കെ.പി. രാജീവന്‍
തളിപ്പറമ്പ്: കാലിത്തൊഴുത്തില്‍ ഹോമിയോ ഡോക്ടറായ ഇവര്‍ക്കെന്തു കാര്യമെന്ന് ആദ്യം പലരും ചിന്തിച്ചു. എന്നാല്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ പോലും കൈയൊഴിഞ്ഞ പശുക്കളുടെ ജീവന്‍ രക്ഷിച്ചു തളിപ്പറമ്പിലെ ഹോമിയോ ഡോക്ടര്‍ എം.വാസന്തി ക്ഷീരകര്‍ഷകരുടെ പ്രിയഡോക്ടറായി മാറുകയായിരുന്നു. 10 വര്‍ഷത്തിനിടെ സംസ്ഥാനതലത്തില്‍തന്നെ ഒരുലക്ഷത്തോളം പശുക്കളുടെ രോഗമാണു ഡോക്ടര്‍ തന്റെ മരുന്നുകളിലൂടെ ചികിത്സിച്ചു ഭേദമാക്കിയത്.
2002 ല്‍ കണ്ണൂര്‍ ജില്ലയുടെ പലഭാഗത്തും കുളമ്പുരോഗം ബാധിച്ചു പശുക്കള്‍ ചത്തുപോയിക്കൊണ്ടിരുന്ന സമയത്താണു ഡോക്ടറുടെ വീട്ടിലെ പശുവിനെയും ഈ രോഗം പിടികൂടിയത്. ഏഴു ലിറ്ററോളം പാല്‍ ഒരുദിവസം ലഭിച്ചുകൊണ്ടിരുന്ന പശുവിനെ കുളമ്പുരോഗത്തില്‍നിന്നു രക്ഷിക്കാനാവില്ലെന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ വിധിയെഴുതി.
കണ്ണൂരിലെ കുളമ്പുരോഗം നിയന്ത്രിക്കാന്‍ അന്നു തൃശൂരിലെ വെറ്ററിനറി കോളജില്‍നിന്ന് അറുപതോളം ഡോക്ടര്‍മാര്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്തിരുന്നു. ഈ സമയത്താണു വെറ്ററിനറി സംബന്ധമായ പുസ്തകങ്ങള്‍ വാങ്ങി ഡോ. വാസന്തി കുളമ്പുരോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും പഠിച്ചത്. വൈറസ് രോഗമായ കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങള്‍ പഠിച്ച് ചില ഹോമിയോ മരുന്നുകള്‍ തന്റെ വീട്ടിലെ പശുവിനു നല്കി.
കുളമ്പിലും കാലിലും കുമിളകള്‍ പൊങ്ങുകയും അകിടു വിണ്ടുകീറുകയും ചെയ്ത പശു അപ്പോഴേക്കും മാരകമായ അവസ്ഥയിലെത്തിയിരുന്നു. മരുന്നുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്‍പതുദിവസം കൊണ്ടു പശു രോഗം മാറി പഴയ അവസ്ഥയിലേക്കു തിരിച്ചെത്തി. കൂടാതെ ലഭിക്കുന്ന പാലിന്റെ അളവ് ഏഴില്‍ നിന്നു 10 ലിറ്ററായി വര്‍ധിക്കുകയും ചെയ്തു.
കുളമ്പുരോഗം ബാധിച്ച പശു രക്ഷപ്പെട്ടാലും പാലിന്റെ അളവ് ഗണ്യമായി കുറയുമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു പാലിന്റെ അളവിലും വര്‍ധനയുണ്ടായത്. കുളമ്പുരോഗം ബാധിച്ചു ചികിത്സകള്‍ ഉപേക്ഷിച്ച പശുവിനു രോഗം മാറിയതോടെ സമീപസ്ഥലങ്ങളിലെ പല ക്ഷീരകര്‍ഷകരും ഡോ. വാസന്തിയുടെ ചികിത്സ തേടിയെത്തി.
ഇക്കാര്യം സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടറേറ്റിലും എത്തി. മാധ്യമങ്ങളിലൂടെ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീര സഹകരണ സംഘങ്ങളും ക്ഷീരകര്‍ഷകരും ഡോ. വാസന്തിയില്‍ നിന്നും മരുന്നുകള്‍ വാങ്ങിയിരുന്നു. ലിറ്റര്‍ കണക്കിനു പാല്‍ കറക്കുന്ന പശുക്കളെ കുളമ്പുരോഗത്തില്‍ നിന്നു രക്ഷിക്കാന്‍ ചികിത്സയ്ക്കായി ആയിരങ്ങള്‍ മുടക്കാന്‍ ക്ഷീരകര്‍ഷകര്‍ മടിക്കാറില്ലെങ്കിലും 100 രൂപയില്‍ താഴെയുള്ള മരുന്നുകള്‍ കൊണ്ടാണ് ഒട്ടുമിക്ക പശുക്കളും അന്നു രക്ഷപ്പെട്ടത്.
തുടര്‍ന്ന് അന്നത്തെ കൃഷിമന്ത്രി കെ.ആര്‍. ഗൌരിയമ്മ മുന്‍കൈയെടുത്തു കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കു സൌകര്യം അനുവദിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും സ്ഥലസൌകര്യത്തിന്റെ പേരില്‍ കോളജ് അധികൃതര്‍ ഇതു നിരാകരിക്കുകയായിരുന്നു.
ആനത്തൊട്ടാവാടി എന്ന സസ്യത്തിന്റെ ഇലകള്‍ തിന്നു ചികിത്സ ലഭ്യമല്ലാതെ മരണത്തിനരികിലെത്തിയ മൂന്നു പശുക്കളെയാണ് അടുത്തകാലത്തായി ഡോ. വാസന്തി ഹോമിയോ ചികിത്സയിലൂടെ രക്ഷപെടുത്തിയത്.
ഗുരുതരാവസ്ഥയിലുള്ള പശുവുമായി ആലക്കോട്ടുനിന്ന് ഒരു ക്ഷീരകര്‍ഷകന്‍ ഡോക്ടറെ സമീപിച്ചെങ്കിലും ഇതിനെ രക്ഷിക്കാനായില്ല. പശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ഷകന്‍ ഡോക്ടര്‍ക്ക് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണകാരണമായ ലക്ഷണങ്ങള്‍ പഠിച്ച് മരുന്ന് നല്‍കിയതിലൂടെ മുയ്യത്തെ കുഞ്ഞിരാമന്‍ എന്നയാളുടേതടക്കം മൂന്നുപശുക്കളെയാണ് ആനത്തൊട്ടാവാടി ഇലയുടെ വിഷത്തില്‍നിന്നു രക്ഷിക്കാനായത്. മലദ്വാരം വരെ വീര്‍ത്തുവന്നു ഗുരുതരാവസ്ഥയിലെത്തിയ പശുക്കളാണു രക്ഷപ്പെട്ടത്.
അകിടുവീക്കം തുടങ്ങി പശുക്കളെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ ഡോ. വാസന്തിക്കു കഴിഞ്ഞിട്ടുണ്ട്. പശുക്കള്‍ 100 ശതമാനവും സസ്യഭുക്കുകളായതിനാല്‍ മരുന്ന് വളരെ പെട്ടെന്നു തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതാണ് രോഗം ഭേദപ്പെടാന്‍ കാരണമാവുന്നതെന്നു ഡോ. വാസന്തി പറയുന്നു. നിരവധി ക്ഷീരകര്‍ഷകരാണു ഡോ. വാസന്തിയെ തങ്ങളുടെ കാമധേനുക്കളെ രക്ഷപ്പെടുത്താനായി സമീപിച്ചുകൊണ്ടിരിക്കുന്നത്.
ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ മൃഗചികിത്സ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കു സൌകര്യമൊരുക്കിയാല്‍ ഹോമിയോ ചികിത്സയിലൂടെ അധികചെലവില്ലാതെ പശുക്കളെ ബാധിക്കുന്ന നിരവധി രോഗങ്ങളില്‍ നിന്നും അവയെ രക്ഷിച്ചെടുക്കാനാവുമെന്നാണ് ഡോ. വാസന്തിയുടെ അഭിപ്രായം.
ഫോണ്‍: 9447479110. പട്ടുവം മുറിയാത്തോട് താമസിക്കുന്ന ഡോക്ടര്‍. വാസന്തി തളിപ്പറമ്പിലാണു പ്രാക്ടീസ് ചെയ്യുന്നത്. കെല്‍ട്രോണില്‍ എന്‍ജിനീയറായ ഭാര്‍ഗവനാണു ഭര്‍ത്താവ്. മൂന്ന് പെണ്‍കുട്ടികളുണ്ട്. |
No comments:
Post a Comment