Friday 21 December 2012

[www.keralites.net] ഗോപാലകൃഷ്ണന്റെ ലോകാവസാനം

 

Fun & Info @ Keralites.netവെള്ളിമേഘങ്ങള്‍ ആവരണം ചെയ്ത ഒരു കുന്നിന്മുകളില്‍ അയാള്‍ നില്‍ക്കുകയാണ്. തണുത്ത കുളിര്‍കാറ്റു വീശുന്നുണ്ട്. ദൂരെ നിന്ന് കാതിനു ഇമ്പമേകുന്ന ഒരു സ്വര്‍ഗീയ സംഗീതം ഒഴുകിയെത്തുന്നു. പെട്ടെന്നാണതു സംഭവിച്ചത്. ചക്രവാളത്തില്‍നിന്നും ഒരു ചുവന്ന വെളിച്ചം അയാളുടെ നേരെ പാഞ്ഞുവന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്തവിധം അയാളുടെ കാലുകള്‍ നിലത്തു ഉറച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുന്‍പ് ആ വലിയ പ്രകാശഗോളം അയാള്‍ നിന്നിരുന്ന കുന്നില്‍ ശക്തിയായി വന്നിടിച്ചു. ഭൂമി രണ്ടായി പിളര്‍ന്നു. അവിടെ പതാളസമാനമായ ഒരു വലിയ ഗര്‍ത്തം രൂപംകൊണ്ടു അതിഭയങ്കരമായ തീയും പുകയും ഉയരുന്നു. അയാള്‍ നോക്കിനില്‍ക്കെ ലോകവും അതിലുള്ളതെല്ലാം ആ ഗര്‍ത്തത്തിലേക്ക് വീഴാന്‍ തുടങ്ങി. എങ്ങും കരച്ചിലും നിലവിളിയും മാത്രം. ആ ബഹളത്തിനിടയിലും സ്വന്തം അമ്മയുടെ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു... ഗോപാലകൃഷ്ണാ...മോനേ... ഗോപാലകൃഷ്ണാ... അമ്മക്ക് വയ്യെടാ... വേദന സഹിക്കുന്നില്ലടാ.... പാതാളത്തിലേക്ക്‌ വീഴുന്ന അമ്മയെ അയാള്‍ കുനിഞ്ഞു കയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചു. അമ്മേ.... എന്റെ കൈ പിടിക്കൂ അമ്മേ ... അമ്മേ... കൈ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ഗോപാലകൃഷ്ണന്റെ കാല്‍ച്ചുവട്ടിലെ മണ്ണിടിഞ്ഞു അയാളും ആ ഗര്‍ത്തത്തിലേക്ക് വീണു. ആ വീഴ്ചയില്‍ അയാള്‍ ഉച്ചത്തില്‍ അലറിവിളിച്ചു. എന്റെ അമ്മേ....

എല്ലാം ശാന്തമായതുപോലെ... ശബ്ദകോലാഹലങ്ങള്‍ നിലച്ചു.... എങ്ങും നിശബ്ദത മാത്രം..... പെട്ടെന്ന് അമ്മയുടെ സ്വരം ഗോപാലകൃഷ്ണന്‍ വീണ്ടും കേട്ടു... മോനേ... എനിക്ക് വയ്യെടാ.... ഞാന്‍ വയറുപൊട്ടി ചാകുമെടാ... മോനേ... എന്നെ ആസ്പത്രിയില്‍ കൊണ്ടുപോടാ...

അയാള്‍ ചുറ്റും നോക്കിക്കൊണ്ട് ആ തണുത്ത തറയില്‍ എഴുന്നേറ്റിരുന്നു..കട്ടിലില്‍ ഭാര്യയും മക്കളും സുഖമായി ഉറങ്ങുന്നു. അയാള്‍ നിലത്തു വീണത്‌ അവര്‍ അറിഞ്ഞിട്ടുപോലുമില്ല. നേരം വെളുത്തിരിക്കുന്നു.. അയാള്‍ പുറത്തേക്കു കണ്ണോടിച്ചു... ലോകത്തിനു ഒന്നും സംഭവിച്ചിട്ടില്ല.... ആ തറയില്‍ ഇരുന്നുകൊണ്ട് അയാള്‍ ചിന്തിക്കാന്‍ തുടങ്ങി.... എന്തൊക്കെയായിരുന്നു... ലോകം അവസാനിക്കുന്നു... ഭൂമി പിളരുന്നു.... എന്നിട്ടിപ്പോ... കയ്യിലുണ്ടായിരുന്ന സമ്പാദ്യവും രണ്ടേക്കര്‍ സ്ഥലവും വെറുതെ തുലച്ചു... കടം തന്നവരോട് ഇനി എന്ത് സമാധാനം പറയും. കമ്പനിയിലെ കടം എങ്ങനെ വീട്ടും..?

Fun & Info @ Keralites.netരണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ ഇരുപത്തി ഒന്ന്.... അന്ന് ലോകം അവസാനിക്കുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ആറു മാസം മുന്‍പേതന്നെ ഗോപാലകൃഷ്ണന്‍ ലോകാവസാനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അവസാനിക്കുന്നതിനു ഒരു മാസംമുന്‍പേ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. ഭാര്യയും മക്കളുമൊത്തു ഒരു മാസമെങ്കിലും ആഘോഷമായി ജീവിക്കണം. ഗള്‍ഫില്‍നിന്നു പോരുന്നതിനു മുന്‍പ് കൂട്ടുകാരുടെ കയ്യില്‍ നിന്ന് കിട്ടാവുന്നത്ര കടംവാങ്ങി. മടങ്ങിയെത്തിയാല്‍ ഉടനെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍. കൂടാതെ കമ്പനിയില്‍ നിന്ന് വലിയൊരു തുക ലോണ്‍ എടുത്തു. നല്ലൊരു തുകയുടെ ചിട്ടി പകുതിയിലേറെ നഷ്ടത്തില്‍ വിളിച്ചെടുത്തു.. ലോകം അവസാനിച്ചാല്‍പ്പിന്നെ ഒന്നും തിരിച്ചു നല്‍കേണ്ടല്ലോ.

നാട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ ജീവിതം ആഘോഷിക്കാന്‍ തുടങ്ങി. ഭാര്യയെയും മക്കളെയും കൂട്ടി വിനോദയാത്രകള്‍ക്ക് പോയി. അറിയപ്പെടുന്ന അമ്പലങ്ങളിലേക്കെല്ലാം തീര്‍ഥയാത്ര നടത്തി. പിശുക്കിന്റെ പര്യായമായിരുന്ന ഗോപാലകൃഷ്ണന്‍ പാവങ്ങളേയും രോഗികളേയും അകമഴിഞ്ഞ് സഹായിച്ചു. സ്വന്തം അച്ഛന്‍ മരണക്കിടക്കയില്‍ കിടന്നിട്ടു തിരിഞ്ഞു നോക്കാതിരുന്നവനാണ്‌. അവസാനദിവസങ്ങളില്‍ അയാള്‍ കൂടുതല്‍ ദയാലുവായി. NRE അക്കൌണ്ടിലെ പണം മുഴുവന്‍ തീര്‍ത്തു. രണ്ടേക്കര്‍ വസ്തു വിറ്റു. ഇതൊക്കെ ഇനി എന്തിനാണ്?...

ഇരുപത്തൊന്നാം തിയ്യതി വെള്ളിയാഴ്ച... അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ചു വീട്ടില്‍ ഒരു സദ്യതന്നെ നടത്തി. വൈകുന്നേരത്തിനുമുന്‍പേ കയ്യിലുള്ള അവസാനത്തെ രൂപയും ചിലവാക്കി. രാത്രി ഭക്ഷണത്തിന് ഇഷ്ടവിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി. പ്രായമായ അമ്മക്ക് മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല. ഇനി എന്ത് പഥ്യം നോക്കാന്‍. അമ്മയും അതൊക്കെ മൂക്കുമുട്ടെ തിന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു. ഭഗവാനെ ഞങ്ങളെ അധികം വേദനിപ്പിക്കാതെ ലോകം അവസാനിപ്പിക്കണേ... ഏറ്റവും അവസാനം മാത്രം ഞങ്ങളുടെ നാടിനെ അവസാനിപ്പക്കണേ. എന്നെയും എന്റെ കുടുംബത്തെയും നേരെ മോക്ഷത്തില്‍ എത്തിക്കണേ...

ഗോപാലകൃഷ്ണന്‍ ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ചു കിടന്നു. നാളെ നേരം വെളുക്കുമ്പോള്‍ ഈ ലോകം ഇല്ല, താനില്ല, തന്റെ പ്രിയപ്പെട്ടവര്‍ ഇല്ല. താനും തന്റെ കുടുംബവും മാത്രം അവശേഷിച്ചിരുന്നെങ്കില്‍ എന്ന് ആയാല്‍ വൃഥാ ആഗ്രഹിച്ചു. ഇല്ല... നാളെ ആരും ഉണ്ടാവില്ല... അയാള്‍ തന്റെ കുഞ്ഞുനാള്‍ മുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്നെ സ്നേഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചു. എല്ലാം ഇന്നത്തോടെ തീരും. ഇപ്പോള്‍ ലോകം അവസാനിച്ചു തുടങ്ങിയിട്ടുണ്ടാകും. ഏതോ വലിയ ഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്നാണ് കേട്ടത്. ആ ഇടിയില്‍ തന്റെ വീട് തകര്‍ന്നു വീഴുമോ..? Fun & Info @ Keralites.netഇടയ്ക്കു അയാള്‍ മുറ്റത്തിറങ്ങി നോക്കി. നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക്‌ വീഴുന്നുണ്ടോ എന്നറിയാന്‍. ചക്രവാളത്തിലേക്ക് ഒരു ഉല്‍ക്ക എരിഞ്ഞുവീഴുന്നത് അയാള്‍ കണ്ടു. വിവിധങ്ങളായ വിചാരങ്ങളോടും പ്രക്ഷുബ്ദമായ മനസ്സോടുംകൂടി ഗോപാലകൃഷ്ണനും കുടുംബവും ഉറക്കത്തിലേക്ക് നീങ്ങി. ലോകാവസാനത്തിന്റെ ഭീകരമായ സ്വപ്നങ്ങള്‍ ഗോപാലകൃഷ്ണന്റെ നിദ്രയെ കീഴടക്കി.

അമ്മ വീണ്ടും നിലവിളിക്കുന്നു... എനിക്ക് വയറുവേദന സഹിക്കാന്‍ വയ്യേ.... വൈദ്യന്മാന്‍ പഥ്യം കല്പിച്ച ഭക്ഷണങ്ങള്‍ മൂക്കുമുട്ടെ തിന്ന അമ്മയെയുംകൊണ്ട് ഗോപാലകൃഷ്ണന്‍ ആസ്പത്രിയിലെക്കോടി.

ലോകാവസാനം കാത്തിരുന്ന മറ്റു പല ഗോപാലകൃഷ്ണന്മാരും വഴിക്ക് അന്തംവിട്ടു നില്പുണ്ടായിരുന്നു.

By Mathew Philip (വെണ്ണിയോടന്‍)
www.venniyodan.blogspot.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment