പ്രാർത്ഥനകൾക്ക് ദൈവത്തിന്റെ മധുരസമ്മാനം, ജനുവരി അവസാനം ജഗതി മടങ്ങിയെത്തും
സി. മീര
കോഴിക്കോട്: പ്രാർത്ഥനകൾക്ക് ദൈവം നൽകിയ മധുരസമ്മാനമായി മലയാളത്തിന്റെ "അന്പിളിച്ചിരി' മടങ്ങിയെത്തുന്നു. ഒന്പതു മാസം മുന്പ്, സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാർ ജനുവരി അവസാനത്തോടെ നാട്ടിൽ തിരിച്ചെത്തും.
ഫിസിയോതെറാപ്പിയിലൂടെ ഓർമ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്ത അദ്ദേഹത്തിന് തുടർന്നുള്ള ആയുർവേദ ചികിത്സ തിരുവനന്തപുരത്തായിരിക്കും. ഭാര്യയെയും മകളെയും മറ്റു ബന്ധുക്കളെയും തിരിച്ചറിയുക മാത്രമല്ല, അവരുടെ പേരു വിളിക്കുകയും ചെയ്യുന്ന ജഗതി ഇപ്പോൾ അടുത്തിരുന്ന് ഭാര്യ ശോഭ പാടുന്ന പാട്ടുകളുടെ കുറച്ചുവരികൾ കൂടെപ്പാടും. ദുർവിധിയുടെ ആഘാതത്തെ മനക്കരുത്തുകൊണ്ട് നേരിട്ട മഹാനടന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് മലയാളികൾക്കുള്ള ഏറ്റവും വലിയ പുതുവത്സര സമ്മാനമായി മാറും.
പിടിച്ചുനിൽക്കും, ചോറു കഴിക്കും
കോഴിക്കോട്ട് പാണന്പ്രയിൽ കഴിഞ്ഞ മാർച്ച് പത്തിനുണ്ടായ അപകടത്തെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ജഗതി ശ്രീകുമാറിനെ നിരവധി ശസ്ത്രക്രിയകൾക്കും, വിദഗ്ദ്ധ ചികിത്സകൾക്കും ശേഷം രണ്ടുമാസം മുന്പാണ് ഫിസിയോ തെറാപ്പിക്ക് വിധേയനാക്കിത്തുടങ്ങിയത്. വെല്ലൂർ ആശുപത്രിയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ആശുപത്രിയുടെ തന്നെ ഭാഗമായ റീഹാബിലിറ്റേഷൻ സെന്റർ. ഇവിടത്തെ ചികിത്സ ആരംഭിച്ചതു മുതൽ ജഗതിയുടെ ആരോഗ്യനില പടിപടിയായി മെച്ചപ്പെട്ടു. ഇപ്പോൾ പിടിച്ച് എഴുന്നേറ്റു നിൽക്കും. അല്ലാത്തപ്പോൾ വീൽചെയറിൽ. രാവിലെ ഇഡ്ഡലിയോ ദോശയോ പോലെ പെട്ടെന്ന് ദഹിക്കുന്ന പലഹാരങ്ങളാണ് ഭക്ഷണം. ഉച്ചയ്ക്ക് ചോറും കറികളും രാത്രിയിൽ ചാപ്പാത്തിയും. ഫിസിയോ തെറാപ്പിയുടെ സമയം കഴിഞ്ഞാൽ പൂർണ വിശ്രമം.
ജഗതി ശ്രീകുമാറിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാർത്ത പുറത്തു വന്നപ്പോൾ മുതൽ മലയാളികൾ പ്രാർത്ഥനയിലായിരുന്നു. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം അദ്ദേഹത്തിനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന വിവരങ്ങൾ പുറത്തുവന്നെങ്കിലും വിധിയുടെ വെല്ലുവിളികളെയെല്ലാം ജഗതി അതിവേഗം അതിജീവിച്ചു.
അതിനിടെ പല തവണ ശസ്ത്രക്രിയകൾ. അത്രയ്ക്ക് കടുത്തതായിരുന്നു അപകടത്തിൽ ആന്തരാവയവങ്ങൾക്കേറ്റ ആഘാതം. ശ്വാസകോശത്തിലും മസ്തിഷ്കത്തിലും രക്തം കട്ടപിടിച്ചു കിടന്നു. ഓർമ്മശക്തി വീണ്ടുകിട്ടുന്നതിനെക്കുറിച്ച് ഡോക്‌ടർമാർക്ക് ഉറപ്പുനൽകാൻ കഴിയാത്ത വിധമായിരുന്നു കാര്യങ്ങൾ.
പ്രാർത്ഥനകളുടെ പുണ്യഫലം
അപകടഘട്ടം കഴിഞ്ഞതോടെ ജഗതിയുടെ ഓർമ്മശക്തിയും ചലനശേഷിയും വീണ്ടുകിട്ടണേ എന്നായി എല്ലാവരുടെയും പ്രാർത്ഥന. അഭിനയത്തികവിന്റെ കൊടുമുടിയും ചിരിയുടെ തിരയിളക്കവുമായി മനസ്സിൽ നിറയുന്ന അന്പിളിച്ചേട്ടനെ അങ്ങനെയല്ലാതെ ആരാധകർക്ക് ഒന്നു സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ഭാര്യയും മകൾ പാർവതിയും ഭർത്താവ് ഷോണും മുഴുവൻ സമയവും ആശുപത്രിയിൽ കൂടെനിന്നു.
ദിവസവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽനിന്ന് ഫോൺകാളുകൾ, അന്വേഷണങ്ങൾ... പതിയെപ്പതിയെ ജഗതി ഓർമ്മകളിലേക്കു മടങ്ങിയെത്തുകയായിരുന്നു. മരുന്നുകൾ ഫലിക്കുന്നുണ്ടെന്നും ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും അറിഞ്ഞതോടെ എല്ലാവർക്കും ധൈര്യമായി. പക്ഷേ, ഇത്രയും വലിയ ആഘാതത്തിൽ നിന്ന് ഇത്ര കുറഞ്ഞ കാലംകൊണ്ടുള്ള തിരിച്ചുവരവ് ആ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണെന്ന് മകൾ പാർവതിയുടെ ഭർത്താവ് ഷോൺ പറയുന്നു.
ഒരു വാക്കിനു കാതോർത്ത്...
വെല്ലൂരിലെ റീഹാബിലിറ്റേഷൻ സെന്ററിൽ ദിവസവും രണ്ടു തവണയായാണ് ഇപ്പോൾ ജഗതിക്ക് ഫിസിയോതെറാപ്പി. രാവിലെ എട്ടുമണി മുതൽ പത്തര വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ നാലു വരെയും. ഓർമ്മശക്തി കുറേശ്ശെയായി തിരികെയെത്തിയപ്പോഴും വീട്ടുകാരുടെ പ്രാർത്ഥന, ആ നാവിൽ നിന്ന് ഒരു വാക്കെങ്കിലും ഉച്ചരിച്ചുകേൾക്കണേ എന്നായിരുന്നു. ആ പ്രാർത്ഥനകളുടെ സാഫല്യം പോലെ, ഒരുദിവസം ഫിസിയോതെറാപ്പിക്കിടെ ശരീരം വേദനിച്ചപ്പോൾ അദ്ദേഹം "അയ്യോ...' എന്നു വിളിച്ചു.
വേദനയോടെയാണ് വിളിച്ചതെങ്കിലും അതു നൽകിയ പ്രതീക്ഷയും മനോധൈര്യവും ചെറുതല്ലായിരുന്നുവെന്ന് ജഗതിയുടെ സന്തതസഹചാരിയായ ഡ്രൈവർ വിജയൻ പറയുന്നു. അപകടം സംഭവിക്കുന്പോൾ വിജയനല്ല കാറോടിച്ചിരുന്നത്. ഇപ്പോൾ, റീഹാബിലിറ്റേഷൻ സെന്ററിൽ ജഗതിക്കൊപ്പം തന്നെയുണ്ട് വിജയനും.
ഫേസ്ബുക്കിലെ ആശ്വാസചിത്രം
കഴിഞ്ഞ ദിവസം ആരാധകർക്ക് ആഹ്ളാദം പകർന്നുകൊണ്ടാണ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. ആശുപത്രിയുടെ ഇടനാഴിയിൽ വീൽചെയറിൽ ഇരിക്കുന്ന ജഗതിക്കൊപ്പം മകൾ പാർവതിയും ഫിസിയോതെറാപ്പിസ്റ്റുകളായ മൂന്നു പെൺകുട്ടികളും നിൽക്കുന്നതായിരുന്നു ഫോട്ടോ. ചിത്രം പ്രചരിച്ചുതുടങ്ങിയതോടെ അതിന്റെ സത്യസ്ഥിതി അറിയാൻ പത്രം ഓഫീസുകളിലേക്കും മറ്റും ആരാധകർ വിളി തുടങ്ങി. ഷോണിന്റെ ഫോണിന് രണ്ടുദിവസത്തേക്ക് വിശ്രമമേ ഉണ്ടായിരുന്നില്ല. ജഗതി എന്നു തിരിച്ചെത്തും? അതു മാത്രമാണ് വിളിക്കുന്നവർക്കെല്ലാം അറിയാനുണ്ടായിരുന്നത്.
ഫിസിയോതെറാപ്പി ഒരു മാസം കൂടി
ഇപ്പോഴത്തെ ഫിസിയോ തെറാപ്പി ചികിത്സ ഒരുമാസം കൂടി കഴിഞ്ഞാൽ പൂർത്തിയാകും. ഈ നിലയിലാണെങ്കിൽ അടുത്ത ഒരുമാസംകൊണ്ട് അദ്ദേഹത്തിന് പൂർണവാചകങ്ങൾ സംസാരിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ നടക്കാനും കഴിയും. എങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടാൻ കുറേനാളത്തെ ആയുർവേദ ചികിത്സ കൂടി വേണ്ടിവരും.
ജനുവരി അവസാനത്തോടെ അദ്ദേഹത്തെ വെല്ലൂരിൽ നിന്നു നാട്ടിലെത്തിച്ച് തിരുവനന്തപുരത്ത് ആയുർവേദ ചികിത്സ തുടരാനാണ് വീട്ടുകാരുടെ തീരുമാനം. കുടുംബാംഗങ്ങളെ തിരിച്ചറിയാനും ചെറിയ വാക്കുകൾ ഉച്ചരിക്കാനും തുടങ്ങിയതിനു ശേഷം മകൾ പാർവതിയെ "പാറൂ' എന്നു വിളിക്കും. ഭാര്യ ശോഭയെ വിളിക്കുന്ന "ശോഭിച്ചി' എന്ന ഓമനപ്പേരും അദ്ദേഹം ഓർമ്മകളിൽ നിന്നു വീണ്ടെടുത്തു.
മടങ്ങിയെത്തുന്ന ഓർമ്മച്ചിത്രങ്ങൾ
മാർച്ച് പത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് തേഞ്ഞിപ്പലത്തിനടുത്ത് പാണന്പ്രയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു കേരളത്തെ നടുക്കിയ അപകടം. ഡിവൈഡറിലിടിച്ച് മറിഞ്ഞ ഇന്നോവ കാറിൽ, പിൻസീറ്റിലായിരുന്നു ജഗതി. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടു തെറിച്ച അദ്ദേഹത്തിന്റെ നട്ടെല്ലിനും മസ്തിഷ്കത്തിനുമായിരുന്നു ഏറ്റവും കൂടുതൽ പരിക്കുകൾ. അപകടശേഷം ആശുപത്രിയിലെത്തിക്കുന്നതുവരെ പൂർണബോധമുണ്ടായിരുന്ന അദ്ദേഹം തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചത്. പക്ഷേ, പിന്നീട് അബോധാവസ്ഥയിലായ ജഗതിയുടെ ആരോഗ്യനില അനുനിമിഷം വഷളായി. ഇപ്പോൾ, ഒന്പതു മാസങ്ങൾക്കിപ്പുറം മലയാളത്തിന്റെ ജഗതിച്ചേട്ടൻ ചിരിയുടെ അനുഗ്രഹമായി തിരിച്ചെത്തുന്നു- ഒരിക്കലും മറക്കാനാവാത്തെരു പുതുവത്സരസമ്മാനം പോലെ!
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment