നമ്മളെല്ലാം കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഫേസ്‍ബുക്കില്‍ എന്തുമാത്രം അപ്‍ഡേറ്റുകളിട്ടു, എന്നിട്ട് അവരുടെ ബന്ധുക്കള്‍ ഓരോ കോടി രൂപ വീതം വാങ്ങി കേസ് അങ്ങ് ഒത്തുതീര്‍പ്പാക്കി. ഇത്രേം കാലം ഫേസ്‍ബുക്കില്‍ നാവികരുടെ തന്തയ്‍ക്കു വിളിച്ച നമ്മളാരായി എന്നതാണ് ധാര്‍മികരോഷത്തിന്റെ ലോ പോയിന്റ്. ലോകത്ത് കാര്യങ്ങള്‍ നടക്കുന്നത് നമ്മുടെ ഫേസ്‍ബുക്ക് സ്റ്റാറ്റസുകളുടെ അടിസ്ഥാനത്തിലാണ് എന്നു ജനം വിശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ നേരേയാവാന്‍ ബുദ്ധിമുട്ടാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് ശുപാര്‍ശ ചെയ്യുന്ന അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണമായത് ഫേസ്‍ബുക്കിലെ ഫോട്ടോഷോപ് ഫ്രോഡുവേലകളാണ് എന്നു കരുതി കീബോര്‍ഡ് ആക്ടിവിസ്റ്റുകള്‍ ലഡു വിതരണം ആരംഭിച്ചു കഴിഞ്ഞു.
ഇറ്റാലിയന്‍ നാവികരോട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ക്ഷമിക്കണോ വേണ്ടയോ എന്നത് ഒരു ദേശീയപ്രശ്നമാണെന്നാണ് പലരും കരുതുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മാത്രം കാര്യമാണ്. നാവികരോട് ക്ഷമിക്കുകയും നഷ്ടപരിഹാരമായി ഒരു കോടി വീതം വാങ്ങുകയും ചെയ്ത ബന്ധുക്കളെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രബുദ്ധസാമൂഹികസ്‍നേഹികള്‍ നടത്തുന്നത് ഹീനമായ ധാര്‍മിക പൊലീസിങ് ആണ്. ആര് ആരോട് എപ്പോള്‍ എന്തിന്റെ പേരില്‍ ക്ഷമിക്കണം എന്ന് ഫേസ്‍ബുക്കിലെ മലയാളികള്‍ തീരുമാനിക്കുമെന്നാണെങ്കില്‍ ആ മലയാളികളോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
കൊല്ലപ്പെട്ട വലന്റൈന്‍ ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ക്ക് അവരോടുള്ളതിനെക്കാള്‍ സ്നേഹവും ആത്മാര്‍ത്ഥയുമുള്ളത് ഫേസ്‍ബുക്ക് മലയാളികള്‍ക്കാണ് എന്നും നഷ്ടപരിഹാരം സ്വീകരിക്കുന്നതിലൂടെ അവര്‍ ഈ മലയാളികളെയും കേരളത്തെയും വഞ്ചിച്ചു എന്നും വരെ പറയുന്നിടത്തെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. നഷ്ടപരിഹാരം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വലന്റൈന്‍ ജസ്റ്റിനും അജീഷ് പിങ്കിയും തിരിച്ചുവരുമായിരുന്നു എന്ന മട്ടിലാണ് രോഷപ്രകടനം. 'എന്റെ കെട്ടിയോനം ഇറ്റലിക്കാര്‍ വെടി വയ്‍ക്കണേ എന്നായിരിക്കും പല ഭാര്യമാരുടെയും പ്രാര്‍ഥന' എന്നാക്ഷേപിക്കുന്നവരുടെ സാമൂഹികപ്രതിബദ്ധതാമുഖംമൂടിക്കു പിന്നിലെ ചീഞ്ഞളിഞ്ഞ സവര്‍ണധാര്‍ഷ്ഠ്യം ക്ഷമിക്കപ്പെടാവുന്നതല്ല.
കോടികളുടെ ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഞാന്‍ ചത്താലും എന്റെ ഫാമിലി സേഫ് ആയിരിക്കുമെന്ന് അഹങ്കരിക്കുന്നവര്‍ക്ക് മുന്നില്‍ ഇരുട്ടുമാത്രമുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ഈ നഷ്ടപരിഹാരം എന്താണെന്നു മനസ്സിലാകണമെങ്കില്‍ നിസ്സഹായാവസ്ഥ എന്ന വാക്കിന്റെ അര്‍ഥമെങ്കിലും മനസ്സിലാകണം. ഫേസ്‍ബുക്ക് പ്രൊഫൈല്‍ ഇല്ല എന്നു കരുതി വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബാംഗങ്ങളെയും ജീവനു നമ്മള്‍ പോലും പുല്ലുവില കല്‍പിച്ചിട്ടുള്ള മല്‍സ്യത്തൊഴിലാളികളെയും എങ്ങനെയും അധിക്ഷേപിക്കാം എന്നു കരുതുന്നത് തീരെ ശരിയല്ല.
ഓരോ കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതോടെ നാവികര്‍ കേസില്‍ നിന്നു മോചിതരാവുകയും നാളെത്തന്നെ ഇറ്റലിക്കു മടങ്ങുകയും ചെയ്യുമെന്നു കരുതുന്ന വിഡ്ഡികള്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ നിയമസംവിധാനത്തെയല്ല, സ്വന്തം വിവേകത്തെ തന്നെയാണ്. ഒത്തുതീര്‍പ്പായത് നഷ്ടപരിഹാരക്കേസ് മാത്രമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള് ക്ഷമിച്ചിരിക്കുന്നു എന്ന് വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ നാവികര്‍ക്ക് കുപ്പിയും തോക്കുമെടുത്ത് നാടുവിടാന്‍ ഇത് സൗദി അറേബ്യയല്ല. മറ്റു കേസുകള്‍ അതിന്റെ മുറയ്‍ക്ക് നടക്കും. ആ കേസുകളിലെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ നിലപാടല്ല. ആദ്യം മുതലേ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുക എന്നത് പൊതുനിലപാടായിരുന്നു. എന്നിട്ട് ഒടുവില്‍ അത് കോടതിക്കു പുറത്തു സാധ്യമായപ്പോള്‍ ആളുകള്‍ക്ക് സഹിക്കാനാവാതെ വന്നത് എന്തുകൊണ്ടാണെന്നത് വിചിത്രമാണ്.
കടല്‍ക്കൊല കേസില്‍ സര്‍ക്കാരും നിയമവും ഇറ്റലിയോട് ഏറ്റുമുട്ടുന്നത് വളരെ ഭീതിയോടെയാണ് എന്നത് വ്യക്തമാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടുക എന്നു പറയുമ്പോള്‍ കൊലപാതകികള്‍ ശിക്ഷിക്കപ്പെടുന്നതോടൊപ്പം ഉചിതമായ നഷ്ടപരിഹാരം കൂടി ലഭ്യമാക്കുക എന്നും അര്‍ഥമുണ്ട്. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്ന മട്ടിലേക്ക് കേസ് വഴിതിരിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു കോടി വീതം നഷ്ടപരിഹാരം നേടിക്കൊടുക്കാനായത് വലിയ കാര്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പണത്തെക്കാള്‍ മൂല്യങ്ങള്‍ക്കാണ് വില കല്‍പിക്കുന്നത് എന്നു നടിക്കുന്ന, കോടികള്‍ നമുക്ക് പുല്ലാണ് എന്നു ഭാവിക്കുന്ന പ്രബുദ്ധമലയാളികള്‍ക്ക് വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബങ്ങ്‍ക്ക് ആ തുക എന്താണ് എന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___