Sunday 11 November 2012

[www.keralites.net] സുധാകരന്‍ പറഞ്ഞത്‌; സുരേഷ്‌ഗോപി പറയുന്നത്‌

 

സുധാകരന്‍ പറഞ്ഞത്‌; സുരേഷ്‌ഗോപി പറയുന്നത്‌

ജിനേഷ്‌ പൂനത്ത്‌

''
കമ്മിഷണറെ... ഈ കോഴിക്കോട്ട്‌ പട്ടണത്തിനുള്ളില്‌ നമ്മളിതാ ഇങ്ങ്യനൊരു വട്ടംവരച്ചിട്ട്‌ അതിന്റകത്ത്‌ നിക്കാന്‍ പറഞ്ഞാ നിക്ക്യേം മുള്ളാന്‍ പറഞ്ഞാ മുള്ളെം ചെയ്യാത്ത ബലാലാണെങ്കി പിന്നെ ങ്‌ള് പായിം തലേണേം പൊതിഞ്ഞോളിന്‍ കുണ്ടാ.. അയിനുള്ള ഉറപ്പുംകൂടെ മ്മ്‌ള് വാങ്ങീട്ടുണ്ട്‌... അങ്ങ്‌ തലസ്‌ഥാനത്ത്‌ന്ന്...''

തൊണ്ണൂറുകളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ പോലീസ്‌ സങ്കല്‍പത്തെ തച്ചുടച്ച്‌ പൊട്ടിമുളച്ച കമ്മിഷണര്‍ ഭരത്‌ചന്ദ്രന്റെ മുഖത്തുനോക്കി സായിബ്‌ ഒറ്റത്തവണയേ പറഞ്ഞുള്ളൂ. ഇതിനുള്ള കമ്മിഷണറുടെ മറുപടി ആക്രോശമായിരുന്നു.

''
ഡോ, സായിബേ... താനിപ്പം പറഞ്ഞ ഈ ഉമ്മാക്കിയുണ്ടല്ലോ.. ട്രാന്‍സ്‌ഫര്‍... ദേ, ഇതാണെനിക്ക്‌... മനസിലായൊ... രോമം.. ''

വടക്കന്‍ കേരളത്തിലെ ഒരു എസ്‌.ഐയെ പോലീസ്‌ സ്‌റ്റേഷനില്‍ കയറിയെത്തി ചൂണ്ടുവിരലില്‍ വിറപ്പിച്ചു നിര്‍ത്തിയ എം.പിയുടെ തട്ടുപൊളിപ്പന്‍ ഡയലോഗുകളാണ്‌ പഴയ കമ്മിഷണറെ ഓര്‍ത്തെടുക്കാന്‍ ഇടയാക്കിയത്‌. പാട്ടുപാടിത്തുടങ്ങുന്നതിനും മുമ്പേ, 'ദേ വന്നു.. ദാ പോയി' എന്നു പറഞ്ഞ്‌ കോടികള്‍ എടുത്ത്‌ അമ്മാനമാടുന്നതിനും മുമ്പേ, രഞ്‌ജി പണിക്കരുടെ കിടിലന്‍ ഡയലോഗുകള്‍ ചുണ്ടില്‍ സദാസമയവും വെടിയുണ്ടപോലെ ചീറ്റി, കൈപ്പാങ്ങില്‍ ലെതര്‍ബാഗില്‍ സൂക്ഷിച്ച റിവോള്‍വറുമായി വെള്ളിത്തിര അടക്കിവാണ അതേ സുരേഷ്‌ഗോപി...!

''
നിന്നെ സുരേഷ്‌ ഗോപി കളിക്കാന്‍ അനുവദിക്കില്ലെടോ...'' ചുമരിനോടു ചാരി പതുങ്ങിനില്‍ക്കുന്ന എസ്‌.ഐക്കു നേരേ വിരല്‍ചൂണ്ടി ചീറിയടുത്ത എം.പിയുടെ മുറുമുറുപ്പ്‌ ഒന്നിലേറെ തവണ ടെലിവിഷന്‍ ചാനലുകളില്‍ മാറിമാറി കണ്ടു. ചാനലുകള്‍ മാറി മാറി വച്ച്‌ ഏറ്റവും നല്ല വിഷ്വല്‍സുകള്‍ കണ്ട്‌ നിര്‍വൃതിയടയുമ്പോള്‍ ശരിക്കുമൊരു തട്ടുപൊളിപ്പന്‍ സിനിമ കണ്ട പ്രതീതിയായി. എസ്‌.ഐ. മുഖം ചുവപ്പിച്ച്‌ ചുണ്ടു വിറപ്പിച്ച്‌ രഞ്‌ജി പണിക്കരുടെ ഡയലോഗുമായി ചീറിയടുത്തിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചുപോയെങ്കിലും തിരുത്തി. സംഗതി പന്തികേടായാല്‍, 'കട്ട്‌' പറയാന്‍ ഇവിടെ ഷാജി കൈലാസില്ലല്ലോ...!

വളപട്ടണം പോലീസ്‌ സബ്‌ ഇന്‍സ്‌പെകട്‌റായിരുന്ന സി.കെ. സിജുവിനോടു കണ്ണൂര്‍ എം.പി: കെ. സുധാകരന്റെ രോഷപ്രകടനം കേരളമാകെ വീര്‍പ്പടക്കി കണ്ടതാണ്‌. മുമ്പ്‌ ഇലക്‌ട്രിസിറ്റി ഓഫീസിലെത്തി തെറിയഭിഷേകം നടത്തിയ പി.സി. ജോര്‍ജിന്റെ ശബ്‌ദ- ചിത്രങ്ങള്‍ ചാനലുകളില്‍ നിറഞ്ഞോടിയതിനുശേഷമുള്ള അത്യുഗ്രള്‍ ഷോട്ട്‌... കല്ലിക്കോടന്‍ രാഗേഷിനെ ലോക്കപ്പില്‍നിന്നിറക്കിയ എം.പിയുടെ പഞ്ചിംഗ്‌ ഡയലോഗായി മനസില്‍ പതിഞ്ഞത്‌ ഇതായിരുന്നു...

''
സുരേഷ്‌ ഗോപി കളിക്കല്ലേ താന്‍.. കളിച്ചാല്‍ കാക്കി അഴിച്ച്‌ വീട്ടിലിരിക്കേണ്ടിവരും...''

'
കമ്മിഷണറി'ലേത്‌ സുരേഷ്‌ഗോപിയുടെ ജീവിതമല്ല, കഥാപാത്രം മാത്രം. എന്നിട്ടും എം.പി. പറഞ്ഞത്‌, നീ 'ഭരത്‌ ചന്ദ്രന്‍' കളിക്കല്ലേയെന്നല്ല, സുരേഷ്‌ ഗോപി കളിക്കല്ലേയെന്നു തന്നെ...

അതായത്‌ ഭരത്‌ചന്ദ്രനും മാധവനും ജോസ്‌ നരിമാനും ഈശോ പണിക്കരും ഒക്കെ ചേര്‍ന്ന്‌ സുരേഷ്‌ ഗോപിക്കു ചാര്‍ത്തിക്കൊടുത്ത ബിംബ കല്‍പന. പ്രതികരിക്കുന്ന പോലീസ്‌ എന്നാല്‍ സുരേഷ്‌ ഗോപിയായി... പാട്ടുപാടുന്ന, തെയ്യക്കോലം കെട്ടി തീച്ചാമുണ്ടി കോലം ചാര്‍ത്തി ഭരത്‌ അവാര്‍ഡ്‌ നേടിയ സുരേഷ്‌ ഗോപിയെ ഓര്‍ത്തെടുക്കാതെ അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഉന്നതര്‍ക്കെതിരേ 'ഷിറ്റും ബാസ്‌റ്റാഡും' പറഞ്ഞ്‌ എതിരാളിയെ വളഞ്ഞുപിടിച്ച്‌ പട ജയിക്കുന്ന ഭരത്‌ചന്ദ്രന്‍മാരിലൂടെ സുരേഷ്‌ഗോപിയെ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്ന കേരളീയ സമൂഹം. ഈ ഭയപ്പാടുതന്നെയാണോ രാഷ്‌ട്രീയനേതാവായ എം.പിയുടെ നാവിന്‍തുമ്പില്‍നിന്നു വീണ പഞ്ചിംഗ്‌ ഡയലോഗിന്റെ പിറവിക്കും കാരണം...?

സുരേഷ്‌ ഗോപിയോടു തന്നെ ചോദിക്കാം അഭിപ്രായം

സുരേഷ്‌ഗോപി: ഇതെനിക്കുള്ള അംഗീകാരമാണ്‌. മറ്റൊരു എമ്പോക്കിയുടേയും പേര്‌ ആ എം.പി. വിളിച്ചുപറഞ്ഞില്ലല്ലോ..? ഇത്‌ എന്റെ പോലീസ്‌ വേഷങ്ങള്‍ക്കുള്ള കോംപ്ലിമെന്റാണെന്ന്‌ ഉറപ്പല്ലേ. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പെണ്ണുപിടിക്കാന്‍ പോയിട്ടല്ല ആ എസ്‌.ഐയോടു കയര്‍ത്തത്‌. അയാള്‍ മണല്‍മാഫിയയെയാണു പിടികൂടിയത്‌. അതാണ്‌ സുരേഷ്‌ ഗോപിയുടെ പോലീസിന്റെ പ്രസക്‌തിയും. എന്റെ പോലീസ്‌ വേഷങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍നിന്നുള്ളവയാണ്‌. ഇത്തരത്തിലുള്ള രാഷ്‌ട്രീയക്കാരും മേലുദ്യോഗസ്‌ഥരും അവസാനിക്കാത്ത കാലത്തോളം എന്റെ പോലീസ്‌ കഥാപാത്രങ്ങള്‍ ഇതേ സ്വഭാവത്തില്‍ നിലനില്‍ക്കും. ഈ കഥാപാത്രങ്ങള്‍ സമൂഹത്തിന്റെ ആശയും ആവേശവുമാണ്‌. രാഷ്‌ട്രീയ നേതാക്കളും പോലീസ്‌ ഉദ്യോഗസ്‌ഥരും മാറാന്‍ തയാറാവാത്ത കാലങ്ങളോളം എനിക്ക്‌ ഇത്തരം വേഷങ്ങളിലൂടെ പ്രതികരിക്കേണ്ടിവരും. എത്രയോ പോലീസുകാര്‍ എന്നെ വിളിച്ച്‌ അഭിനന്ദിക്കാറുണ്ട്‌. പലയിടങ്ങളില്‍വച്ചും എന്നെ സല്യൂട്ട്‌ ചെയ്‌തിട്ടുമുണ്ട്‌. ഒരു ഐ.പി.എസുകാരനാകാനായിരുന്നു പഠനകാലത്തെ മോഹം. സിനിമയിലൂടെ ഞാനത്‌ യാഥാര്‍ഥ്യമാക്കുകയും ചെയ്‌തു.

സുരേഷ്‌ ഗോപിയുടെ പോലീസ്‌

സിനിമകള്‍ മാറിമാറി തപ്പിയപ്പോഴാണ്‌ എഴുപതുകളുടെ മാറാല നീക്കി എസ്‌.ഐമാര്‍ രംഗത്തുവന്നത്‌. 'ആവനാഴി'യിലും പിന്നെ 'ഇന്‍സ്‌പെക്‌ടര്‍ ബല്‍റാ'മിലുമൊക്കെ കണ്ട അതേ പോലീസ്‌. അവരെല്ലാവരും എസ്‌.ഐമാരായിരുന്നു. കാക്കിക്കുള്ളില്‍ നിറഞ്ഞുനിന്ന്‌ ഇന്നത്തെ മെഗാസ്‌റ്റാറാക്കി മമ്മൂട്ടിയെ വളര്‍ത്തിയെടുത്ത അതേ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍...!

എഴുപതുകളില്‍നിന്നു തൊണ്ണൂറുകളിലേക്കു കാലം വളര്‍ന്നപ്പോള്‍ മലയാള സിനിമയും പോലീസ്‌ ഓഫീസര്‍ക്കു പ്രമോഷന്‍ നല്‍കി. മമ്മൂട്ടി വിസ്‌മരിച്ച എസ്‌.ഐമാരുടെ കാക്കിക്കുപ്പായം അഴിച്ചുവാങ്ങി അണിഞ്ഞപ്പോള്‍ സുരേഷ്‌ ഗോപി കമ്മിഷണറും തത്തുല്ല്യറാങ്കുകാരനുമായി.

അധികാരകേന്ദ്രങ്ങളുടെ ആജ്‌ഞകള്‍ക്കു ചെവികൊടുക്കാതെ ജനപക്ഷത്തുനിന്ന പോലീസ്‌. കാക്കിയോടും ജനങ്ങളോടും മാത്രം കൂറുള്ള പോലീസ്‌ ഓഫീസര്‍. അഴിമതിക്കും മണല്‍മാഫിയയ്‌ക്കും കള്ളനോട്ട്‌ സംഘങ്ങള്‍ക്കും സകലവിധ മാഫിയാസംഘങ്ങള്‍ക്കും ഭീഷണിയായി നിലകൊള്ളുന്ന പോലീസ്‌. നീതിക്കെതിരേ ഉയരുന്ന ഏതു ശക്‌തിയേയും തളയ്‌ക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോലീസ്‌ ഓഫീസര്‍... ഒരിക്കലെങ്കിലും യാഥാര്‍ഥ്യമായി കാണാന്‍ ജനം ആഗ്രഹിക്കുന്ന പോലീസ്‌ ഓഫീസര്‍. ഇതൊക്കെയാണ്‌ അല്ലെങ്കില്‍ ഇതിലുമേറെയാണ്‌ സുരേഷ്‌ ഗോപിയുടെ പോലീസ്‌...!

സുരേഷ്‌ ഗോപിയുടെ പോലീസിനെ ഈ വിധത്തില്‍ പരിചയപ്പെടുമ്പോഴാണ്‌ 'നീ സുരേഷ്‌ ഗോപി കളിക്കല്ലേ' യെന്നു സുധാകരന്‍ എം.പി. ഒരു പോലീസ്‌ സബ്‌ ഇന്‍സ്‌പെകട്‌റുടെ മുഖത്തുനോക്കി ഗര്‍ജിക്കുന്നത്‌. അപ്പോഴാണ്‌ കേട്ടവര്‍ക്കൊക്കെയും സ്വഭാവിക സംശയം ഉയര്‍ന്നതും. തീയേറ്ററിലെ നിറഞ്ഞ സദസില്‍നിന്ന്‌ സുരേഷ്‌ ഗോപിക്കുവേണ്ടി കൈയടിച്ച്‌ ആര്‍ത്തുവിളിച്ച പ്രേക്ഷകനു സന്ദേഹമുണ്ടാകുന്നതും. പിന്നീടാണ്‌ കാര്യങ്ങളുടെ ഗൗരവം മനസിലായത്‌. എസ്‌.ഐ. പിടികൂടിയത്‌ മണല്‍ മാഫിയയെയാണ്‌. ലോക്കപ്പില്‍ ഉടയാടകള്‍ അഴിച്ചുമാറ്റി നിര്‍ത്തിയത്‌ എം.പിയുടെ വിശ്വസ്‌തനായ രാഷ്‌ട്രീയ നേതാവിനെയാണ്‌. മണല്‍മാഫിയയ്‌ക്കുവേണ്ടി വാദിക്കാന്‍ എത്തിയതാണ്‌ രാഷ്‌ട്രീയ നേതാവ്‌.

ഒരു സുരേഷ്‌ ഗോപി സിനിമയിലെ രംഗങ്ങള്‍ക്കു സമാനമാണ്‌ കഥാഗതി. എന്നാല്‍, ക്ലൈമാക്‌സില്‍ നമ്മുടെ പോലീസ്‌ പതറി. മാധ്യമപ്പടയും എം.പിയുടെ മദമിളക്കവും കണ്ട്‌ എസ്‌.ഐ. ചുമരോടുചേര്‍ന്ന്‌ 'കമാ'ന്ന്‌ ഒരക്ഷരം മിണ്ടാതെ അനങ്ങാതെ നിന്നു. ഇങ്ങനെ നിന്നിട്ടുതന്നെ നേരത്തോടുനേരത്തിനകം എസ്‌.ഐയെ ജില്ലയ്‌ക്കു പുറത്തേക്ക്‌ സ്‌ഥലംമാറ്റി ഉത്തരവിറങ്ങി. എസ്‌.ഐ. സുരേഷ്‌ ഗോപിയായി പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുക...?!!

''
സാര്‍. കഴിഞ്ഞ സര്‍ക്കാര്‍ വക മൂന്നു സസ്‌പെന്‍ഷന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ 33 ട്രാന്‍സ്‌ഫര്‍. ഇവരുടെ സര്‍ക്കാര്‍ വക രണ്ടര വര്‍ഷംകൊണ്ട്‌ ട്രാന്‍സ്‌ഫര്‍. ഇനി എവിടേക്കാണ്‌ സാര്‍.. ഗോകര്‍ണത്തേക്കോ.. അതോ ശൂന്യാകാശത്തേക്കോ...''

രഞ്‌ജി പണിക്കര്‍ക്ക്‌ ഇങ്ങനെ തിരക്കഥയില്‍ എഴുതിവയ്‌ക്കാം. എന്നാല്‍ ജീവിതത്തിലെ എസ്‌.ഐക്ക്‌ ഇങ്ങനെ പറയാന്‍ പറ്റുമോ..?
സുരേഷ്‌ ഗോപി കളിച്ചാല്‍ താന്‍ വീട്ടിലിരിക്കു'മെന്ന്‌ ഒരു ജനപ്രതിനിധി ഗര്‍ജിക്കുമ്പോള്‍ നാം എന്താണ്‌ അതില്‍നിന്നു മനസിലാക്കേണ്ടത്‌...? ജനമൈത്രി പോലീസൊക്കെ വരുന്നതിനുമുമ്പേ അഴിമതിക്കെതിരായ ജനകീയ പോലീസ്‌ സംവിധാനം സൃഷ്‌ടിച്ചത്‌ സുരേഷ്‌ ഗോപിയാണ്‌. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലീസ്‌ വേഷത്തില്‍ കയറിനിന്ന്‌ പ്രേക്ഷക കൈയടിയുടെ പിന്തുണയില്‍ പടനയിച്ച പോരാളി.

മമ്മൂട്ടി കാക്കിയണിഞ്ഞ കാലഘട്ടത്തില്‍നിന്ന്‌ ഏറെ മാറ്റമുണ്ട്‌ സുരേഷ്‌ ഗോപിയുടെ കാക്കികാലത്തേക്ക്‌.

'
ആവനാഴി'യുടെ കാലത്ത്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ കണ്ടുമുട്ടുന്നതു തന്നെ അപൂര്‍വം. ഇന്നു പരസ്‌പരവിധേയത്വത്തിന്റെ ചാക്രിക ചലനത്തിലാണ്‌ പോലീസ്‌ സംവിധാനം. പോലീസ്‌ മേധാവിയായ ഡി.ജി.പിക്കു പോലും ആഭ്യന്തരമന്ത്രി പറയുന്നതേ അനുസരിക്കാന്‍ സാധിക്കുകയുള്ളൂ. ആഭ്യന്തമന്ത്രിമാരുടെ പേരിട്ട്‌ പോലീസിനെ വിളിക്കുന്നതും ഇതുകൊണ്ടുതന്നെ. 'കോടിയേരി പോലീസും' 'തിരുവഞ്ചൂര്‍ പോലീസും' തുടങ്ങി വിളിപ്പേരുകള്‍ അനേകം.. മണല്‍മാഫിയയ്‌ക്കെതിരേ നടപടിയെടുത്ത സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കുനേരേ വിരല്‍ചൂണ്ടി 'നീ സുരേഷ്‌ ഗോപി കളിക്കാറായോടോ.' എന്നു ഗര്‍ജിക്കുമ്പോള്‍ വ്യക്‌തമാകുന്നത്‌ നമ്മുടെ പോലീസും രാഷ്‌ട്രീയക്കാരും ഭരത്‌ചന്ദ്രന്റെ കാലഘട്ടത്തില്‍നിന്ന്‌ ഒരടിപോലും മുന്നോട്ടുപോയിട്ടില്ലെന്നു തന്നെ...!!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment