Monday 9 April 2012

[www.keralites.net] എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും

 

എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും

 

ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാല്ലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മുട്ടുന്നു. പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സിറ്റീവായ പെണ്‍കുട്ടിയാണ്‌ ഞാന്‍. എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. അച്‌ഛന്‍ മരിച്ച കാര്യം ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളില്‍ മരിച്ചു പോയ എന്റെ നായ്‌ക്കുട്ടിയെ ഓര്‍ത്തും കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടി എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ? ഓര്‍മ്മകള്‍ അതിന്റെ ക്രമത്തില്‍ അടുക്കി വയ്‌ക്കാനൊന്നും എനിക്കറിയില്ല. എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും. ഇന്നലെകളെക്കുറിച്ച്‌ പറയുമ്പോള്‍ പെട്ടെന്ന്‌ ഇന്ന്‌ കയറി വരും. ഇന്നിന്റെ സന്തോഷങ്ങളില്‍ മനസ്‌ തുള്ളിക്കളിക്കുമ്പോള്‍ ഇന്നലെകള്‍ ഓര്‍ത്ത്‌ വിതുമ്പും. ഞാന്‍ എന്തും നേരിടാന്‍ കെല്‍പ്പുള്ള പുതിയ കാലത്തിന്റെ പ്രതിനിധിയാണെന്ന്‌ വാഴ്‌ത്തുന്നവരുണ്ട്‌. മാതൃഭാഷപോലും നേരെചൊവ്വേ പറയാനറിയാത്ത താന്തോന്നിയെന്ന്‌ പരിഹസിക്കുന്നവരുമുണ്ട്‌. സത്യത്തില്‍ ഇത്‌ രണ്ടുമല്ല ഞാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന്‌ എനിക്കുപോലും അറിയില്ല. അതാത്‌ സമയത്തെ തോന്നലുകളില്‍ നിന്നാണ്‌ എന്റെ പ്രവൃത്തിയും പ്രതികരണങ്ങളും. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും ഓര്‍മ്മകളുടെ ഒരു കൊളാഷാണ്‌. എല്ലാ കുറവുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും രഞ്‌ജിനി ഹരിദാസ്‌ എന്ന എന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക്‌

ഈ കുറിപ്പുകള്‍ സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നു.

ഒരു ദിവസം സ്‌കൂളില്‍ നിന്നും മടങ്ങി വന്നപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത്‌ അച്‌ഛന്‍ ഹാര്‍ട്ട്‌ അറ്റാക്കായി ആശുപത്രിയില്‍ അഡ്‌മിറ്റായ വിവരമാണ്‌. അപ്പൂപ്പന്റെ വെള്ളഫിയറ്റ്‌ കാറില്‍ ഞാന്‍ ആശുപത്രിയില്‍ ചെന്നു. എന്റെ കൈകളില്‍ പിടിച്ച്‌ കുറെസമയം കണ്ണുകളിലേക്ക്‌ തന്നെ നോക്കി നിന്നു. പിന്നെ ഇത്രമാത്രം പറഞ്ഞു. ''അമ്മയെയും ശ്രീക്കുട്ടനെയും നീ നോക്കണം''

ശ്രീക്കുട്ടന്‌ അന്ന്‌ 9 മാസം പ്രായമേയുള്ളു. 7 വയസുള്ള കുട്ടിയാണ്‌ ഞാന്‍. അച്‌ഛന്‍ മരിച്ചിട്ട്‌ അതിന്റെ ഗൗരവം എനിക്ക്‌ മനസിലായില്ല.മൃതദേഹം വീട്ടില്‍ കൊണ്ടു വന്നു.ഞങ്ങള്‍ കുട്ടികളെ അടുത്ത വീട്ടിലേക്ക്‌ മാറ്റി.അപ്പുറത്തെ വീട്ടില്‍ ഡെഡ്‌ബോഡിക്ക്‌ അടുത്തിരുന്ന്‌ അമ്മ ഉറക്കെ കരയുന്നതു കാണാം.എന്നിട്ടും എനിക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല.ഞാന്‍ ഒരു പെറ്റിക്കോട്ട്‌ ഇട്ട്‌ മറ്റ്‌ കുട്ടികള്‍ക്ക്‌ ഒപ്പം കളിച്ചു നടക്കുകയാണ്‌. ആളുകള്‍ അടുത്തു വന്ന്‌ എന്നെ കെട്ടിപ്പിടിച്ച്‌ കരയുന്നു. അതിന്‌ തക്ക എന്താണ്‌ സംഭവം എന്ന്‌ ഞാന്‍ ആലോചിച്ചിട്ട്‌ മനസിലായില്ല. ആരോ പറഞ്ഞു. രഞ്‌ജിനിയുടെ അച്‌ഛന്‍ മരിച്ചു.ഞാന്‍ കണ്ണു മിഴിച്ചു.മരിച്ചു എന്നാല്‍ എന്തെന്ന്‌ എനിക്ക്‌ മനസിലായില്ല.

12
വയസാകുമ്പോഴാണ്‌ അച്‌ഛന്‍ എന്നതിന്റെ ആഴവും പ്രസക്‌തിയും എനിക്ക്‌ മനസിലാകുന്നത്‌. സ്‌കൂളില്‍ മറ്റ്‌ കുട്ടികള്‍ക്കൊപ്പം അച്‌ഛന്‍ വരുമ്പോള്‍ എനിക്ക്‌ അച്‌ഛനില്ലല്ലോ എന്ന്‌ ഓര്‍ക്കും. പെട്ടെന്ന്‌ സങ്കടം വരും. മരിച്ചു കിടന്നപ്പോള്‍ തോന്നാത്ത വേദന പിന്നീട്‌ പല സന്ദര്‍ഭങ്ങളിലും ഞാന്‍ അറിഞ്ഞു. ആ ദുഃഖം അബോധമായി വേട്ടയാടിയിരുന്നതു കൊണ്ടാവാം ഭയങ്കര സെന്‍സിറ്റീവായ ഒരാളായി ഞാന്‍ മാറി.തൊട്ടതിനും പിടിച്ചതിനുമെല്ലാം കരയും, തലചുറ്റി വീഴും. ഇന്‍ജക്ഷന്‍, പരീക്ഷ, സ്‌പോര്‍ട്‌സ് ഡേ എന്നു വേണ്ട എന്തു കേട്ടാലും തല ചുറ്റി വീഴാന്‍ തുടങ്ങി.

അമിതമായ ദേഷ്യമായിരുന്നു മറ്റൊരു പ്രശ്‌നം. ദേഷ്യം വന്നാല്‍ ആരെയെങ്കിലും ഇടിച്ച്‌ ശരിയാക്കണം.ഒരു സൈക്കാട്രിക്ക്‌ കൗണ്‍സലിംഗിലൂടെയാണ്‌ അത്‌ മാറ്റിയെടുത്തത്‌. അച്‌ഛന്റെ മരണം സൃഷ്‌ടിച്ച മാനസിക വ്യഥയും അരക്ഷിതാവസ്‌ഥയുമാണ്‌ ഇതിന്‌ കാരണമെന്ന്‌ ആ സൈക്കാട്രിസ്‌റ്റിന്‌ മനസിലായി. പിന്നീട്‌ ഒരു പരിധി വരെ സ്വഭാവവൈകല്യങ്ങളില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ദേഷ്യം ഇന്നും എന്നോടൊപ്പമുണ്ട്‌്. അച്‌ഛന്റെ മരണത്തില്‍ സങ്കടത്തേക്കാള്‍ ദേഷ്യമായിരുന്നു എനിക്ക്‌്. എന്നെ ഇട്ടിട്ടു പോയതിന്‌. ഇന്ന്‌ അച്‌ഛനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്‌ ഒരു നായ്‌ക്കുഞ്ഞിന്റെ മുഖമാണ്‌. നായ്‌ക്കുട്ടികളോട്‌ ചെറുപ്പം മുതലേ എനിക്ക്‌ വലിയ സ്‌നേഹവാത്സല്യമായിരുന്നു. എനിക്ക്‌ അഞ്ച്‌ വയസുള്ളപ്പോള്‍ ഒരു ദിവസം ഒരു പോമറേനിയന്‍ നായ്‌ക്കുട്ടിയുമായി അച്‌ഛന്‍ വീട്ടില്‍ വന്നു.പതിനഞ്ച്‌ വര്‍ഷത്തോളം അവന്‍ എന്റെ സന്തതസഹചാരിയായിരുന്നു. അനുജന്‍ ശ്രീക്കുട്ടനേക്കാള്‍ ആത്മബന്ധമായിരുന്നു ഞാനും അവനും തമ്മില്‍. ടിക്കു എന്നാണ്‌ ഞാന്‍ അവനിട്ട പേര്‌.അച്‌ഛന്‍ മരിച്ച്‌ കുറെക്കാലം കഴിഞ്ഞ്‌ ടിക്കുവും പോയി.അച്‌ഛന്‍ മരിച്ചിട്ട്‌ കരയാത്ത ഞാന്‍ അന്ന്‌ കരഞ്ഞതു പോലെ പിന്നീട്‌ ഒരിക്കലും കരഞ്ഞിട്ടില്ല.ഇന്നും അവനെക്കുറിേച്ചാര്‍ത്ത്‌ കരയും.ആ സ്‌നേഹം ഒരിക്കലും ഓര്‍മ്മയില്‍ നിന്ന്‌ മാഞ്ഞില്ല. അച്‌ഛന്‍ പോയ സമയത്ത്‌ ആ ദുഃഖം അറിയാതെ ഞാന്‍ രക്ഷപ്പെട്ടത്‌ അവനിലൂടെയായിരുന്നു. പലപ്പോഴും അച്‌ഛന്റെ സ്‌ഥാനത്ത്‌ ഞാന്‍ അവനെ കണ്ടിരുന്നു.ഇത്‌ കേട്ട്‌ ചിരിക്കുന്നവരുണ്ടാകാം. പക്ഷേ സത്യം അതാണ്‌.അച്‌ഛന്റെ സ്‌നേഹം നഷ്‌ടപ്പെട്ടിട്ടില്ല എന്ന്‌ ഞാന്‍ മനസിനെ വിശ്വസിപ്പിച്ചിരുന്നത്‌ അവനിലൂടെയായിരുന്നു.

പിന്നീട്‌ അവസരങ്ങള്‍ ഒത്തുവന്നിട്ടും ഒരു പട്ടിക്കുട്ടിയെ വാങ്ങാന്‍ ഞാന്‍ തയ്യാറായില്ല.ചിക്കുവിന്‌ നല്‍കിയ സ്‌നേഹം പങ്കു വയ്‌ക്കപ്പെടരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.അടുത്ത കാലത്താണ്‌ ആനിലപാടില്‍ മാറ്റം വന്നത്‌. അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. എനിക്ക്‌ 30 വയസായി.ഒരു കുഞ്ഞിനെ സ്‌നേഹിക്കാനും ഓമനിക്കാനുമുള്ള ജീവശാസ്‌ത്രപരമായ ആഗ്രഹം മനസിലുണ്ട്‌. ഞാന്‍ ഷൂട്ടിനായി മാറി നില്‍ക്കുന്ന നീണ്ട ഇടവേളകള്‍ അമ്മയ്‌ക്ക് സമ്മാനിക്കുന്ന ഏകാന്തത.രണ്ടും മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ്‌ പാച്ചിയെ വാങ്ങിയത്‌.പാച്ചി ഞങ്ങള്‍ ഇട്ട ഓമനപേരാണ്‌. ഒരു ബ്രാന്‍ഡഡ്‌ ചോക്ക്‌ലറ്റാണ്‌ പാച്ചി. പാച്ചിഎന്നാല്‍ ബെസ്‌റ്റ് എന്നും അര്‍ത്ഥമുണ്ട്‌. ശരിക്കും പഗ്ഗ്‌ എന്ന വര്‍ഗത്തില്‍ പെട്ട പട്ടിക്കുട്ടിയാണിത്‌. സ്‌കൂളില്‍ എന്റെ ജൂനിയറായി പഠിച്ച കുട്ടിയുടെ വീട്ടില്‍ നിന്നാണ്‌ ഇവനെ കിട്ടിയത്‌. പഗ്ഗ്‌ പൂര്‍ണ്ണമായും ഒരു ഇന്‍ഡോര്‍ ഡോഗാണ്‌. പുറത്തു വളര്‍ത്താന്‍ കൊള്ളില്ല.

അപാരമായ സ്‌നേഹമുള്ള വര്‍ഗ്ഗമാണ്‌ പഗുകള്‍. മനുഷ്യരേക്കാള്‍ നന്നായി സ്‌നേഹിക്കുന്ന ഇനം. ഭയങ്കര ഇമോഷണല്‍ ടൈപ്പാണ്‌. ഞാനില്ലാത്തപ്പോള്‍ അമ്മയ്‌ക്ക് കൂട്ടായി ഇവനുണ്ട്‌ എന്നതാണ്‌ എന്റെ സമാധാനം.പാച്ചിയുടെ തിരിച്ചറിവ്‌ നമ്മെ അത്ഭുതപ്പെടുത്തും.ഷൂട്ടിന്റെ തിരക്കൊഴിയുമ്പോള്‍ ഞാന്‍ അമ്മയ്‌ക്ക് ഫോണ്‍ ചെയ്യും.അമ്മയുടെ മറുപടികളില്‍ നിന്ന്‌ വിളിക്കുന്നത്‌ ഞാനാണെന്ന്‌ അവന്‍ തിരിച്ചറിയും.എന്നിട്ട്‌ ബഹളമുണ്ടാക്കും. അമ്മ ഫോണ്‍ ചെവിയില്‍ ചേര്‍ത്തു വയ്‌ക്കും. അവന്‍ എന്നോട്‌ മൊബൈലില്‍ സംസാരിക്കും.

കൃത്യസമയത്ത്‌ ഭക്ഷണം കൊടുത്തില്ലെങ്കില്‍ കഴിക്കില്ല.കുട്ടികളെപ്പോലെ വാശിയാണ്‌. ചിക്കന്‍ മാത്രമേ കഴിക്കൂ.ചൂട്‌ സഹിക്കാന്‍ പറ്റില്ല. ഉറങ്ങാന്‍ ഏസി റൂം വേണം. ഒരു കുഞ്ഞിനെപ്പോലെയാണ്‌ ഞാന്‍ അവനെ പരിചരിക്കുന്നത്‌.കുളിപ്പിച്ച്‌, പൗഡറിട്ട്‌, ക്രീം തേപ്പിച്ച്‌, ഭക്ഷണം വാരിക്കൊടുത്ത്‌, അപ്പി കോരി,ഒരുമിച്ച്‌ ഉറങ്ങി....ജീവിതത്തില്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്ന്‌ കരുതിയ ആളല്ല ഞാന്‍.മാതൃത്വത്തിന്റെ സുഖാനുഭൂതികള്‍ ഒരു പരിധിവരെ ഞാന്‍ അവനില്‍ നിന്ന്‌ അറിഞ്ഞു കഴിഞ്ഞു.

എന്നിരുന്നാലും ഒരു കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മനസിലുണ്ട്‌. 35 വയസ്‌ കഴിഞ്ഞും വിവാഹിതയായില്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഒരു കുട്ടിയെ ദത്ത്‌ എടുത്തേക്കാം. ഒന്നും മുന്‍കൂട്ടി പ്രവചിക്കാനാവില്ല.ജീവിതം എപ്പോഴും നമ്മുടെ കണക്കു കൂട്ടലുകള്‍ക്ക്‌ അപ്പുറത്താണ്‌.90% വിവാഹം വേണ്ട എന്നതാണ്‌ ഇപ്പോഴത്തെ വിചാരം.നാളെ ചിലപ്പോള്‍ മറിച്ച്‌ സംഭവിച്ചേക്കാം.എന്നെ സഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരാള്‍ ജീവിതത്തിലേക്ക്‌ വരിക എന്നത്‌ അത്ര എളുപ്പമല്ല.എല്ലാ വികാരങ്ങളുടെയും എക്‌സ്ട്രീമാണ്‌ ഞാന്‍. ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം. കണ്ണും മൂക്കും കാണില്ല. രൂക്ഷമായി പ്രതികരിച്ച്‌ കളയും.ഒരു സമീപകാല ഉദാഹരണസഹിതം പറഞ്ഞാല്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്നതു പോലുള്ള ഒരവസ്‌ഥ.സങ്കടം വന്നാലും സഹതാപം വന്നാലും അതെ. ഒരാളോട്‌ സഹതാപം തോന്നിയാല്‍ എനിക്കുള്ളതെല്ലാം ഞാന്‍ എടുത്തു കൊടുക്കും. ദേഷ്യം വന്നാല്‍ അതെല്ലാം മടക്കി വാങ്ങും.ഇതൊക്കെ ഏത്‌ പുരുഷന്‍ മനസിലാക്കുമെന്നും സഹിഷ്‌ണുത കാട്ടുമെന്നും എനിക്ക്‌ അറിയില്ല. അഥവാ അങ്ങനെയൊരാള്‍ വന്നാല്‍ തന്നെ എനിക്ക്‌ കൂടി ഇഷ്‌ടപ്പെടണം.

ധാരാളം പുരുഷസുഹൃത്തുക്കളുണ്ട്‌ എനിക്ക്‌.ഞാന്‍ ഇഷ്‌ടപ്പെടുന്ന ചില പ്രത്യേകതകള്‍ ഓരോരുത്തരിലുമുണ്ട്‌.എല്ലാ സവിശേഷതകളും ഒത്തുചേര്‍ന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല. പേരിന്‌ വേണമെങ്കില്‍ ഒരു കല്യാണം കഴിക്കാം. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അങ്ങനെയൊരു നാടകത്തിന്‌ താത്‌പര്യമില്ല. ഏത്‌ കാര്യവും ചെയ്യുമ്പോള്‍ നന്നായി ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നയാളാണ്‌ ഞാന്‍.

വിവാഹത്തെക്കുറിച്ച്‌ ഞാന്‍ അധികം ചിന്തിക്കാറില്ല. എന്റെ അച്‌ഛനും അമ്മയും ഒരുമിച്ച്‌ ജീവിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.എനിക്ക്‌ ഓര്‍മ്മ വച്ചപ്പോള്‍ അച്‌ഛന്‍ ഞങ്ങളെ വിട്ടു പോയി.വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങള്‍ എന്താണെന്ന്‌ എനിക്കറിയില്ല.കുട്ടികളുമൊത്തുള്ള ജീവിതത്തെക്കുറിച്ചും അറിയില്ല.കുടുംബം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന്‌ സമൂഹം വാശി പിടിക്കുന്നു. ആളുകള്‍ സമൂഹം പറയുന്നത്‌ അനുസരിച്ച്‌ ജീവിതം രൂപപ്പെടുത്തുന്നു. ഇതൊന്നും ഈശ്വരന്‍ പറഞ്ഞിട്ടുള്ളതല്ല. മനുഷ്യന്‍ സൃഷ്‌ടിച്ച ആചാരങ്ങളും നിയമങ്ങളുമാണ്‌.എന്നെ സംബന്ധിച്ച്‌ അതല്ല ജീവിതം. ഈ ജന്മത്തില്‍ ഞാന്‍ ഒരു വിവാഹം കഴിക്കുമെന്ന്‌ ഇന്നത്തെ മാനസികാവസ്‌ഥയില്‍ എനിക്ക്‌ പ്രതീക്ഷയില്ല.പക്ഷേ എനിക്ക്‌ സ്‌നേഹിക്കാന്‍, എന്നെ സ്‌നേഹിക്കാന്‍ ഒരാള്‍ വേണം.മിക്കവാറും ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്തേക്കാം.അതിനുളള പരിശീലനത്തിന്റെ ഭാഗമായാണ്‌ പാച്ചിയെ വളര്‍ത്തുന്നത്‌.

ആളുകള്‍ എന്നെക്കുറിച്ച്‌ എന്ത്‌ പറയുന്നു എന്നു ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ ജീവിതം എങ്ങനെ ജീവിച്ചു തീര്‍ക്കണമെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്‌.ഭൂരിപക്ഷം പറയുന്നതു പോലെ ഞാന്‍ ജിവിക്കണമെന്ന്‌ വാശി പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല.എന്റെ രീതികള്‍ മറ്റുള്ളവര്‍ക്ക്‌ വ്യക്‌തിപരമായി ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി.ഞാന്‍ നഗ്നയായി റോഡിലൂടെ നടക്കുന്നില്ലല്ലോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment