റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേര്‍ കൂടി അറസ്‌റ്റില്‍. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇതില്‍ രണ്ടുപേര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. കോഴിക്കോട് ജില്ലയിലെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് അറിയുന്നു. ഇവര്‍ പോലീസ് നിരീക്ഷണ വലയത്തിലാണ്. കണ്ണൂരിലെ ഉന്നതനായ നേതാവിന്റെ പങ്ക് അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഏരിയാ കമ്മറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നിവര്‍ക്ക് പുറമെയാണിത്. മുഖം രക്ഷിക്കാനാവാതെയും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാവാതെയും സി.പി.എം വലയുകയാണ്. സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും പുറത്തിറക്കുന്ന വിശദീകരണങ്ങള്‍ക്ക് കമ്മറ്റിയില്‍ പോലുമുള്ള ആളുകളെ വിശ്വസിപ്പിക്കാനാവുന്നില്ല. 'കണ്ണൂര്‍ ലോബി' മുമ്പ് എങ്ങും നേരിടാത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ നേരിടുന്നത്.
സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ചെറിയപറമ്പത്ത് ജയസൂര്യയില്‍ കെ.സി. രാമചന്ദ്രന്‍ (52), അഴിയൂര്‍ കോറോത്ത് റോഡിലെ കല്ലംപറമ്പത്ത് ദില്‍ഷാദ് (27), കോറോത്ത് റോഡിലെ പാറപ്പറമ്പത്ത് മീത്തല്‍ മുഹമ്മദ് ഫസല്‍ (28), തലശേരി പൊന്ന്യം കുണ്ടുംചിറ നീര്‍കോലി വീട്ടില്‍ സനീഷ് (27) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. ഇന്നു കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രന്‍ (47), കോടിയേരി ആനന്ദത്തില്‍ കുട്ടു എന്ന രജിത്ത് (23), അഴിയൂര്‍ കോട്ടമലക്കുന്ന് ദീപു എന്ന ദിപിന്‍ (25), അഴിയൂര്‍ രമ്യാനിവാസില്‍ രമീഷ് (23) എന്നിവരെ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് നാലു ദിവസത്തേക്കു പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി ചൊക്ലി കവിയൂര്‍ റോഡില്‍ മാരാന്‍കുന്നുമ്മല്‍ ലംബു എന്ന പ്രദീപ(24)നെ രണ്ടാഴ്‌ചത്തേക്കു ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു.
ചന്ദ്രശേഖരന്‍ വധഗൂഢാലോചന നടത്തിയതു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്ടെ ഒഞ്ചിയം ഏരിയാ കമ്മിറ്റിക്കും കണ്ണൂരിലെ പാനൂര്‍ ഏരിയാ കമ്മിറ്റിക്കുമാണു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പറയുന്നത്. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള അക്രമി സംഘത്തെ ഏര്‍പ്പെടുത്തിയതു പാനൂര്‍ ഏരിയാ കമ്മിറ്റിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രനില്‍നിന്നും രവീന്ദ്രനില്‍നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്കും മറ്റു ചില ഉന്നത സിപിഎം നേതാക്കളിലേക്കുമാണു നീളുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നേതാക്കള്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കുറ്റിയാടി സിഐ: വി.വി. ബെന്നിയെ ചുമതലപ്പെടുത്തി. ചൊക്ലിയിലെ ഒരു പ്രാദേശിക സിപിഎം നേതാവ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രമുഖ സിപിഎം നേതാക്കള്‍ക്കു പുറമെ പ്രാദേശിക നേതാക്കളും ആലോചനകളില്‍ പങ്കെടുത്തതായാണു വിവരം. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും രാമചന്ദ്രന്റെ അടുത്ത സുഹൃത്തുമായ വ്യക്തിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ആയുധങ്ങള്‍ നിര്‍മിച്ചുകൊടുത്തെന്നു കരുതുന്ന ഒരാളെ പാട്യത്തു നിന്നു കസ്റ്റഡിയിലെടുത്തു. ടിപിയെ വധിച്ചശേഷം ചൊക്ലിയില്‍ കാറുപേക്ഷിച്ച ക്വട്ടേഷന്‍ സംഘത്തെ രക്ഷപ്പെടാന്‍ ബൈക്ക് തരപ്പെടുത്തിക്കൊടുത്ത ആളാണ് അറസ്റ്റിലായ സനീഷ്. ദില്‍ഷാദും മുഹമ്മദ് ഫൈസലും അഴിയൂര്‍ കോറോത്ത് റോഡിലെ കെ.കെ വയലിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ആക്രമണത്തിനു മുന്‍പ് ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചു.
ചന്ദ്രശേഖരനെ കൊന്നതില്‍ സങ്കടമുണ്ടെന്നും തനിക്ക് അയാളുമായി ഒരു വ്യക്തിവിരോധവും ഇല്ലെന്നും, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടി തീരുമാനം അനുസരിച്ചുവെന്നും, അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ കണ്ണീരോടെ പറഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ രവീന്ദ്രന്‍ ഒന്നും മറച്ചുവച്ചില്ല. പിടിക്കപ്പെടുമെന്നു താന്‍ ഒരിക്കലും കരുതിയില്ലെന്നും പിടിക്കപ്പെട്ടതിനാല്‍ ഇനി ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും രവീന്ദ്രന്‍ കണ്ണീരോടെ കൈകൂപ്പി അന്വേഷണ സംഘത്തിനു മുന്നില്‍ ഗൂഢാലോചനയുടെ ചുരുളഴിച്ചു. എന്നാല്‍, രവീന്ദ്രന്‍ വെളിപ്പെടുത്താത്ത ഏറെ വിവരങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു. രവീന്ദ്രനാണ് തന്റെ ഗൃഹപ്രവേശത്തിനായി ക്ഷണക്കത്തു നല്‍കി ക്വട്ടേഷന്‍ സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്. ഒരു മാസം മുന്‍പു തന്നെ ടി.പിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും തനിക്ക് ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ടി.പി. വധിക്കപ്പെട്ടതില്‍ ദുഃഖമുണ്ട്. ഞാനുമായും എന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ക്വട്ടേഷന്‍ സംഘത്തെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.
ടി.പി. വധവുമായി ബന്ധപ്പെട്ട് 1,10,000 രൂപ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനാണു ക്വട്ടേഷന്‍ ഇനത്തില്‍ കൊടി സുനിക്കു നല്‍കിയത്. കൊലയാളികള്‍ക്കു സഞ്ചരിക്കാന്‍ ഇന്നോവ കാര്‍ വാടകയ്‌ക്ക് എടുക്കാന്‍ 35,000 രൂപ നല്‍കിയതും രാമചന്ദ്രനാണ്. ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍ രാമചന്ദ്രനില്‍നിന്നു നാമമാത്രമായ വിവരങ്ങള്‍ മാത്രമാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പ്രഫഷണല്‍ ക്രിമിനലുകളുടെ സമാനമായ രീതിയിലാണു ചോദ്യംചെയ്യലില്‍ രാമചന്ദ്രന്റെ പ്രതികരണമെന്ന് അന്വേഷണസംഘം പറഞ്ഞു. ക്വട്ടേഷന്‍ ഇനത്തില്‍ നല്‍കിയ 1,10,000 രൂപയുടെ സാമ്പത്തിക സ്രോതസ് രാമചന്ദ്രന്‍ മാത്രമല്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ പേരില്‍ രാമചന്ദ്രനെ ഉപയോഗപ്പെടുത്തി ടി.പിയെ വധിക്കാന്‍ വേണ്ട സഹായം ആവശ്യപ്പെട്ടതാരെന്ന് അന്വേഷിച്ചുവരികയാണ്. ചൊക്ലിയിലെ കൊടി സുനിയുടെ വീട്ടിലെത്തിയാണു 15,000 രൂപ നല്‍കിയത്. രണ്ടാം തവണ മേയ് രണ്ടിനു മാഹിക്കടുത്തുള്ള പള്ളിക്കുനിയില്‍ എത്തി 40,000 രൂപയാണു നല്‍കിയത്. ഇത് ആര്‍ക്കാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നാണു രാമചന്ദ്രന്‍ പറയുന്നത്. സുനിയുടെ നിര്‍ദേശ പ്രകാരമെത്തിയവരാണെന്നു സ്വയം പരിചയപ്പെടുത്തിയ ഹെല്‍മറ്റ് ധരിച്ചവര്‍ക്കാണു തുക നല്‍കിയത്. രാമചന്ദ്രനെ ചോദ്യംചെയ്‌തതില്‍നിന്ന് 90,000 രൂപ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണു ലഭിച്ചത്. അവശേഷിക്കുന്ന 20,000 രൂപയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ്. 35 ലക്ഷം രൂപയാണു ടി.പിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിനു നല്‍കിയത്. ഇതില്‍ 1,10,000 രൂപ നല്‍കിയതു സംബന്ധിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്.
ടി.പി.യെ കാറില്‍ നിന്നിറങ്ങി കൊടുവാള്‍ കൊണ്ടു വെട്ടിയത് കൊടി സുനിയും അനൂപും ചേര്‍ന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അക്രമിച്ചെന്നു കരുതുന്ന മൂന്നാമന്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ആക്രമിക്കുമ്പോള്‍ ആരെങ്കിലും ടി.പിയെ രക്ഷിക്കാനായി ഓടി വന്നാല്‍ ആദ്യം ബോംബെറിഞ്ഞ് അകറ്റാനും പിന്നീട് വെട്ടിക്കൊല്ലാനുമായിരുന്നു സംഘത്തിന്റെ തീരുമാനം. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഓര്‍ക്കാട്ടേരിയില്‍ ആക്രമിക്കുമ്പോള്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന സംഘം നേരിടാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിച്ചത്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്നത് കൊടി സുനിയുടെ സുഹൃത്തും ഒട്ടേറെ അക്രമങ്ങളില്‍ പങ്കാളിയുമായ ചെണ്ടയാട് കല്ലുവളപ്പ് എം.സി. അനൂപായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ഉടന്‍ കൊടി സുനിയും അനൂപും കാറില്‍ നിന്നിറങ്ങി ടി.പിയെ വെട്ടി. എന്നാല്‍, നാട്ടുകാരില്‍നിന്ന് ചെറുത്തുനില്‍പ് ഉണ്ടാകാത്തതിനാല്‍ ബാക്കിയുള്ളവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. കൊടി സുനിക്കും അനൂപിനും ഒപ്പം പുറത്തേക്കിറങ്ങിയ മൂന്നാമന്‍ ആരെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെ ഇയാള്‍ ബോംബെറിയുകയും അതിനു ശേഷം ടി.പിയെ വെട്ടുകയും ചെയ്‌തെന്നാണു ദൃക്‌സാക്ഷിമൊഴി.
ടി.പി.യുടെ കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായിത്തുടങ്ങിയതോടെ പാര്‍ട്ടിയില്‍നിന്ന് രാജി തുടരുകയാണ്. ബുധനാഴ്ച നാല് സി.പി.എം. അംഗങ്ങള്‍ ടി.പി.യുടെ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ. ഓര്‍ക്കാട്ടേരി മേഖലാ ജോയന്റ് സെക്രട്ടറി വി.എം. അഭിലാഷ്, സി.പി.എം. എളങ്ങോളി ബ്രാഞ്ച് അംഗങ്ങളായ ആര്‍.കെ. പ്രമോദ്, ടി.എം. ശശി, പി.എം. പ്രശാന്ത് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. ഇവര്‍ ആര്‍.എം.പി.യോട് അനുഭാവവും പ്രഖ്യാപിച്ചു. ടി.പി. വധിക്കപ്പെട്ടശേഷം രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ വീട്ടിലെത്തി രാജി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് പലരും വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളില്‍ രാജി തുടരുമെന്നാണ് സൂചന.
No comments:
Post a Comment