Tuesday, 25 December 2012

[www.keralites.net] ഈ അശ്ലീലം എനിക്കിഷ്ടമാണ്

 

ഈ അശ്ലീലം എനിക്കിഷ്ടമാണ്

ഡി.ധനസുമോദ്

'ഞാന്‍ എന്റെ കാലുകള്‍ പുറത്ത് കാണിക്കും.അത് സ്‌റ്റൈല്‍ ആണ്. അല്ലാതെ കാമപ്രകടനമല്ല'' ബലാല്‍സംഗത്തിന് ഉപയോഗിച്ച ലൈംഗികാവയവം ഛേദിക്കുക' ഓടികൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയോട് സഹതാപവും കുറ്റവാളികളോടുളള പകയും പ്രകടമാക്കിയ ചെറുപ്പക്കാരുടെ പ്രതിഷേധത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ത്തിപിടിച്ച പ്‌ളക്കാര്‍ഡുകളാണിവ. ഇന്ത്യയിലെ പ്രതിഷേധത്തിന്റെ ഭാവവും രൂപവും അടിമുടി മാറുകയാണ്.

കണ്ണീര്‍വാതകത്തിനും ലാത്തിചാര്‍ജ്ജിനും കീഴ്‌പ്പെടുത്താനാവാത്ത വിധം അണപൊട്ടിയൊഴുകിയ അമര്‍ഷം രാഷ്ട്രപതിഭവനിലേയ്ക്ക് ഒഴുകി പടര്‍ന്നപ്പോള്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അമ്പരന്ന് പോയി. പാര്‍ലമെന്റിന് ഒരു കിലോമീറ്ററോളം അകലെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലമായ ജന്തര്‍മന്ദറില്‍ നടക്കുന്ന 'പാര്‍ലമെന്റ് മാര്‍ച്ച്'കളെ മാത്രം കൈകാര്യം ചെയ്ത് ശീലിച്ച ഡല്‍ഹിപോലീസ് ചെറുപ്പക്കാരുടെ പ്രതിഷേധ തിരമാലയ്ക്ക് മുന്നില്‍ പകച്ചുപോയി.

12,000 ത്തിലധികം വരുന്ന സമരക്കാരില്‍ ഏറ്റവും ആവേശം കണ്ടത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ വന്നവര്‍ക്കാണ്. തീവ്ര ഇടതുപക്ഷ യൂണിയനായ'ഐസ' പ്രവര്‍ത്തകര്‍ രാജ്പഥിലുടെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളികളുമായിട്ടാണ് നോര്‍ത്ത്-സൗത്ത് ബ്‌ളോക്കുകളുടെ അടുത്തേയ്ക്ക് എത്തിയത്. ബാരിക്കേഡുകളെ തളളിമാറ്റി മുന്നോട്ട് പോയ ഇവരെ തടയുന്നതിനായി രണ്ട് ബസുകള്‍ കുറുകെയിട്ടു. ബസിന് മുകളിലേയ്ക്ക് കയറിയതോടെ പോലീസ് ലാത്തിചാര്‍ജ്ജ് തുടങ്ങി. സമരക്കാര്‍ക്ക് നേരേ എറിഞ്ഞ കണ്ണീവാതക ഷെല്ലുകള്‍ ഷാളുകളില്‍ പൊതിഞ്ഞ് തിരിച്ചെറിഞ്ഞതോടെ പോലീസ് തിരിഞ്ഞോടി. പത്ത് മിന്നിറ്റുകള്‍ക്കുളളില്‍ ഇരട്ടിയിലധികം ചെറുപ്പക്കാര്‍ വീണ്ടും തടിച്ചുകൂടി.

അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകമായി കറുത്തപൊട്ട് പ്‌ളക്കാര്‍ഡുമായി എത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഉയരമേറിയ വിളക്കുകാലുകളിലേയ്ക്ക് കയറാനായി അടുത്ത ശ്രമം. വിളക്കുകാലുകളില്‍ മുറുകെ പിടിച്ച ആണ്‍കുട്ടികളുടെ കൈകളില്‍ ചവുട്ടി രണ്ട് പെണ്‍കുട്ടികള്‍ മുകളിലേയ്ക്ക് കയറി. പടിയില്‍ ചവിട്ടി രണ്ട് പേരും നിന്നു. ഒരാള്‍ വളകള്‍ ഊരി നീട്ടികാണിച്ചു. രണ്ടാമത്തെയാള്‍ നാല് വിരലുകളും ചുരുട്ടി നടുവിരല്‍ മാത്രം നീട്ടി, വളയ്ക്കുളളിലേയ്ക്ക് പ്രവേശിപ്പിക്കുകയും പുറത്തേയ്ക്കടുക്കുകയും ചെയ്തു. നിരയായി നിന്ന പോലീസ് സേനക്ക് നേരേ വളകള്‍ എറിഞ്ഞു. പുരുഷ ലിംഗത്തിന്റെ പടം ഉയര്‍ത്തികാട്ടിയിട്ട് പെണ്‍കുട്ടികള്‍ '' പെണ്‍കുട്ടിയെ കുത്തിയ ഇരുമ്പ് കമ്പി ഞങ്ങള്‍ക്ക് തരൂ....' അവന്റെ ഈ സ്ഥാനത്ത് ഞങ്ങള്‍ കുത്തിയിറക്കട്ടെ'' എന്ന് വിളിച്ചു പറഞ്ഞു. സൗത്ത്-നോര്‍ത്ത് ബ്‌ളോക്കുകള്‍ക്ക് നേരേ ഇരുവരും നടുവിരല്‍ ഉയര്‍ത്തികാട്ടിയപ്പോള്‍ താഴെ നിന്ന സമരക്കാര്‍' വീ വാണ്ട് ജസ്റ്റിസ്' മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു.

സാധാരണ പാശ്ചാത്യ സമരത്തിലാണ് പ്രതിഷേധം അണപൊട്ടുമ്പോള്‍ സ്ത്രീകള്‍ മേലുടുപ്പ് അഴിച്ച് പ്രതിഷേധം നടത്താറുളളത്. പട്ടാളംഅമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിനിടയില്‍ ഒരു പെണ്‍കുട്ടി ഉയര്‍ത്തിയ പ്‌ളക്കാര്‍ഡില്‍' ഞാന്‍ കന്യകയല്ല, എന്നെ സര്‍ക്കാര്‍ റേപ്പ് ചെയ്തിരിക്കുന്നു' എന്നാണ് എഴുതിയിരുന്നത്. സര്‍ക്കാരിനെതിരേയുളള വെറുപ്പ് തടഞ്ഞ് നിര്‍ത്താനാവാത്ത വിധം ശക്തമാകുമ്പോഴാണ് തുണിയുരിഞ്ഞും അശ്ലീലം പ്രകടിപ്പിച്ചും സമരം നടത്തുന്നത്. ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്ന് കഴിയുമ്പോഴാണ് സമരമുറകളുടെ ഭാവം മാറുന്നത്. ആണ്‍കുട്ടിയുടെ സംരക്ഷണമുണ്ടായിട്ടും തലസ്ഥാന നഗരിയിയില്‍ പെണ്‍കുട്ടി പിച്ചി ചീന്തപ്പെട്ടു. ഒരു നാട് സുരക്ഷിതമാണോ എന്നറിയാന്‍ അവിടുത്തെ സ്ത്രീകള്‍ എത്രകണ്ട് സുരക്ഷിതരാണെന്ന് നോക്കിയാല്‍ മതി എന്ന ആപ്തവാക്യം ശരിയാണെങ്കില്‍ ഡല്‍ഹി ജീവിക്കാന്‍ കൊളളാത്ത നഗരമായി മാറി.

സ്ത്രീപീഡനകേസുകളില്‍ പ്രതിയായവര്‍ നിയമത്തിന്റെ താക്കോല്‍ പഴുതിലൂടെ രക്ഷപെടുകയും വി.ഐ.പി കളുടെ മക്കള്‍ പെണ്‍വാണിഭ കേസുകളില്‍ നിന്ന് തലയൂരുകയും, സ്ത്രീപീഡകരെ കയ്യാമം ചെയ്യുമെന്ന് വീമ്പിളക്കുന്നവര്‍ അത് ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍ സാധാരണക്കാരുടെ മനസില്‍ വ്യവസ്ഥയോട് ഒരു തരം അസ്വസ്ഥത ഉറവെടുക്കാറുണ്ട്. ഫേസ്ബുക്കില്‍ പോസ്‌ററ് ഇട്ടതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും ലൈക് ചെയ്തതിന് മറ്റൊരു പെണ്‍കുട്ടിയേയും അറസ്റ്റ് ചെയ്ത പോലീസ് 'ധീരത പ്രകടിപ്പിച്ച് ഏതാനും ആഴ്ചകള്‍ക്ക് ഉളളിലാണ് മൂന്ന് പോലീസ് വാനുകള്‍ക്ക് മുന്നിലൂടെ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ നരാധമന്മാര്‍ കടിച്ച് കീറിയത്.
ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി ഫൈനടിപ്പിക്കുന്നതിന്റെ തിരക്കില്‍ ഏമാന്മാര്‍ക്ക് ഈ നിലവിളി കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.

ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നരതിനായി പ്രധാനമന്ത്രി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തു. 23 കാരിയുടെ യോനിയിലൂടെയും പൊക്കിളിലൂടെയും ഇരുമ്പ് കമ്പി പല തവണ കയറ്റിരസിച്ച കൊടുംക്രൂരതയ്ക്ക് എതിരേയോ ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഡല്‍ഹിയെ സ്തംഭിപ്പിച്ചപ്പോഴോ പ്രധാനമന്ത്രി ഒട്ടകപക്ഷിയെപോലെ തലതാഴ്ത്തി നിന്നു. അമേരിക്കയില്‍ പിഞ്ച്കുട്ടികള്‍ വെടിയേറ്റ് വീണപ്പോള്‍ പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പൊട്ടിക്കരഞ്ഞ പ്രസിഡന്റ് ബാരക്ക് ഒബാമ യെ ടി.വിയിലൂടെ ഇന്ത്യക്കാരും കണ്ടതാണ്. ഒടുവില്‍ എന്തുനടപടിയാണ് സ്വകീരിക്കുന്നത് എന്ന് പറയാതെ വിഷമത്തില്‍ പങ്ക് ചേരുന്നതായി ഡോ.മന്‍മോഹന്‍ സിംഗ് എഴുതി വായിക്കുകയാണ് ഇന്നലെയുണ്ടായത്.

അണുബാധയേറ്റതിനാല്‍ കുടല്‍ മുറിച്ച് മാറ്റിയ വേദന 23 കാരി കടിച്ചമര്‍ത്തുമ്പോഴും ' അമ്മേ, എനിക്ക് ജീവിക്കണം' എന്നാണ് ആവശ്യപ്പെട്ടത്. ഈ കുട്ടിയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ബീഹാറില്‍ നിന്ന് വീടും ഭൂമിയും വിറ്റ് അന്യനാട്ടിലേയ്ക്ക് കുടുംബം കുടിയേറിയത്. ഈ കുട്ടിയ്ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment