Wednesday, 25 April 2012

[www.keralites.net] തിരുകേശത്തിന്റെ വോട്ടുമൂല്യം‍‍

 

തിരുകേശത്തിന്റെ വോട്ടുമൂല്യം‍‍

 

 

ആഭ്യന്തര മന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ പെരുന്ന സന്ദര്‍ശിക്കാനുള്ള 'വിസ' എന്‍.എസ്‌.എസ്‌. അധികാരികള്‍ നിഷേധിച്ച സംഭവം കേരളത്തിലെ ഭരണ നേതൃത്വത്തിന്റെ പാപ്പരത്തവും സാമുദായിക നേതൃത്വം രാഷ്‌ട്രീയ രംഗത്ത്‌ കൈവരിച്ച മേല്‍ക്കോയ്‌മയും വിളംബരം ചെയ്യുന്നു. സാമുദായിക നേതൃത്വത്തിന്റെ മുന്നില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കു പോലും വാലു മടക്കി നില്‍ക്കേണ്ട അവസ്‌ഥ ജനാധിപത്യ ബോധമുള്ള ആരെയും നാണിപ്പിക്കും. മുസ്ലിം ലീഗിന്റെ ഭീഷണിക്കു വഴങ്ങി അഞ്ചാം മന്ത്രി സ്‌ഥാനം നല്‍കിയതില്‍ ഭൂരിപക്ഷ സമുദായക്കാരെല്ലാം വാളെടുത്തപ്പോള്‍, അവരെ സാന്ത്വനപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ (അതോ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെയോ) പൊടിക്കൈയായിരുന്നു നായര്‍-ഈഴവ സമുദായക്കാരായ മന്ത്രിമാര്‍ക്ക്‌ മെച്ചപ്പെട്ട വകുപ്പു നല്‍കുക എന്നത്‌. നായര്‍ സമുദായാംഗങ്ങളായ തിരുവഞ്ചൂരിന്‌ ആഭ്യന്തര വകുപ്പും വി.എസ്‌. ശിവകുമാറിന്‌ ആരോഗ്യവും നല്‍കി എന്‍.എസ്‌.എസിനേയും ഈഴവനായ അടൂര്‍ പ്രകാശിന്‌ റവന്യു വകുപ്പ്‌ നല്‍കി എസ്‌.എന്‍.ഡി.പി.യേയും അനുനയിപ്പിക്കാം എന്ന്‌ മുഖ്യമന്ത്രി വ്യാമോഹിച്ചിട്ടുണ്ടാകാം. കാരണം പിറവത്ത്‌ ഈ രണ്ടു സാമുദായിക സംഘടനകളും യു.ഡി.എഫിനെ തുണച്ചിരുന്നു.

നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ച ത്യാഗമനോഭാവം ആരിലും അനുകമ്പ ഉണര്‍ത്തുന്നതാണ്‌. ഏറ്റവും സുപ്രധാനമായ ആഭ്യന്തര വകുപ്പ്‌ ഒഴിഞ്ഞു കൊടുക്കാന്‍ തയാറായതു തന്നെ ഉദാഹരണം. മന്ത്രിമാരുടെ വകുപ്പില്‍ നടത്തിയ ഈ കുലുക്കികുത്ത്‌ കെ.പി.സി.സി. അധ്യക്ഷന്‍ പോലും അറിഞ്ഞില്ലത്രെ.

യു.ഡി.എഫ്‌. എപ്പോഴെല്ലാമാണോ അധികാരത്തില്‍ വന്നത്‌, അപ്പോഴെല്ലാം ജാതി-മത ശക്‌തികള്‍ അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കുന്നതും ഭരണമുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിന്റെ കഠാരി മുനയില്‍ നിര്‍ത്തി അനര്‍ഹമായതു പലതും നേടിയെടുക്കുന്നതും നാം കണ്ടു വരുന്നു.

മുന്നണിയും ഭരണവും നിലനിര്‍ത്താന്‍ ജാതി-മത ശക്‌തികളെ അതിരു കവിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തില്‍ പതിവാക്കിയത്‌ കെ.കരുണാകരനാണ്‌. ഇതിനൊരു താല്‍ക്കാലിക അറുതിയുണ്ടായത്‌ 1987ലെ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്‌. 'മുസ്ലിം ലീഗിന്‌ മന്ത്രി സ്‌ഥാനം സ്വര്‍ണത്താലത്തില്‍ പാണക്കാട്ടേക്ക്‌ എത്തിച്ചു തരും' എന്ന്‌ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവ്‌ പരേതനായ സീതി ഹാജി പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ്‌ ഇല്ലാത്ത ഒരു ഭരണം കേരളത്തില്‍ ഉണ്ടാകില്ലെന്ന അഹന്തയായിരുന്നു ഹാജിയുടെ ഈ പ്രഖ്യാപനത്തിന്‌ പിന്നില്‍. എന്നാല്‍, മുസ്ലിം ലീഗ്‌ ഇല്ലാത്ത ഭരണം കേരളത്തില്‍ നടക്കുമോയെന്നു നോക്കട്ടെയെന്ന്‌ സി.പി.എം. നേതാവ്‌ ഇ.എം.എസും പ്രഖ്യാപിച്ചു. ഇ.എം.എസിന്റെ പ്രഖ്യാപനം കേരള ജനത നടപ്പാക്കി. അങ്ങനെ 1987ലെ എല്‍.ഡി. എഫിന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രി സഭ ലീഗിന്‌ പ്രാതിനിധ്യമില്ലാത്തതായി. 1980ലെ ഒന്നാം എല്‍.ഡി.എഫ്‌. മന്ത്രി സഭയില്‍ അഖിലേന്ത്യാ ലീഗുണ്ടായിരുന്നല്ലോ. 1996ലും 2006 ലും അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌് മന്ത്രി സഭകളും ലീഗ്‌ ഇല്ലാത്തതു തന്നെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ്‌ നേടിയ വന്‍ വിജയവും യു.ഡി.എഫിന്റെ നേര്‍ത്ത ഭൂരിപക്ഷവും ലീഗുകാരെ വീണ്ടും അഹങ്കാരികളാക്കി. വിചാരിച്ചാല്‍ എന്തും നേടിയെടുക്കാം എന്ന അഹന്ത ലീഗുകാരെ വീണ്ടും നയിച്ചു തുടങ്ങി. ആവശ്യപ്പെടുമ്പോഴേക്കും അഞ്ചാമതൊരു മന്ത്രി സ്‌ഥാനം കൂടി പാണക്കാട്ടേക്കെത്തി. ഉമ്മന്‍ ചാണ്ടിയെ വരച്ച വരയില്‍ നിര്‍ത്തി അവര്‍ക്ക്‌ ഇതെല്ലാം നേടാന്‍ സാധിച്ചു. 1982 ല്‍ തിരുവനന്തപുരത്തു നടന്ന നായര്‍ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത്‌ അന്നത്തെ ഉപമുഖ്യമന്ത്രി സി.എച്ച്‌. മുഹമ്മദ്‌ കോയ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. 'അന്യ സമുദായങ്ങളുടെ അവകാശത്തിലൊരു തലനാരിഴ പോലും എന്റെ സമുദായത്തിനു വേണ്ട. എന്റെ സമുദായത്തിന്റെ അവകാശങ്ങളില്‍ ഒരു തലനാരിഴ പോലും മറ്റാര്‍ക്കും വിട്ടുകൊടുക്കാനും തയാറല്ല'. എന്നാല്‍ സി.എച്ച്‌് മുഹമ്മദ്‌ കോയയുടെ പിന്‍ഗാമികള്‍ മറ്റുള്ളവരുടെ വിഹിതത്തിലും കൈയിട്ടു വാരാനാണു ശ്രമിക്കുന്നത്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ.

അടുത്ത കാലത്ത്‌ ഉയര്‍ന്നു വന്ന ചില പ്രവണതകള്‍ കാണുമ്പോള്‍, കരുണാകരന്റെ കാലത്തേതിനേക്കാള്‍ ശക്‌തമായി ജാതി-മത ശക്‌തികള്‍ കേരളാ രാഷ്‌ട്രീയത്തില്‍ ആധിപത്യം നേടുന്നതായിട്ടാണു തോന്നുന്നത്‌. പാണക്കാട്ടും പെരുന്നയിലും വളഞ്ഞ നട്ടെല്ലുമായി നില്‍ക്കുന്ന രാഷ്‌ട്രീയ നേതാക്കളെ നോക്കി കേരളം ലജ്‌ജിക്കുകയാണ്‌.

ജാതി-മത ശക്‌തികളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ സി.പി.എം. കാല്‍ നൂറ്റാണ്ടിനു മുമ്പു തന്നെ തീരുമാനിച്ചതാണ്‌. എങ്കിലും പാണക്കാട്ടെ ബിരിയാണി ചില സി.പി.എം. നേതാക്കളെ ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത് ലീഗിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരാനുള്ള ശ്രമം പിണറായി അങ്ങനെയാണു നടത്തിയത്‌.

മുസ്ലിം ലീഗിന്‌ അഞ്ചാം മന്ത്രി സ്‌ഥാനം നല്‍കിയതില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്‌.എസ്‌. നേതാക്കളെ പാട്ടിലാക്കാന്‍ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം എം.വിജയകുമാര്‍ പോയത്‌ കോണ്‍ഗ്രസിന്റെ പാത തന്നെ സി.പി.എമ്മും പിന്തുടരുന്നുവെന്നതിന്റെ തെളിവാണ്‌. ശരിയായ സാമുദായിക പ്രീണനം തന്നെ. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ നായര്‍ വോട്ട്‌ ലക്ഷ്യമാക്കിയാണ്‌ നായരായ വിജയകുമാറിനെ പിണറായി വിജയന്‍ പെരുന്നയിലേക്ക്‌ അയച്ചത്‌. എന്‍.എസ്‌.എസുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തുവെന്നും വിജയകുമാര്‍ അവകാശപ്പെട്ടു. ഏത്‌ കാര്യത്തിലാണാവോ അഭിപ്രായ ഐക്യമുണ്ടായത്‌?.

പ്രവാചകനായ മുഹമ്മദ്‌ നബിയുടെ വിശുദ്ധമായ തലമുടി തന്റെ കൈയിലുണ്ടെന്നും അത്‌ സൂക്ഷിക്കാന്‍ ആരാധനാലയം പണിയണമെന്നും പറഞ്ഞ്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ കോടാനുകോടികള്‍ പിരിച്ചെടുക്കുന്ന അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ക്ക്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറച്ചു മുമ്പു നല്‍കിയ മറുപടി കേട്ട്‌ ഞാന്‍ കോരിത്തരിച്ചുപോയി. മുടിയും നഖവുമെല്ലാം ബോഡി വേസ്‌റ്റാണെന്നായിരുന്നു, തിരുകേശ വിവാദത്തെ കുറിച്ച്‌ പിണറായി പ്രതികരിച്ചത്‌. പിണറായിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ നടത്തിയ ഏറ്റവും ധീരമായ പ്രഖ്യാപനം ഒരു പക്ഷേ, ഇതു തന്നെയായിരിക്കും. മുസ്ലിം വോട്ടിന്‌ വേണ്ടി 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ മുമ്പില്‍ കൂപ്പുകൈയുമായി നിന്നിരുന്ന പിണറായി വിജയന്‍ തന്നെയാണോ ഈ ധീരമായ പ്രഖ്യാപനം നടത്തിയത്‌ എന്ന്‌ ഒരു വേള ഞാന്‍ ശങ്കിച്ചു പോയിരുന്നു. എന്നാല്‍ കാന്തപുരത്തോടും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന യാഥാസ്‌ഥിതികവും സ്‌ത്രീ വിരുദ്ധവുമായ നിലപാടുകളോടും എതിര്‍ത്തു നില്‍ക്കാന്‍ പിണറായിക്ക്‌ സാധിച്ചിട്ടില്ല. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന 'കേരളാ യാത്ര'യുടെ മിക്കവാറും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സി.പി.എം. നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്‌. ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ , എം.വി.ജയരാജന്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസും ലീഗും കീരിയും പാമ്പും പോലെ കടിപിടികൂടുമ്പോള്‍, മര്‍ക്കസും സി.പി.എമ്മും കള്ളനും പോലീസും കളിക്കുകയാണ്‌. വോട്ടുബാങ്കാക്കി മാറ്റാമെങ്കില്‍, ഏത്‌ പിന്തിരിപ്പന്‍ സംരംഭത്തിലും, അന്ധവിശ്വാസാഘോഷങ്ങളിലും ചാടി വീണു മുതലെടുക്കുന്നത്‌ കേരളത്തിലെ സി.പി.എമ്മിന്‌ ഇപ്പോള്‍ ജാത്യാ സ്വഭാവമായി തീര്‍ന്നിരിക്കുന്നു. തിരുകേശത്തെ ശരീരമാലിന്യമായി തള്ളിയ പിണറായി വിജയന്റെ പ്രസ്‌താവനയുടെ അച്ചടിമഴി ഉണങ്ങും മുമ്പ്‌, കാന്തപുരം ഘോഷയാത്രക്കാരുടെ തളിപ്പറമ്പ്‌ സ്വീകരണം സംഘടിപ്പിച്ചു കൊടുത്ത്‌ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ തന്നെ ഉദ്‌ഘാടനം ചെയ്‌തത്‌ ഏത്‌ കമ്മ്യൂണിസ്‌റ്റുകാരനെയും ഞെട്ടിക്കും. മാര്‍ക്‌സിസത്തിന്റെ ഭൗതീക സിദ്ധാന്തങ്ങളെയും വര്‍ഗീയ ശക്‌തികളെ 'കൊടിലുകൊണ്ട്‌ പോലും തൊടരുത്‌' എന്നുള്ള സി.പി.എം. കോണ്‍ഗ്രസിന്റെ തീരുമാനത്തെയും മറികടന്നാണ്‌ ജയരാജന്റെ മര്‍ക്കസ്‌ വിധേയത്വ പ്രകടനം. ലാവ്‌ലിന്‍ കേസില്‍ പി.ബി. നിലപാടിന്‌ വിരുദ്ധമായി സംസാരിച്ചതിനാണ്‌ വി.എസിനെ പുറത്താക്കിയത്‌. ഇസ്ലാമിസ്‌റ്റ് മൗലിക വാദികളുടെ അന്ധവിശ്വാസ ഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌തതിന്‌ ഇ.പി.ജയരാജന്‌ എന്തെങ്കിലും ശിക്ഷ കൊടുക്കാന്‍ പ്രകാശ്‌ കാരാട്ട്‌ ധൈര്യപ്പെടുമോ.

സ്വന്തമായി വോട്ടുബാങ്കുള്ള കാന്തപുരത്തിന്റെ പ്രീതി നേടുന്നതിനു വേണ്ടി തന്നെയാണ്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്‍മാര്‍ 'കേരളാ യാത്ര'യോടനുബന്ധിച്ചുള്ള പരിപാടികളില്‍ ആവേശപൂര്‍വം പങ്കെടുക്കുന്നത്‌.

സി.പി.എമ്മിന്‌ നല്ല കടപ്പാട്‌ കാന്തപുരത്തോടുണ്ട്‌. 2004ല്‍ മഞ്ചേരി ലോക്‌സഭാ സീറ്റില്‍ ടി.കെ.ഹംസ ജയിച്ചതുള്‍പ്പെടെ കാന്തപുരത്തിന്റെ സഹായം ഏറെയാണ്‌. ഈ തെരഞ്ഞെടുപ്പ്‌ വിജയത്തിനു ശേഷം പിണറായി കാന്തപുരത്തെ സന്ദര്‍ശിച്ച്‌ നന്ദി അറിയിക്കുകയും ചെയ്‌തു. ബഹുഭാര്യത്വവും സ്‌ത്രീകളുടെ അവകാശ നിഷേധവും ആദര്‍ശമായി കൊണ്ടു നടക്കുന്ന എ.പി.അബൂബക്കര്‍ മുസല്യാരെ പോലുള്ളവരെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ആരും പിന്തുണയ്‌ക്കരുത്‌. സ്വന്തമായി വോട്ടുബാങ്കുണ്ടെങ്കില്‍ രാഷ്‌ട്രീയക്കാര്‍ മുന്നില്‍ വാലാട്ടി നില്‍ക്കും എന്ന തോന്നലും ഇത്തരക്കാരില്‍ ഉണ്ടാകരുത്‌.

ജാതി-മത ശക്‌തികളെ പ്രീണിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനോടൊപ്പം മത്സരിച്ചാല്‍ പിന്നെ ഇടതുപക്ഷത്തിന്‌ എന്താണ്‌ പ്രസക്‌തി? രാഷ്‌ട്രീയവും ജനങ്ങളുടെ പ്രശ്‌നങ്ങളും ഉയര്‍ത്തിത്തന്നെയാണ്‌ നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്‌. വോട്ടുപിടിക്കേണ്ടത്‌. അല്ലാതെ സാമുദായിക പ്രീണനത്തില്‍ യു.ഡി.എഫിന്റെ 'ബി' ടീമായി കളിക്കുകയല്ല വേണ്ടത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment