Friday 21 December 2012

[www.keralites.net] ഡിജിറ്റല്‍ മലയാളത്തിന് പത്ത് തികയുമ്പോള്‍

 

ഡിജിറ്റല്‍ മലയാളത്തിന് പത്ത് തികയുമ്പോള്‍

ജോസഫ് ആന്റണി



ഡിജിറ്റല്‍ മലയാളത്തിന്റെ നട്ടെല്ലായി പരിണമിച്ച മലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു-


Fun & Info @ Keralites.netതിരുവനന്തപുരത്ത് കഴിഞ്ഞ നവംബര്‍ ആദ്യം അരങ്ങേറിയ വിശ്വമലയാള മഹോത്സവത്തെക്കുറിച്ച് ഒട്ടേറെ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതില്‍, അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒരേണ്ണമുണ്ടായിരുന്നു. മലയാളത്തിനായി നടന്ന വിശ്വമഹോത്സവത്തില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരെ അവഗണിച്ചു എന്നതായിരുന്നു അത്. വിക്കിപീഡിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാധാരണഗതിയില്‍ 'അജ്ഞാതരാണ്'. അതിനാല്‍, പരാതിയുമായി ആരും നേരിട്ട് രംഗത്തെത്തുകയോ പ്രതിഷേധം മുഴക്കുകയോ ചെയ്തില്ല.

വിശ്വമലയാള മഹോത്സവത്തിന് മുന്നോടിയായി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു : 'സര്‍ഗാത്മക സാഹിത്യരംഗത്ത് നമ്മുടെ എഴുത്തുകാരുടെ സംഭാവനകള്‍ ലോകത്തിലെ മറ്റേതൊരു ഭാഷയോടും കിടപിടിക്കാന്‍ കഴിയുന്നതാണ്. അതേസമയം, വൈജ്ഞാനിക മേഖലയിലെ അറിവുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആധുനീകരണം ഭാഷയില്‍ സംഭവിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിച്ചേ പറ്റൂ. സര്‍ഗ്ഗാത്മകതയും വൈജ്ഞാനികതയും ഒരുപോലെ വളരുമ്പോള്‍ മാത്രമേ ഭാഷ കാലാനുസൃതമായി നവീകരിക്കപ്പെടുുള്ളൂ'.

മന്ത്രി സൂചിപ്പിച്ച രീതിയില്‍, മലയാള ഭാഷയെ കാലാനുസൃതമായി നവീകരിക്കുകയെന്നത് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നുവെങ്കില്‍, വിശ്വമലയാള മഹോത്സവത്തിലേക്ക് ആദ്യം ക്ഷണിച്ച മഹത് വ്യക്തിത്വങ്ങള്‍ക്കൊപ്പം 'ആരുമല്ലാത്ത' വിക്കി പ്രവര്‍ത്തകരും ഉണ്ടാകണമായിരുന്നു. കാരണം, ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ഭാവി അടയാളപ്പെടുത്തുന്ന മഹത്തായ സംരംഭങ്ങളിലൊന്നാണ് മലയാളം വിക്കിപീഡിയ - ഒരുപക്ഷേ, സമാനതകളില്ലാത്ത ഒന്ന്. വിജ്ഞാനവിനിമയത്തിന്റെയും ഭാഷാപ്രവര്‍ത്തനത്തിന്റെയും ആണിക്കല്ലായി ഡിജിറ്റല്‍ലോകം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മലയാളഭാഷയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ സാന്നിധ്യമാണ് മലയാളം വിക്കിപീഡിയ.

ആ സാന്നിധ്യം ഇന്റര്‍നെറ്റില്‍ പിറന്നിട്ട് പത്തുവര്‍ഷം തികയുന്ന സമയം കൂടിയാണിത്. ആ നിലയ്ക്ക് വിക്കിപീഡിയ പ്രവര്‍ത്തകരെക്കൂടി സഹകരിപ്പിച്ചിരുന്നുവെങ്കില്‍, മലയാളത്തിനായുള്ള വിശ്വമഹോത്സവം അതിന്റെ പേര് സ്വാര്‍ഥകമാക്കുമായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.

മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളും ആശങ്കകളും ഉയരുന്ന വേളയാണിത്. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാലയുടെ ഉത്ഘാടനം എന്നിങ്ങനെ മാതൃഭാഷയുടെ പ്രോത്സാഹനത്തിന് ഔദ്യോഗികമായി തന്നെ നടപടികളുണ്ടാകുന്നത് തീര്‍ച്ചയായും പ്രതീക്ഷയേകുന്നു. ഡിജിറ്റല്‍ മലയാളത്തിന്റെ പതാകവാഹകരായ മലയാളം വിക്കിപീഡിയക്ക് പത്ത് വയസ്സ് തികയുന്നത് അത്തരമൊരു വേളയിലാണ് എന്നകാര്യം ശ്രദ്ധയര്‍ഹിക്കുന്നു.

ഏത് ഭാഷയുടെയും ആരോഗ്യകരമായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അത്യാവശ്യം ചില ഘടകങ്ങള്‍ കൂടിയേ തീരൂ. നല്ലൊരു വിഭാഗം ജനങ്ങള്‍ ആശയവിനിമയത്തിനും ആത്മപ്രകാശനത്തിനും ഉപയോഗിക്കുന്നതാവണം അത്. എല്ലാത്തരം വിവരങ്ങളും അതിലൂടെ വിനിമയം ചെയ്യപ്പെടണം. 'വൈജ്ഞാനിക മേഖലയിലെ അറിവുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആധുനീകരണം ഭാഷയില്‍ സംഭവിച്ചിട്ടില്ല' എന്ന് വിലപിക്കുകയല്ല വേണ്ടത്, അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം.

ഇരുപത്തിയൊന്നാംനൂറ്റാണ്ടില്‍ മലയാളത്തിന് സംഭവിക്കുന്ന മാറ്റം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും - മലയാളത്തില്‍ എഴുത്തും വായനയും വര്‍ധിച്ചിരിക്കുന്നു. അതുപക്ഷേ, പരമ്പരാഗതമായ രീതിയിലല്ല എന്നുമാത്രം. ഇന്റര്‍നെറ്റ് ഒരുക്കിത്തരുന്ന പുത്തന്‍ മാധ്യമസാധ്യതകളാണ് മലയാളത്തിന് പുത്തനുണര്‍വ് നല്‍കിയിരിക്കുന്നത്. 'വായന മരിക്കുന്നു', 'മലയാളത്തിന് ഭാവിയില്ല' എന്നൊക്കെയുളള വിലാപങ്ങള്‍ ഒരുവശത്ത് ഉയരുമ്പോഴാണ്, മറുവശത്ത് ഇത്തരമൊരു ചിത്രം തെളിയുന്നത്. പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റമാണ് വായനയിലും എഴുത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ.

വിവരങ്ങള്‍ തേടുന്നവര്‍ക്ക് മുന്നിലെ ആദ്യ ആശ്രയമാണ് ഇന്റര്‍നെറ്റ്. മലയാളത്തില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്കും ഇന്റര്‍നെറ്റ് അത്താണിയാകണം. എങ്കിലേ ഇനി മലയാളം നിലനില്പുള്ളൂ. എന്നുവെച്ചാല്‍, ആവശ്യമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമാകണം. അതെങ്ങനെ സാധിക്കുമെന്നാണ്, ഒരര്‍ഥത്തില്‍ മലയാളം വിക്കിപീഡിയ കാട്ടിത്തരുന്നത്. എന്തുകൊണ്ട് വിശ്വമലയാള മഹോത്സവത്തിലേക്ക് ആദ്യം ക്ഷണിക്കേണ്ടിയിരുന്നുവരില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരും ഉള്‍പ്പടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും സ്വന്തമായ, സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ആ സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 ന് വിക്കിപീഡിയ ആരംഭിച്ചു. അത് ഇംഗ്ലീഷിലായിരുന്നു (കാണുക:ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍). അതിന്റെ തുടര്‍ച്ചയായി മറ്റനേകം ലോകഭാഷകളിലും വിക്കിപതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ മലയാളം ഉള്‍പ്പടെ 185 ലേറെ ലോകഭാഷകളില്‍ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.

Fun & Info @ Keralites.netമാതൃസംരംഭത്തിന്റെ ചുവടുപിടിച്ച് 2002 ഡിസംബര്‍ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. ഇന്ന് നമ്മള്‍ കാണുന്ന മലയാളം വിക്കിപീഡിയയുടെ ആദ്യ താള്‍ സൃഷ്ടിക്കപ്പെട്ടത് അന്നായിരുന്നു. 'മലയാളം അക്ഷരമാല'യായിരുന്നു ആദ്യ ലേഖനം. പത്തുവര്‍ഷംകൊണ്ട് 27,000 ലേറെ ലേഖനങ്ങളുള്ള വലിയൊരു വിവരശേഖരമായി മലയാളം വിക്കി വളര്‍ന്നിരിക്കുന്നു. നിലവില്‍ പ്രതിമാസം 27 ലക്ഷം പേജ് വ്യൂ ഉള്ള സൈറ്റാണ് മലയാളം വിക്കിപീഡിയ (www.ml.wikipedia.org).

രണ്ടുവര്‍ഷം മുമ്പ് മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങളുടെ എണ്ണം 15,000 ആയിരുന്നുവെന്നും, ആ സൈറ്റിന്റെ പേജ് വ്യൂ 14 ലക്ഷം ആയിരുന്നു എന്നുമറിയുമ്പോള്‍, മലയാളഭാഷയ്ക്ക് ഡിജിറ്റല്‍ വിലാസം ഉണ്ടാക്കാന്‍ നടക്കുന്ന ആ സംരംഭത്തിന് സ്വീകാര്യത വര്‍ധിക്കുകയാണെന്ന് വ്യക്തമാകുന്നു.

ഇന്ത്യന്‍ ഭാഷകളില്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ മലയാളം വിക്കിപീഡിയ ആറാംസ്ഥാനത്താണ്. എന്നാല്‍, ലേഖനങ്ങളുടെ ഗുണമേന്‍മയുടെയും തിരുത്തല്‍നിരക്കിന്റെയും സജീവ അംഗങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ് മലയാളം വിക്കി.

ഈ സംരംഭത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി, പ്രതിഫലം പോയിട്ട് സ്വന്തം പേരുപോലും പുറത്തറിയാന്‍ ആഗ്രഹിക്കാത്ത ഒരുകൂട്ടം 'അജ്ഞാതരാ'ണ് മലയാളം വിക്കിയെ ഈ നിലയ്ക്ക് വളര്‍ത്തിയത് എന്നതാണ്. ഒരുപക്ഷേ, ഇന്റര്‍നെറ്റ് മുന്നോട്ടുവെയ്ക്കുന്ന സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഇത്രയേരെ അനുഗ്രഹമാകുന്ന വേറെ സംരംഭങ്ങള്‍ അധികം ഉണ്ടാകില്ല. പത്തുവര്‍ഷത്തിനിടെ 37,000 ലേറെപ്പേര്‍ മലയാളം വിക്കിയില്‍ അംഗത്വമെടുത്തു എന്നാണ് കണക്ക്. അംഗത്വമെടുത്തു എന്നല്ലാതെ അതില്‍ മഹാഭൂരിപക്ഷവും മറ്റെന്തെങ്കിലും പ്രവര്‍ത്തനം വിക്കിക്കായി നടത്തിയിട്ടില്ല. ഏതാണ്ട് 110 പേരാണ് നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായി വിവരങ്ങള്‍ ചേര്‍ക്കുന്നതും തിരുത്തലുകള്‍ നടത്തുന്നതും.

മലയാളം വിക്കിപീഡിയയില്‍ പത്തുവര്‍ഷംകൊണ്ട് 16 ലക്ഷത്തിലേറെ തിരുത്തലുകള്‍ നടന്നു എന്നാണ് വിക്കി പ്രവര്‍ത്തകര്‍ നല്‍കുന്ന കണക്ക്. ഇപ്പോള്‍ പ്രതിമാസം ശരാശരി 20,000 തിരുത്തലുകള്‍ വീതം നടക്കുന്നു. ആയിരത്തിലേറെ തവണ തിരുത്തലുകള്‍ നടന്ന ലേഖനങ്ങള്‍ പോലും മലയാളം വിക്കിപീഡിയയിലുണ്ട്. 'മദീന' (1582 തവണ), 'സൗദി അറേബ്യ' (1348), 'കേരളം' (1096), 'യഹോവയുടെ സാക്ഷികള്‍' (1094) എന്നിവ ആ ഗണത്തില്‍ പെടുന്നു (ഡിസംബര്‍ 17 ലെ കണക്ക്). സജീവമായി രംഗത്തുള്ള 110 പേരാണ് തിരുത്തലുകളില്‍ നല്ലൊരു പങ്കിന് കാരണക്കാര്‍. അതില്‍ ഏഴ് വയസുള്ള രണ്ടാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 72 വയസുള്ള വിമുക്ത ഭടന്‍ വരെയുണ്ട്! പൊതുവെ, 20-40 പ്രായപരിധിയിലുള്ളവരാണ് വിക്കിയില്‍ സജീവമായ ഭൂരിപക്ഷവും. അവരില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിദേശത്തുമുള്ള മലയാളികളാണ്.

പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ, മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും, ഓണ്‍ലൈന്‍ പ്രവര്‍ത്തനം മലയാളത്തില്‍ ശക്തിപ്പെടുത്താനും ആണ് വിക്കിപീഡിയ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എങ്കിലും, മലയാളം വിക്കിപീഡിയ പത്തുവര്‍ഷം തികയ്ക്കുന്ന വേളയില്‍ രണ്ടുപേരെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല. വിനോദ് എം.പ്രഭാകരനും, മന്‍ജിത് കൈനിക്കരയും ആണത്.

പത്തുവര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ മലയാളം അക്ഷരങ്ങള്‍ ശരിയായി പ്രത്യക്ഷപ്പെടാന്‍ പോലും വലിയ സാങ്കേതികസാഹസങ്ങള്‍ വേണ്ടിയിരുന്ന ഒരു കാലത്ത്, അത്തരം വെല്ലുവിളികളെ അവഗണിച്ച് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കംകുറിച്ചത് വിനോദ് എം.പ്രഭാകരനാണ്. ഏകനായി താന്‍ ആ സംരംഭം ആരംഭിച്ച കാര്യവും, അധികമാരുടെയും സഹായമില്ലാഞ്ഞിട്ടും പ്രതീക്ഷയോടെ അത് ആദ്യകാലത്ത് കൊണ്ടുനടന്നതും അദ്ദേഹം ഓര്‍ക്കുന്നു

സാങ്കേതികമായ അസംഖ്യം പരിമിതികളുടെ നടുവില്‍നിന്ന് മലയാളം വിക്കിപീഡിയ ഇന്ന് കാണുന്ന നിലയിലേക്ക് അതിന്റെ വളര്‍ച്ച ആരംഭിക്കുന്നത് 2004 ലാണ്. കമ്പ്യൂട്ടറിന് മലയാളവും വഴങ്ങുമെന്ന് പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലമായിരുന്നു അത്. ആ സമയത്ത് അമേരിക്കയിലെത്തിയ പത്രപ്രവര്‍ത്തകനായ മന്‍ജിത് കൈനിക്കര സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ ആ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. അന്ന് തുടങ്ങിയ മുന്നേറ്റം മലയാളം വിക്കി ഇപ്പോഴും തുടരുന്നു.

മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലാണെന്ന് പറയുമ്പോഴും, മറ്റൊരു വശം നമ്മള്‍ കാണാതിരുന്നുകൂടാ. മൂന്നുകോടിയിലേറെ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് മലയാളം. ആ നിലയ്ക്ക് മലയാളം വിക്കിപീഡിയയില്‍ 110 സജീവാംഗങ്ങളേ ഉള്ളൂ എന്നത് അത്രയേറെ സന്തോഷിക്കാന്‍ വകനല്‍കുന്നില്ല. അത് ആയിരവും പതിനായിരവുമൊക്കെ ആകണമെന്ന് വിക്കിപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. മലയാളം വിക്കിയിലേക്ക് സംഭാവന നടത്താന്‍ കേരളത്തിനുള്ളില്‍നിന്ന് തന്നെ കൂടുതല്‍ അംഗങ്ങളെത്തണം. അപ്പോഴേ, മലയാളം വിക്കിപീഡിയ അതിന്റെ യഥാര്‍ഥ സാധ്യതകളിലേക്ക് വളരൂ. (കടപ്പാട്: ഷിജു അലക്‌സ്, വിക്കിമീഡിയ ഫൗണ്ടേഷന്‍)

'മലയാളം വിക്കിപീഡിയയുടേത് പ്രതീക്ഷിച്ച വളര്‍ച്ച'

Fun & Info @ Keralites.net
വിനോദ് എം.പ്രഭാകരന്‍
പത്തുവര്‍ഷംകൊണ്ട് മലയാളം വിക്കിപീഡിയ കൈവരിച്ച വളര്‍ച്ച പ്രതീക്ഷിച്ചത് തന്നെയാണെന്നും, വളര്‍ച്ചയുടെ ഘട്ടം ആരംഭിക്കാന്‍ പക്ഷേ, താന്‍ കരുതിയതിലും കുറച്ചു വൈകിയെന്നും, 2002 ല്‍ ആ സംരംഭത്തിന് തുടക്കം കുറിച്ച വിനോദ് എം.പ്രഭാകരന്‍ പറയുന്നു. അമേരിക്കയിലെ ബെര്‍ക്കലി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് മലയാളം വിക്കിപീഡിയ തുടങ്ങിയത്. 'ഗവേഷണ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഒരു പക്ഷെ എന്നെ പിടികൂടിയ ഗൃഹാതുരത്വത്തിനു ഒരു മറുമരുന്ന് ആയിരുന്നായിരിക്കണം ഈ ഹോബി പ്രൊജക്റ്റ് '- ഈമെയില്‍ ഇന്റര്‍വ്യൂവില്‍ വിനോദ് പ്രഭാകരന്‍ പറഞ്ഞു.

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് വിശ്രമജീവിതം നയിക്കുന്ന മുന്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറും ഗണിതാധ്യാപകനുമായ പ്രഭാകരന്‍ നായരുടെയും, ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച മാലതി ദേവിയുടെയും മകനായ വിനോദ്, ഇപ്പോള്‍ മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി (ടി.ഐ.എഫ്.ആര്‍)ന് കീഴിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സില്‍ റീഡറാണ്.

മലയാളം വിക്കിപീഡിയയ്ക്ക് വിനോദ് തുടക്കമിടുമ്പോള്‍, ഓണ്‍ലൈനില്‍ മലയാളം എഴുതാനും തിരുത്താനും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ മലയാളം കാണാനുമുള്ള മാര്‍ഗങ്ങള്‍ പരിമിതമായിരുന്നു. മലയാളം ലിപികളെ സംബന്ധിച്ച യുണീകോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടേയുള്ളൂ അന്ന്. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി ലഭ്യമായിരുന്ന കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമുകളൊന്നും തന്നെ മലയാളത്തെ പിന്തുണച്ചിരുന്നുമില്ല. കൂടാതെ, പ്രധാന ബ്രൗസറുകളായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ് എന്നിവയില്‍ മലയാളം അക്ഷരങ്ങള്‍ ശരിക്കു കാണാനും കഴിയുമായിരുന്നില്ലവിനോദ് ഓര്‍ക്കുന്നു.

അത്തരമൊരു പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ സഹകരണത്തിലൂടെ ചേര്‍ത്തും തിരുത്തിയും വളരേണ്ട മലയാളം വിക്കിപീഡിയ സംരംഭം തുടങ്ങിയത്. സിബു ജോണി വികസിപ്പിച്ച വരമൊഴി എന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ പ്രോഗ്രാമും, തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റ് രൂപംനല്‍കിയ തൂലിക യുണീകോഡ് ഫോണ്ടും, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസും ലിനക്‌സും മലയാളം വിക്കിപീഡിയുടെ തുടക്കത്തില്‍ വിനോദിന്റെ പണിയായുധങ്ങളായി. ഫോണ്ട് പ്രശ്‌നങ്ങളില്‍ സിബു ജോണി തുണയ്‌ക്കെത്തി. അന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തന്റെ സഹോദരന്‍ മനോജ് പ്രഭാകരനും സഹായവും പ്രോത്സാഹവുമേകി - വിനോദ് ഓര്‍ക്കുന്നു.

'മലയാളം അക്ഷരമാല, ഓണം, ശ്രീനാരായണ ഗുരു, വൈക്കം മുഹമ്മദ് ബഷീര്‍, ഇ.എം.എസ് എന്നിങ്ങനെ ചില ആദ്യകാല ലേഖനങ്ങള്‍ എഡിറ്റ് ചെയ്തത് ഒഴിച്ചാല്‍, മലയാളം വിക്കിപീഡിയ വായിക്കുകയും, അതിലേക്ക് ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് അനായാസമാക്കാനുള്ള ചില ശ്രമങ്ങളാണ് ഞാന്‍ പ്രധാനമായി നടത്തിയത്. അതിനോട് സഹകരിക്കാന്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ടെക്‌നോളജിയുമായി ബന്ധമുള്ള ചെറിയൊരു ഗ്രൂപ്പിന് വെളിയിലേക്ക് അതെത്തിയില്ല'-വിനോദ് പറയുന്നു. മാത്രമല്ല, 'മലയാളത്തിലെഴുതിയ ലേഖനങ്ങള്‍ വായിക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് കമ്പ്യൂട്ടറില്‍ വരുത്തേണ്ടതെന്ന് മറ്റുള്ളവരോട് വിശദീകരിക്കാന്‍ തന്നെ ഏറെ സമയം ചെലവിടേണ്ടിയും വന്നു'.

ആത്യന്തികമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാവുകയും, മലയാളം യുണീകോഡിന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ (ലിനക്‌സിന്റെയും) പിന്തുണ ലഭിക്കുകയും ചെയ്തതാണ് മലയാളം വിക്കിപീഡിയയുടെയും ബ്ലോഗുകളുടെയും ശരിയായ വളര്‍ച്ചയ്ക്ക് പശ്ചാത്തലമൊരുക്കിയത്. 'മലയാളം വിക്കിപീഡിയയുടെ ആദ്യ പേജ് ഞാന്‍ എഡിറ്റ് ചെയ്യുന്ന വേളയില്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഗതികളായിരുന്നു!' -വിനോദ് ഓര്‍ക്കുന്നു. 'വൈകിയാണ് ഉണ്ടായതെങ്കിലും, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. അത് ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്'.

ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ഏറെ സമയം ചെലവിടാന്‍ താന്‍ ഒരിക്കലും തീരുമാനിച്ചിരുന്നില്ലെന്ന് വിനോദ് പറയുന്നു. 'അതിന് തുടക്കമിടുക, എങ്ങനെ മലയാളത്തില്‍ എഴുതാനും എഡിറ്റു ചെയ്യാനും കഴിയുമെന്ന് വിവരിക്കുക. സ്വാഭാവികമായും കുറച്ചു സന്നദ്ധപ്രവര്‍ത്തകര്‍ എത്തും, അവര്‍ മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊള്ളും. ഇതായിരുന്നു പ്രതീക്ഷ. അത് അമിതപ്രതീക്ഷയായിപ്പോയി എന്ന് വൈകാതെ ബോധ്യമായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പക്ഷേ, സംഭവിച്ചത് മറ്റൊന്നല്ല, ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്'-അദ്ദേഹം പറയുന്നു.

'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു'.

വിക്കിഗ്രന്ഥശാല

Fun & Info @ Keralites.netമലയാളം വിക്കിസംരംഭങ്ങള്‍ വിക്കിപീഡിയ കൊണ്ട് അവസാനിക്കുന്നില്ല. കുറഞ്ഞത് മലയാളം'വിക്കിഗ്രന്ഥശാല'യെക്കുറിച്ചെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്ത ഒട്ടേറെ പഴയ കൃതികള്‍ ഇപ്പോള്‍ വിക്കിഗ്രന്ഥശാലയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

എഴുത്തച്ഛന്റെ അത്യാത്മരാമായണവും, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും, സ്വദേശാഭിമാനിയുടെ വൃത്താന്തപത്രപ്രവര്‍ത്തനവും, സി.വി.രാമന്‍പിള്ളയുടെ ധര്‍മരാജയും, സത്യവേദപുസ്തകവും, കേരളോല്‍പ്പത്തിയും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, ആശാന്‍ കൃതികളും ഉള്‍പ്പടെ, വിലപ്പെട്ട ഡസണ്‍ കണക്കിന് മലയാളം ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് വിക്കിഗ്രന്ഥശാല വഴി വായിക്കാം.

ഈ പുസ്തകങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഒട്ടേറെ മലയാളികള്‍ പങ്കുചേരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണെന്നതും, 'ഐടി അറ്റ് സ്‌കൂള്‍' പദ്ധതി വഴി വിദ്യാര്‍ഥികളും അധ്യാപകരും കമ്പ്യൂട്ടര്‍ മലയാളത്തിന്റെ ലോകത്തേക്ക് എത്തുന്നതിന്റെ തെളിവാണിതെന്നതും പ്രതീക്ഷയേക്കുന്നു.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment