Monday 7 January 2013

[www.keralites.net] മഅദനിയുടെ ദുരവസ്‌ഥ

 

മഅദനിയുടെ ദുരവസ്‌ഥ: ആരാണതിന്‌ ഉത്തരവാദി

 

തുറന്ന മനസോടെ കെ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

കടുത്ത രോഗബാധിതനായ പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്കു ജാമ്യമില്ലാതെ കര്‍ണാടക ജയിലില്‍ കിടക്കേണ്ടിവന്നിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? സ്വയംകൃതാനര്‍ഥം എന്നു പറയുന്നതാണു ശരി. പക്ഷേ, എല്‍.ഡി.എഫിനും യു.ഡി.എഫിനും മഅദനിയുടെ കാര്യത്തില്‍ പെട്ടെന്നിപ്പോള്‍ എങ്ങനെ സഹതാപം പൊട്ടിമുളച്ചു എന്നതാണു മനസിലാക്കാന്‍ കഴിയാത്തത്‌.

ബോംബ്‌ സ്‌ഫോടനക്കേസുകളില്‍ പ്രതിയായി ബംഗളുരുവിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയോടു കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പെട്ടെന്നൊരു സഹതാപം തോന്നാന്‍ എന്താണു കാരണം?

രാഷ്‌ട്രീയ പണ്ഡിതര്‍ക്കും രാഷ്‌ട്രീയ ജ്യോത്സ്യര്‍ക്കും ഈ ചോദ്യത്തിനു യുക്‌തിക്കു നിരക്കുന്ന ഒരു മറുപടിയും നല്‍കാന്‍ കഴിയില്ലെന്നതാണു വസ്‌തുത. മഅദനിക്ക്‌ അതിവിദഗ്‌ധ ചികിത്സ നല്‍കണമെന്നും വേണ്ടിവന്നാല്‍ അതിനുവേണ്ടി ജാമ്യം നല്‍കി അദ്ദേഹത്തെ കേരളത്തിലേക്കയയ്‌ക്കണമെന്നുമാണ്‌ രണ്ടു മുന്നണിയുടേയും നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ ഒരു കാല്‍ നഷ്‌ടപ്പെട്ടതിനേത്തുടര്‍ന്ന്‌ ഒരു മനുഷ്യനു വരാവുന്ന മിക്കവാറും എല്ലാ രോഗങ്ങളും ബാധിച്ച്‌ ഒരു ദശാബ്‌ദക്കാലമായി തീരെ അവശനാണ്‌ മഅദനി എന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷേ, കര്‍ണാടക ഹൈക്കോടതിയും സുപ്രീംകോടതിയുമടക്കം രാജ്യത്തെ ഉന്നത നീതിപീഠങ്ങള്‍ അദ്ദേഹത്തിന്‌ ഇരുപത്തിമൂന്നു മാസമായി ജാമ്യം അനുവദിച്ചിട്ടില്ല. പെട്ടെന്നു യു.ഡി.എഫിനും എല്‍.ഡി.എഫിനും രണ്ടുമൂന്ന്‌ ആഴ്‌ചകളായി അദ്ദേഹത്തോടു വല്ലാത്ത സഹതാപം തോന്നുകയും അദ്ദേഹത്തിനു വിദഗ്‌ധ ചികിത്സ, ജാമ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയുമാണ്‌.

വലതുകാല്‍ മുറിച്ചുകളഞ്ഞ നിലയില്‍ രോഗബാധിതനായി വീല്‍ചെയറില്‍ കഴിയുന്ന മഅദനിയെപ്പോലൊരു മനുഷ്യന്‍ ജാമ്യത്തിലിറങ്ങിയാല്‍ സമൂഹത്തിനെങ്ങനെ ഒരു ഭീഷണിയാകുമെന്ന്‌ സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍ ജസ്‌റ്റിസ്‌ കട്‌്ജുവിനെപ്പോലുള്ള നിയമജ്‌ഞര്‍ പരസ്യമായിത്തന്നെ സംശയം ഉന്നയിച്ചിട്ടുള്ളതാണ്‌. എന്നിട്ടും മഅദനിക്കു കോടതി ജാമ്യം അനുവദിക്കാതിരിക്കണമെങ്കില്‍ അതിനു കാരണമുണ്ടായിരിക്കണമല്ലോ?അതിനുള്ള മറുപടി മഅദനിയുടെ സ്വയംകൃതാനര്‍ഥം എന്നു പറയുന്നതാണു ശരി. അദ്ദേഹം സ്വയംവരുത്തിവച്ചതാണ്‌ ഇപ്പോഴത്തെ സംഭവവികാസം മുഴുവന്‍.

അമ്പത്തിയെട്ടുപേരുടെ ദാരുണ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി മഅദനി ഒന്‍പതുവര്‍ഷം തമിഴ്‌നാട്‌ ജയിലില്‍ കിടന്നതാണ്‌. ഒടുവില്‍ ആ കേസില്‍ നിരപരാധിയെന്നുകണ്ട്‌ കോടതി അദ്ദേഹത്തെ വെറുതേ വിടുകയാണുണ്ടായത്‌. മനുഷ്യത്വപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിനു ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 2006 മാര്‍ച്ച്‌ 16-നു കേരള നിയമസഭ ഏകകണ്‌ഠമായിത്തന്നെ പ്രമേയവും പാസാക്കുകയുണ്ടായി.

എന്നു മാത്രമല്ല, ആ കേസില്‍ വെറുതേവിട്ട മഅദനിക്ക്‌ യു.ഡി.എഫും എല്‍.ഡി.എഫുമെല്ലാം വീരോചിത സ്വീകരണമാണു കേരളത്തില്‍ പലയിടത്തും നല്‍കിയത്‌. തിരുവനന്തപുരം കടപ്പുറത്തും മറ്റും നല്‍കപ്പെട്ട ആ സ്വീകരണത്തില്‍ കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ ജനക്കൂട്ടമാണു സംബന്ധിച്ചത്‌.

അതിനിടയിലാണു ബംഗളുരുവിലും മറ്റുമുണ്ടായ ചില സ്‌ഫോടനക്കേസില്‍ പ്രതിയായി 2011 ഫെബ്രുവരിയില്‍ മഅദനി വീണ്ടും അറസ്‌റ്റ് ചെയ്യപ്പെട്ടത്‌. ആ അറസ്‌റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളാണു മഅദനിക്കു ജാമ്യം ലഭിക്കാതിരിക്കാനുള്ള മുഖ്യ കാരണമെന്നതാണു വസ്‌തുത. ആ സംഭവങ്ങള്‍ വാസ്‌തവത്തില്‍ നിയമസമാധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വൃത്തികെട്ട സംഭവങ്ങളുമായിരുന്നു.

കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയിലുള്ള മഅദനിയുടെ സങ്കേതത്തില്‍ ക്യാമ്പ്‌ ചെയ്‌തിരുന്ന അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അനുയായികളും പ്രത്യേകിച്ച്‌ ഇസ്ലാമിക്‌ സേവാ സംഘ്‌ ഭടന്മാരും പ്രഖ്യാപിച്ചത്‌. ആര്‍.എസ്‌.എസ്‌. എന്ന രാഷ്‌ട്രീയ സ്വയം സേവക സംഘിന്റെ മാതൃകയില്‍ 1989-ല്‍ മഅദനി രൂപീകരിച്ചതാണ്‌ ഐ.എസ്‌.എസ്‌. കാക്കി നിക്കറും വെള്ള ഷര്‍ട്ടുമാണ്‌ ആര്‍.എസ്‌.എസിന്റെ യൂണിഫോമെങ്കില്‍ ഐ.എസ്‌.എസിന്റെ യൂണിഫോം കറുത്ത പാന്റ്‌സും കറുത്ത ഷര്‍ട്ടുമാണ്‌.

ഈ കരിങ്കുപ്പായ ധാരികളുടെ അകമ്പടിയോടെയാണ്‌ മഅദനി പുറത്തു സഞ്ചരിച്ചുകൊണ്ടിരുന്നത്‌. ആര്‍.എസ്‌.എസുകാരുടെ ദണ്ഡുപോലെയുള്ള ദണ്ഡുകളും ഐ.എസ്‌.എസുകാര്‍ ഏന്തിയിരുന്നു. 1992-ല്‍ മഅദനിയെ വധിക്കാന്‍ ആരോ നടത്തിയ ബോംബു സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്‌ടപ്പെട്ടിരുന്നു. അതിനു പിന്നില്‍ ആര്‍.എസ്‌.എസുകാരാണുണ്ടായിരുന്നതെന്ന ആരോപണവുമുണ്ടായിരുന്നു. എന്തായാലും ബംഗളുരു സ്‌ഫോടനക്കേസില്‍ മഅദനി അറസ്‌റ്റ് ചെയ്യപ്പെടുമെന്ന സ്‌ഥിതി വന്നപ്പോള്‍ ഐ.എസ്‌.എസ്‌. സന്നദ്ധ ഭടന്മാരും അനുയായികളും അതിനെ ചെറുക്കാന്‍ തയാറായി.

തുടര്‍ന്നു മൂന്നുദിവസത്തെ ഒരുക്കങ്ങള്‍ക്കു ശേഷമാണു വലിയ പോലീസ്‌ സേന അന്‍വാര്‍ശേരിയില്‍ നിന്ന്‌ മഅദനിയെ അറസ്‌റ്റ് ചെയ്‌ത് കര്‍ണാടക പോലീസിനു കൈമാറിയത്‌. ആ ദിവസങ്ങളില്‍ വമ്പിച്ച പോലീസ്‌ സേനകള്‍തന്നെ മേധാവികളുടെ നേതൃത്വത്തില്‍ സായുധ റൂട്ട്‌ മാര്‍ച്ചുകള്‍ നടത്തുന്ന നാടകീയ രംഗങ്ങള്‍ കേരളത്തിനു കാണേണ്ടി വന്നു.

മഅദനിയും ഐ.എസ്‌.എസ്‌. ഭടന്മാരും ആ ചെറുത്തുനില്‍പിനു തയാറായത്‌ തികഞ്ഞ ബുദ്ധിശൂന്യതയായിപ്പോയി. നിയമവാഴ്‌ച നിലനിര്‍ത്തേണ്ട ഒരു രാജ്യത്ത്‌ പടച്ചോന്‍ ഭൂമിയില്‍ ഇറങ്ങിവന്നാലും ഒരു കേസുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യപ്പെടുകതന്നെ ചെയ്യും. ഏതു ശക്‌തി പ്രയോഗത്തേയും നേരിടാന്‍ തയാറായി മഅദനിയെ അറസ്‌റ്റ് ചെയ്‌തു കര്‍ണാടകയെ ഏല്‍പിച്ചത്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുള്ള ഇടതു മുന്നണി സര്‍ക്കാരാണ്‌. ഇതിനുമുമ്പ്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ആവശ്യപ്രകാരം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ അറസ്‌റ്റ് ചെയ്‌തു തമിഴ്‌നാട്‌ പോലീസിനു വിട്ടുകൊടുത്തതു നായനാര്‍ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ സര്‍ക്കാരാണ്‌.

അതിന്‌ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട്‌ ഒരു കാര്യവുമില്ല. ഒരാള്‍ അന്യ സംസ്‌ഥാനത്തൊരു കേസില്‍ പ്രതിയാണെങ്കില്‍ അയാളെ അറസ്‌റ്റ് ചെയ്‌ത് ആ സംസ്‌ഥാനത്തിനു കൈമാറേണ്ടതു ബന്ധപ്പെട്ട സര്‍ക്കാരിന്റെ കടമയാണ്‌. കേരളത്തിനു പിടികിട്ടേണ്ട പലേ പ്രതികളേയും അറസ്‌റ്റ് ചെയ്‌ത് ഈ സംസ്‌ഥാനത്തെ ഏല്‍പിക്കുന്നത്‌ അതുകൊണ്ടാണല്ലോ! ആ കടമ ഇടതുമുന്നണി സര്‍ക്കാരും ചെയ്‌തുവെന്നേയുള്ളൂ.
ഇപ്പോള്‍ മഅദനിക്കു ജാമ്യം ലഭിക്കണമെന്ന വിവാദത്തില്‍ മുന്‍ ഇടതുപക്ഷമുന്നണി മന്ത്രിമാരും നേതാക്കളും കോണ്‍ഗ്രസിനേയും മുസ്ലിം ലീഗിനേയും മറ്റും കുറ്റപ്പെടുത്തുന്നതു കാണുമ്പോള്‍ വാസ്‌തവത്തില്‍ സഹതാപവും അറപ്പും ഒരുപോലെ തോന്നുകയാണ്‌. രാഷ്‌ട്രീയത്തില്‍ മാന്യത എന്ന ഒന്നിന്‌ ഒരു വിലയുമില്ലേ
? മഅദനിയെ ആദ്യം തടവിലാക്കിയത്‌ തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരും പിന്നീട്‌ കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരുമാണെന്നതാണു വസ്‌തുത. അറസ്‌റ്റ് ചെയ്‌ത് രണ്ടു സംസ്‌ഥാന പോലീസിനേയും ഏല്‍പിച്ചത്‌ ഇടതുമുന്നണി സര്‍ക്കാരും. അതിനു കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലല്ലോ? അതുപോകട്ടെ.

മഅദനിയുടെ പുതിയ അറസ്‌റ്റ് കഴിഞ്ഞപ്പോള്‍ സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്‌ജി എന്നോടു പറഞ്ഞത്‌ അദ്ദേഹത്തിന്‌ ഒരു കോടതിയും ജാമ്യം കൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ്‌. ഏറെ നാടകീയ രംഗങ്ങള്‍ക്കു ശേഷമാണ്‌ അന്‍വാര്‍ശേരിയില്‍ നിന്ന്‌ വളരെ സാഹസത്തോടെ മഅദനിയെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നിരിക്കെ ജാമ്യം നല്‍കിക്കഴിഞ്ഞു വീണ്ടും അറസ്‌റ്റ് ചെയ്യേണ്ടിവന്നാല്‍ ഈ അനുഭവങ്ങള്‍ ആവര്‍ത്തിക്കുകയും മറ്റൊരു വലിയ സാഹസത്തിനുതന്നെ പോലീസ്‌ ഒരുമ്പെടേണ്ടിവരികയും ചെയ്യുമെന്നുള്ളതുകൊണ്ടാണതെന്നുമാണ്‌ അദ്ദേഹം വിശദീകരിച്ചത്‌. അതുതന്നെ ജാമ്യക്കാര്യത്തില്‍ സംഭവിക്കുകയും ചെയ്‌തു.

ഇതിനു പശ്‌ചാത്തലമായി മറ്റൊരു അനുഭവവുമുണ്ട്‌. മഅദനി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിനു താല്‍കാലികമായി ജയില്‍ മോചനം നല്‍കി കേരളത്തിലെ ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കാന്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ഒരു ശ്രമം നടത്തിയതാണ്‌. അക്കാലത്ത്‌ നിലമ്പൂരില്‍ മഅദനിയുടെ പേരില്‍ ഒരു ക്രിമിനല്‍ കേസുണ്ടായിരുന്നു. ആ കേസിന്‌ അദ്ദേഹത്തെ നിലമ്പൂരിലേക്കു കൊണ്ടുവരുമ്പോള്‍ ആരോഗ്യനില വഷളായി എന്നതിന്റെ പേരില്‍ കേരളത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ കുറേദിവസം വിദഗ്‌ധ ചികിത്സ നല്‍കാനായിരുന്നു പരിപാടി.
പക്ഷേ
, കേരളത്തില്‍ മഅദനിയെ കൊണ്ടുവരുമ്പോള്‍ വിദേശരാജ്യങ്ങളിലെ ഒളിപ്പോരാളികളെപ്പോലെ നിലമ്പൂരില്‍ നിന്ന്‌ മഅദനിയെ തട്ടിക്കൊണ്ടുപോകാന്‍ ഐ.എസ്‌.എസ്‌. ഭടന്മാര്‍ പരിപാടി ആവിഷ്‌കരിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിനു സൂചന ലഭിച്ചു. അതു തെറ്റാകാം ശരിയാകാം. ഏതായാലും അതിന്റെ പേരില്‍ മഅദനിയെ നിലമ്പൂരിലേക്കയയ്‌ക്കാനുള്ള പരിപാടി ജയലളിത തടഞ്ഞുവയ്‌ക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ആന്റണിയുടെ ശ്രമം ഫലപ്രദമാകാതെപോയി.

ഇതു വെളിപ്പെടുത്തപ്പെട്ടത്‌ കൊച്ചിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ്‌. മഅദനിയുടെ മോചനപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ അധ്യക്ഷതയില്‍ ഒരു രഹസ്യ യോഗം ചേര്‍ന്നു. മഅദനിയുടെ പിതാവടക്കം പ്രമുഖ പി.ഡി.പി. നേതാക്കളും സംസ്‌ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്‌ത് യു.ഡി.എഫ്‌. കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി ഗണേഷ്‌ കുമാറുമാണ്‌ അതില്‍ സംബന്ധിച്ചിരുന്നത്‌. രേഖാമൂലമായി ഒന്നും തയാറാക്കാന്‍ കഴിയാത്ത ആ ആലോചനയില്‍ രണ്ടു വിഭാഗത്തിന്റേയും മധ്യസ്‌ഥനായി എന്നേയാണു ക്ഷണിച്ചിരുന്നത്‌. ആ രഹസ്യചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി തന്നെ വെളിപ്പെടുത്തിയതാണീ കാര്യങ്ങള്‍. അങ്ങനെ മഅദനിയെപ്പറ്റി മറ്റു പല കാര്യങ്ങളും.

ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനുംകൂടിയെന്ന നിലയില്‍ മഅദനിയുടെ ജാമ്യത്തിനുവേണ്ടി അക്കാലത്ത്‌ ഈ പംക്‌തിയില്‍ പലതവണ എഴുതിയത്‌ ഞാനാണെന്നു മാത്രമല്ല അക്കാര്യം കേരളത്തില്‍ ആദ്യമായി ഒരു പൊതുസമ്മേളനത്തില്‍ ഞാന്‍ പ്രസംഗിക്കുകയും ചെയ്‌തു. എറണാകുളത്തെ കലൂര്‍ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ മൈതാനത്ത്‌ പി.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ആ വമ്പിച്ച പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും പ്രസംഗിച്ചിരുന്നു. അതിനുശേഷമാണ്‌ രണ്ടു മുന്നണികളിലേയും നേതാക്കള്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനു തയാറായതുതന്നെ. ഇതൊക്കെ കഴിഞ്ഞ കുറേ കാര്യങ്ങള്‍.

വാല്‍ക്കഷ്‌ണം: ബംഗളുരു സ്‌ഫോടനക്കേസില്‍ മഅദനി അറസ്‌റ്റ് ചെയ്യപ്പെട്ടതിനേത്തുടര്‍ന്ന്‌ അദ്ദേഹത്തിനു ജാമ്യവും മറ്റവകാശങ്ങളും ലഭ്യമാക്കാന്‍ മുന്‍ എം.പി. ഡോ. സെബാസ്‌റ്റ്യന്‍ പോളിന്റെ നേതൃത്വത്തിലാണ്‌ ഒരു സമിതി രൂപീകരിക്കപ്പെട്ടത്‌. അതിനുവേണ്ടി ഇടതുമുന്നണിയുടെ പോലും പിന്തുണയില്ലാതെ അഭിഭാഷകനെന്ന നിലയില്‍ നിരന്തര ശ്രമം നടത്തിയതും സെബാസ്‌റ്റ്യന്‍ മാത്രമായിരുന്നു. ഇന്ന്‌ എല്‍.ഡി.എഫും യു.ഡി.എഫുമെല്ലാം മഅദനിക്കുവേണ്ടി ആവേശത്തോടെ രംഗത്തിറങ്ങിയപ്പോള്‍ ഡോ. സെബാസ്‌റ്റ്യന്‍ പോളിനു വഴിമാറിക്കൊടുക്കേണ്ടി വന്നിരിക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment