുഷ്യരില്‍ ഒരാള്‍ക്കുമെത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അല്ലാഹു പറയുന്നു. 'താങ്കള്‍ ഉല്‍കൃഷ്ട സ്വഭാവത്തിനുടമയാണ്' (അല്‍ഖലം 4).
മാലോകര്‍ക്ക് ഏറ്റവും ഉന്നതമായ മാതൃകയായി മുഹമ്മദ് നബി (സ) യെ ലോകത്തിന് അല്ലാഹു പരിചയപ്പെടുത്തിയതില്‍ തെല്ലും അതിശയപ്പെടാനില്ല. സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗം നബി തിരുമേനിയെ മാതൃകയാക്കലാണ്. 'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക്'. (അഹ്‌സാബ് 21).
നബി തിരുമേനി (സ)യെ അനുധാവനം ചെയ്യുന്നത് അദ്ദേഹത്തോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ പ്രകടമായ ഭാവമാക്കി അല്ലാഹു. അദ്ദേഹത്തെ പിന്‍പറ്റുന്നത് വഴി ദൈവ സ്‌നേഹത്തിനും പ്രീതിക്കും കാരണവുമാകുന്നു. അല്ലാഹു പറഞ്ഞു: '(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'. (ആലു ഇംറാന്‍ 32).
മുഹമ്മദ് നബി (സ) യെ അല്ലാഹു അവസാന നബിയായി തെരഞ്ഞെടുത്തിരിക്കുന്നു. ആ നബിയെ അനുധാവനം ചെയ്യുകയല്ലാതെ ജീവിത വിജയത്തിന് വേറെ കുറുക്കു വഴികളില്ല: 'മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'. (അഹ്‌സാബ് 40)
ദൈവിക വേദഗ്രന്ഥങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ഠവും മഹത്തരവുമായ വേദഗ്രന്ഥം അല്ലാഹു നല്‍കാന്‍ ഉദ്ദേശിച്ചത് തിരുമേനിക്കാണ്. അതാണ് വിശുദ്ധ ഖുര്‍ആന്‍. മുന്‍കാല പ്രവാചകന്‍മാര്‍ക്ക് അവതീര്‍ണമായ മുഴുവന്‍ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തിക്കൊണ്ടാണ് അത് അവതരിച്ചത്. 'നബിയേ, താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്'. (മാഇദ 48).
ഏറ്റവും ഉല്‍കൃഷ്ടമായ ദൈവിക സന്ദേശം വഹിക്കാന്‍ അല്ലാഹു ഭാഗ്യം നല്‍കിയത് പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്കാണ്. ആ ശരീഅത്തിനെ അല്ലാഹു പൂര്‍ത്തീകരിച്ചു കൊടുത്തു. മുഴുവന്‍ മാനവരാശിക്കും അനുഗ്രഹമായി അല്ലാഹു തൃപ്തിപ്പെട്ട് തന്ന ദീനും ശരീഅത്തും പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമാണ്. 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ് ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'. (മാഇദ 3)
ഏറ്റവും ഉത്തമരും ഉല്‍കൃഷ്ഠരുമായ ഒരു അനുയായി വൃന്ദത്തെ നല്‍കി മുഹമ്മദ് നബി(സ)യെ അല്ലാഹു ആദരിച്ചു. അവരിലെ നന്‍മകള്‍ നബി തിരുമേനിയുടെ ശിക്ഷണത്തിന്റെ ഫലമാണ്. ആ പരിശീലനത്തിലൂടെ മാനവ കുലത്തിലെ ഏറ്റവും ഉല്‍കൃഷ്ട സമൂഹമായി മാറാന്‍ ഭാഗ്യം ലഭിച്ചു ആ പ്രവാചക ശിഷ്യന്‍മാര്‍ക്ക്. അജ്ഞരും താന്തോന്നികളുമായ ഒരു സമൂഹത്തെ സംസ്‌കാര സമ്പന്നരും ലോകത്തെ നയിക്കാന്‍ പോന്ന പരിഷ്‌കാരവുമുള്ള കുറ്റമറ്റ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു പ്രവാചകന്‍ (സ). 'മുഹമ്മദ് (സ)അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കര്‍ക്കശമായി പെരുമാറുന്നവരും, അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു'. (ഫത്ഹ് 29).
ജനങ്ങള്‍ക്ക് സാക്ഷിയാകാന്‍ മുഹമ്മദ് നബിയുടെ സമുദായത്തെ അല്ലാഹു തെരഞ്ഞെടുത്തു. ഈ സമൂഹത്തിന് സാക്ഷി പറയാന്‍ തിരുമേനിയെയും അല്ലാഹു തെരഞ്ഞെടുത്തു. 'അപ്രകാരം നാം നിങ്ങളെ ഒരുത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി'. (അല്‍ബഖറ 143).
ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേറ്റ ഉത്തമ സമൂഹമാക്കി അല്ലാഹു നിശ്ചയിച്ചിരിക്കുന്നതും മുഹമ്മദ് നബിയുടെ സമുദായത്തെയാണ്. തിരുമേനിയുടെ അധ്യാപനങ്ങള്‍ ലോകത്തെ പഠിപ്പിക്കേണ്ട ചുമതല അവര്‍ക്കാണുള്ളത്. ലോകത്ത് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടത് അവരാണ്.
ഖിയാമത്ത് നാളില്‍ മുസ് ലിം ഉമ്മത്തിന് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നത് മുഹമ്മദ് നബി (സ) ക്കാണ്. അദ്ദേഹമാണ് ഖിയാമത് നാളില്‍ ആദ്യമായി ശുപാര്‍ശ ചെയ്യുക.
സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടാന്‍ അല്ലാഹു ഭാഗ്യം നല്‍കിയിരിക്കുന്നത് ഈ സമുദായത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സാന്നിധ്യത്തില്‍ മാത്രമാണ്. സ്വര്‍ഗ്ഗ കവാടത്തിലേക്ക് അടുക്കുന്ന ആദ്യത്തെ ആള്‍ തിരുമേനി (സ)ആയിരിക്കും. നബി (സ) പറഞ്ഞു: 'സ്വര്‍ഗ കവാടത്തിനരികില്‍ ചെന്ന് അത് തുറക്കാന്‍ ഞാന്‍ ആവശ്യപ്പെടും. അപ്പോള്‍ കാവല്‍ക്കാരന്‍ ചോദിക്കും: നീയാരാണ് ? ഞാന്‍ പറയും: 'മുഹമ്മദ്'. അപ്പോള്‍ കാവല്‍ക്കാരന്‍: 'താങ്കള്‍ വരുമ്പോള്‍ മാത്രം തുറക്കാനേ എനിക്ക് അധികാരമുള്ളൂ. താങ്കള്‍ക്ക് മുമ്പ് ആര് വന്നാലും ഞാനിത് തുറക്കുകയില്ല.' (മുസ് ലിം).
സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്ന ആദ്യ സമുദായവും മുഹമ്മദ് നബിയുടെ സമുദായമായ മുസ് ലിം ഉമ്മത്തിനാണ്. 'നാം ഏറ്റവും പിന്നില്‍ വന്നവരാണ്. എന്നാല്‍ ഖിയാമത് നാളില്‍ നാമാണ് ആദ്യമെത്തുന്നവര്‍. സ്വര്‍ഗത്തില്‍ ആദ്യമായി പ്രവേശിക്കുക നമ്മളായിരിക്കും'. (മുസ് ലിം).
പ്രിയ മുഹമ്മദ് നബി (സ)യുടെ അനുയായികളായ നാം അതിനാല്‍ തന്നെ നന്ദിയോടെ അല്ലാഹുവിന് വഴിപ്പെട്ട് ജീവിതം നയിക്കണം. റസൂലിനെ സ്‌നേഹിക്കണം. ഹബീബായ നബി (സ) യുടെ സഹോദരങ്ങളല്ലോ നമ്മള്‍. അതോടൊപ്പം, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക, സ്വര്‍ഗത്തില്‍ അദ്ദേഹത്തോടൊപ്പം സഹവസിക്കാമെന്ന്.
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment