Wednesday, 25 April 2012

[www.keralites.net] മുഖംമൂടി ധരിച്ച നേതാക്കള്‍ വിലസുന്ന കേരള രാഷ്‌ട്രീയം‍

 

മുഖംമൂടി ധരിച്ച നേതാക്കള്‍ വിലസുന്ന കേരള രാഷ്‌ട്രീയം‍

 

മഴ പെയ്‌തു തീര്‍ന്നു പക്ഷേ, മരം പെയ്‌തുകൊണ്ടേയിരിക്കുന്നു എന്നു പറയുന്നതുപോലെയാണു കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭയുടെ വികസനകാര്യം. പുതിയ മന്ത്രിമാരെ എടുത്തുകൊണ്ട്‌ മന്ത്രിസഭ വികസിപ്പിച്ചതു സംബന്ധിച്ച്‌ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടകകക്ഷികളുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീര്‍ത്തു എന്നു കോണ്‍ഗ്രസ്‌ നേതൃത്വവും മുഖ്യമന്ത്രിയും പറഞ്ഞുകഴിഞ്ഞെങ്കിലും അങ്ങനെ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്‌നങ്ങളെന്നാണു പ്രതിപക്ഷത്തിരിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ നിലപാട്‌.

മുപ്പതു വര്‍ഷം കേരളത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും സംസ്‌ഥാന നിയമസഭയുടെ ചവിട്ടുപടിപോലും കാണാന്‍ കഴിയാത്ത ഭാരതീയ ജനതാപാര്‍ട്ടി മുസ്ലിംലീഗിന്‌ ഒരു മന്ത്രിയെക്കൂടി കൊടുത്ത്‌ യു.ഡി.എഫ്‌. മന്ത്രിസഭ വികസിപ്പിച്ചതിനെ ശക്‌തിയായി എതിര്‍ത്തുകൊണ്ട്‌ പ്രസ്‌താവനകള്‍ നടത്തിയെന്നു മാത്രമല്ല അതില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാന വ്യാപകമായി കരിങ്കൊടി പ്രകടനം നടത്താനും തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാനും ആഹ്വാനം നല്‍കുകയും ചെയ്‌തു. ഹര്‍ത്താലാഹ്വാനം സാധാരണ ജനങ്ങള്‍ മാത്രമല്ല ബി.ജെ.പി. പ്രവര്‍ത്തകര്‍പോലും അറപ്പോടെയാണ്‌ കണ്ടതെന്നതുകൊണ്ട്‌ ആരും ചെവികൊടുത്തുമില്ല.

ഒരു മുന്നണിയുടെ മന്ത്രിസഭയില്‍ ആരെയെല്ലാം എടുക്കണം ഏതു സമുദായത്തിനൊക്കെ പ്രാതിനിധ്യം നല്‍കണമെന്നുമുള്ളത്‌ ആ മുന്നണിയുടെ ആഭ്യന്തരകാര്യമാണ്‌. അത്‌ ആ മുന്നണി നേതാക്കള്‍ തീരുമാനിക്കും. അല്ലാതെ വഴിയെ പോകുന്നവരെല്ലാം തീരുമാനിക്കുമെന്നതു കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യമാണ്‌. സി.പി.എം. അടക്കമുള്ള ഇടതുപക്ഷ മുന്നണി നേതാക്കള്‍ക്കുള്ള സങ്കടം മന്ത്രിസഭാ വികസനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാമുദായിക സമവാക്യം പാലിച്ചില്ല എന്നതിലാണ്‌. സി.പി.എം. നേതാക്കളായ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ്‌. നേതാക്കള്‍ക്കും താക്കീതു നല്‍കിക്കഴിഞ്ഞു. കേരള രാഷ്‌ട്രീയത്തിലെ സാമുദായിക സമവാക്യം എല്ലാം തകര്‍ന്നു കഴിഞ്ഞുവെന്നാണ്‌ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതാക്കള്‍ വിലപിച്ചുകേട്ടത്‌.

ഒന്നു വ്യക്‌തമായിക്കഴിഞ്ഞു. കേരളത്തിലെ യു.ഡി.എഫ്‌. മുന്നണിയും മന്ത്രിസഭയുമെന്നത്‌ ഏതു വഴിപോക്കനും കൊട്ടാന്‍ അവകാശമുള്ളവിധം അന്തിച്ചന്തക്കവലയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ചെണ്ടപോലെയായിക്കഴിഞ്ഞു. വാസ്‌തവത്തില്‍ യു.ഡി.എഫിന്റെ കാര്യങ്ങള്‍ അതിന്റെ നേതാക്കള്‍ നോക്കിക്കോട്ടെ, ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങളും നോക്കാം എന്ന്‌ എല്‍.ഡി.എഫ്‌. നേതാക്കളും പറയുന്നതല്ലേ മാന്യമായ രാഷ്‌ട്രീയ പ്രവര്‍ത്തനരീതി? പതിനൊന്നുമാസം മുമ്പു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിക്കു കിട്ടിയതിനേക്കാള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ അതേ പാര്‍ട്ടിക്കു ലഭിച്ച വോട്ട്‌ എന്തുകൊണ്ടു ഗണ്യമായി കുറഞ്ഞു എന്നതിനെക്കുറിച്ചല്ലേ വാസ്‌തവത്തില്‍ പഠിച്ച്‌ പരിഹാരമാര്‍ഗം തേടേണ്ടിയിരുന്നത്‌. രണ്ടു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കു കെട്ടിവച്ച കാശ്‌ നഷ്‌ടപ്പെട്ടുവെന്നതു മറ്റൊരുകാര്യം.

എം.എല്‍.എമാരുടെ കാര്യത്തിലും മന്ത്രിമാരുടെ കാര്യത്തിലും സാമുദായിക സമവാക്യത്തെപ്പറ്റി ഇപ്പോള്‍ സംസാരിക്കുന്ന രണ്ടു മുന്നണികളുടേയും നേതാക്കള്‍ ഇന്ത്യയില്‍ ഏറ്റവും സങ്കുചിത സാമുദായിക ചിന്തയുള്ളവരാണ്‌ രണ്ടു മുന്നണിയുടേയും നേതാക്കളെന്ന കാര്യം ഓര്‍ക്കണം. ഈ മുന്നണികളുടെ നേതാക്കള്‍ക്ക്‌ അടുത്ത നൂറ്റാണ്ടിലെങ്കിലും രാഷ്‌ട്രീയ പ്രബുദ്ധത ഉണ്ടാകുമോ?

ഈ സാമുദായിക സമവാക്യക്കാര്‍ക്കു മനസിലാക്കാന്‍ കഴിയുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്‌. ആന്‌ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്‌. രാജശേഖരറെഡ്‌ഡി ക്രൈസ്‌തവനായിരുന്നു. ആന്‌ധ്രയില്‍ ഭൂതക്കണ്ണാടിവച്ചു നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ക്രൈസ്‌തവരില്‍നിന്ന്‌ ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാഷ്‌ട്രീയ പ്രബുദ്ധത കോണ്‍ഗ്രസ്‌ നേതൃത്വത്തിനുണ്ടായി. ഛത്തീസ്‌ഗഢിലെ മുഖ്യമന്ത്രിയായിരുന്ന അജിത്‌ജോഗിയും ഒരു ക്രൈസ്‌തവനായിരുന്നു. അവിടെ എവിടെയായിരുന്നു സാമുദായിക സമവാക്യം?

തൊട്ടടുത്ത കര്‍ണാടക സംസ്‌ഥാനത്ത്‌ ജെ. അലക്‌സാണ്ടര്‍, കെ.ജെ. ജോര്‍ജ്‌, ടി. ജോണ്‍ എന്നീ മലയാളികള്‍ നിയമസഭാംഗങ്ങളും മന്ത്രിമാരുമായില്ലേ? ഒരു കന്നഡക്കാരനെ കേരളത്തില്‍ മന്ത്രിയാക്കുന്നതുപോയിട്ട്‌ എം.എല്‍.എയാക്കാന്‍ കേരളത്തിലെ രണ്ടു മുന്നണികള്‍ക്കും കഴിയുമോ? അതോടെ സമുദായ സമവാക്യം തകരുമല്ലോ? ആലപ്പുഴക്കാരന്‍ സി.ഡി. ഉമ്മച്ചന്‍ മഹാരാഷ്‌ട്ര നിയമസഭയില്‍ രണ്ടുതവണ എം.എല്‍.എയായില്ലേ? തിരുവനന്തപുരത്തുകാരായ സഹോദരിമാര്‍ അലമേലു അമ്മാളും സരസ്വതിയമ്മാളും ഉത്തര്‍പ്രദേശില്‍ നിയമസഭാംഗങ്ങളും മന്ത്രിയുമെല്ലാമായില്ലേ?

മലയാളിയായ എ. മാധവന്‍ മുംബൈയില്‍ സിറ്റി മേയറായി. കൃഷ്‌ണന്‍നായര്‍ ഡല്‍ഹിയിലും സിറ്റി മേയറായി. അങ്ങനെ നോക്കിയാല്‍ മറ്റു സംസ്‌ഥാനങ്ങളില്‍ ജനപ്രതിനിധികളായ എത്രയോ മലയാളികളുണ്ട്‌. മുംബൈയിലും ഡല്‍ഹിയിലും സിറ്റി മേയര്‍മാരാകുന്നതുപോകട്ടെ കേരളത്തില്‍ ഒരു ഉത്തരേന്ത്യക്കാരനെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആക്കുന്നതിനെക്കുറിച്ചുപോലും യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും നേതാക്കള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ? മലയാളിയായ എം.ജി. രാമചന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും മറ്റു പല മലയാളികളും അവിടെ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരുമായതിനെക്കുറിച്ച്‌ നമ്മുടെ നേതാക്കള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ? ഇല്ലല്ലോ, കാരണം കേരളത്തില്‍ സമുദായ സമവാക്യം ആകെ തകര്‍ന്നുതരിപ്പണമാകുമല്ലോ?

തമിഴ്‌നാട്ടുകാരനായ മുഹമ്മദ്‌ ഇസ്‌മായില്‍ സാഹിബിനേയും മഹാരാഷ്‌ട്രക്കാരനായ ജി.എം. ബനാത്ത്‌വാലയേയും കേരളത്തില്‍നിന്ന്‌ ലോക്‌സഭാംഗങ്ങളാക്കാന്‍ സംസ്‌ഥാനത്തെ മുസ്ലിംലീഗ്‌ നേതാക്കള്‍ക്കു കഴിഞ്ഞു. അതാണ്‌ കേരളത്തിലെ ലീഗ്‌ നേതാക്കളുടെ അന്തസും വോട്ടര്‍മാരില്‍ അവര്‍ക്കുള്ള വിശ്വാസവും.

ഇനി മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കിയതിനെപ്പറ്റിയാണ്‌. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍തന്നെ അഞ്ചാം മന്ത്രിസ്‌ഥാനം ലീഗിനു കോണ്‍ഗ്രസ്‌ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. അതു നീട്ടിക്കൊണ്ടുപോകാന്‍ ഒരു കാരണമുണ്ടായിരുന്നു. പ്രതിപക്ഷത്തുള്ള എന്‍.സി.പിയില്‍നിന്ന്‌ ഒരാള്‍ യു.ഡി.എഫിലേക്കു വരുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. അതിനുവേണ്ടി യു.ഡി.എഫ്‌. നേതൃത്വം നീക്കിവച്ചിരിക്കുകയായിരുന്നു ആ മന്ത്രിപദം എന്നതാണ്‌ അരമനരഹസ്യം. ഇനിയും ആ കാത്തിരിപ്പു പറ്റില്ല എന്നമട്ടില്‍ ഇപ്പോള്‍ മുസ്ലിംലീഗ്‌ ആ മന്ത്രിപദം ചോദിച്ചു വാങ്ങിയെന്നേയുള്ളൂ.

അല്ലെങ്കില്‍തന്നെ സംഖ്യാനുപാതത്തില്‍ ആ മന്ത്രിപദം മുസ്ലിംലീഗ്‌ ചോദിച്ചുവാങ്ങുന്നതില്‍ എന്താണ്‌ അധാര്‍മികത? ഇപ്പോള്‍ നോമിനേറ്റഡ്‌ എം.എല്‍.എ. കൂടാതെ 139 അംഗങ്ങളുള്ള സംസ്‌ഥാന നിയമസഭയില്‍ കോണ്‍ഗ്രസിനു 38 സീറ്റുണ്ട്‌. അതില്‍ മുഖ്യമന്ത്രിയടക്കം പത്തു മന്ത്രിമാര്‍, പിന്നെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍. അതേസമയം സംഖ്യാനുപാതത്തില്‍ നോക്കിയാല്‍ 20 എം.എല്‍.എമാരുള്ള മുസ്ലിംലീഗിനു അഞ്ചുമന്ത്രിസ്‌ഥാനങ്ങള്‍ നല്‍കുന്നതില്‍ എന്താണ്‌ അധാര്‍മികത?

അല്ലെങ്കില്‍തന്നെ ഒരു ഐക്യമുന്നണി സംവിധാനത്തില്‍ അംഗബലവും സമുദായ സമവാക്യവുമൊന്നും പ്രശ്‌നമാക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്‌ കൂടുതല്‍ അംഗബലമുണ്ടായിട്ടും സി.പി.ഐ. നേതാവ്‌ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയാറായില്ലേ? സി.പി.ഐ. നേതാവായ പി.കെ. വാസുദേവന്‍നായരേയും ലീഗ്‌ നേതാവായ സി.എച്ച്‌. മുഹമ്മദ്‌കോയയേയും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ്‌ തയാറായില്ലേ?

വര്‍ത്തമാനകാല കേരള രാഷ്‌ട്രീയത്തില്‍ സമുദായ സമവാക്യം പറയുന്ന നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടേയും എസ്‌.എന്‍.ഡി.പിയുടേയും നേതാക്കള്‍ മനഃപൂര്‍വം മറന്നുകളയുന്ന ചില കാര്യങ്ങളുമുണ്ട്‌. നായന്മാര്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന തെറ്റിദ്ധാരണയില്‍ എന്‍.എസ്‌.എസ്‌. നേതൃത്വം എന്‍.ഡി.പി. എന്നൊരു പാര്‍ട്ടിയുണ്ടാക്കി പരീക്ഷിച്ചുനോക്കിയതാണ്‌. അതുപോലെ ഈഴവരുടെ മുഴുവന്‍ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട്‌ എസ്‌.ആര്‍.പി. എന്നൊരു പാര്‍ട്ടി എസ്‌.എന്‍.ഡി.പി. നേതൃത്വം രൂപീകരിച്ചു പരീക്ഷണം നടത്തിനോക്കിയിട്ടുള്ളതാണ്‌. രണ്ടും ഈ കേരളത്തില്‍ പച്ചതൊട്ടില്ല. സമുദായം വേറെ രാഷ്‌ട്രീയം വേറെ എന്ന വ്യക്‌തമായ ധാരണയുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍ എന്നതാണ്‌ കാരണം.

യു.ഡി.എഫ്‌. നേതാക്കള്‍ സമുദായ മേധാവികളേയും നേതാക്കളെയും പ്രീണിപ്പിക്കുന്നവരാണെന്നാണ്‌ സി.പി.എം. നേതാക്കളുടെ വിമര്‍ശനം. ഒരു പരിധിവരെ അതു ശരിയുമാണ്‌. അതേസമയം സി.പി.എമ്മിന്റെ നേതാക്കള്‍, പ്രത്യേകിച്ച്‌ മുന്‍ സ്‌പീക്കര്‍ എം. വിജയകുമാര്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു പിന്തുണ തേടി എത്രയോ അരമനകളിലും പെരുന്ന എന്‍.എസ്‌.എസ്‌. ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലുമാണ്‌ കയറിയിറങ്ങി ഞരങ്ങിയത്‌?

ഒടുവില്‍ നെയ്യാറ്റിന്‍കരയില്‍ സി.പി.എം. മത്സരത്തിനിറക്കിയിരിക്കുന്ന എഫ്‌. ലോറന്‍സ്‌ എന്ന സ്‌ഥാനാര്‍ഥിയുടെ കാര്യം. സി.പി.എമ്മില്‍നിന്നു രാജിവച്ച എം.എല്‍.എയായിരുന്ന ആര്‍. ശെല്‍വരാജിനെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാക്കിയതിനെതിരായ സി.പി.എം. പ്രചാരണം ഒരു കാലുമാറ്റക്കാരനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്‌.

ലോറന്‍സ്‌ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങി പിന്നീട്‌ കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) എന്നീ പാര്‍ട്ടികള്‍ വിട്ടാണിപ്പോള്‍ സി.പി.എംകാരനായിരിക്കുന്നത്‌. 1995ല്‍ കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌)കാരനായി കരോട്ട്‌ ഗ്രാമപഞ്ചായത്തില്‍ അംഗമായി.

2000
ല്‍ പാറശാല ബ്ലോക്ക്‌ പഞ്ചായത്തില്‍ ലോറന്‍സിനു യു.ഡി.എഫ്‌. ടിക്കറ്റ്‌ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മാറിയത്‌.

കൂറുമാറ്റം മോശമാണെങ്കില്‍ ലോറന്‍സിന്റെ കൂറുമാറ്റവും മോശമാണല്ലോ? ശെല്‍വരാജ്‌ നാടാര്‍ സമുദായത്തിലെ കത്തോലിക്കനാണെന്നതുകൊണ്ടാണ്‌ നാടാര്‍ പ്രൊട്ടസ്‌റ്റന്റുകാരനായ ലോറന്‍സിനെ സി.പി.എം. സ്‌ഥാനാര്‍ഥിയാക്കിയതെന്ന കാര്യം മറ്റൊന്ന്‌. എന്തായാലും അതും ഒരുതരം സമുദായ സമവാക്യമാണല്ലോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment