പുതിയ കാര്‍ വാങ്ങുമ്പോള്‍
അംബാസഡറിന്റെയും ഹെറാള്‍ഡിന്റെയും പത്മിനിയുടെയും കാലത്ത് പുതിയ കാര്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നില്ല. ഈ മൂന്നില്‍ ഒന്ന് സെലക്ട് ചെയ്താല്‍ കാര്യം കഴിഞ്ഞു. തന്നെയുമല്ല, ഇവയുടെ ഗുണദോഷങ്ങള്‍ നാട്ടിലെങ്ങും പാട്ടായിരുന്നുതാനും. കാരണം, വിലയിരുത്തപ്പെടാന്‍ കൂടുതല്‍ മോഡലുകളൊന്നും വിപണിയിലുണ്ടായിരുന്നില്ലല്ലോ. അംബാസഡറിന്റെ പുതിയ വേരിയന്റുകള്‍-മാര്‍ക്ക് രണ്ട്, മൂന്ന്, നാല് എന്നൊക്കെയായിരുന്നു, പേരുകള്‍- വിപണിയിലെത്തുന്നത് കാത്തിരിക്കുന്നവരായിരുന്നു വാഹനപ്രേമികള്‍. ഗ്രില്ലിന്റെയോ ടെയ്ല്‍ ലാമ്പിന്റെയോ ചെറിയ മാറ്റങ്ങളാണ് മാര്‍ക്ക് രണ്ടിനെ മൂന്നും നാലുമൊക്കെയാക്കി മാറ്റിയിരുന്നത്! പക്ഷേ, അന്നൊക്കെ ആ മാറ്റങ്ങള്‍ പോലും ഉത്സവങ്ങളായിരുന്നു. നാലോ അഞ്ചോ വര്‍ഷത്തിനുശേഷം സംഭവിക്കുന്ന മാര്‍ക്ക് മൂന്നിനും നാലിനുംവേണ്ടി ജനസാമാന്യം കാത്തിരുന്നു.ആ കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ എത്ര വാഹനനിര്‍മാതാക്കളുണ്ടെന്ന് ഓര്‍മിച്ചെടുക്കണമെങ്കില്‍പ്പോലും ഏറെനേരം വേണം. നിര്‍മാണമില്ലെങ്കിലും ഇന്ത്യയില്‍ വില്പനയുള്ള മോഡലുകളും നിരവധി.
പുതുതായി കാര്‍ വാങ്ങാനാഗ്രഹിക്കുന്നയാളിന്റെ മുന്നില്‍ പുതുകമ്പനികളും പുതുമോഡലുകളും നിരക്കുന്നു. ഒരേ മോഡലിനുതന്നെ നിരവധി വേരിയന്റുകള്‍. വിവിധ വേരിയന്റുകള്‍ക്കുതന്നെ വിവിധ ഫീച്ചറുകള്‍; ആക്‌സസറികള്‍. പത്രമാസികകളിലെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളും ഡീലര്‍മാരുടെ വാഗ്ദാനങ്ങളും വിപണിയിലെ മോഡല്‍ പെരുപ്പവും കണ്ട് അന്തംവിട്ടു നില്ക്കുമ്പോള്‍ നിങ്ങള്‍ സ്വയം ചോദിച്ചുപോകും, ഏതു കാര്‍ വാങ്ങണം?
എന്നാല്‍, ആദ്യമായി കാര്‍ വാങ്ങുന്നയാള്‍ തീരുമാനമെടുക്കും മുന്‍പ് സ്വയമൊരു ചോദ്യം ചോദിക്കണം- എനിക്ക് കാര്‍ വേണോ?
കാര്‍ വേണോ?
സുഹൃത്തുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കുമൊക്കെ കാറുള്ളതുകൊണ്ട് എനിക്കും ഒരു കാര്‍ വേണം എന്നതാണ് മനോഭാവമെങ്കില്‍ ഒന്നുകൂടി ചിന്തിക്കുക: ഇപ്പോള്‍ കാര്‍ ഒരാവശ്യമാണോ? ഒരു വര്‍ഷംകൂടി കാറില്ലാതെ ജീവിച്ചുകൂടെ?
കാര്‍ ആഡംബരമല്ല; ആവശ്യമാണ് എന്നുണ്ടെങ്കില്‍ മാത്രമേ കാര്‍ വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാവൂ. നിശ്ചിതവരുമാനമുള്ള ഇടത്തരക്കാരന്‍ പുതിയ കാര്‍ സ്വപ്‌നം കാണുമ്പോള്‍ മനസ്സിലൊരു ബജറ്റിന് രൂപം നല്കാറുണ്ട്. കാര്‍ വാങ്ങുമ്പോള്‍ ആദ്യം നല്കുന്ന തുക അഥവാ ഡൗണ്‍ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും (ഈക്വല്‍ മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) മാത്രമേ സാധാരണയായി ബജറ്റില്‍ ഉള്‍പ്പെടാറുള്ളൂ. കാറിനു വേണ്ടിവരുന്ന റണ്ണിങ് കോസ്റ്റി (ഇന്ധനം, മെയിന്റനന്‍സ് ചെലവ്)നെപ്പറ്റി ചിന്തിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ഇത് പലപ്പോഴും ഇഎംഐയെക്കാള്‍ കൂടുതലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം.
ഉദാഹരണമായി, വാങ്ങുന്ന കാറിന്റെ വില 3 ലക്ഷം രൂപയാണെന്നിരിക്കട്ടെ. 50,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്കി, 2.5 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ പ്രതിമാസം 5000 രൂപയിലേറെ ഇഎംഐ അടയ്ക്കണം. ഇനി റണ്ണിങ് കോസ്റ്റ് നോക്കുക: ഇത് ഒരു മാസം ഏകദേശം 4000 രൂപയോളമാകും. മെയിന്റനന്‍സ് ചെലവും സ്‌പെയര്‍പാര്‍ട്‌സ് ചെലവും വേറെ. ഓട്ടത്തിനിടയില്‍ ആക്‌സിഡന്റ് എന്തെങ്കിലും സംഭവിച്ചാല്‍, ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍പ്പോലും റിപ്പയറിങ്ങിന്റെ ചെറിയൊരു ശതമാനം വാഹന ഉടമ നല്കണം. ആ ചെലവും മനസ്സില്‍ കാണണം.
റണ്ണിങ് കോസ്റ്റിന്റെ കാര്യത്തില്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന മറ്റു രണ്ട് കാര്യങ്ങളുണ്ട്: ടാക്‌സും ഇന്‍ഷുറന്‍സും. പുതിയ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്കും. 3 ലക്ഷം രൂപ വിലയുള്ള കാറിന് ടാക്‌സ് 10,000 രൂപയിലേറെ വരും. ഇന്‍ഷുറന്‍സ് പ്രതിവര്‍ഷം 5000 രൂപയ്ക്കു മേലേയും. ഇവയും റണ്ണിങ് കോസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? അതുപോലെ, റിപ്പയറിങ്ങിനായി ഇന്‍ഷുറന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം അടയ്ക്കുമ്പോള്‍ തുകയുടെ 15 ശതമാനം കൂടുതല്‍ നല്കണം. ഉദാഹരണമായി, ഈ വര്‍ഷം 5000 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചതെന്നിരിക്കട്ടെ. ക്ലെയിമിനു ശേഷം അടുത്ത വര്‍ഷം അടയ്‌ക്കേണ്ടിവരുന്നത് 5750 രൂപയായിരിക്കും.
സ്വന്തമായി കാറുണ്ടെങ്കില്‍ യാത്രകളുടെ എണ്ണവും കൂടും. ബസ്സിലോ മറ്റോ യാത്ര ചെയ്യേണ്ടതുകൊണ്ട് ഒഴിവാക്കുന്ന പല യാത്രകളും 'പോയേക്കാം' എന്നു തീരുമാനിപ്പിക്കാന്‍ കാറിനു കഴിയും. കൂടാതെ ദേവാലയ ദര്‍ശനം, വിനോദയാത്ര എന്നിവയുടെ എണ്ണവും കാര്‍ വര്‍ധിപ്പിക്കും. ഫലം: ചെലവിന്മേല്‍ ചെലവ്.
ചുരുക്കിപ്പറഞ്ഞാല്‍, പ്രതിമാസം 5000 രൂപ വായ്പ ഗഡു അടയ്ക്കുന്ന കാര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ചെലവാകുന്നത് 10,000ലേറെ രൂപ.
ഇനി ഒന്നുകൂടി ചിന്തിക്കുക: ഇപ്പോള്‍ കാര്‍ ഒരു ആവശ്യമാണോ?
കാര്‍ ആവശ്യമാണെങ്കില്‍
കാര്‍ ആവശ്യമാണെന്നാണ് ഉത്തരമെങ്കില്‍ ഇനി അന്വേഷണങ്ങളു
ടേയും വിലയിരുത്തലുകളുടേയും തീരുമാനങ്ങളുടേയും കാലമാണ്.
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴഞ്ചൊല്ല് ഓര്‍മിക്കുക. വായില്‍ വെള്ളമൂറിക്കുന്ന ഭാവഹാവാദികളോടെ, നിരത്തിലൂടെ കടന്നുപോകുന്ന പല കാറുകളുടേയും ഉള്ളില്‍ നിറഞ്ഞിരിക്കുന്നത് മെയിന്റനന്‍സുകളെന്ന വിഷ സര്‍പ്പങ്ങളും സ്‌പെയര്‍പാര്‍ട്‌സുകളെന്ന മുള്‍പ്പടര്‍പ്പുകളുമായിരിക്കും.
അതുകൊണ്ട്, പുതിയ കാര്‍ വാങ്ങുംമുന്‍പ് ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.
എത്രയാകാം, ബജറ്റ്?
സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന ഏതൊരു കാര്യത്തിലും തീരുമാനമെടുക്കുന്നത് ബുദ്ധിപൂര്‍വമായിരിക്കണമല്ലോ; അഞ്ച്-ഏഴ് വര്‍ഷത്തേക്ക് പ്രതിമാസവരുമാനത്തില്‍നിന്ന് വായ്പത്തുക അടയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇനി, രൊക്കം പണം നല്കി കാറെടുക്കുന്നവരാണെങ്കിലും ശ്രദ്ധിക്കുക- വാഹനം ഒരിക്കലും നല്ലയൊരു നിക്ഷേപമാര്‍ഗമല്ല. ഏഴു ലക്ഷം രൂപ മുടക്കി ഭൂമി വാങ്ങി, അഞ്ചു വര്‍ഷം കഴിഞ്ഞു വിറ്റാല്‍, കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കിയാല്‍ ഇരട്ടി ലാഭം നേടാം. എന്നാല്‍ ഏഴു ലക്ഷം രൂപയുടെ കാര്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വിറ്റാല്‍ കിട്ടുന്നത് നേര്‍പകുതി തുകയായിരിക്കും. അതിനിടെ മെയിന്റനന്‍സിനും മറ്റും വലിയൊരു സംഖ്യ ചെലവാകുകയും ചെയ്യും. അതുകൊണ്ട് പുതിയ കാര്‍ വാങ്ങാന്‍ എത്ര രൂപ മുടക്കാന്‍ കഴിയുമെന്ന് ബുദ്ധിപൂര്‍വം ചിന്തിക്കുക.
ഏതു സെഗ്‌മെന്റ്?
കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന 'എ' സെഗ്‌മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗീകരണങ്ങള്‍ വേറെയുമുണ്ട്. പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്‌പേസ് ഉള്ളവയാണ് സെഡാനുകള്‍. ഉദാ: ഫോര്‍ഡ് ഐക്കണ്‍, എസ്റ്റീം, കൊറോള. പാസഞ്ചര്‍ ക്യാബിനുള്ളില്‍ത്തന്നെ ബൂട്ട് സ്‌പേസ് ഉള്ളവയാണ് ഹാച്ച് ബാക്കുകള്‍. ഇവയുടെ പിന്‍ഭാഗം തുറന്നാല്‍ കാണുക പാസഞ്ചര്‍ ക്യാബിനാണ്. ഉദാ: മാരുതി 800, ആള്‍ട്ടോ, വാഗണ്‍ ആര്‍, അവിയോ യുവ.
ഹാച്ച് ബാക്കിന്റെ പരിമിതിധാരാളം സ്ഥലസൗകര്യം വേണ്ടവര്‍ക്ക് ഹാച്ച് ബാക്ക് മോഡല്‍ അപര്യാപ്തമാണ്. പിന്‍സീറ്റിനു പിറകിലെ വളരെ ചെറിയ സ്ഥലമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലഭിക്കുകയുള്ളൂ. അതില്‍ത്തന്നെ കുറേ ഭാഗം സ്റ്റെപ്പിനി ടയര്‍ അപഹരിക്കും. ഗ്യാസ് കണ്‍വേര്‍ഷന്‍ നടത്താന്‍ പരിപാടിയുണ്ടെങ്കില്‍ ബൂട്ട്‌സ്‌പേസിന്റെ ബാക്കിയുള്ള സ്ഥലം ഗ്യാസ് ടാങ്കും കയ്യടക്കും. അതോടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒട്ടും സ്ഥലസൗകര്യമില്ലാതാകും. ഇത് ധാരാളം പ്രായോഗികബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പിന്നെയുള്ള ഒരു പരിഹാരം റൂഫില്‍ കാരിയര്‍ സ്ഥാപിക്കുക എന്നതാണ്. എന്നാല്‍ കാരിയറില്‍ സാധനങ്ങള്‍ കെട്ടിവെക്കുന്നത് സുരക്ഷിതമല്ല. തന്നെയുമല്ല, അഴിക്കലും കെട്ടലുമൊക്കെയായി മനസ്സുമടുപ്പിക്കുന്ന പരിപാടിയാണത്. അതുകൊണ്ട്, ഏറെ യാത്രകളില്ലാത്ത ചെറുകുടുംബങ്ങള്‍ക്കേ ഹാച്ച് ബാക്ക് യോജിക്കൂ. മൂന്നംഗങ്ങള്‍ മാത്രമുള്ള കുടുംബമാണെങ്കില്‍ പിന്‍സീറ്റിന്റെ ബാക്കിഭാഗത്തും സാധനങ്ങള്‍ സൂക്ഷിച്ച് ഹാച്ച്ബാക്കിന്റെ പരിമിതിയെ മറികടക്കാം.
സെഡാന്റെ ഗുണങ്ങള്‍
ധാരാളം ബൂട്ട്‌സ്‌പേസുണ്ടാകും, സെഡാന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം ബാക്കി. പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും.സാധാരണയായി 'സി' വിഭാഗത്തിലാണ് സെഡാനെ ഉള്‍പ്പെടുത്താറ്. എന്നാല്‍ വില കുറഞ്ഞ ചില എന്‍ട്രിലെവല്‍ സെഡാനുകള്‍ 'ബി പ്ലസ് ' സെഗ്‌മെന്റിലുമുണ്ട്.
ഇനി തീരുമാനത്തിലെത്താം
ഏത് സെഗ്‌മെന്റില്‍പ്പെടുന്ന കാര്‍ വേണമെന്ന് തീരുമാനിച്ചാല്‍ പിന്നെ എത്ര രൂപവരെ കാറിനായി മുടക്കാം എന്നാണ് ചിന്തിക്കേണ്ടത്. വായ്പയെടുത്താണ് കാര്‍ വാങ്ങുന്നതെങ്കില്‍ പ്രതിമാസവരുമാനത്തിന്റെ പത്തു ശതമാനത്തിനുള്ളില്‍ കാറിന്റെ ഇഎംഐ-മെയിന്റനന്‍സ് ചെലവുകള്‍ നിര്‍ത്താന്‍ കഴിയണമെന്നാണ് ധനകാര്യവിദഗ്ധര്‍ പറയുന്നത്. അതായത്, 10,000 രൂപ വരുമാനമുള്ള വ്യക്തി കാറിനായി പ്രതിമാസം 1000 രൂപയേ ചെലവഴിക്കാവൂ. അല്ലെങ്കില്‍ കുടുംബ ബജറ്റ് താളം തെറ്റും.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ബജറ്റും കാറിന്റെ സെഗ്‌മെന്റും തീരുമാനിച്ചുകഴിഞ്ഞാല്‍ ഇനി മോഡലിനായുള്ള അന്വേഷണം തുടങ്ങാം.
അന്വേഷണവഴികള്‍
നിങ്ങള്‍ക്ക് കാര്‍ വാങ്ങാനായി ചെലവഴിക്കാവുന്ന തുക ഏഴു ലക്ഷം രൂപയാണെന്നിരിക്കട്ടെ, മനസ്സിലുള്ളത് സെഡാന്‍ മോഡലും. അപ്പോള്‍ ഏഴു ലക്ഷം രൂപയില്‍ ഒതുങ്ങുന്ന സെഡാന്‍ മോഡലുകളെപ്പറ്റിയാണ് പഠിക്കേണ്ടത്.
ഈ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന കാറുകള്‍ ഏതൊക്കെയാണെന്നറിയാന്‍ ഓട്ടോമൊബൈല്‍ മാഗസിനുകളെ ആശ്രയിക്കുകയാണ് ഒരു മാര്‍ഗം. ഇന്ത്യയില്‍ ലഭ്യമായ ഓട്ടോമാഗസിനുകളിലെല്ലാം എല്ലാ മോഡലുകളുടേയും എഞ്ചിന്‍ കപ്പാസിറ്റിയും ഫീച്ചേഴ്‌സും വിലയും കൊടുത്തിട്ടുണ്ട്. മറ്റൊരു മാര്‍ഗം ഇന്റര്‍നെറ്റാണ്. പല ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകളിലും വാഹനഭ്രാന്തന്മാരുടെ ബ്ലോഗുകളിലും കാറുകളുടെ വിലകളും വിശദവിവരങ്ങളും കൊടുത്തിട്ടുണ്ട്.
എന്നാല്‍, ഇവയിലെല്ലാം കാണുക കാറുകളുടെ മുംബൈ-ഡല്‍ഹി നഗരങ്ങളിലെ വിലകളായിരിക്കും. കേരളത്തിലെ വില അതില്‍നിന്നും വ്യത്യസ്തമായിരിക്കും. മിക്ക വാഹനനിര്‍മാതാക്കളുടേയും വെബ്‌സൈറ്റുകളില്‍ ഓരോ സംസ്ഥാനങ്ങളിലേയും അവരുടെ ഡീലര്‍മാരുടെ വിശദവിവരങ്ങളും അതത് സംസ്ഥാനങ്ങളിലെ മോഡല്‍ വിലകളും നല്കിയിട്ടുണ്ടാവും. അങ്ങനെ കേരളത്തിലെ വില കണ്ടുപിടിക്കാം.
ഏഴു ലക്ഷം രൂപയില്‍ ഒതുങ്ങുന്ന 5 സെഡാന്‍ മോഡലുകളുടെ വിലകള്‍ നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. ഒന്നോര്‍ക്കൂ: ഈ വിലയോടൊപ്പം റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയും ഉപഭോക്താവ് നല്‌കേണ്ടതുണ്ട്. ആ തുക ബാങ്ക് വായ്പയിലും ഉള്‍പ്പെടുന്നില്ല. ഏഴു ലക്ഷം രൂപ വില വരുന്ന കാറിന് ആദ്യവര്‍ഷം 20,000 രൂപയോളം ഇന്‍ഷുറന്‍സും അത്രത്തോളം തന്നെ ടാക്‌സും നല്‌കേണ്ടിവരും.
വില മനസ്സിലാക്കിയല്ലോ. വായ്പയെടുത്ത് കാര്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ ഇനി ചെയ്യേണ്ടത് ബാങ്കിനെ അല്ലെങ്കില്‍ ധനകാര്യസ്ഥാപനത്തെ സമീപിക്കുകയാണ്. ഏഴു ലക്ഷം രൂപയുടെ കാറിന് എത്ര രൂപ വായ്പ ലഭിക്കും, എത്ര രൂപ ഡൗണ്‍ പേയ്‌മെന്റായി അടയ്‌ക്കേണ്ടിവരും, എത്രയാണ് പ്രതിമാസ വായ്പാത്തുക അഥവാ ഇഎംഐ, കുറച്ചു പണം ഒരുമിച്ചടച്ച് പിന്നീട് ലോണ്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ ബാങ്കിന് നഷ്ടപരിഹാരം നല്‌കേണ്ടതുണ്ടോ, ഇഎംഐ ഒരുമാസം അടയ്ക്കാന്‍ വൈകിയാല്‍ എത്രയാണ് ഫൈന്‍ അടയ്‌ക്കേണ്ടത്, ലോണിന്റെ പ്രോസസിങ് ഫീസ് എത്രയാണ് എന്നിവ അന്വേഷിക്കുക. പല ബാങ്കുകള്‍ക്കും വാഹനവായ്പാപലിശ വ്യത്യസ്തമായതിനാല്‍ നാലോ അഞ്ചോ ബാങ്കുകളെ സമീപിച്ച് കുറഞ്ഞ പലിശ ആവശ്യപ്പെടാം. ആധുനിക സ്വകാര്യബാങ്കുകളെയാണ് വായ്പയ്ക്കായി സമീപിക്കുന്നതെങ്കില്‍ ധൈര്യമായി പലിശ 'പേശാം'. പലപ്പോഴും അര - ഒരു ശതമാനംവരെ പലിശനിരക്ക് കുറയ്ക്കാന്‍ ആ ബാങ്കിന്റെ മാനേജര്‍ മനസ്സുവെച്ചാല്‍ മതി. അതുപോലെ
ത്തന്നെ എല്ലാ മാസവും 20-ാം തീയതിക്കുശേഷം സ്വകാര്യബാങ്കുകള്‍ പലിശനിരക്ക് കുറച്ചുതരുന്ന പതിവുണ്ട്. ലോണ്‍ തുകയുടെ ടാര്‍ജറ്റ് തികയ്ക്കാനായി കഴിയുന്നത്ര വായ്പ നല്കുന്നതിന്റെ ഭാഗമായാണ് ഇത്. പ്രത്യക്ഷത്തില്‍ ബാങ്കുകള്‍ ഇത് സമ്മതിച്ചുതരില്ലെങ്കിലും അതാണ് അനുഭവം.
ബാങ്ക്, വായ്പ തരാമെന്ന് സമ്മതിച്ചുകഴിഞ്ഞാല്‍ ഇനി മോഡല്‍ നിശ്ചയിക്കാം. വായ്പാത്തുക റെഡിയായതുകൊണ്ട് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ നീക്കാന്‍ ഇനി നിങ്ങള്‍ക്കു കഴിയും.
ഏതു മോഡല്‍?
കാര്‍ വാങ്ങുന്ന കാര്യത്തില്‍ ക്ഷമയാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത 5 മോഡലുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി. ഇതിനായി പല മാര്‍ഗങ്ങള്‍ അവലംബിക്കാം. ഓട്ടോമൊബൈല്‍ മാഗസിനുകളിലെ വിവിധ മോഡലുകളുടെ കംപാരിസണ്‍ ടെസ്റ്റ് ഡ്രൈവുകളുടെ റിപ്പോര്‍ട്ടുകള്‍ അവയെക്കുറിച്ചുള്ള ഏകദേശ വിവരം നല്കും. എഞ്ചിന്‍ പവറിന്റെ താരതമ്യം, മൈലേജ്, ഡ്രൈവിങ് കംഫര്‍ട്ട്, പിന്‍സീറ്റ് യാത്രക്കാരുടെ കംഫര്‍ട്ട്, സുരക്ഷോപാധികള്‍, സസ്‌പെന്‍ഷന്റെ മികവ്, മൊത്തത്തിലുള്ള കുറവുകള്‍ എന്നിവ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകളില്‍ വിലയിരുത്തപ്പെടുന്നു.
ടെലിവിഷന്‍ ചാനലുകളിലെ ചില ഓട്ടോമൊബൈല്‍ പ്രോഗ്രാമുകള്‍ വീക്ഷിക്കുന്നതും ഗുണം ചെയ്യും. മാഗസിനുകളിലെ ടെസ്റ്റ്‌ഡ്രൈവ് റിപ്പോര്‍ട്ടുകളുടെ ദൃശ്യരൂപം ഇതിലൂടെ കണ്ട്, കാറുകളെ വിലയിരുത്താം.
ഇതിലൊക്കെ പ്രധാനം, ആ മോഡലുകള്‍ ഉപയോഗിക്കുന്നവരുടെ 'ഫീഡ് ബാക്കു'കളാണ്. അതിനായി, സുഹൃത്തുക്കളോടും ബന്ധുക്കളോടും അയല്‍പക്കക്കാരോടും നിങ്ങള്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും ഈ മോഡലുകളൊക്കെ പരിഗണിക്കുന്നതായും പറയുക. അവരുടെ പരിചയത്തിലുള്ള പലരും അവ ഓടിക്കുന്നുണ്ടാവാം. നിത്യോപയോഗത്തില്‍ ആ കാര്‍ എങ്ങനെ പെരുമാറുന്നു എന്നറിയാന്‍ ഇതിലും എളുപ്പവഴിയില്ല.
മൈലേജ്, അറ്റകുറ്റപ്പണി, ഡ്രൈവിങ് കംഫര്‍ട്ട് എന്നിവ സ്ഥിരമായി ഓടിക്കുന്നവര്‍ക്കേ കൃത്യമായി പറയാന്‍ കഴിയൂ. അതുകൊണ്ട് ആ ഫീഡ് ബാക്കുകള്‍കൂടി പരിഗണിക്കുമ്പോള്‍ നിങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത മോഡലുകള്‍ 5ല്‍ നിന്ന് 3 ആയി ചുരുങ്ങിയേക്കാം.
ഇനി ചിന്തിക്കുക
ഇനി ചിന്തിക്കേണ്ട സമയമാണ്. ഈ മൂന്നു മോഡലുകളില്‍ ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്നറിയണമെങ്കില്‍ നിങ്ങളുടെ ഉപയോഗരീതികളെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.
ഒരു മാസം നിങ്ങള്‍ എത്ര കിലോമീറ്റര്‍ ഓടിക്കും?
വീട്ടില്‍ എത്ര അംഗങ്ങളുണ്ട്?
ബൂട്ട് സ്‌പേസ് എത്ര ആവശ്യമുണ്ട്?
സ്ഥിരമായി ഓടിക്കുന്നയാള്‍ക്ക് എത്ര ഉയരമുണ്ട്?
സാധാരണ ഓടിക്കാറുള്ളത് ഏതു തരം വഴികളിലാണ്?
സുരക്ഷയ്ക്ക് എത്ര പ്രാധാന്യം കൊടുക്കുന്നയാളാണ് നിങ്ങള്‍?
ഏതു വാഹനനിര്‍മാതാവ്?
എത്ര കിലോമീറ്റര്‍ ഓടിക്കും?
പ്രതിമാസം എത്ര കിലോമീറ്റര്‍ ഓടിക്കും എന്ന ചോദ്യത്തിനുത്തരം വിരല്‍ ചൂണ്ടുന്നത് മൈലേജ്, മെയിന്റനന്‍സ് കോസ്റ്റ് എന്നിവയിലേക്കാണ്. ഓടുന്ന കിലോമീറ്ററിന്റെ എണ്ണം കൂടുന്നതനുസരിച്ച് കാറുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വര്‍ധിക്കും.
പ്രതിമാസം 1000 കിലോമീറ്ററിനു മേലെ ഓടുമെങ്കില്‍ ഡീസല്‍ കാറാണ് ഉത്തമം. ഡീസല്‍ കാറുകള്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്ന നാളുകള്‍ കഴിഞ്ഞു. 50,000 കിലോമീറ്ററില്‍ എഞ്ചിന്‍പണി വരുന്ന പഴഞ്ചന്‍ എഞ്ചിനുകളല്ല, ഇപ്പോള്‍ ഡീസല്‍ വിപണിയിലുള്ളത്. വളരെ ചെറിയ കാറുകളില്‍പ്പോലും അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ന്ന ഡീസല്‍
എഞ്ചിനുകള്‍ വന്നുകഴിഞ്ഞു. രണ്ടു ലക്ഷം കിലോമീറ്റര്‍വരെ ഈ എഞ്ചിനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. അതിനുശേഷം എഞ്ചിന്‍ ഓവര്‍ഹോളിങ് വന്നാല്‍പ്പോലും പഴയതുപോലെ ചെലവേറിയ കാര്യമല്ല, അത്.
പീരിയോഡിക്കല്‍ സര്‍വീസിങ്ങിന്, പെട്രോള്‍ കാറുകളേക്കാള്‍ ചെലവുകൂടുമെന്നതാണ് ഡീസല്‍ എഞ്ചിനുകളുടെ പ്രശ്‌നം. ഫില്‍റ്ററുകളും എഞ്ചിന്‍ ഓയിലും കുറഞ്ഞ ഇടവേളകളില്‍ മാറേണ്ടിവരും. പിന്നെ, എഞ്ചിന്റെ ഭാരക്കൂടുതല്‍മൂലം ടയറിന്റെ തേയ്മാനവും കൂടും. പക്ഷേ, ഡീസലിന്റെയും പെട്രോളിന്റെയും വില താരതമ്യം ചെയ്യുമ്പോള്‍ അതൊരു വലിയ നഷ്ടമല്ല.
എത്ര അംഗങ്ങളുണ്ട്?
അഞ്ചു പേര്‍ക്കാണ് സാമാന്യം വലിപ്പമുള്ള ഒരു കാറില്‍ യാത്ര ചെയ്യാന്‍ കഴിയുക. പക്ഷേ, പിന്‍സീറ്റില്‍ മൂന്നു പേര്‍ക്ക് യാത്ര അത്ര സുഖകരമൊന്നുമാവില്ല; പ്രത്യേകിച്ച്, ദീര്‍ഘദൂരയാത്രകളില്‍. ടാറ്റാ സുമോ, ടൊയോട്ട, ഇന്നോവ തുടങ്ങിയ മള്‍ട്ടി പര്‍പ്പസ് വാഹന(എംപിവി)ങ്ങളില്‍ മൂന്നാംനിര സീറ്റുണ്ടെങ്കിലും അതും മുതിര്‍ന്നവര്‍ക്ക് ദീര്‍ഘദൂരയാത്രകള്‍ക്ക് ഉതകുകയില്ല. ലെഗ് സ്‌പേസ് കുറവാണ് എന്നതാണ് കാരണം.
സ്ഥിരമായി കാര്‍യാത്ര ചെയ്യുന്ന അംഗങ്ങളുടെ എണ്ണം കണക്കിലെടുത്തുവേണം, കാറേതെന്നു നിശ്ചയിക്കാന്‍. അംഗങ്ങളുടെ എണ്ണം കൂടുന്തോറും ലഗേജിന്റെ എണ്ണവും കൂടുമെന്ന് ഓര്‍ക്കുക.
ബൂട്ട് സ്‌പേസ്
നേരത്തെ പറഞ്ഞതുപോലെ അംഗങ്ങളുടെ എണ്ണവും ലഗേജിന്റെ എണ്ണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.അഞ്ച് അംഗങ്ങളും ഗ്യാസ് കണ്‍വേര്‍ഷന്‍ കിറ്റുമുണ്ടെങ്കില്‍ ഹാച്ച് ബാക്കിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട. വലിപ്പമുള്ള സെഡാന്‍ കാര്‍തന്നെയാണ് ഉത്തമം. അല്ലെങ്കില്‍ എംപിവികളെപ്പറ്റിയും ചിന്തിക്കാം.
എത്ര ഉയരമുണ്ട്, ഡ്രൈവര്‍ക്ക്?
വളരെ പ്രധാനപ്പെട്ട കാര്യമാണ് ഡ്രൈവറുടെ ഉയരം. ചില കാറുകള്‍ക്ക് ഉയരം വളരെ കുറവായിരിക്കും. ഉദാ: മാരുതി ബെലേനോ, ഹ്യുണ്ടായ് ആക്‌സന്റ്. ഉയരമുള്ളവര്‍ക്ക് കയറാനും ഇറങ്ങാനും വളരെ ബുദ്ധിമുട്ടാണ് ഇത്തരം മോഡലുകളില്‍. പ്രത്യേകിച്ച് സ്റ്റിയറിങ്ങിന്റെ ബന്ധനത്തില്‍നിന്ന് രക്ഷപ്പെട്ട് ഉയരമുള്ള ഡ്രൈവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ കഷ്ടപ്പെടേണ്ടിവരും.
അങ്ങനെയുള്ളവര്‍ പുതിയ ഹോണ്ടസിറ്റി പോലെയുള്ള ഉയരമുള്ള കാറുകളോ എംപിവി-എസ് യുവികളോ പരിഗണിക്കുന്നതായിരിക്കും, നല്ലത്.
പ്രായമുള്ളവര്‍ക്കും ഉയരം കുറഞ്ഞ കാറുകളില്‍നിന്നുള്ള കയറ്റിറക്കങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. വീട്ടിലെ സ്ഥിരാംഗങ്ങളില്‍ പ്രായാധിക്യമുള്ളവരുണ്ടെങ്കില്‍ ഉയരമുള്ള സീറ്റുകളോടുകൂടിയ കാര്‍ തിരഞ്ഞെടുക്കുക.
ഏതു തരം വഴികള്‍?
സ്ഥിരയാത്ര ഏതു തരം വഴികളിലൂടെയാണെന്നത് വളരെ പ്രധാനമാണ്. വഴിക്കനുസരിച്ചുള്ള കാര്‍ തിരഞ്ഞെടുക്കുകയാണ് നല്ലത്. ബമ്പുകളും ഹമ്പുകളും ഗട്ടറുകളും നിറഞ്ഞ റോഡുകളിലൂടെയാണ് സ്ഥിരസഞ്ചാരമെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയ കാറുകളാണു വേണ്ടത്. നാട്ടുപ്രദേശത്തെ കുണ്ടനിടവഴികളിലൂടെ യാത്ര ചെയ്യേണ്ടവര്‍ക്കും ഗ്രൗണ്ട് ക്ലിയറന്‍സുള്ള കാര്‍ വേണം.
നഗരപാതകളിലൂടെയും ഹൈവേകളിലൂടെയും സഞ്ചരിക്കുന്നതിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആവശ്യമില്ല. പക്ഷേ, കൊച്ചിപോലെയുള്ള ഭ്രാന്തന്‍ ട്രാഫിക്കുള്ള നഗരങ്ങളില്‍ നല്ല പിക്കപ്പുള്ള എഞ്ചിന്‍ ആവശ്യമാണ്. ട്രാഫിക് ബ്ലോക്കുകളില്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ സ്ഥിരമായി (എ.സി. ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും) ഫസ്റ്റ് ഗിയറില്‍ ഓടിക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാനാണിത്. ക്ലച്ച് ചവിട്ടിയാല്‍ കാല്‍ കുഴയുന്ന അനുഭവം ഈ ഗതികേടിന്റെ മറ്റൊരു വശമാണ്.
നഗരപാതകളില്‍ ഗിയര്‍ലെസ് അഥവാ ഓട്ടോമാറ്റിക് ഗിയറുള്ള കാറുകളാണ് ഏറ്റവും അനുയോജ്യം. ക്ലച്ച് ചവിട്ടുന്ന പങ്കപ്പാട് ഒഴിവാക്കാം.
എന്നാല്‍, ഓട്ടോഗിയര്‍ കാറുകള്‍ക്ക് മറ്റു മോഡലിനേക്കാള്‍ 20,000 മുതല്‍ ഒരു ലക്ഷം രൂപവരെ വില കൂടുതലുണ്ട്. തന്നെയുമല്ല, മൈലേജ് അല്പം കുറയുകയും ചെയ്യും.
സ്ഥിരമായി നഗരങ്ങളില്‍ വലിപ്പം കുറഞ്ഞ കാറുകളാണ് ഓടിക്കാനെളുപ്പം. മുന്‍ഭാഗം അഥവാ ബോണറ്റിന് നീളം കുറവുള്ള മോഡലുകളും നഗരത്തിനു ചേരും.
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പല ഭൂപ്രകൃതികളിലും ഓടിക്കേണ്ടി വരും. ഒരു വീക്കെന്‍ഡ് യാത്രയില്‍ മൂന്നാറിന്റെ ഉള്‍പ്രദേശത്തെ മലമടക്കുകളാണ് ലക്ഷ്യമെങ്കില്‍ ഫോര്‍ വീല്‍ ഡ്രൈവുതന്നെ വേണ്ടിവരും.
മഹീന്ദ്ര സ്‌കോര്‍പ്പിയോ മുതല്‍ പ്രീമിയം എസ് യുവികള്‍ക്കുവരെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളുണ്ട്.
സുരക്ഷ
എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഡിസ്‌ക് ബ്രേക്ക് തുടങ്ങി ആധുനിക കാറുകളില്‍ സുരക്ഷോപാധികള്‍ ധാരാളമുണ്ട്. മനുഷ്യജീവന് വില കൂടുതലായതുകൊണ്ട് സുരക്ഷയ്ക്കും വില കൂടും. ഉദാഹരണമായി, ആന്റി സ്‌കിഡ് ബ്രേക്ക് അഥവാ എബിഎസ് ഘടിപ്പിച്ച മോഡലിന് മറ്റു മോഡലിനേക്കാള്‍ 20,000 രൂപയെങ്കിലും കൂടും.
എന്നാല്‍ മഴയില്‍ കുതിര്‍ന്ന റോഡില്‍പ്പോലും സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ കാര്‍ മറിയാതിരിക്കാന്‍ എബിഎസ് സഹായിക്കും. എയര്‍ബാഗുകള്‍ പൊതുവേ ഡ്രൈവര്‍ക്കും മുന്‍സീറ്റ് പാസഞ്ചര്‍ക്കുമാണ് ലഭിക്കാറ്. എന്നാല്‍ ചില പ്രീമിയം കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും എയര്‍ബാഗ് സംരക്ഷണമുണ്ട്. കര്‍ട്ടന്‍ എയര്‍ബാഗ് എന്ന പേരില്‍ വശങ്ങളിലും റൂഫ് എയര്‍ബാഗ് എന്ന പേരില്‍ മേലെഭാഗത്തുമൊക്കെ എയര്‍ബാഗുകളുള്ള കാറുകളുണ്ട്. അപകടം നടക്കുമ്പോള്‍ നിവര്‍ന്ന് ബലൂണ്‍പോലെ വികസിച്ച് യാത്രക്കാരെ അതിനുള്ളില്‍ സംരക്ഷിച്ചു നിര്‍ത്തുകയാണ് എയര്‍ബാഗിന്റെ ധര്‍മം. എയര്‍ബാഗ് ഇപ്പോള്‍ ചെറിയ കാറുകളിലും ലഭ്യമാണ്. പക്ഷേ, എയര്‍ബാഗുകളുടെ എണ്ണം കൂടുമ്പോള്‍ കാറിന്റെ വിലയും കൂടും.
സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നയാളാണെങ്കില്‍ കാര്‍ വാങ്ങുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം. അതിനനുസരിച്ചുള്ള ബജറ്റ് മുന്നില്‍ കാണണമെന്നു മാത്രം. എന്നാല്‍ വിധിയില്‍ വിശ്വസിക്കുകയും ആയുസ്സെത്തിയാല്‍ മരണം സുനിശ്ചിതമെന്നു കരുതുകയും ചെയ്യുന്നവര്‍ക്ക് കാറിന്റെ സുരക്ഷകള്‍ ആവശ്യമില്ല!
ഏതു വാഹനനിര്‍മാതാവ്?
ഏതു വാഹനനിര്‍മാതാവില്‍നിന്നാണ് കാര്‍ വാങ്ങുന്നത് എന്നതും പരമപ്രധാനമാണ്. ഇന്ത്യയില്‍ ഈ നിര്‍മാണക്കമ്പനി എത്തിയിട്ട് എത്ര കാലമായി, ആ കമ്പനിയുടെ ഇന്ത്യയിലെ സാമ്പത്തികനിലയെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ചില കമ്പനികള്‍ നിന്നനില്പില്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഉദാഹരണമായി പ്രീമിയര്‍ ഓട്ടോമൊബൈല്‍സ്, പ്യൂഷോ...
പെട്ടെന്ന് കമ്പനി ഇന്ത്യയില്‍നിന്നു കപ്പല്‍ കയറിയാല്‍ ഉപഭോക്താവ് പെരുവഴിയിലാവും. പ്യൂഷോയും പ്രീമിയറും ചേര്‍ന്ന് പുറത്തിറക്കിയ മോഡലുകള്‍ വാങ്ങിയവര്‍ക്ക് അതാണ് സംഭവിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ സ്റ്റാന്‍ഡേര്‍ഡ് 2000, റോവര്‍ മോണ്ടിഗോ എന്നിവയെല്ലാം പെട്ടെന്ന് പ്രൊഡക്ഷന്‍ മതിയാക്കി കാറുടമകളെ നക്ഷത്രമെണ്ണിച്ചു. അതുകൊണ്ട് കമ്പനിയുടെ സാമ്പത്തികനില, വിറ്റുവരവ്, ഡീലര്‍ഷിപ്പുകളുടെ അവസ്ഥ എന്നിവ വിലയിരുത്തണം.
ചില കമ്പനികള്‍ മോഡലുകള്‍ പെട്ടെന്നു മാറ്റുന്ന പതിവുമുണ്ട്. അത് മുന്‍ മോഡലുകളുടെ റീസെയ്ല്‍ വിലയെ ബാധിക്കും. ഉദാഹരണമായി, ഓപ്പല്‍ ആസ്ട്ര, മാരുതി ബെലേനോ, ടൊയോട്ട ക്വാളിസ്. മോഡലുകള്‍ പ്രൊഡക്ഷന്‍ നിര്‍ത്തുന്നതിനെപ്പറ്റി കമ്പനി ഔദ്യോഗികമായി അറിയിപ്പൊന്നും തരാറില്ലെങ്കിലും വാഹനസംബന്ധിയായ വെബ്‌സൈറ്റുകളിലും മാസികകളിലും ഇതേപ്പറ്റി 'സ്‌പൈ കഥകള്‍' പ്രസിദ്ധീകരിക്കാറുണ്ട്.
അതും ശ്രദ്ധിക്കുക.
കാര്‍നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത ചില കമ്പനികള്‍ കാര്‍ നിര്‍മാണം തുടങ്ങുമ്പോഴും ശ്രദ്ധിക്കുക. ആദ്യബാച്ചിലെ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ഉത്തമം. ആദ്യകാല ഉപഭോക്താവില്‍നിന്നു ലഭിക്കുന്ന 'ഫീഡ് ബാക്ക്' പഠിച്ചശേഷം വാഹനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനായിരിക്കും കമ്പനിയുടെ ശ്രമം. അങ്ങനെ ആദ്യകാലത്ത് വാഹനം വാങ്ങുന്നവര്‍ ബലിയാടുകളോ പരീക്ഷണമൃഗങ്ങളോ ആയിത്തീരാന്‍ സാധ്യതയുണ്ട്!
ഇനി ഡീലര്‍ഷിപ്പിലേക്ക്
ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുവേണം, പുതിയ കാര്‍ ബുക്ക് ചെയ്യാനായി ഡീലര്‍ഷിപ്പിനെ സമീപിക്കാന്‍.
വാഹനവായ്പ നല്കുന്ന സ്വകാര്യധനകാര്യസ്ഥാപനങ്ങള്‍ മാസാവസാനം, ടാര്‍ജറ്റ് തികയ്ക്കുന്നതിന്റെ ഭാഗമായി പലിശയില്‍ അല്പസ്വല്പം കിഴിവ് നല്കുമെന്നു പറഞ്ഞല്ലോ. അതുപോലെതന്നെ വാഹനഡീലര്‍ മാരും ടാര്‍ജറ്റ് തികയ്ക്കാന്‍ ശ്രമിക്കുന്ന ചില മാസങ്ങളുണ്ട്. ആ സമയത്ത് കാര്‍ ബുക്ക് ചെയ്താല്‍ ഡിസ്‌കൗണ്ടുകളുടെ പൊടിപൂരമായിരിക്കും.
ഉദാഹരണം: ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി.
ഉത്സവകാലത്ത് ധാരാളം സ്‌കീമുകളുണ്ടാവും, വാഹനക്കമ്പനികള്‍ക്ക്. കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ആക്‌സസറികള്‍, ടാക്‌സ് - ഇന്‍ഷുറന്‍സ് ഫ്രീ, ഫ്രീ മെയിന്റനന്‍സ് പാക്കേജ് എന്നിങ്ങനെ പലതും. കൂടാതെ, ഉത്സവകാലങ്ങളില്‍ ഡീലര്‍ഷിപ്പുകളില്‍ ധാരാളം കാറുകള്‍ സ്റ്റോക്കുണ്ടാവും. അതുകൊണ്ട് ഡെലിവറിയും ഉടനടിയുണ്ടാവും. അധികം കാത്തിരിപ്പ് വേണ്ടിവരില്ല.
കാര്‍ വാങ്ങിക്കാന്‍ മറ്റൊരു നല്ല സമയം ഡിസംബര്‍ മാസമാണ്. ജനവരിയില്‍ മോഡല്‍ ചെയ്ഞ്ച് (2009 ഡിസംബര്‍ കഴിഞ്ഞാല്‍ ലഭിക്കുന്നത് 2010 മോഡലാണല്ലോ) വരുന്നതുകൊണ്ട് പുതിയ മോഡല്‍ ലഭിക്കാന്‍ വേണ്ടി മിക്കവരും ജനവരിയിലേ കാര്‍ വാങ്ങൂ. അങ്ങനെ ഡിസംബര്‍ മാസത്തില്‍ വില്പന കുറയുന്നു. ഈ സമയം ഉപഭോക്താവിന് അനുകൂലസമയമാണ്. എങ്ങനേയും സ്റ്റോക്കുകള്‍ വിറ്റഴിക്കാനായി (ജനവരിയായിക്കഴിഞ്ഞാല്‍ കഴിഞ്ഞ ഡിസംബറില്‍ നിര്‍മിച്ച കാര്‍ ആരും വാങ്ങില്ലല്ലോ) ഡിസംബറില്‍ വലിയ ഓഫറുകള്‍ നല്കും, വാഹനനിര്‍മാതാക്കള്‍.
എന്നാല്‍, ഡിസംബറില്‍ കാര്‍ വാങ്ങുമ്പോള്‍ ഭാവിയില്‍ ഒരു തിരിച്ചടി ലഭിക്കും. അതിങ്ങനെയായിരിക്കും: 2009 ഡിസംബറില്‍ വാങ്ങുന്ന കാര്‍ വില്ക്കുന്നത് 2012 ലാണെന്നിരിക്കട്ടെ, അത് 2010 മോഡല്‍ കാറായി വാങ്ങുന്നവര്‍ കണക്കാക്കില്ല. അതുകൊണ്ട് 2010 മോഡല്‍ കാറിന്റെ വില കിട്ടില്ല. 2009 ഡിസംബറും 2010 ജനവരിയും തമ്മില്‍ ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കിലും അത് വാഹനം മറിച്ചുവില്ക്കുമ്പോള്‍ പരിഗണിക്കപ്പെടുകയില്ല എന്നര്‍ഥം. അങ്ങനെ വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം വില്ക്കുമ്പോള്‍ നഷ്ടമാകുന്നു. ഡീലര്‍ഷിപ്പിലെ ഞെട്ടിക്കലുകള്‍
പ്രലോഭനങ്ങളുടേയും സ്‌നേഹസ്വീകരണങ്ങളുടേയും മൊത്തഭൂമിയാണ് ഡീലര്‍ഷിപ്പ്. മറ്റേതൊരു മേഖലയേക്കാളും പ്രൊഫഷണലാണ് വാഹന ഡീലര്‍ഷിപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്താവിനെ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കാന്‍ തയ്യാറായിനില്ക്കുന്ന സെയില്‍സ് എക്‌സിക്യൂട്ടീവുകളും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളുമാണ് ഡീലര്‍ഷിപ്പിലുള്ളത്. ആ സ്‌നേഹത്തില്‍ പെട്ടെന്നു വീണുപോകാതെ കാറിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുക
വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങള്‍ ഡീലര്‍ഷിപ്പില്‍ എത്തിയതെങ്കിലും ഇതുവരെ കേട്ടറിവുകള്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനായി 'പേഴ്‌സണല്‍ എക്സ്പീരിയന്‍സ് ' ആവശ്യമാണ്. ഇതിനായി ഒരു മാര്‍ഗമേയുള്ളൂ: കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുക.
കാര്‍ വാങ്ങുംമുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് ഡ്രൈവ്‌ചോദിക്കാന്‍ മടിക്കേണ്ട. ഡ്രൈവിങ് അറിയില്ലെങ്കില്‍ ഒരു ഡ്രൈവറെ കൂടെ കൂട്ടുക. ഭാര്യ, മക്കള്‍ എന്നിവരും ടെസ്റ്റ് ഡ്രൈവില്‍ പങ്കെടുക്കുന്നത് നല്ലതാണ്. എല്ലാവരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനാവുമല്ലോ.
ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കേണ്ടത്...
ഡ്രൈവിങ് പൊസിഷന്‍ നിങ്ങള്‍ക്ക് ചേരുമോ എന്നതാണ് പ്രധാനമായും നോക്കേണ്ടത്. സീറ്റിന്റെ ഉയരം, പൊസിഷനിങ്, സ്റ്റിയറിങ് വീലും സീറ്റുമായുള്ള അകലം, സ്വിച്ചുകളും ഹോണും ഉപയോഗിക്കാനുള്ള എളുപ്പം, എയര്‍കണ്ടീഷണറിന്റെ പ്രവര്‍ത്തനം, ബ്രേക്കിങ്ങിന്റെ കാര്യക്ഷമത, സസ്‌പെന്‍ഷന്‍ മികവ്, ഗ്രൗണ്ട് ക്ലിയറന്‍സ്, പിക്കപ്പ്, പുള്ളിങ് എന്നീ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കയറാനും ഇറങ്ങാനുമുള്ള എളുപ്പവും വിലയിരുത്തണം.
ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പല റോഡുകളിലും പല അവസ്ഥകളിലും വാഹനം ഓടിക്കേണ്ടതുണ്ട്. അല്പനേരത്തേക്ക് ഡീലര്‍ഷിപ്പില്‍നിന്ന് വാഹനം കിട്ടുമ്പോള്‍ അത്ര വിശദമായ ടെസ്റ്റ് ഡ്രൈവിങ് സാധ്യമല്ല. എങ്കിലും നഗരത്തിരക്കുകളിലൂടെ ഓടിക്കുമ്പോള്‍ എഞ്ചിന്റെ പവര്‍ ബോധ്യമാകും. ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തുകയും വീണ്ടും ആക്‌സിലറേറ്റര്‍ കൊടുക്കുകയും ചെയ്യുമ്പോള്‍ പിക്കപ്പ് പോരെന്നു തോന്നുന്നുണ്ടോ? എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിക്കപ്പ്
വീണ്ടും കുറയുന്നുണ്ടോ? ഉണ്ടെങ്കില്‍ എഞ്ചിന്‍ പവര്‍ പോര എന്നാണ് മനസ്സിലാക്കേണ്ടത്.
നഗരത്തിലെ ബമ്പുകളിലൂടെയും ഹമ്പുകളിലൂടെയും ഓടിക്കുക.
കാറിന്റെ അടിവശം തട്ടുന്നുണ്ടോ? ഉണ്ടെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണെന്നും കാര്‍ കേരളത്തിലെ റോഡുകള്‍ക്കു ചേരുന്നതല്ലെന്നും തീരുമാനിക്കാം.
കുഴികള്‍ക്കു മുകളിലൂടെ ഓടിക്കുമ്പോള്‍ കാറിനുണ്ടാകുന്ന ആഘാതം ശരീരത്തിനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ മോശമാണ് എന്നു മനസ്സിലാക്കാം.
വെയിലത്ത് കുറച്ചുനേരം നിര്‍ത്തിയിട്ടശേഷം ഗ്ലാസ്സുകള്‍ കയറ്റിയിട്ട് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഉള്‍വശം തണുക്കാന്‍ താമസമുണ്ടെങ്കില്‍ എ.സി.ക്ക് പവര്‍ പോരെന്നാണര്‍ഥം.
60 കി.മീറ്റര്‍ വേഗത എടുത്തശേഷം സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം തെന്നി വശത്തേക്ക് മാറുന്നുണ്ടെങ്കില്‍ ബ്രേക്കിങ് കാര്യക്ഷമമല്ല എന്നു മനസ്സിലാക്കാം. എബിഎസ് ഓപ്ഷനുള്ള കാറാണെങ്കില്‍ ഈ ടെസ്റ്റ് ബാധകമല്ല. കാരണം, തെന്നിമാറാതിരിക്കുക എന്നതാണ് എബിഎസിന്റെ ധര്‍മംതന്നെ.
കാറിന്റെ സീറ്റുകള്‍ ശ്രദ്ധിക്കുക. സീറ്റിന്റെ ഇരിക്കുന്ന ഭാഗം അല്പം ഉയര്‍ന്ന് തുടകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘദൂരയാത്രയില്‍ മസിലുകള്‍ക്ക് വേദന വരാം. ദീര്‍ഘദൂരയാത്രയില്‍ കൈകള്‍ക്ക് വിശ്രമിക്കാന്‍ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതും നന്നായിരിക്കും.
ടെസ്റ്റ് ഡ്രൈവിന് ഭാര്യയേയും കുട്ടികളേയും കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ പിന്‍സീറ്റിന്റെ കംഫര്‍ട്ടും മനസ്സിലാക്കാം. തുടയ്ക്ക് സപ്പോര്‍ട്ട് നല്കുന്ന അപ്‌ഹോള്‍സ്റ്ററിയാണോ പിന്‍സീറ്റിനും എന്നു നോക്കുക. കൂടാതെ സീറ്റിന്റെ നിര്‍മാണവൈകല്യംമൂലം വളവുകള്‍ തിരിയുമ്പോഴും മറ്റും ശരീരം വല്ലാതെ ഉലയുന്നുണ്ടോ എന്നും പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കണം. എയര്‍കണ്ടീഷണറുടെ തണുപ്പ് പിന്നിലേക്ക് എത്തുന്നുണ്ടോ എന്നും കപ്പുകളും കുപ്പികളും മറ്റും സൂക്ഷിക്കാന്‍ പിന്നില്‍ കപ്‌ഹോള്‍ഡറുകളുണ്ടോ എന്നും നോക്കുക.
ഗിയര്‍ ഷിഫ്റ്റിങ് അനായാസമാണോ എന്നതും പ്രത്യേകം നോക്കേണ്ടതുണ്ട്. റിവേഴ്‌സ് ഗിയറിടാന്‍ ആയാസമുണ്ടോ, എല്ലാ ഗിയറുകളും വളരെ എളുപ്പത്തില്‍ മാറ്റാനാവുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഗിയറുകള്‍ പെട്ടെന്ന് കയ്യെത്തും ദൂരത്താണോ എന്നതും പ്രധാനമാണ്. അതുപോലെ ഡോറിന്റെയും ഡാഷ്‌ബോര്‍ഡിന്റെയുമൊക്കെ ഇടയില്‍ വിടവുകള്‍ ഉണ്ടോ എന്നും നോക്കണം. വിവിധ പ്ലാസ്റ്റിക് ഘടകങ്ങള്‍ കൃത്യമായി വിടവില്ലാതെ ചേര്‍ന്നിരിക്കണം.
ടെസ്റ്റ് ഡ്രൈവ് തൃപ്തികരമെങ്കില്‍
ടെസ്റ്റ് ഡ്രൈവ് തൃപ്തികരമെങ്കില്‍ ഇനി ഡീലര്‍ഷിപ്പിലെ എക്‌സിക്യൂട്ടീവുമായി സംസാരിച്ചുതുടങ്ങാം.
ഒന്നോര്‍ക്കുക: എങ്ങനെയും കാര്‍ വില്ക്കുക എന്ന ലളിതമായ ലക്ഷ്യം മാത്രമേ എക്‌സിക്യൂട്ടീവിനുള്ളൂ. ഓരോ ദിവസവും പുതിയ ജോലി തേടിപ്പോകുന്ന പുതുതലമുറ എക്‌സിക്യൂട്ടീവിന് ആരോടും കടപ്പാടൊന്നുമില്ല. എക്‌സിക്യൂട്ടീവ് വാക്കാല്‍ തരുന്ന ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ തിരികെ ചെന്നു ചോദിക്കാന്‍ എക്‌സിക്യൂട്ടീവ് ആ ഡീലര്‍ഷിപ്പില്‍ നാളെ ഉണ്ടാവണമെന്നുമില്ല. അതുകൊണ്ടുതന്നെ ഉറപ്പുകള്‍ക്കെല്ലാം രേഖകള്‍ വാങ്ങണം. വാഹനങ്ങളെപ്പറ്റി വലിയ അറിവുള്ളയാളല്ല കാര്‍ വാങ്ങാന്‍ വന്നിരിക്കുന്നതെന്നു മനസ്സിലായാല്‍ വായില്‍ കൊള്ളാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുക്കിങ് നേടിയെടുക്കാന്‍ മിടുക്കനാണ് സെയില്‍സ് എക്‌സിക്യൂട്ടീവ്.
ഉദാഹരണമായി വാഹനത്തിന്റെ പല ഫീച്ചറുകളും നിത്യോപയോഗത്തിന് അത്യാവശ്യമാണെന്നു സ്ഥാപിക്കും, എക്‌സിക്യൂട്ടീവ്. കൂടാതെ, എബിഎസ്, ടോര്‍ക്ക്, ബിഎച്ച്പി, ഡിസ്‌ക് ബ്രേക്ക്, ടേണിങ് റേഡിയസ് തുടങ്ങി പറഞ്ഞാല്‍ മനസ്സിലാകാത്ത പല കാര്യങ്ങളും പറഞ്ഞ് ഉപഭോക്താവിനെ അത്ഭുതലോകത്തില്‍ അകപ്പെട്ട ആലീസിനെപ്പോലെയാക്കും. എന്നിട്ട് ബുക്കിങ് നേടിയെടുക്കുകയും ചെയ്യും.
ഡീലര്‍ഷിപ്പിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.
കാര്‍ ട്രാന്‍സിറ്റിലാണ്
എങ്ങനെയും പണം വാങ്ങി ബുക്കിങ് നേടിയെടുത്തു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഡീലര്‍ഷിപ്പില്‍ ആരുമുണ്ടാവില്ല എന്നതാണ് പൊതു അനുഭവം. ഉദാഹരണമായി, ജനവരി 29നാണ് നിങ്ങള്‍ക്ക് കാര്‍ തരാമെന്ന് എക്‌സിക്യൂട്ടീവ് ഏറ്റിരിക്കുന്നതെങ്കില്‍ 27ന് ഫോണ്‍വിളി വരും- 'സാര്‍, കുറച്ചുദിവസംകൂടി കഴിഞ്ഞേ ഡെലിവറി പറ്റൂ. കാറുമായി ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട ലോറി ഗോവയില്‍വെച്ച് ബ്രേക്ക് ഡൗണായി....'
സംഭവം സത്യമെന്നു കരുതി നിങ്ങള്‍ ക്ഷമിക്കുന്നു. എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞിട്ടും ഡീലര്‍ഷിപ്പില്‍നിന്നു ഫോണൊന്നും വരാതാകുമ്പോള്‍ നിങ്ങള്‍ അവിടേക്കു വിളിക്കുന്നു. ഉത്തരം ഇങ്ങനെയായിരിക്കും: 'ലോഡ് വന്നു സര്‍. പക്ഷേ, ഒരബദ്ധം പറ്റി. സാര്‍ ബുക്ക് ചെയ്ത നിറം കറുപ്പല്ലേ; ആ നിറത്തിലുള്ള കാര്‍ വന്നില്ല. ചുവപ്പു മതിയോ സാര്‍?'
കാത്തിരുന്നു മടുത്ത നിങ്ങള്‍ ഒടുവില്‍ ചുവപ്പെങ്കില്‍ ചുവപ്പ് എന്നു പറയുന്നു. കാര്‍ കിട്ടുന്നു.
ഇവിടെ, ബുക്കിങ് കിട്ടാന്‍വേണ്ടി നുണകള്‍ പറഞ്ഞ് പണം വാങ്ങിയ എക്‌സിക്യൂട്ടീവ്, മിച്ചംവന്ന ചുവപ്പ് നിറമുള്ള കാര്‍ നിങ്ങളുടെമേല്‍ അടിച്ചേല്പിക്കുകയാണ് ചെയ്തത്.
അതുകൊണ്ട് കാര്‍ ബുക്കു ചെയ്യുമ്പോള്‍ ഏത് തീയതിയില്‍ കാര്‍ ഡെലിവറി ചെയ്യുമെന്ന് രേഖാമൂലം ഉറപ്പു വാങ്ങുക.
വേണ്ടതു തിരഞ്ഞെടുക്കുക
കാറിനെപ്പറ്റി എക്‌സിക്യൂട്ടീവിന് നല്ലതു മാത്രമേ പറയാനുണ്ടാവൂ. 'ഇത് ഏറ്റവും കൂടിയ മോഡലാണ് സാര്‍. ഫുള്ളി ലോഡഡാണ്'- ഇത് സ്ഥിരം വാചകമാണ്.
ഫുള്ളി ലോഡഡ് എന്നാല്‍ അവശ്യം വേണ്ട എല്ലാ ആക്‌സസറികളും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ള മോഡല്‍ എന്നാണര്‍ഥം.
എന്നാല്‍ ഇത് ബെന്‍സ് 'എസ്' ക്ലാസ്സിനും മാരുതി 800 നും ഒരുപോലെയല്ല. ഫുള്ളി ലോഡഡ് മാരുതി 800 എന്നത് എയര്‍കണ്ടീഷണറില്‍ ഒതുങ്ങുന്നു. എന്നാല്‍ ഫുള്ളി ലോഡഡ് മെര്‍സിഡസ് ബെന്‍സ് എസ് ക്ലാസ്സില്‍ എബിഎസ്, ഇബിഡി തുടങ്ങിയ കര്‍ട്ടന്‍ എയര്‍ ബാഗുകള്‍വരെയുണ്ടാകാം.അതുകൊണ്ടുതന്നെ ഫുള്ളി ലോഡഡെന്ന് എക്‌സിക്യൂട്ടീവുകള്‍
പറയുമ്പോള്‍ എന്തെല്ലാമാണ് അതില്‍ ഉള്‍പ്പെടുന്നതെന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കണം. ഫുള്ളി ലോഡഡില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഉപകരണനിരയുണ്ടെങ്കില്‍ അതിനു തൊട്ടുതാഴെയുള്ള മോഡല്‍ തിരഞ്ഞെടുത്താല്‍ മതിയല്ലോ.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
മോഡല്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഇനി വിലപേശലിന്റെ സമയമാണ്. മീന്‍മാര്‍ക്കറ്റില്‍ വില പേശുന്നതുപോലെതന്നെ കാര്‍മാര്‍ക്കറ്റിലും വില പേശാം. കാരണം, അവിടെ ഉപഭോക്താവാണ് രാജാവ്. ഒരേ കമ്പനിയുടെതന്നെ മൂന്നോ നാലോ ഡീലര്‍ഷിപ്പുകള്‍ ഒരേ നഗരത്തിലുണ്ടാവും. അതുകൊണ്ട്, ഏറ്റവും വില കുറച്ച് കാര്‍ നല്കുന്നതാരാണോ, അവിടെനിന്നും കാര്‍ വാങ്ങാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. അതു മനസ്സില്‍വെച്ച് കഴിയുന്നത്ര ഡിസ്‌കൗണ്ട് ചോദിച്ചുവാങ്ങുക. കാഷ്
ഡിസ്‌കൗണ്ടുകളല്ലാതെ ഡീലര്‍ വെച്ചുനീട്ടുന്ന സൗജന്യങ്ങളില്‍ ചില തട്ടിപ്പുകളുണ്ടെന്നുമറിയുക. അവ വരുന്നത് ബോഡി കളര്‍ ബമ്പര്‍, അണ്ടര്‍ ബോഡി കോട്ടിങ്, ടെഫ്‌ലോണ്‍ കോട്ടിങ് എന്നൊക്കെയുള്ള പേരുകളിലാണ്.
ഉദാഹരണമായി, ഡീലര്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് തരാന്‍ പറ്റില്ല. പകരം ബമ്പര്‍, ബോഡി നിറത്തിലാക്കാം, അണ്ടര്‍ ബോഡി കോട്ടിങ് ചെയ്തു തരാം, ടെഫ്‌ലോണ്‍ കോട്ടിങ് തരാം, ഡാഷ്‌ബോര്‍ഡ് കോട്ടിങ് തരാം എന്നൊക്കെയാണ് പറയുന്നതെങ്കില്‍ അതില്‍നിന്ന് വലിയ ലാഭമൊന്നും കിട്ടാന്‍ പോകുന്നില്ലെന്നു മനസ്സിലാക്കാം. കാരണം, മേല്പറഞ്ഞതൊന്നും കാറിന്റെ അവശ്യഘടകങ്ങളല്ല. അണ്ടര്‍ ബോഡി കോട്ടിങ് ചെയ്താണ് കമ്പനികള്‍ കാര്‍ പുറത്തിറക്കുന്നത്. പോളിഷിങ്ങും അങ്ങനെതന്നെ. ബോഡി കളര്‍ ബമ്പര്‍ ഒരു സൗന്ദര്യഘടകം മാത്രം.
അതുകൊണ്ടുതന്നെ കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ഇന്‍ഷുറന്‍സ്, ഫ്രീ ടാക്‌സ് എന്നിവയാണ് ചോദിച്ചുവാങ്ങേണ്ടത്. റിവേഴ്‌സ് സെന്‍സര്‍, സ്റ്റീരിയോ, സീറ്റ് കവര്‍, റിമോട്ട് ലോക്ക് എന്നിവയും ഉപയോഗപ്രദമാണ്. ഡിസ്‌കൗണ്ടിനു പുറമേ ഇവയിലേതെങ്കിലും ചോദിച്ചുവാങ്ങുക.
രണ്ടോ മൂന്നോ ഡീലര്‍ഷിപ്പുകളില്‍നിന്ന് കാഷ് ഡിസ്‌കൗണ്ടിന്റെയും ഫ്രീ ആക്‌സസറികളുടേയും വിവരങ്ങള്‍ ശേഖരിച്ചാല്‍ വില പേശാന്‍ എളുപ്പമുണ്ട്. ഒടുവില്‍ ഏറ്റവുമധികം ആനുകൂല്യം നല്കുന്ന ഡീലര്‍ക്ക് ബുക്കിങ് നല്കാം.
ഡെലിവറി ദിനത്തില്‍ ബുക്കിങ് മുതല്‍ ഡെലിവറി വരെയുള്ള കാര്യങ്ങള്‍ ഭംഗിയായി നടന്നോ? എങ്കില്‍ ഇനി ഡെലിവറി ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നു നോക്കാം.
ഡെലിവറി ദിനത്തില്‍ വാഹനപരിശോധനയില്‍ വലിയ കഴമ്പില്ല.
കാരണം, കമ്പനി നിര്‍ദേശിക്കുന്ന പോസ്റ്റ് ഡെലിവറി ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞാണ് കാര്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. എങ്കിലും ചില ഒറ്റപ്പെട്ട തട്ടിപ്പുകള്‍ ഇവിടെയും നടന്നിട്ടുണ്ട്. ഉദാഹരണമായി ഈ സംഭവം കേള്‍ക്കുക: എറണാകുളത്തെ ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ പുതുപുത്തന്‍ കാര്‍ വാങ്ങി. അല്പകാലം ഓടിച്ചശേഷം കാറിന്റെ ഉള്‍വശം വൃത്തിയാക്കുമ്പോള്‍ ഒരു ബില്‍ ലഭിച്ചു. ഇടിച്ചുതകര്‍ന്ന കാര്‍ നന്നാക്കിയതിന്റെ രേഖയായിരുന്നു, ബില്‍. തന്റെ പുതുപുത്തന്‍ കാറിന്റെ എഞ്ചിന്‍നമ്പര്‍തന്നെയാണ് ബില്ലില്‍ ഉണ്ടായിരുന്നതെന്നു കണ്ടപ്പോള്‍ ഉടമസ്ഥന്‍ ഞെട്ടിപ്പോയി. സംഗതി ഗുരുതരമായ പ്രശ്‌നമായി ഉന്നയിക്കപ്പെട്ടു. ഡീലര്‍ഷിപ്പുകാര്‍ കുടുങ്ങി. ഡെലിവറിക്കു മുന്‍പ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഓടിച്ചപ്പോള്‍ ഇടിച്ചുതകര്‍ന്ന് 'ടോട്ടല്‍ ലോസ് ' ആയ കാറാണ് നന്നാക്കിയെടുത്ത് വിറ്റത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവം പത്രങ്ങളില്‍ വാര്‍ത്തയായി. ഒടുവില്‍ പുതിയ കാര്‍ നല്കി, ക്ഷമ ചോദിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
ഈ സംഭവം കോടതിഭാഷയില്‍ പറഞ്ഞാല്‍ 'അപൂര്‍വങ്ങളില്‍ അത്യപൂര്‍വ'മാണെങ്കിലും ഡെലിവറി സമയത്ത് കാര്‍ നന്നായൊന്ന് പരിശോധിക്കുക.
സര്‍വീസ് കാലാവധി
കാറിന്റെ സര്‍വീസ് കാലാവധി എത്രയെന്ന് അറിയേണ്ടത് ആവശ്യമാണ്. സാധാരണ കാറുകള്‍ക്ക് 5000 കി.മീ ഓടിക്കഴിയുമ്പോഴാണ് സര്‍വീസിങ് വേണ്ടിവരുന്നത്. ആദ്യത്തെ മൂന്നു സര്‍വീസുകള്‍ സൗജന്യമാണ്. എന്നാല്‍ ചെയ്ഞ്ച് ചെയ്യുന്ന എയര്‍ ഫില്‍റ്ററിന്റെയും ഓയിലിന്റെയും മറ്റും തുക കാറുടമ നല്‌കേണ്ടിവരും.
15,000 കി.മീ. ഓടിക്കഴിഞ്ഞു മാത്രം സര്‍വീസിങ് നടത്തേണ്ട ചില ആധുനിക കാറുകളുമുണ്ട്. ഇതിലേതു ഗണത്തിലാണ് നിങ്ങളുടെ കാര്‍ ഉള്‍പ്പെടുന്നതെന്ന് ചോദിച്ചു മനസ്സിലാക്കുക.
എക്സ്റ്റന്‍ഡ്‌സ് വാറന്റികള്‍
മിക്ക പുതുകാറുകള്‍ക്കും കമ്പനി നല്കുന്ന വാറന്റികളും ഫ്രീ സര്‍വീസുകളുമുണ്ട്. ഇതുകൂടാതെ, ഡീലറുടെ വകയായി എക്സ്റ്റന്‍ഡഡ് വാറന്റി നല്കുന്ന ഏര്‍പ്പാടുമുണ്ട്. ഇതിനായി ചെറിയൊരു തുക ഡെലിവറി സമയത്തു വാങ്ങും. പലതരം കണ്ടീഷനുകളുണ്ട്, എക്സ്റ്റന്‍ഡഡ് വാറന്റിക്കു പിന്നില്‍. ചില വാറന്റികളില്‍ ഫ്രീ സര്‍വീസ് പാക്കേജുകളും ഫ്രീ സ്‌പെയര്‍പാര്‍ട്‌സുകളുമൊക്കെയുണ്ടാവും. അതുകൊണ്ട് എക്സ്റ്റന്‍ഡഡ് വാറന്റിയെടുക്കും മുന്‍പ് നിബന്ധനകള്‍ വ്യക്തമായി പഠിച്ച ശേഷമേ ഒപ്പിടാവൂ.
ഇനി യാത്ര തുടങ്ങാം
ഇത്രയുമൊക്കെയായിക്കഴിഞ്ഞാല്‍ കാര്‍ വാങ്ങിക്കഴിഞ്ഞു എന്നര്‍ഥം. കാര്‍ ഓടിച്ചുപോകുംമുന്‍പ് സര്‍വീസ് അഡൈ്വസര്‍ കാറിനെപ്പറ്റിയും ആക്‌സസറികളെപ്പറ്റിയുമൊക്കെ വിശദീകരിച്ചുതരും. അതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുക. സംശയങ്ങള്‍ തോന്നിയാല്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരും വാങ്ങിവെക്കുക.
(കാര്‍ വാങ്ങുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment