Thursday, 17 May 2012

[www.keralites.net] "ഇനിയൊരു പാര്‍ട്ടിയും കൊലക്കത്തിയുടെ രാഷ്ട്രീയം കളിക്കരുത്.

 

സി പി എമ്മിന്റെ ജയിലിലേക്കുള്ള പോക്ക് ഉറപ്പായിക്കഴിഞ്ഞു. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ അവര്‍ നടപ്പിലാക്കിയ തലവെട്ടു രാഷ്ട്രീയത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങി. ഇപ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാണ്. സഖാവ് ടി പി വെട്ടേറ്റു വീണപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിലേക്കാണ് പോലീസ് നായ ആദ്യം മണം പിടിച്ചു ഓടിയത്. ചോര മണക്കുന്ന വഴിയിലൂടെ നായ പിന്നീട് ഓടിക്കയറിയത് ലോക്കല്‍ കമ്മറ്റിയിലേക്ക്. ഇപ്പോഴിതാ നേരെ ഏരിയ കമ്മറ്റി ഓഫീസിലേക്കും നായ ചാടിക്കയറിയിരിക്കുന്നു. ഇനി ചാടാന്‍ ബാക്കിയുള്ളത് ജില്ല കമ്മറ്റി ഓഫീസും എ കെ ജി സെന്ററും മാത്രമാണ്. ഒരു കൊലപാതകം സി പി എം പോലൊരു പാര്‍ട്ടിയെ ഇത്രമേല്‍ വിറപ്പിച്ചു നിര്‍ത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

കൊലപാതകത്തിനു ഉപയോഗിച്ച കാറില്‍ "മാഷാ അല്ലാഹ്" എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു സി പി എം കളിക്കാന്‍ ശ്രമിച്ചത് വളരെ അപകടകരമായ രാഷ്ട്രീയമാണ്. പോലീസ് ആ സ്റ്റിക്കറിന് പിന്നില്‍ അന്വേഷണം അവസാനിപ്പിച്ചു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെങ്കില്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് ഒരു ഇരുപതു വര്‍ഷം കൂടി കര്‍ണാടകയിലെ ജയിലില്‍ തന്നെ താങ്ങുവാന്‍ വകുപ്പുണ്ടാകുമായിരുന്നു. തൊഴിലാളി വര്‍ഗ്ഗസമരങ്ങളുടെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും പാതയില്‍ നിന്ന് വിട്ടു മാറി നരേന്ദ്ര മോഡി പരീക്ഷിച്ചു വിജയിച്ച 'എന്‍കൌണ്ടര്‍ ഭീകരത' യുടെ രാഷ്ട്രീയം രുചിച്ചു നോക്കാനുള്ള ഒരു ശ്രമമാണ് സി പി എമ്മിന്റെ കണ്ണൂര്‍ ലോബി നടത്തിയത്. 

സഖാവ് ടി പി തന്റെ രക്തം കൊണ്ടാണ് കപാലികരോട് മറുപടി പറഞ്ഞതെങ്കില്‍ ടി പിയുടെ ഭാര്യ രമ ഭര്‍ത്താവ് പകര്‍ന്നു നല്‍കിയ മനക്കരുത്ത് കൊണ്ടാണ് മറുപടി നല്‍കിയത്. "ചന്ദ്രശേഖരന്റെ ഭാര്യയാണ് ഞാന്‍, പതറില്ല.. പതറാന്‍ പാടില്ല. മരിക്കുന്നത് വരെ പോരാട്ടം തുടരും" രമ പറഞ്ഞ വാക്കുകള്‍ ഏതെങ്കിലും സഖാവിന്റെ ഉറക്കം കെടുത്തുമോ എന്നറിയില്ല. പക്ഷെ ഒന്നുണ്ട്, അവര്‍ തുറന്നു പറഞ്ഞ പല 

സത്യങ്ങളും സി പി എം എന്ന പാര്‍ട്ടിയുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കുള്ള മുദ്ര പതിച്ച സര്‍ട്ടിഫിക്കറ്റാണ്. ഭര്‍ത്താവിനെ കൊന്നാല്‍ ഭാര്യ തലതല്ലിക്കരഞ്ഞു ജീവിതം ഒടുക്കിക്കൊള്ളും എന്ന് കരുതിയവര്‍ക്ക് കിട്ടിയ ചെകിടത്തടിയാണ്. ഗൂഡാലോചന പ്രാദേശിക തലത്തില്‍ മാത്രമല്ല എന്നും അത് സംസ്ഥാന തലം വരെ പോയിട്ടുണ്ടെന്നും രമ ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ പിടിയിലായ ചന്ദ്രശേഖരന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന പ്രാദേശിക നേതാവിന് ആസൂത്രണം ചെയ്യാന്‍ കഴിയുന്ന ഒരു കൊലപാതകമല്ല ഇതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. "മാഷാ അല്ലാഹ്" എന്ന സ്റ്റിക്കര്‍ ഒട്ടിക്കാന്‍ കാണിച്ച ബുദ്ധിയുടെ പത്തിലൊന്ന് മതി. കൊലപാതകം നടത്തി ഒളിത്താവളത്തില്‍ എത്തി വേഷംമാറിയ ശേഷം ആദ്യം പോയത് കൂത്തുപറമ്പിലെ സി പി എം ഏരിയ കമ്മറ്റി ഓഫീസിലേക്കാണെന്ന അറസ്റ്റിലായ പ്രതിയുടെ മൊഴി സി പി എം നേതൃത്വത്തിന്റെ അണ്ണാക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. "ചന്ദ്രശേഖരനുമായി വ്യക്തിപരമായി വിരോധമൊന്നും ഇല്ല, നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമാണ് കൊന്നതില്‍ സങ്കടമുണ്ട്" പിടിയിലായ സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗം രവീന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രക്തസാക്ഷി ദിനത്തില്‍ നടന്ന പ്രകടനത്തില്‍ പോലും 'ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ചു കിടത്തും' എന്ന് മുദ്രാവാക്യം വിളിച്ച പാര്‍ട്ടിയല്ലാതെ മറ്റാരുമല്ല തന്റെ ഭര്‍ത്താവിനെ കൊന്നതെന്ന രമയുടെ വാക്കുകളെ അക്ഷരം പ്രതി ശരിപ്പെടുത്തുന്നതാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജീവിച്ചിരുന്ന ചന്ദ്രശേഖരെനേക്കാള്‍ സി പി എമ്മിന് അപകടം വരുത്തുക മരിച്ചു കഴിഞ്ഞ ചന്ദ്രശേഖരന്‍ ആണെന്നും ടി വി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ പറഞ്ഞിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. രാഷ്ടീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കുവാന്‍ ഇനി ഏതൊരു പാര്‍ട്ടിയും - സി പി എമ്മായാലും കോണ്‍ഗ്രസ്സായാലും - തയ്യാറാവേണ്ടി വരും. 

കിട്ടിയ ചാന്‍സിന് വടകരയില്‍ പരല്‍മീനുകളെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന രമേശ്‌ ചെന്നിത്തലയുടെ ഉപവാസപ്പന്തലില്‍ കിടന്നു കറങ്ങുന്നതിനു പകരം മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ചെയ്യേണ്ടത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. ഒരു ദിവസം ഉപവാസം കിടന്നാല്‍ ചെന്നിത്തലക്ക് അരക്കിലോ തൂക്കം കൂടിക്കിട്ടിയേക്കും. കൊലപാതക രാഷ്ട്രീയത്തിന് കോണ്‍ഗ്രസും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആ മഹത്തായ സംഭാവനകളെ ഒരു ഉപവാസം കൊണ്ട് മായ്ച്ചു കളയാനാവില്ല. വാഴ വെട്ടാന്‍ പറ്റിയ സമയത്ത് അത് ചെയ്യുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഭ്യാസങ്ങള്‍ മാത്രമാണ് ചെന്നിത്തലയും കളിക്കുന്നത്.

കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളക്കര ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ജനവികാരമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. സഖാവ് ടി പി തന്റെ ചോരയിലൂടെ കേരളത്തിനു നല്‍കിയിരിക്കുന്ന സന്ദേശം വളരെ വലുതാണ്‌. "ഇനിയൊരു പാര്‍ട്ടിയും കൊലക്കത്തിയുടെ രാഷ്ട്രീയം കളിക്കരുത്. അതിനു മാത്രമുള്ള പാഠം അവര്‍ എന്റെ രക്തത്തില്‍ നിന്നും പഠിച്ചിരിക്കണം". ടി പി തന്റെ ചോര കൊണ്ടെഴുതിയ വാക്കുകള്‍ സി പി എമ്മിന്റെ മാത്രമല്ല, കൊലക്കത്തി കൊണ്ട് കൊടി പറപ്പിക്കാം എന്ന് കരുതുന്ന എല്ലാ രാഷ്ട്രീയക്കര്‍ക്കുമുള്ള പാഠമാണ്. 'കുലംകുത്തി'യായ ഒരു സഖാവിനെ കഷണം കഷണമായി വെട്ടിനുറുക്കിയാല്‍ പാര്‍ട്ടി ശക്തിപ്പെടും എന്ന് കണക്കു കൂട്ടിയ മനുഷ്യപ്പിശാചുക്കളെ - അവര്‍ എത്ര വലിയ നേതാവായിരുന്നാലും ശരി - എത്രയും പെട്ടെന്ന് ജയിലഴിക്കുള്ളില്‍ എത്തിക്കുക എന്നതാണ് കേരളക്കരയുടെ പൊതുമനസ്സ് ആവശ്യപ്പെടുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment